Leaderboard Ad

അക്ഷരം ആയുധമാകുമ്പോള്‍ :സുഷ്മിത ബാനര്‍ജി

0

      അഫ്ഗാൻ സ്ത്രീകളെക്കുറിച്ച്  വരുന്ന  വാര്‍ത്തകളെല്ലാം   കലങ്ങി  മറിഞ്ഞവയാണ്  .രക്തക്കറ  പുരണ്ടതുമാണ് .മരണത്തിന്  കീഴടങ്ങാതെ  മലാല  .

ഓരോ കാലടിയിലും  മരണമാണെന്നുറപ്പായിട്ടും  മത  പൌരോഹിത്യ  ശാസനകള്‍ക്ക്  വിധേയയാകാതെ  മരണത്തെ പുണര്‍ന്നു  സുഷ്മിത  ബാനര്‍ജി  .വിധേയയായി  ജീവിച്ചാലും മരണമുറപ്പാണെന്ന്  അവര്‍  ചിന്തിച്ചുകാണും . ജനിച്ചത്‌  ബംഗാളി  ബ്രാഹ്മണ  കുടുംബത്തില്‍  പ്രണയിച്ചത്  അഫ്ഗാൻ  മുസല്‍മാനെ .വിവാഹം കഴിഞ്ഞു  ഭര്‍തൃവീട്ടിലെത്തിയപ്പോള്‍  എതിരേറ്റത്  ഭര്‍ത്താവിന്‍റെ ആദ്യഭാര്യയും കുഞ്ഞുങ്ങളും . ഹിന്ദുസ്ഥാനി ഏട്ടത്തിയമ്മയെ  അംഗീകരിക്കാനാവാതെ   അസഹിഷ്ണുതയോടെ  ഭര്‍തൃസഹോദരങ്ങള്‍.

കുഴഞ്ഞുമറിഞ്ഞ്  കിടക്കുന്ന  അന്തരീക്ഷത്തില്‍നിന്ന്  പുറത്തു കടക്കണം  എന്ന്  തീരുമാനിച്ചു  .പണ്ട് പഠിച്ച  നഴ്സിംഗ്  തുണയായി  .ഒരു ഫാര്‍മസി  തുടങ്ങി . അവിടം മുതല്‍  താലിബാന്‍റെ  നോട്ടപ്പുള്ളിയായി.സുഷ്മിതയെ നോക്കി താലിബാന്‍  മുരണ്ടു  തുടങ്ങി .

 ഇസ്ലാമിലേക്ക്  മതം  മാറിയില്ലെങ്കില്‍  കൊല്ലുമെന്ന് ..

 ബുര്‍ഖ  ഇട്ടില്ലെങ്കില്‍   വെച്ചേക്കില്ലെന്ന്  .  അങ്ങനെയങ്ങനെ ഭീഷണികളേറി .

 ബുര്‍ഖ  അണിഞ്ഞില്ല  .ബുര്‍ഖയിടാതെ തന്നെ  അവിടങ്ങളിലെ  സഹ സ്ത്രീജീവിതങ്ങളെ  മനസ്സിലാക്കി വന്നു  .

റേഡിയോ  പാടില്ല , ടേപ്പ്‌ റിക്കോര്‍ഡര്‍  വേണ്ടേ വേണ്ട  , കടയില്‍  സ്ത്രീകള്‍ പോകരുത് , ബിസിനസ്  നടത്തരുത്  .ഭര്‍ത്താവിന്‍റെ  അകമ്പടി  ഇല്ലാതെ സ്ത്രീകള്‍ പുറത്തു പോകരുത്  .ഇടതുകയ്യില്‍   ഭര്‍ത്താവിന്‍റെ  പേര്  പച്ച കുത്തിയിടണം .എന്നിവയൊക്കെ  താലിബാന്‍റെ  നിഷ്കര്‍ഷകളാണ്  .

ഇവയെല്ലാം അക്ഷരം പ്രതി  അനുസരിച്ചാലും  ഒരു വെടിയുതിര്‍ത്ത്  തീര്‍ത്തു കളയാന്‍  താലിബാന്  തോന്നാത്തിടത്തോളം  കാലം  മാടിനെപ്പോലെ  ജീവിക്കാം  .അത്ര  വയ്യ  എന്ന് സുഷ്മിതക്കും  തോന്നിക്കാണും . ഒന്നും അനുസരിച്ചില്ല  , മനസ്സിന് ശരി എന്ന്  തോന്നിയതനുസരിച്ചു  ജീവിച്ചു  . താലിബാന്  വിധേയയാകാതെയുള്ള   ജീവിതം  അവിടെ ദുസ്സഹമാകാന്‍  തുടങ്ങി .അതിസാഹസികമായി  രക്ഷപ്പെട്ടു  ഇന്ത്യയിലെത്തി  പുസ്തകങ്ങളെഴുതി . കാബൂളിവാലയുടെ ബംഗാളി  ഭാര്യ  എന്ന  പുസ്തകത്തിനെ  ആധാരമാക്കി  “Escape  from Thaliban ” എന്ന  സിനിമ  പുറത്തിറങ്ങി . പിന്നെയും എഴുതി ‘ ഒരു വാക്ക് പോലും  കളവല്ല ‘   എന്നത്  മറ്റൊരു  പുസ്തകം .

എല്ലായ്പ്പോഴും  തന്നെ  ലക്ഷ്യമാക്കി  ഒരു വെടിയുണ്ട  പാഞ്ഞു വരുന്നു എന്ന് ബോധ്യമുള്ള  ഒരുവള്‍ക്കെങ്ങനെ  നുണകളും  സങ്കല്‍പ്പങ്ങളും  പടച്ചുണ്ടാക്കാന്‍  കഴിയും  ? സത്യത്തിന്‍റെ  തെളിച്ചമുള്ള   വാക്കുകള്‍   താലിബാനെ  വിറളി പിടിപ്പിച്ചു , ഭയപ്പെടുത്തി .

ഒന്നല്ല  ഇരുപതു വെടിയുണ്ടകള്‍  തുരുതുരാ  ഉതിര്‍ത്ത്  ഒരു സ്ത്രീയെക്കൂടി  നിശബ്ദയാക്കി  . ശബ്ദമില്ലാത്തവരുടെ  ജീവിതത്തെ  അക്ഷരങ്ങളാക്കി  മാറ്റിയതിനാണ്  കൊല ചെയ്യപ്പെട്ടത്  ..

നിങ്ങള്‍ക്ക്  ഞങ്ങളുടെ  പ്രണാമം . .

 ഇങ്ങനെ  ചോരപ്പുഴകള്‍ ഒഴുക്കി  ആര്  എന്ത് പടുത്തുയര്‍ത്തിയാലും  അത് നിലനിര്‍ത്താനാവില്ലെന്ന്  എന്റെ  മനസ്സ് പറയുന്നു  .

കാടത്തത്തിന്‍റെയും  മൃഗീയ  ശക്തിയുടെയും  ദുരധികാരത്തിന്‍റെയും  നീണ്ട  കറുത്ത  നിഴല്‍  വീണടിഞ്ഞു കിടക്കുന്ന  ഒരു പ്രദേശത്തെ  നിവാസികള്‍  വെളിച്ചത്തിലേയ്ക്കു  നടന്നടുക്കുക തന്നെ ചെയ്യും .

ഇപ്പോഴത്തെ കണക്കുകൾ പ്രകാരം വിവാഹപ്രായം വളരെ ചെറുപ്പത്തിലായതിനാൽ അഫ്ഗാൻ പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക സ്ഥിതി വളരെ ദയനീയമാണ്.അതിനുപുറമേയാണ് വൈധവ്യം കൊണ്ടുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങൾ.ജനസംഖ്യയിലെ വലിയൊരു പങ്കും വിധവകളാണ്. വിധവകളെ അപശകുനമായാണ് സമൂഹം നോക്കിക്കാണുന്നത്.പുറത്തിറങ്ങാനോ,ജോലി ചെയ്യാനോ,വെറുതെയൊന്നു യാത്ര ചെയ്യാനോ പോലും വിധവകൾക്കു കഴിയാത്ത അവസ്ഥ.“RAWA “ പോലുള്ള സംഘടനകൾ സ്ത്രീജീവിതം മെച്ചപ്പെടുത്താൻ ഉള്ള സംരംഭങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്.”പെണ്‍കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക,വിവാഹത്തിനു നിർബന്ധിക്കാതിരിക്കുക,പരാശ്രയം കൂടാതെ സ്വന്തം നിലയിൽ തലയുയർത്തി ജീവിക്കാനുള്ള തന്റെടമായിക്കഴിഞ്ഞാൽ വരനെ കണ്ടെത്താൻ അവരെ അനുവദിക്കുക.”-അഫ്ഗാനിലെ രക്ഷിതാക്കളോട് ഇരകളായ അനേകം പെണ്‍ കുട്ടികൾക്ക് പറയാനുള്ളത് ഇത് മാത്രമാണ്.

രാജ്യത്ത് നിലവിലുള്ള വിവാഹപ്രായം പെണ്‍ മക്കൾക്ക് ബാധകമല്ല എന്ന് ഉറച്ചു വിശ്വസിച്ചു പെണ്‍ മക്കളെ ചെറുപ്രായത്തിലെ വിവാഹം കഴിച്ചു കൊടുക്കുകയും,മൈസൂർ കല്യാണവും അറബി കല്ല്യാണവുമൊക്കെ നടത്തി കൂട്ടിക്കൊടുപ്പ് നടത്തുന്ന മതസ്ഥാപനങ്ങളുള്ള ഒരു സമൂഹത്തിനു പരമ കാരുണ്യവാനായ തമ്പുരാന്റെ പേരിൽ നടത്തുന്ന നീച പ്രവർത്തികളും,കൊലപാതകങ്ങളും കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകാനാവില്ല.അഫ്ഗാൻ സ്ത്രീകളുടെ പ്രശ്നം വർത്തമാനവും ചരിത്രവുമാണെങ്കിൽ നമ്മളത് പാഠമാക്കുകയും തള്ളേണ്ടത് തള്ളിക്കളഞ്ഞു കൊണ്ട് മുന്നേറുകയുമാണ് വേണ്ടത്.

Share.

About Author

134q, 0.534s