Leaderboard Ad

അട്ടപ്പാടിയില്‍ സംഭവിക്കുന്നത്…

0

 “അട്ടപ്പാടിയില്‍ നടക്കുന്നത് നിശബ്ദമായ ഒരു വംശഹത്യയാണ്,ആരോഗ്യ പരിരക്ഷാ മേഖലയില്‍ നമ്മള്‍ അഭിമാനത്തോടെ അവതരിപ്പിച്ച ‘കേരളാ മോഡല്‍’ അട്ടപ്പാടിയില്‍ പരാജയപ്പെട്ടിരിക്കുന്നു” ഡോ. ബി ഇക്ബാലിന്റെ വാക്കുകളാണിത് .603124_4859269127698_149143554_n അട്ടപ്പാടിയിലെ ശിശുമരണങ്ങളും പോഷകാഹാരക്കുറവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അതിന്‍റെ കാരണങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും CPIM നിയോഗിച്ച വിദഗ്ദ സമിതിയുടെ തലവന്‍ ആയിരുന്നു ഡോ. ഇക്ബാല്‍.. ., അട്ടപ്പാടിയില്‍ കഴിഞ്ഞ മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 54 ശിശുമരണങ്ങള്‍ ആണ് എന്ന വസ്തുത മാത്രം പരിശോധിച്ചാല്‍ ഈ വാക്കുകളുടെ പൊരുള്‍ അറിയാം.

     ഒരു വശത്ത് പോഷകാഹാരക്കുറവും ശിശുമരണങ്ങളും മറുവശത്ത് നാള്‍ക്കുനാള്‍ ശോചനീയം ആയി വരുന്ന ആദിവാസികളുടെ ജീവിതാവസ്ഥ, ഇതാണ് ഇന്ന് അട്ടപ്പാടിയുടെ ചിത്രം. ഈ ഘട്ടത്തില്‍ ഇതിന്‍റെ ആരോഗ്യപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ആദിവാസികള്‍ വാങ്ങിക്കുന്നില്ല എന്നും അഥവാ വാങ്ങിച്ചാല്‍ തന്നെ അത് പാചകം ചെയ്തു കഴിക്കാന്‍ കൂട്ടാക്കുന്നില്ല എന്നും പറഞ്ഞു കുറ്റം മുഴുവന്‍ ആദിവാസികളില്‍ ചാര്‍ത്തി കൈകഴുകുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതു . മറ്റൊരു മന്ത്രി ആകട്ടെ അല്പം കൂടെ കടന്നു ഗര്‍ഭിണികളുടെ മദ്യപാനം ആണ് കുട്ടികള്‍ മരിക്കാന്‍ കാരണം എന്നും പ്രസ്താവിച്ചു കളഞ്ഞു.

എന്താണ് യാഥാര്‍ത്ഥ്യം?

      2011 ഓഗസ്റ്റ്‌ മുതല്‍ 2012 മാര്‍ച്ച്‌ വരെയുള്ള കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ 34 കുഞ്ഞുങ്ങള്‍ ആണ് മരണപ്പെട്ടത് . എന്നാല്‍ കഴിഞ്ഞ 10 മാസത്തില്‍ മരിച്ചത് 54 കുഞ്ഞുങ്ങളും . ഈ താരതമ്യം മാത്രം മതി അട്ടപ്പാടിയില്‍ ആദിവാസികളുടെ ജീവിത നിലവാരം എങ്ങോട്ടാണ് 971062_4859264367579_1559490103_nപോകുന്നത് എന്ന് മനസ്സിലാക്കാന്‍. അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ അഞ്ചിരട്ടിയില്‍ അധികം ആണ് . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് ഇതെന്ന് കൂടെ പറയുമ്പോള്‍തന്നെ ചിത്രം വ്യക്തമാണല്ലോ. പോഷക ദാരിദ്ര്യം ആണ് ഈ മരണങ്ങള്‍ക്ക് കാരണം എന്ന് ഇന്റഗ്രേറ്റഡ്‌ ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അട്ടപ്പാടിയില്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളില്‍ 80 ശതമാനവും തൂക്കകുറവുള്ളവര്‍ ആണ്. ഗര്‍ഭിണികളില്‍ ഭൂരിഭാഗവും വിളര്‍ച്ച അനുഭവിക്കുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

     ”മുമ്പ് ഭര്‍ത്താവിനു പണിയുണ്ടായിരുന്നു , തൊഴിലുറപ്പ് നിന്നതോടെ പണി ഇല്ലാതായി . കിലോക്ക് രണ്ടു രൂപക്ക് കിട്ടിയിരുന്ന ആഴ്ചയിലെ പത്തു കിലോ അരിയും ഇന്നില്ല” അട്ടപ്പാടിയിലെ ഒരമ്മയുടെ വാക്കുകള്‍ ആണിത് . കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് APL BPL ഭേദമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ആഴ്ചയില്‍ പത്ത് കിലോ വച്ച് രണ്ടു രൂപയുടെ അരി ലഭിച്ചിരുന്നു അട്ടപ്പാടിയില്‍.,. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുപ്പതിനായിരത്തോളം ആദിവാസികള്‍ ജീവിക്കുന്ന അട്ടപ്പാടിയിലെ 8589 കുടുംബങ്ങളില്‍ 2066 കുടുംബങ്ങളെ APL പട്ടികയില്‍ പെടുത്തി. അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. പൊതു വിതരണ സമ്പ്രദായം അട്ടിമറിച്ചു, തൊഴിലുറപ്പ് പദ്ധതി തകിടം മറിച്ചു .ഇത് അട്ടപ്പാടിയിലെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ന്യായവിലയ്ക്ക് മാവേലി സ്റ്റോര്‍ നീതി സ്റ്റോര്‍ എന്നിവിടങ്ങളില്‍ ലഭിച്ചിരുന്ന അരി ,റാഗി, പയര്‍ എന്നിവയുടെ വിതരണം നിലച്ചു.പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന മുട്ട പാല്‍  ഏത്തപ്പഴം വിതരണ പദ്ധതി, 942409_4859271327753_1015452946_nഅംഗന്‍വാടികളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിങ്ങനെ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കി. ഇന്ന് അംഗന്‍വാടികളില്‍ നല്‍കുന്നത് വെറും ഉപ്മാവും പയറും ആണ് അതാകട്ടെ സ്വകാര്യവ്യക്തി മുഖേന വിതരണം ചെയ്യുന്ന നിലവാരം വളരെ കുറഞ്ഞതും . ഗര്‍ഭിണികള്‍ക്ക് നല്‍കി വന്നിരുന്ന അയേണ്‍ ഗുളിക കഴിഞ്ഞ രണ്ടു വര്‍ഷമായി അട്ടപ്പാടിയില്‍ വിതരണം നടന്നിട്ടില്ല. 200നു മുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടായിട്ടും കൃത്യമായി ഒരു പ്രവര്‍ത്തനവും അട്ടപ്പാടിയില്‍ നടക്കുന്നില്ല എന്നത് ഈ സര്‍ക്കാരിന്‍റെ ഉത്തരവാദിത്തരാഹിത്യം തന്നെയാണ് കാണിക്കുന്നത്.   കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി, അഗളി CHC , ഷോളയൂര്‍ , പുതൂര്‍ , ആനക്കട്ടി PHC കള്‍ , ഇവയുടെ സബ് സെന്ററുകള്‍, 172 അംഗന്‍വാടികള്‍ , 26 ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ , 6 സൂപ്പര്‍വൈസര്‍മാര്‍, 62 ആശാ വര്‍ക്കര്‍മാര്‍ എന്നിവ മുഴുവന്‍ കോര്‍ത്തിണക്കി വിപുലമായ ഒരു സംവിധാനം ആയിരുന്നു ആരോഗ്യരംഗത്ത്‌ ഇടതു മുന്നണി കാലത്ത് അട്ടപ്പാടി മേഖലയില്‍ ഉണ്ടായിരുന്നത് . കഴിഞ്ഞ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായി രൂപപ്പെട്ട ഈ സംവിധാനങ്ങളെ ആകെ തകര്‍ത്തതിരിക്കുകയാണ് UDF സര്‍ക്കാര്‍ . ഇന്നത്തെ സാഹചര്യത്തില്‍ കോട്ടത്തറ ആശുപത്രിയില്‍ കുറഞ്ഞത് 16 ഡോക്ടര്‍മാര്‍ എങ്കിലും വേണം. എന്നാല്‍ ദിവസേന മുന്നൂറില്‍ അധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ ഇന്ന് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് എത്തുന്നത്. ദിവസവും ശരാശരി 5 പ്രസവങ്ങള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ ഒരു ഗൈനക്കോളജിസ്റ്റ് പോലും ഇല്ല . അടിയന്തിര ശസ്ത്രക്രിയ ആവശ്യമാകുന്ന ഘട്ടത്തില്‍ ബോധം കെടുത്താന്‍ ഒരു അനസ്തെഷ്യോളജിസ്റ്റ്‌ പോലും ഇല്ല. ഇത് കൊണ്ട് ഇത്തരം ഘട്ടത്തില്‍ രോഗിക്ക് നാലു മണിക്കൂര്‍ സഞ്ചരിച്ചു പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ പോകേണ്ടിവരും. ആശുപത്രിയില്‍ എത്തുന്ന ഡോക്ടര്‍മാര്‍ ആകട്ടെ താമസസൌകര്യം പോലും ഇല്ലാത്തതിനാല്‍ ലീവെടുത്തു പോകുന്ന അവസ്ഥ ആണുള്ളത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ക്വാര്‍ട്ടെഴ്സിന്റെ പണി ആകട്ടെ ഭരണം മാറിയതോട് കൂടി നിലച്ച അവസ്ഥയും ആണ്. ആരോഗ്യമേഖലയെ പൂര്‍ണ്ണമായും തകര്‍ത്ത ഈ സര്‍ക്കാരിന്റെ ഭരണനയം അട്ടപ്പാടിയിലെ ഇന്നത്തെ ശോചനീയാവസ്ഥയില്‍ വഹിച്ച പങ്കു ചെറുതല്ല.

     പൊതുവേ 580366_4859264607585_975252915_nമുഖ്യധാരയിലേക്ക് വരാന്‍ വിമുഖത കാണിക്കുന്നവരാണ് ആദിവാസികള്‍ . അത് കൊണ്ട് തന്നെ അട്ടപ്പാടിയിലെ ആദിവാസികളുടെ ഇന്നത്തെ അവസ്ഥയുടെ സമൂഹ്യപരവും ചടിത്രപരവും ആയ തലം കൂടെ പരാമര്‍ശിക്കാതെ പറ്റില്ല. അമ്പതു വര്ഷം മുന്‍പ്‌ വരെ അട്ടപ്പാടി മേഖലയില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ആദിവാസികള്‍ ആയിരുന്നു. തങ്ങള്‍ക്കു ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുക എന്നതായിരുന്നു അവരുടെ രീതികള്‍ .ചാമ , തുവര, തുടങ്ങിയവ ആയിരുന്നു പ്രധാന കൃഷി. തനത് ഭക്ഷണ രീതികള്‍ പിന്തുടര്‍ന്നിരുന്ന ആദിവാസികള്‍ കായിക ക്ഷമത , സ്വയംപര്യാപ്തത എന്നിവയില്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ ആയിരുന്നു അന്നൊക്കെ ആദിവാസി സമൂഹം. അറുപതുകള്‍ക്ക് ശേഷം ഉണ്ടായ കുടിയേറ്റം ഈ അവസ്ഥക്ക് മാറ്റം വരുത്തി . ആദിവാസികളുടെ കൃഷിയിടങ്ങള്‍ നഷ്ടമായി . അതോട് കൂടി കായികക്ഷമതയിലും സ്വയംപര്യാപ്തതയിലും ആദിവാസികള്‍ ക്രമേണ പിന്നോട്ട് പോകാന്‍ തുടങ്ങി. അവിടെ നടന്ന ശാക്തിക ബലാബലത്തില്‍ പിന്നിലായിപ്പോയ ആദിവാസികളുടെ ഇന്നത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇന്ന് 45 വയസ്സാണ്. ഈ വസ്തുത ഡോ.ഇക്ബാലിന്റെ നിശബ്ദമായ വംശഹത്യ എന്ന  പ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നു.

     കുടിയേറ്റത്തിന്‍റെയും പലതരം മാഫിയകളുടെ പ്രവര്‍ത്തനത്തിലും തകര്‍ന്നു പോയ അട്ടപ്പാടിയുടെ  പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടായിരുന്നു 1994 ഇല്‍ 181233_4859264487582_767081129_nഅഹാഡ്‌സ്(AHADS -അട്ടപ്പാടി ഹില്‍ ഡവലപ്മെന്റ് സൊസൈറ്റി) രൂപീകരിച്ചത്. 1996 ഇല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പദ്ധതി അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തില്‍ വലിയമാറ്റം ആണ് ഉണ്ടാക്കിയത്. കൃഷിയിലും തൊഴില്‍ ലഭ്യമാക്കുന്നതിലും അഹാഡ്‌സ് നടത്തിയ ഇടപെടലുകള്‍ ആദിവാസികള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കി അവര്‍ സ്വയംപര്യാപ്തതയുടെ പാതയിലേക്ക് തിരിച്ചെത്തി. വ്യാജമദ്യ മാഫിയയുടെ പിടിയില്‍ ആയിരുന്ന അട്ടപ്പാടിയെ മോചിപ്പിക്കാന്‍ അഹാഡ്‌സ് സ്ത്രീകളെ ഏകോപിപ്പിച്ചു കൊണ്ട് ‘തായ്കുലം’ എന്നാ പദ്ധതിക്ക് രൂപം നല്‍കി ഈ പദ്ധതി ആദിവസികളിലെ മദ്യാസക്തിക്ക് കടിഞ്ഞാണ്‍ ഇടാന്‍ കാരണമായി -മാതൃകാപരമായ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ സ്ത്രീകളെ ആണ് മന്ത്രി KC ജോസഫ്‌ മദ്യപാനികള്‍ എന്ന് വിളിച്ചു ആക്ഷേപിച്ചത് എന്നത് കൂടെ ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം. കാലാവധി തീര്‍ന്ന അഹാഡ്‌സിന്‍റെ കാലാവധി രണ്ടു വട്ടം ഇടതു മുന്നണി വര്‍ധിപ്പിച്ചു നല്‍കി . കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ബജറ്റില്‍ വിലയിരുത്തി . എന്നാല്‍ UDF ആകട്ടെ അട്ടപ്പാടിയെ ചൂഷണം ചെയ്യുന്ന മാഫിയകള്‍ക്ക് വേണ്ടി അഹാഡ്‌സിനെ തകര്‍ക്കുകയാണ് ചെയ്തത്. അവര്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളേയും ഒഴിവാക്കി ധനവിനിയോഗത്തിനുള്ള ചുമതല ചില എന്‍ ജി ഒ കളെ ഏല്‍പ്പിച്ചു. എന്‍ ജി ഒ കള്‍ ഫണ്ട്‌ വിനിയോഗിച്ചതിന്റെ കണക്ക് സര്‍ക്കാരില്‍ ബോധിപ്പിക്കെണ്ടതില്ല എന്നത് കൊണ്ടുതന്നെ വന്‍ തട്ടിപ്പിന് കളമൊരുക്കുക എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ UDF സര്‍ക്കാര്‍ ചെയ്തത്.

    ഭക്ഷ്യ 943227_4859268527683_1005292934_nവസ്തുക്കള്‍ ലഭിക്കാതെയും പണി ഇല്ലാതെയും നാള്‍ക്കുനാള്‍ ദുരിതത്തില്‍ പെടുന്ന ആദിവാസികളെ കൃത്യമായ കഴ്ച്ചപ്പടോടും ആത്മാര്‍ഥമായ ഇടപെടലോടും കൂടി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാടിന്‍റെ മക്കള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ആദിവാസി വംശം തന്നെ കുറ്റിയറ്റുപോകുകയാകും ഫലം. അത് തടയാന്‍ നമുക്ക് വേണ്ടത് ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരും  ജനസമ്പര്‍ക്കവും എമേര്‍ജിംഗ് കേരളയും പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കും അപ്പുറത്ത് ആത്മാര്‍ത്ഥമായ സമീപനങ്ങളും ആണ്.

Share.

About Author

134q, 0.624s