Leaderboard Ad

അതിജീവനത്തിന്റെ സ്ത്രീഭാവങ്ങള്‍

0

പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൗവ്വനേ പുത്രോ രക്ഷതി വാര്ധക്യേ ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് മനുസ്മൃതി പറയുന്നു. മറ്റു മതങ്ങളും പല തരത്തില്‍ ഇത് തന്നെ പറയുന്നു. മനുസ്ര്മൃതികളില്‍ നിന്നാണ് ഭാരതീയസ്ത്രീ വളര്‍ന്നു വരുന്നത്. കുടുംബ പരിപാലനതിന്‍റെയും പാതിവ്രത്യത്തിന്‍റെയും പാവനമായ മാത്രുകയാകാനാണ് അവള്‍ നിയോഗിക്കപെട്ടിട്ടുള്ളത്. ശാരീരികമായ വൈചാത്യതിന്റെയും സവിശേഷതകളുടെയും  ബാക്കിയായിരിക്കണം പുരുഷന്‍ അവളുടെമേല്‍ സ്ഥാപിച്ചെടുത്ത മേധാവിത്തം.“മേധാവിത്തം” മനുഷ്യ ചരിത്രം മുതല്‍ക്കേ നമ്മോടൊപ്പം ഉള്ളതാണ്. പണം, ഭൂമി, ജാതി, തൊഴില്‍, നിറം അങ്ങിനെ  മാനദണ്ടങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറുന്നു എന്ന് മാത്രം. ഏറ്റവും  അടിച്ചമര്‍ത്തപ്പെട്ടവനും തന്‍റെ ആധിപത്യം സാധിക്കാന്‍ ഉണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതിനവന്‍ സാമൂഹികമായി സൃഷ്ടിച്ച ഭാഷ്യങ്ങലാണ് അവന്റെ വിശുദ്ധഗ്രന്ഥങ്ങളില്‍ ഉരുണ്ടിരിക്കുന്നത്.

പേടി ഒരു നല്ല ആയുധമാണ്. ബാല്യം മുതലേ പേടിപ്പിച്ചു വളര്‍ത്തുന്ന  കുട്ടികള്‍ പേര് കേട്ട  പെടിത്തൂറികളായിത്തീരും. സമ്മര്‍ദ്ദം കൂടാതെ തന്നെ  സാമൂഹിക നിയമങ്ങളെ  അനുസരിപ്പിക്കാന്‍ പരലോകത്തെ ശിക്ഷാവിധികളെ പറ്റിയുള്ള വര്‍ണ്ണനയേക്കാള്‍ വലുതായി മറ്റൊന്നുമില്ല. അവ ചെറുപ്പം മുതല്‍ സ്ത്രീകളെ പഠിപ്പിച്ചെടുക്കുന്നതില്‍ ആണ് ഒരു സമൂഹത്തിന്റെ സുരക്ഷിതത്തം നിലനിന്നിരുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കളുടെ അഭിമാനം മുതല്‍ ഭര്‍ത്താവിന്റെ, പുത്രന്റെ, പേരക്കിടാവിന്റെ മാനം വരെ അവളുടെ കയ്യിലാണിരിക്കുന്നത്. മനസുകൊണ്ട് പോലും പിഴക്കാന്‍ പാടില്ലാത്തവളാണ് പെണ്ണു. പെണ്ണു പിഴച്ചാല്‍ ആ കുലം തന്നെ മുടിഞ്ഞു പോകും എന്നാണു വെപ്പ്. കടലില്‍ പോയ കണവന്‍ തിരിച്ചു വരുന്നതിനിടയില്‍ കടാത്തി എന്തെങ്കിലും തരികിട ഒപ്പിക്കുമോ എന്നാണു പേടി. പുതിയ പതിപ്പായി ഗള്‍ഫ് ഭര്‍ത്താക്കന്മാരുടെ ഭാര്യമാരെ പറ്റിയോര്‍ത്തു കണ്ണടക്കാന്‍ പോലും പേടി. ഭര്‍ത്താവ് മരിച്ചുപോയ പെണ്ണു വഴിതെറ്റാതെ ജീവിക്കുമോ, അച്ഛനില്ലാത്ത പെണ്‍കുട്ടി അതിര്‍വരമ്പ് കടക്കുമോ എന്നെല്ലാം പേടി. ചുരുക്കത്തില്‍ ഒറ്റക്കിരിക്കുന്ന പെണ്ണിനെ – കെട്ടുപാടുകള്‍  ഇല്ലാത്ത  പെണ്ണിനെ – സമൂഹത്തിനു പേടിയാണ്. കാലില്‍ ചങ്ങലയും തോട്ടിയെന്തിയ പാപ്പാനും ഇല്ലാത്ത ആനയെ പോലെയാണ് ആണില്ലാത്ത പെണ്ണു. ഗടാഗടിയന്‍ ആണ്‍പിറന്നവന്റെ പെണ്‍പേടിയില്‍ നിന്നാണ് അവന്‍ പെണ്ണിന് വിലങ്ങിടുന്നത്; ലക്ഷ്മണരേഖ വരക്കുന്നത്.

ചെറുപ്പം മുതലേ അവളെ പെണ്ണായി വളര്‍ത്താന്‍ നാമെത്രമാത്രമാണ് ശ്രദ്ധിക്കുന്നത്. ആണ്‍പിറന്നവനു സാമാന്യമായ വേഷഭൂഷാദികള്‍ നല്‍കിയ ശേഷം എങ്ങനെയാണ് പ്രദര്‍ശന വസ്തുവാകേണ്ടതെന്നു പെണ്‍കുഞ്ഞിനെ പഠിപ്പിക്കാനാണ് നാമേറെ സമയം നീക്കിവെക്കുന്നത്. കണ്ണെഴുതിയും മേയ്കപ് ഇട്ടും സ്വത്വം ഒളിക്കാനാണ് അവള്‍ അഭ്യസിക്കപ്പെടുന്നത്‌. സ്വന്തം തൊലിയുടെ നിറവും കണ്ണുകളുടെ ആഴവും വാക്കിന്റെ മൂര്‍ച്ചയും എല്ലാം എല്ലാം മായം ചേര്‍ക്കാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നത്. അവിടെ മുതല്‍ അവള്‍ അടിച്ചമര്‍ത്തലിന്റെയും അവഗണനയുടെയും പുരുഷകല്‍പ്പനകളെ അനുസരിക്കാന്‍ പഠിക്കുന്നു.

നീ പെണ്ണല്ലേ നിനക്കിത്രയോക്കെ മതി.

നിനക്കെന്താ ഒന്ന് താന്നു കൊടുത്താല്‍..

പെണ്‍കുട്ടികള്‍ക്കിത്ര അഹന്ത പാടില്ല.

ശബ്ദം കുറച്ചു സംസാരിചൂടെ നിനക്ക്..

ഇങ്ങനെ തുള്ളിച്ചാടി നടക്കാമോ..

ആ ഷാള്‍ ഒന്ന് നേരെയിട്ടാല്‍ എന്താ നിനക്ക്…

പെണ്‍കുട്ടികളായാല്‍  കുറച്ചു അടക്കവും ഒതുക്കവും ഒക്കെ വേണം..

അങ്ങിനെയങ്ങിനെ പെണ്‍കുഞ്ഞിന്റെ സ്ത്രീയാകാനുള്ള യാത്രക്കിടയിലെ ക്ലീഷേ ഡയലോഗുകളുടെ പട്ടിക അനന്തമായി  നീണ്ടു കിടക്കുന്നു. ആണുങ്ങളോട് കൈചൂണ്ടി സംസാരിക്കുന്നതു വിലക്കിയ നാംതന്നെയാണ്  പിന്നീട് നിനക്കൊന്നു ഒച്ചവെചൂടായിരുന്നോ എന്ന് ചോദിക്കുന്നതും, അവളെ പ്രദര്‍ശനവസ്തുവാണെന്നു നിരന്തരം അഭ്യസിപ്പിച്ച നാം തന്നെയാണ് സ്ത്രീശരീരങ്ങള്‍ വില്പനചരക്കുകള്‍ ആകുന്നതിനെകുറിച്ച് വിലപിക്കുന്നതും,ശരീരം ഇളകിനടക്കാന്‍പോലും വിലക്കിയ നമ്മള്‍തന്നെയാണ് നിനക്ക് ഓടി രക്ഷപ്പെട്ടുകൂടായിരുന്നോ എന്ന് കുറ്റപെടുത്തുന്നതും. നമ്മള്‍തന്നെയാണ് അവളെ വാര്‍തെടുക്കുന്നതും വിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതും.

ഇങ്ങനെ നാലുപാടിലും കൂച്ചുവിലങ്ങുകളും ലക്ഷ്മണരേഖകളും സംരക്ഷകരും ഉള്ള സ്ത്രീയാണ് ആധുനിക ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടത്. സമൂഹം അവളില്‍ രൂപപ്പെടുത്തിയ പൊതുബോധത്തിനുള്ളില്‍ നിന്നാണ് അവള്‍ സ്ത്രീശാക്തീകരണത്തെ കുറിച്ച് വാചാലയാകേണ്ടത്. നിലവിലുള്ള ആണ്‍കോയ്മയെ വേദനിപ്പിക്കാത്ത കാലത്തോളം ലോകം മുഴുവന്‍ അവളെ ഉന്നതവ്യക്തിത്തമായി ആദരിക്കും. എല്ലാ പുരുഷന്റെയും വിജയത്തിനു പിന്നിലുള്ള ചാലകശക്തിയാകാന്‍ ഔന്നത്യമുള്ളവള്‍ എന്ന് വാഴ്ത്തും. അതങ്ങിനെയാണ്! പുരുഷന്‍റെ വിജയശില്പി ആകേണ്ടവളാണ് സ്ത്രീ. അങ്ങേയറ്റം പുരുഷകോയ്മാ സമൂഹത്തിന്റെ ചാലകശക്തിയായി അവള്‍ക്കു വിശുദ്ധയാകാം.

സ്ത്രീ സ്വതന്ത്രയാകുന്നത് അവളുടെ പ്രവര്‍ത്തനങ്ങള്‍, ചിന്തകള്‍, വ്യക്തിത്വം എല്ലാം പുരുഷനോട് താരതമ്യം ചെയ്യപ്പെടാന്‍ സാഹചര്യമില്ലാത്ത ഒരു കാലം പുലരുമ്പോഴാണ്. സ്ത്രീയും പുരുഷനും കേവലം വ്യക്തികള്‍മാത്രം ആകുമ്പോഴാണ്. സ്ത്രീയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞു കഴിയുമ്പോഴാണ്. അവളിലെക്കുള്ള ശാരീരിക-ബൗദ്ധിക-സാംസ്കാരിക അധിനിവേശങ്ങള്‍ അവസാനിക്കുമ്പോഴാണ്.

ചിലപ്പോഴെല്ലാം ബന്ധനങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചു പെണ്ണു  തെരുവുകളിലെക്കിറങ്ങാറുണ്ട്. അതിസാഹസികമാണത്! കൂട്ടിലിട്ട സിംഹം പുറത്തു ചാടിയ ഉടമയുടെ വെപ്രാലമുണ്ടാകും, സമൂഹത്തിനു. ഇന്നലെവരെ അരുമയായിരുന്ന അവള്‍ കൂത്തിച്ചിയും വേശ്യയും ഒക്കെ ആകുന്നതു അങ്ങിനെയാണ്. ഇന്നലെവരെ സംരക്ഷകര്‍ ആയിരുന്നവര്‍ തന്നെ അവളുടെ രക്തത്തിന് മുറവിളി കൂട്ടുന്നത്‌ അവിടെ നിന്നാണ്.

ഒറ്റപെട്ട തടവറഭേദനങ്ങള്‍ അനിവാര്യമാണെങ്കിലും പക്ഷെ പൊതുബോധത്തില്‍ പോസിറ്റീവ് ആയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയെന്നു വരില്ല. പക്ഷെ അവരാണ് പൊതുബോധത്തില്‍ നിന്ന്മാറി സ്ത്രീക്ക് വ്യതിരിക്തമായ ഒരു അസ്ഥിത്തം ഉണ്ടെന്നു ഓര്‍മിപ്പിക്കുന്നത്‌. ആ ഓര്‍മ്മപെടുതലുകളാണ് സ്ത്രീപക്ഷപോരാട്ടങ്ങളെ കരുത്തുറ്റതാക്കുന്നത്. സ്ത്രീബോധത്തില്‍  നിന്നും  പുറത്തു  വരേണ്ടത്  സ്ത്രീ മാത്രമല്ല  പുരുഷനും കൂടിയാണ്. സ്ത്രീയായാലും പുരുഷനായാലും പക്ഷെ  ശിലാനിയമങ്ങള്‍ക്കു പുറത്തു  കടന്നവര്‍ അനുഭവിക്കേണ്ട ആക്രമണം  തുല്യംതന്നെയാണ്. പക്ഷെ പുരുഷന് അതിനെ പ്രതിരോധിക്കാന്‍  ലിംഗപരമായ ഒരു സൗചന്യം കൂടി ഉണ്ടാകും. ഇങ്ങനെ പൊതുബോധത്തില്‍ നിന്നും  പുറത്തു വന്നവരടക്കം ചിലര്‍ തങ്ങളുടെ പൂര്‍വ്വാശ്രമം തുടരുന്നവരേ പുച്ഛത്തോടെ വീക്ഷിക്കുന്നതും ആക്ഷേപിക്കുന്നതും കാണാറുണ്ട്. പൊതുബോധത്തില്‍ തുടരുക എന്നത് അവരുടെ തെറ്റല്ല എന്ന ബോധ്യമാണ് ആദ്യമുണ്ടാകേണ്ടത്. താന്‍ മാറിയത് കൊണ്ട് ഒരു വ്യക്തിയെ മാറിയിട്ടുള്ളൂ വ്യവസ്ഥിതികള്‍ ഇപ്പോഴും പഴയത് തന്നെയാണ് എന്നും വ്യക്തികള്‍ മാറിയത് കൊണ്ടായില്ല, വ്യവസ്ഥിതികളാണ് മാറേണ്ടത് എന്നാ സുവ്യക്തമായ കാഴ്ച്ചപാടിലേക്ക് അവരെ നയിക്കേണ്ടതുണ്ട്.

സാമൂഹികമായ നവീകരണങ്ങളെ പിറകൊട്ടടിപ്പിക്കുന്ന; എല്ലാ വ്യക്തിളുടെയും വളര്‍ച്ചയില്‍ വളരെ വിദഗ്ദമായി കുത്തിവെക്കുകയും പിന്നീട് ദൈനംദിനജീവിതത്തില്‍ നമ്മളറിഞ്ഞും അറിയാതെയും പൊതുബോധത്തെ ഊട്ടിയുറപ്പിക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന സാംസ്കാരിക നിര്‍മിതികളുണ്ട്. എല്ലാ നവീകരണങ്ങളെയും പിറകോട്ടടിപ്പിക്കുന്നത് നമ്മളില്‍ തന്നെ ഉറങ്ങിക്കിടക്കുന്ന ഈ സാംസ്കാരികസങ്കല്‍പ്പങ്ങളാണ്. വിവിധ സ്ട്രീമുകളില്‍ അവ സ്ത്രീവിരുദ്ധം ദളിത്‌വിരുദ്ധം എന്നല്ലാം അറിയപ്പെടുന്നു. പലപ്പോഴും വളരെ ശ്രദ്ധിച്ചാല്‍ പോലും ചിന്തകളും വാക്കുകളിലും അബോധമായി അവ കടന്നു വരും.

അപ്പിയിട്ടാല്‍ സ്ത്രീവിരുദ്ധമാകുമോ എന്ന പരിഹാസമുയരുന്നത് എന്താണ് സ്ത്രീവിരുദ്ധതയുടെ രാഷ്ട്രീയമെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ്. എന്താണ്  സ്ത്രീവിരുദ്ധമെന്നത് സൂക്ഷ്മമായി വിലയിരുത്തേണ്ട ഒന്നാണ്. നമ്മള്‍ മനപൂര്‍വ്വം അതിനു  ശ്രമിച്ചാലല്ലാതെ നമ്മളില്‍ അടിയുറഞ്ഞു പോയ സ്ത്രീവിരുദ്ധചിന്തകളെ പറിച്ചെറിയാന്‍ കഴിയില്ല.

നോക്കൂ സ്ത്രീ സമസ്ത മേഖലകളിലും സ്വാതന്ത്ര പ്രഖ്യാപനം നടത്തുന്ന ഒരുകാലഘട്ടമാണ് കടന്നുപോകുന്നത്. എത്രയോ ദശാബ്ദങ്ങള്‍ ആയി അവള്‍ അടക്കിപിടിച്ച സമരാഗ്നി ഈ അടുത്ത നാളുകളില്‍ നീറിപ്പുകയാന്‍ തുടങ്ങിയിരിക്കുന്നു. അതിനെ സമരമാര്‍ഗ്ഗങ്ങളുടെ ശരിതെറ്റുകളുടെ ചട്ടക്കൂടുകളില്‍ ഒതുക്കരുത്‌, അളക്കരുത്‌.‘കാര്യമൊക്കെ ശരിതന്നെ, പക്ഷെ അവള്‍ പ്രതികരിക്കുന്ന രീതി ഇതായിരുന്നില്ല ആവേണ്ടത്’ – അതെന്തൊരു ഭാഷ്യമാണ്. നമ്മുക്ക് അവളുടെ വഴികളുടെ ശരിതെറ്റുകളെ  നിര്‍ണ്ണയിക്കാതിരിക്കാന്‍ ആവില്ലെന്നോ..

സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഒരു വിഷവും ഒറ്റയാള്‍ പോരാട്ടം കൊണ്ട് ഇറക്കനാകില്ല. ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ അടര്‍ത്തിമാറ്റാനുമാകില്ല. ജനകീയമായ പരിവര്‍ത്തനമാണ് മാര്‍ഗ്ഗം. അത്പക്ഷേ പെട്ടന്ന് സംഭവിക്കുന്നതല്ല. കാലങ്ങള്‍കൊണ്ട്‌ മാറ്റിയെടുക്കെണ്ടതാണ്. ആ ബോധ്യമുള്ളവര്‍ക്കേ നിരാശയിലാഴാതെ പോരാട്ടങ്ങള്‍ തുടരാന്‍ കഴിയൂ.. ആദ്യം മാറേണ്ടത് ചിന്തകളാണ്. പിന്നെ ഭാഷയും. ഭാഷയാണ് സ്ത്രീവിരുദ്ധ ചിന്തകളെ പരിപോഷിപ്പിക്കുന്നത്. ഭാഷ സ്ത്രീവിരുദ്ധ-മുക്തമായാല്‍ മാനവികത താനേ വന്നുകൊള്ളും. സ്ത്രീവിരുദ്ധമാകാന്‍ ഒരു അണുവോളം സാധ്യതയുള്ള എല്ലാ വാക്കുകളും പ്രയോഗങ്ങളും കീറിയെറിയണം. മറ്റുള്ളവരെ പ്രേരിപ്പിക്കണം.

സ്ത്രീയെപറ്റി പറയുമ്പോള്‍ പുരുഷനെപറ്റി പറയുന്നവരുണ്ട്. സ്ത്രീക്ക് കൊടുക്കുന്ന മുന്‍ഗണനകളില്‍ വല്ലാതെ അരിശം കൊള്ളൂന്നവരെ കണ്ടിട്ടുണ്ട്. നിയമസംവിധാനത്തില്‍ സ്ത്രീക്ക് കൊടുക്കുന്ന പരിഗണനകള്‍ പുരുഷവിരുദ്ധമെന്നു വിലപിക്കുന്നവരുണ്ട്. പൊതുവാഹനത്തില്‍ സ്ത്രീക്ക് ഇടം സംവരണം ചെയ്യുമ്പോള്‍ പുരുഷന് എന്താണതില്ലാത്തത് എന്ന് ആശങ്കപ്പെടുന്നവരുണ്ട്.  വാസ്തവത്തില്‍ സ്ത്രീക്ക് ഒരിടവും പ്രത്യേകമായി ഇല്ലാത്ത ഒരു കാലമാണ് എല്ലാ സ്ത്രീപക്ഷവാദികളും സ്വപ്നം കാണുന്നത്. അത് സ്ത്രീയും പുരുഷനും സാമൂഹികമായ ഒരു വ്യത്യാസവും ഇല്ലാത്ത കാലത്ത് സംഭവിക്കെണ്ടതാണ്. സ്ത്രീക്ക് മാത്രമല്ല ഒരു ജീവിക്കും പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലാത്ത ഒരു കാലമാണ് നമുക്ക് സൃഷ്ടിക്കാനുള്ളതു. ദളിതന് പ്രത്യേകം പരിഗണന കൊടുക്കേണ്ടി വരുന്നത്, അവന്‍ അവഗണിക്കപ്പെടുന്ന പരിഹസിക്കപ്പെടുന്ന കാലത്താണ്. സ്ത്രീക്ക് അത് ആവശ്യമായി വരുന്നത് അവള്‍ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്ന കാലത്താണ്.

തിരക്കുള്ളിടങ്ങളില്‍ പുരുഷന്‍ നില്‍ക്കുമ്പോള്‍ അവന്റെ ചിന്തകള്‍ അവന്റെ ജീവിതപ്രശ്നങ്ങളില്‍ ആയിരിക്കും. എല്ലാ പുരുഷന്‍മാരും പല കാര്യങ്ങള്‍ ആയിരിക്കും ചിന്തിക്കുന്നത്. ഓരോരുത്തരുടെയും വിവിധങ്ങളായ,തങ്ങളുടെ പ്രിയപ്പെട്ട പ്രശ്നങ്ങളെപറ്റി. എന്നാല്‍ അതേ ഇടത്തില്‍ പുരുഷനെപോലെതന്നെ നില്‍ക്കുന്ന എല്ലാ സ്ത്രീകളും ചിന്തിക്കുന്നത് ഒരേ കാര്യമായിരിക്കും. ഒരേകാര്യം! തന്‍റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്ന ഏതെങ്കിലും പുരുഷാവയവചലനങ്ങളെകുറിച്ചു… അവള്‍ക്കു ചിന്തിക്കാന്‍ ജീവിതപ്രശ്നങ്ങള്‍ ഇല്ലാത്തത് കൊണ്ടാല്ല, പുരുഷന്‍ കൊണ്ട് നടക്കുന്നതിലും അധികം സംഘര്‍ഷങ്ങളുമായാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്. എന്നിട്ടും അവര്‍ക്ക് അതെക്കുറിച്ച് ഗഹനമായി ചിന്തിക്കണമെങ്കില്‍ സുരക്ഷിതമായ ഒരിടം തേടണം. അവള്‍ക്കു എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ അല്ലാ.. ചിന്തിക്കാന്‍ പോലും.. സ്വപ്നം കാണാന്‍ പോലും.. പുരുഷാധിനിവേശങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരിടം കൂടിയേ തീരൂ…

പെണ്ണിന്റെ സവിശേഷതകള്‍ വിശിഷ്യാ ശാരീരികമായുള്ളവ അവളുടെ “സ”വിശേഷതകള്‍ തന്നെയാണ്,ദൌര്‍ബല്യങ്ങളല്ല. അതുകൊണ്ട് തന്നെ അവളുടെ ആര്‍ത്തവവും പ്രസവവും പാലൂട്ടലും എല്ലാം മാനവികതയുടെ ഭാഗമാണ്. അതില്‍ ഒന്ന് പോലും അശ്ലീലമോ മലിനമോ അല്ല. അവ മലിനപ്പെടുതിയത് പുരുഷന്‍റെ ചിന്തകളാണ്. പുരുഷന്‍റെ ദൈവങ്ങളാണ്. തന്‍റെ ശരീരത്തിന്‍റെ സവിശേഷമായ മാറ്റുങ്ങള്‍ക്കനുസരിച്ചു ഒളിഞ്ഞും തെളിഞ്ഞും നടക്കേണ്ടവളല്ല താനെന്നു അവള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

സ്ത്രീവിരുദ്ധതയെ പുരുഷവിദ്വേഷം കൊണ്ട് നേരിടുന്നവരും വിമര്‍ശങ്ങളോട് സ്ത്രീവിരുദ്ധത പരിചയാക്കുന്നവരും ഉണ്ട്. സ്ത്രീസ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടം സ്ത്രീ-പുരുഷ ഭേദമില്ലാതെ ചെയ്യേണ്ടാതാണെന്ന ധാരണ ഇല്ലാത്തവരും ഉണ്ട്. സ്ത്രീവിരുദ്ധത എന്നാല്‍  സ്ത്രീ വിമര്‍ശങ്ങള്‍ക്ക് അതീതമാണ് എന്നര്‍ത്ഥമില്ല. വിമര്‍ശനവിധേയമല്ലാത്തത് ഒന്നും തന്നെയില്ല. വിമര്‍ശങ്ങളാണ് എല്ലാ ആശയങ്ങളുടെയും മൂര്‍ച്ച കൂട്ടുന്നതു,നവീകരിക്കുന്നത്. ആധുനികമായതെന്തും നിരന്തരം വിമര്‍ശിക്കപ്പെട്ടുകൊണ്ടേ ഇരിക്കണം. സ്ത്രീപക്ഷവും അങ്ങിനെ തന്നെ. പുരോഗമനപരമായ എല്ലാത്തിന്‍റെയും അടിസ്ഥാനപക്ഷം മാനവികതയുടെതാണ്. മാനവികമല്ലാത്ത സ്ത്രീപക്ഷം സ്ത്രീവിരുദ്ധം തന്നെയാണ്. സ്ത്രീപക്ഷ ചിന്തകള്‍ വഴി പിഴക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവയുടെ മാനവികതയുടെ വശം  മാത്രം ചിന്തിച്ചാല്‍ മതിയാകും.

സ്ത്രീവിരുദ്ധതപോലെ പുരുഷവിരുദ്ധതയും ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്ന ഒരു വാദമുണ്ട്. അതും ശരിയാണ്. രണ്ടും ഒരുപോലെ മാനവികവിരുദ്ധമാണ്. പുരുഷവിരുദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹമൊന്നുമല്ല നമ്മുടേത്‌. പലപ്പോഴും സ്ത്രീവിരുദ്ധത ചര്‍ച്ചചെയ്യുമ്പോള്‍ പുരുഷവിരുദ്ധത പറഞ്ഞു അതിനെ പ്രതിരോധിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പുരുഷചിന്തകള്‍ കാലങ്ങള്‍ കൊണ്ട് പരുവപ്പെടുതിയെടുത്ത, കൃത്യമായി ആണ്‍കോയ്മ അടിച്ചേല്‍പ്പിച്ച, ആണ്‍കോയ്മ അടക്കി ഭരിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും സ്ത്രീവിരുദ്ധത പറയുന്നതും അതിനെ പുരുഷവിരുദ്ധത കൊണ്ട് തടയാന്‍ ശ്രമിക്കുന്നതും തമ്മില്‍ വൈരുദ്ധ്യം ഉണ്ട്. പുരുഷന് അടിച്ചമര്‍ത്താനും, സൗകര്യം പോലെ ഒതുക്കാനും വളക്കാനും എല്ലാം അധികാരമുള്ളപ്പോള്‍ പുരുഷവിരുദ്ധതയെപറ്റി സംസാരിക്കുന്നതും, സ്ത്രീ കേവലം അടിമ മാത്രമായ പരിതസ്ഥിതിയില്‍ നിന്നും സ്ത്രീ വിരുദ്ധത സംസാരിക്കുന്നതും തമ്മില്‍ രാഷ്ട്രീയമായ അകലം ഏറെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ വിരുദ്ധതയും രാഷ്ട്രീയമാകുന്നത് നമ്മള്‍ അതിനെ പറ്റി സംസാരിക്കുന്ന പ്രതലത്തെ അളക്കുമ്പോഴാണ്. നമ്മള്‍ ദളിത്‌ വിരുദ്ധതയെപറ്റി സംസാരിക്കുന്നു. എന്തുകൊണ്ട് സവര്‍ണ്ണ വിരുദ്ധതയെ പറ്റി സംസാരിക്കുന്നില്ല. രണ്ടും ഒരേ നാണയമാണ്. പക്ഷെ സവര്‍ണ്ണ ആധിപത്യവും ദളിതവിരുദ്ധമനോഭാവവും വളര്‍ത്തിയെടുത്ത ഒരു പ്രതലത്തില്‍ നിന്ന് സവര്‍ണ്ണ വിരുദ്ധതയല്ല സംസാരിക്കേണ്ടത് എന്നത് ഒരു തിരിച്ചറിവാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ പുരുഷന്‍ സാമൂഹികമായും രാഷ്ട്രീയമായും ശാരീരികമായും സ്ത്രീയുടെ മേല്‍ക്കൊയ്മക്ക് കീഴെ സ്വത്വം പണയപ്പെടുത്തി അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവിടെ നമ്മള്‍ സ്ത്രീവിരുദ്ധതയല്ല ചര്‍ച്ച ചെയ്യുക. അല്ലെങ്കില്‍ അപ്പോള്‍ മാത്രമേ പുരുഷവിരുദ്ധത ചര്‍ച്ചചെയ്യപ്പെടെണ്ടതുള്ളൂ.. സ്ത്രീവിരുദ്ധത പിഴുതെറിയണമെന്നു പറയുന്നത് അത് പുരുഷവിരുദ്ധത പോലെതന്നെ ഒരു നെഗറ്റീവിസം ആയതു കൊണ്ടല്ല, മറിച്ചു സാമൂഹ്യനിര്‍മ്മിതിയില്‍ വളരെ നെഗറ്റീവ് ആയി സ്വാധീനിച്ച, നമ്മളറിയാതെ തന്നെ നമ്മുടെയെല്ലാം ചിന്തയുടെ ഭാഗമായതുകൊണ്ടും,വരുംതലമുറക്ക് വേണ്ടിയെങ്കിലും ആ ധാര പൊതുബോധത്തില്‍ നിന്നും മാറ്റിയെടുക്കേണ്ടത് അനിവാര്യമായതുകൊണ്ടും ആണ് എന്ന് ചുരുക്കം.

സ്ത്രീവിരുദ്ധത നുള്ളിക്കളയെണ്ടാതായിരുന്നു. ആരും മുളയിലേ നുള്ളിക്കളയാതിരിക്കാന്‍ നട്ടുനനച്ചു വളര്‍ത്തിയവര്‍ കാവലിരുന്നു. ഇന്നത്‌ പടര്‍ന്നു പന്തലിച്ചു സര്‍വ്വകവും വേരൂന്നിയ വന്‍വൃക്ഷമായി. കാവലിരിക്കുന്നവരും അവരുടെ എണ്ണവും ആക്രമണോത്സുകതയും ഭീകരമായി. ഇനി നമുക്കത് നേരെ ചൊവ്വേ വെട്ടിക്കളയാന്‍ നമുക്ക് ആകില്ല. ഒന്ന് മാത്രമേ ചെയ്യാനുള്ളൂ. നമ്മുടെ മനസുകളിലാണ് ആ വൃക്ഷത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത്. നമ്മളാ വേരുകള്‍ പറിച്ചെറിയണം. താങ്ങി നിര്‍ത്താന്‍ വേരുകളില്ലെങ്കില്‍ പിന്നെ ഒരു വടവൃക്ഷത്തിനും നിലനില്‍പ്പില്ല.

റന്‍ മിത്ത് 

Share.

About Author

136q, 0.577s