Leaderboard Ad

അതിരുകള്‍, അലിവില്ലാത്ത വരകള്‍

0

      ധ്രമ്മന്‍, ഹിമാചല്‍ പ്രദേശിലെ മറ്റേതു ദേശീയപാതയോര തീറ്റകേന്ദ്രത്തെയും പോലെ വൃത്തിഹീനമാണ്. പുരാതനമായ അഴുക്കും പായലും ഇരുളുചാര്‍ത്തുന്ന ബസ്‌വെയിറ്റിംഗ് ഷെഡിനപ്പുറത്ത് പക്ഷിക്കാഷ്ടം നിറഞ്ഞ കൊമ്പുകളുമായി ആല്‍മരം നിരന്തരം വിറ പൂണ്ടു.Untitledw പ്രത്യേകതരം സ്ലേറ്റുകല്ലുകളാല്‍ മേല്‍ക്കൂര പാകിയ ഏതാനും പലചരക്കുകടകളും ഒന്നുരണ്ടു ബേക്കറികളും ഇറച്ചിക്കടകളും മൊബൈല്‍ റീചാര്‍ജു കടകളും, കൂടെ രാത്രിയും പകലും കണ്ണുതുറന്നിരിക്കുന്ന ‘ദാബ’കളും – ഇത്രയേ ഉള്ളൂ ധ്രമ്മന്‍. ദാബകളുടെ ഉമ്മറത്ത്‌ വൃത്തികെട്ട പാതകത്തിന്മേല്‍ നിരനിരയായി വച്ചിരിക്കുന്ന വലുതും ചെറുതുമായ ചരുവങ്ങളില്‍  ദാലും രാജ്മയും സബ്ജിയുമൊക്കെ ഉറക്കം തൂങ്ങുന്നു. അമിതവണ്ണം ബാധിച്ച കുറുംകുള്ളന്മാരെപ്പോലെ കൂനിയിരിക്കുന്ന സമോസകള്‍.

അസഹ്യതയോടെ ഹരി മുഖം തിരിച്ചു.

ഇവിടെയാണ് മൂന്നു വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടേണ്ടത്. മൂന്നു വര്‍ഷങ്ങള്‍!

ജൂലായ്‌ – സെപ്തംബര്‍ മാസങ്ങളില്‍ ചന്നംപിന്നം പെയ്തു ചെളിചുരത്തുന്ന മഴക്കാലങ്ങളും പിന്നെ എട്ടുമണിക്കൂറുകള്‍ മാത്രമായി ചുരുങ്ങിപ്പോവുന്ന പകലുകള്‍ നിറഞ്ഞ മഞ്ഞുകാലങ്ങളും, ഒടുവില്‍ കടുംചൂട് കണ്ണുനീറ്റുന്ന വേനല്‍ക്കാലങ്ങളും നിറഞ്ഞ മൂന്നുവര്‍ഷങ്ങള്‍!

മൂന്നു വര്‍ഷങ്ങള്‍ ഇവിടെ കഴിച്ചുകൂട്ടാം. പിന്നെ എങ്ങോട്ട്?

മുഖമുയര്‍ത്തി ആകാശത്തേക്ക് നോക്കി. നരവീണു പുക ചുവക്കുന്ന ആകാശം. പാതയോരത്തിരുവശവും പടര്‍ന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളില്‍ മുരളുന്ന കൊയ്ത്തുയെന്ത്രങ്ങള്‍ ചുമച്ചുചുരത്തുന്ന പൊടിപടലം പുക പോലെ ധ്രംമനെ ചൂഴുന്നു. ചൂട്മാത്രമല്ല പുഴുക്കവുമുണ്ട് ഇത്ര രാവിലെത്തന്നെ.

“എവിടേക്കാ…..യൂണിവേഴ്സിറ്റിയിലേക്കാണോ?”

തോളത്ത്‌ ഒരു സ്പര്‍ശം. ഇംതിയാസ്‌ ശബാന്‍ ഖട്ടാന. കാശ്മീരിന്റെ വടക്കുപടിഞ്ഞാറേ മൂലയില്‍നിന്നു ധ്രംമനിലെത്തി കമ്പിളിക്കച്ചവടം നടത്തുന്നവരുടെ ബാബ. നരച്ച തവിട്ടുവര്‍ണ്ണം പുരണ്ട നീണ്ട മുടിയും താടിയും. ചിരിക്കുമ്പോള്‍ മുഖത്തെ ചുളിവുകളും വിടരും. കറ വീണ പല്ലുകള്‍ ഓര്‍മ്മിപ്പിക്കുന്ന ജജീറിന്റെ സ്വപ്നതീരങ്ങള്‍.

“അതെ…” ചിരിച്ചു. “ബാബ വരുന്നോ?”

“വരാം… പക്ഷെ, ഞാനെന്തു ചെയ്യാനാണ് അവിടെ? അവിടെ നിങ്ങളെപ്പോലെ വലിയ ആള്‍ക്കാര്‍ പഠിപ്പിക്കുന്ന സ്ഥലമല്ലേ….?”

“പഠിപ്പിക്കുകയല്ല…..ഞാന്‍ പഠിക്കുകയാണ് ഡോക്ടറേറ്റിന്”

“എന്നിട്ടോ….ഇന്നലെയല്ലേ നിങ്ങള്‍ പറഞ്ഞത് – പഠിപ്പിക്കാന്‍ തുടങ്ങീന്ന്?”

ഡോക്ടരെറ്റ്‌ ചെയ്യുന്നതിന്റെ ഭാഗമായുള്ള ടീച്ചിംഗ് അസ്സിസ്ടന്റ്ഷിപ്‌ മനസിലാക്കാന്‍ ബാബയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ പഠിക്കുക അല്ലെങ്കില്‍ പഠിപ്പിക്കുക – യൂനിവേഴ്സിറ്റിയെന്നാല്‍ ബാബാക്കിത്രയെ അറിയൂ. മുഴുവന്‍സമയ ഗവേഷണം നടത്തുന്നവരുടെ കൌമാരദശ ആര്‍ അറിയുന്നു! വിദ്യാര്‍ഥിയാണോ? അല്ല. അധ്യാപകനാണോ? അതുമല്ല.

“അതൊക്കെ പോട്ടെ. ഇന്ന് വൈകുന്നേരം മുറിയില്‍ വന്നാല്‍ ഷാക്കീരിനെയും മറ്റും കാണാന്‍ കഴിയുമോ?”

‘അക്രമത്തിനെതിരെ ജീവജന്യമായ പോരാട്ടം: കാശ്മീരിലെ കമ്പിളിക്കച്ചവടക്കാരെക്കുറിച്ച് ഒരു പഠനം’ ഗവേഷണപ്രബന്ധത്തിന്റെ തലക്കെട്ട്‌ വായിച്ച ഗൈഡ്‌ തന്റെ നേരെ നോക്കി നെറ്റി ചുളിച്ചത് എന്തിനാണ്?

“നോക്കട്ടെ… ഷക്കീരും മറ്റുമൊക്കെ വരേണ്ടതാണ് ഇന്ന്. ഹാരി വന്നോളു….. വൈകുന്നേരം കാണാം.”

തോളത്തുതട്ടി ബാബ നടന്നകന്നു. വെളുത്തു നീണ്ട കുപ്പായത്തിന്റെ കീഴരികുകള്‍ അലിഞ്ഞുതുടങ്ങിയിരിക്കുന്നു. ബാബയും മറ്റും ഇവിടെ, ഹിമാചലില്‍, മഞ്ഞുകാലത്ത് കമ്പിളിപ്പുതപ്പുകള്‍ വില്‍ക്കാന്‍ എത്തുന്നവരാണ്. കാശ്മീരിന്റെ അങ്ങേയറ്റത്തുള്ള കുപ്വാര, ബാരാമുള്ള തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന്, ആരുടെയും ആരുമല്ലാത്ത ഇവര്‍, ഇവിടെയെത്തി ദിവസം മുഴുവനും കമ്പിളിപ്പുതപ്പുകളുടെ ഭാണ്ഡം തോളിലേന്തി, വീടുവീടാന്തരം നടന്നു വില്‍പ്പന നടത്തുന്നു. അകലെ മഞ്ഞുമലകള്‍ക്കും അവിടവിടായുള്ള താഴ്വരകള്ക്കുമിടയില്‍ കുറേ പെണ്‍ഹൃദയങ്ങള്‍ ദുആ ചൊല്ലി കാത്തിരുന്നു.

“അതെ….ഞങ്ങളുടെ സ്ത്രീകള്‍ സുന്ദരികളാണ്. അതുകൊണ്ടാണല്ലോ പട്ടാളക്കാരും മറ്റും………” ബീഡിപ്പുകയുടെ മണം നിറഞ്ഞ മുറിയില്‍, വിരിച്ചിട്ട ജമുക്കാളത്തില്‍ ബാബയുടെ അരികിലിരുന്ന് ഇമ്രാന്‍ പറയുന്നതു ശ്രദ്ധിച്ചു. അവന്‍റെ കണ്ണുകളില്‍ എന്താണ് തിളങ്ങുന്നത്? ഇതേ വരെ ആരിലും കണ്ടിട്ടില്ലാത്ത ഭാവം! അല്ലെങ്കില്‍, ആരെങ്കിലും എന്നെങ്കിലും കാശ്മീരിനെ, കാഷ്മീരിയെ മനസ്സിലാക്കിയിട്ടുണ്ടോ? പാകിസ്ഥാന്‍? ചൈന? ഇന്ത്യ?

വഴിയരുകില്‍ വീണ വേട്ടമൃഗത്തിന്റെ കുറകില്‍ ദംഷ്ട്രകള്‍ അമര്‍ത്തിവലിക്കുന്ന ചെന്നായ്ക്കള്‍….! ഏതു സ്വപ്നത്തിലാണ് താനവയെ കണ്ടത്? ചരിത്രം പേടിസ്വപ്‌നങ്ങള്‍ നിറഞ്ഞ ഒരു രാത്രി മാത്രമാണ്. തീപ്പന്തങ്ങള്‍ കൊളുത്തി, ആയുധങ്ങള്‍ ഉയര്‍ത്തി, കുതിരപ്പുറത്തുവന്നു ഗ്രാമവാസികളെ കൊന്നൊടുക്കിയവരുടെ ആക്രോശങ്ങള്‍ അക്ഷരങ്ങളായി മാറിയ ചരിത്രപുസ്തകതാളുകള്‍….! അക്ഷരക്കൊമ്പുകളില്‍ ചോരയിറ്റ്‌ വീഴുന്ന കബന്ധങ്ങളും നിലവിളികളും ഊയലാടി മാടിവിളിക്കുന്നു. ചരിത്രപഠനം എന്നും വിങ്ങലുകള്‍ മാത്രം മനസ്സില്‍ ബാക്കി നിര്‍ത്തി. നൂറ്റാണ്ടുകളിലൂടെയും ചരിത്രപാഠപുസ്തകത്തിന്റെ അധ്യായങ്ങളിലൂടെയും കുതിരയും രഥവുമോടിച്ചു അധിനിവേശം നടത്തിയ ഒരു രാജാവിനെയും ഇഷ്ടപ്പെടാന്‍ കഴിഞ്ഞില്ല. പകരം, സ്വത്വവും ജീവനും നഷ്ടപ്പെട്ടുപോയവരുടെ എഴുതാക്കഥകള്‍, ബലിച്ചോര്‍ ഉണ്ണാന്‍ ഓട്ടുപുരപ്പുറത്തു കാത്തിരിക്കുന്ന കാക്കകളെപ്പോലെ കലപില കൂട്ടുകയും ഒളിഞ്ഞും ചെരിഞ്ഞും തുറിച്ചുനോക്കുകയും ചെയ്തു.

ബസിറങ്ങി യൂണിവേഴ്സിറ്റിയിലേക്ക് നടക്കുമ്പോഴാണ് വലിച്ചുകെട്ടിയ ബാനര്‍ കണ്ടത്.

‘മെയ്‌ 1 – ലോകതൊഴിലാളിദിനാഘോഷം

സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്‌

കേന്ദ്രസര്‍വകലാശാല, ഹിമാചല്‍ പ്രദേശ്‌’

ഇന്നും ഏതെങ്കിലുംഒരു ദല്‍ഹി ഇമ്പോര്‍ട്ടട് ഏമാന്റെ ലാത്തിയടി സഹിക്കണം. എയര്‍ കണ്ടീഷന്‍ ചെയ്ത സെമിനാര്‍ ഹാളില്‍, ഗോദ്റെജ് ഇന്ടീരിയോയുടെ പതുപതുത്ത ചുവപ്പുകസേരയിലിരുന്നു, നെസ്കഫെയും ഗുഡ്ഡേ ബിസ്കറ്റും അകത്താക്കി, പവര്‍ പോയിന്റ്‌ പ്രസന്റേഷന്റെ അകമ്പടിയോടെ നടക്കുന്ന ഏകദിനസെമിനാര്‍. ഏതു തൊഴിലാളി!! എന്ത് ലോകദിനം!!?? യൂനിവേഴ്സിറ്റിയുടെ മൂന്ന് നിലകളിലായി ആറോളം വരുന്ന ടോയലെടുകള്‍ വൃത്തിയാക്കുന്ന വിരേന്ദര്‍ ചമ്പിയാലിനെ മുഖ്യപ്രസംഗകനാക്കിയാല്‍ എങ്ങനെയിരിക്കും? അതാണ് ചെയ്യേണ്ടത്. അല്ലാതെ……

“എയ്‌ ഹരീ….. താന്‍ ലേറ്റ് ആയി കേട്ടോ…” ഒരു വര്‍ഷം സീനിയര്‍ ആയ രജനി മിശ്ര ബൊക്കെകളും ഫയലുമൊക്കെയായി വരുന്നു. രജനിയുടെ കയ്യില്‍നിന്നു ഫയലുകള്‍ വാങ്ങിപ്പിടിച്ചു.

“സോറി….വരുന്ന വഴിയില്‍ ബാബയെക്കണ്ട് കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞു നിന്നു.”

“ഏതു ബാബ…? ആ കാശ്മീരി ഖട്ടാനയോ?”

“അതെ”

“തന്നെ സമ്മതിച്ചിരിക്കുന്നു. എന്തായാലും നിന്റെ ഗൈഡ് ഒരു നല്ല മനുഷ്യനായത് നിന്റെ ഭാഗ്യം…..”

“രജനിയുടെ സഫര്‍ജി എന്തു പറയുന്നു?”

രജനി പുച്ഛം നിറഞ്ഞ ഒരു ചിരി ചിരിച്ചു.

സഫര്‍ജി. സാമൂഹ്യശാസ്ത്രത്തിന്‍റെ ഡീന്‍ പ്രൊഫ. താക്കൂറിന്റെ ഓമനപ്പേര്. രജനിയുടെ ഗൈഡ്. ഡൈ ചെയ്തു കറുപ്പിക്കാതെ, തല മുഴുവനും നരച്ച മുടിയും നെറ്റിയില്‍ ‘1989 – ല്‍ ജെര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍നിന്ന് ഞാന്‍ ഡോക്ടരേറ്റ് പൂര്‍ത്തിയാക്കി’ എന്ന് എഴുതാതെ എഴുതിയും വിലസുന്ന പ്രൊഫ. താക്കൂര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞനാണ് താനെന്നു സ്വയം വിശ്വസിച്ചു. കൂടെയുള്ളവരെ അതിനായി നിര്‍ബാധം നിര്‍ബന്ധിക്കുകയും ചെയ്തു.

“ഹീ ഈസ്‌ ദി ലാസ്റ്റ്‌ സോഷ്യോളജിസ്റ്റ്‌ ഇന്‍ ഇന്ത്യ. ദി ബഹാദൂര്‍ ഷാ സഫര്‍ ഓഫ് ഇന്ത്യന്‍ സ സോഷ്യോളജി.” ബയോ ഇന്‍ഫോമാറ്റിക്സില്‍ ഗവേഷണം നടത്തുന്ന ഓംപ്രകാശാണ് ആ പ്രഖ്യാപനം നടത്തിയത്. കുറച്ചുകഴിഞ്ഞു ബഹാദൂര്‍ ഷാ സഫര്‍ ചുരുങ്ങി സഫര്‍ജിയായി.

അമ്പത്തഞ്ചാമത്തെ വയസില്‍ വിവാഹമോചനം നേടി, യൂണിവേഴ്സിറ്റി ഹോസ്റ്റലിനടുത്തുള്ള ബംഗ്ലാവില്‍ താമസിക്കുകയാണ് സഫര്‍ജി.

രജനിയെ മുഖ്യവേദിയിലെ ക്രമീകരണങ്ങളില്‍ സഹായിച്ചു. ബാനര്‍ വലിച്ചുകെട്ടിയിരുന്നതിന്റെ പോരായ്മകള്‍ നീക്കി.

“ഹരീ…ഞാന്‍ ഈ ഗവേഷണം നിര്‍ത്തിയാലോന്നു ആലോചിക്കുകയാണ്….”

“ങേ…എന്തുപറ്റി?”

“അല്ല വെറുതെ….”

“എയ്‌…കമോണ്‍….രജനീ…വാട്ട്‌ ഹാപ്പെണ്ട്?”

ഹിമാചല്‍ ഗ്രാമങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പഠിക്കുകയാണ് രജനി. അറിഞ്ഞിടത്തോളം നല്ല ഒരു ശ്രമമാണ്.

“ഒന്നോ രണ്ടോ തവണ സഹിക്കാം… പക്ഷെ..!!”

രജനിയെ ഒന്ന് നോക്കി. അവള്‍ മുഖം കുനിച്ചിരിക്കുന്നു.

“സഫര്‍ജി…?”

മറുപടി ഇല്ല. പ്രതീക്ഷിച്ചുമില്ല.

മനസ് നിസംഗമാണ്. മുഖ്യാതിഥികളുടെ നെയിംപ്ലേറ്റുകള്‍ ശരിയല്ലേ എന്ന് പരിശോധിച്ചു. ഫയലുകള്‍ തുറന്നു നോക്കി. അടച്ചു വച്ചു.

“ഹി ഈസ്‌ സച് എ ഡെവിളിഷ മാന്‍… പുകയില നാറുന്ന ശവക്കൂന…!”

“ഇട്സോക്കെ….ഫര്‍ഗെട്ടിറ്റ്‌”

“ഐ കാണ്ട്….ഐ കാണ്ട്…. ആന്‍ഡ്‌ ഐ ഹെയിറ്റ്‌ മൈസെല്‍ഫ്‌….ഐ ഫീല്‍ ലൈക്‌ റണ്ണിംഗ് എവേ ഫ്രം ഓള്‍ ദീസ്…..!!!!”

വേദനയോടെ അവളെ നോക്കി.

അവള്‍ക്കുമറിയാം. ഇതങ്ങനെ അവസാനിപ്പിക്കാനാവില്ലെന്ന്. സഫര്‍ജിയുടെ സ്പെഷ്യല്‍ റെക്കമെന്റെഷനില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പതിനാറായിരത്തോളം രൂപ മാസം തോറും കിട്ടുന്ന ഫെല്ലോഷിപ്പ് വേണ്ടെന്ന് വച്ച് നിര്‍ത്തിപ്പോയാല്‍, വെറുമൊരു M S W-ക്കാരിക്ക് എന്ത് ശമ്പളം കിട്ടും? വീട്ടിലെക്കാര്യങ്ങള്‍ ആര് നോക്കും? തളര്‍ന്ന ദേഹവും മനസുമായി കട്ടിലില്‍ക്കഴിയുന്ന അഛ്ച്നോ? ദല്‍ഹിയില്‍ പഠിക്കുന്ന അനുജനോ? അതോ പുറംലോകമധികം കണ്ടിട്ടുപോലുമില്ലാത്ത അമ്മയോ?

ഏകദിനവും മറ്റും അവസാനിപ്പിച്ചു, വൈകുന്നേരം യൂനിവേഴ്സിറ്റിയില്‍നിന്നിറങ്ങുമ്പോള്‍ മനസു ചത്തിരുന്നു. ധ്രംമനില്‍ ബസിറങ്ങി, കാശ്മീരികള്‍ താമസിക്കുന്ന വീടു ലക്ഷ്യമാക്കി നടന്നുതുടങ്ങിയപ്പോള്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു. വരണ്ട തൊലിയും ഇലകളുമായി കാറ്റാടിമരങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഊടുവഴിയിലൂടെ നടന്നു.

അകലെ ബാബയുടെ വാടകവീട്ടില്‍ വിളക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മറത്ത്‌…..ബാബ ! അരികില്‍ കറുത്ത് പഴകിയ തോള്‍ബാഗ്.

മറ്റുള്ളവരെവിടെ? ഷാകീര്‍? ഇമ്രാന്‍? സുഹൈല്‍?

“ബാബ……”

തോളത്തുവീണു പൊട്ടിക്കരയുന്ന ബാബയുടെ മുതുകു തലോടി. പ്രായാധിക്യം കണ്ണീരായിറ്റിയ വാക്കുകളില്‍ ബാബ തേങ്ങി. ഷാക്കീറിന്റെ ശവം, തൊട്ടടുത്ത വെള്ളമില്ലാത്ത അരുവിക്കരയില്‍…..! രാവിലെ വിവരം അറിയിച്ചത് മദ്രസയിലേക്ക് പോയ കുട്ടികള്‍. പാര്‍ല്യമെന്റ് ആക്രമിച്ചതിനു തൂക്കിലേറിയവന്റെ പേരില്‍ നടന്ന ലഹളയില്‍ ഷാകീര്‍ കാണാതായിട്ട് മൂന്നാഴ്ച്ചകള്‍ കഴിഞ്ഞിരുന്നു. ഉറുദുവില്‍ ബിരുദാനന്തരബിരുദമെടുത്ത, സ്കൂള്‍ടീച്ചര്‍ ആവാന്‍ സ്വപ്നം കണ്ട ഷാകീര്‍. ബാബയുടെ ഏക ആശ്രയം.

സെല്‍ഫോണിലെ ടോര്‍ച്ചുവെട്ടത്തില്‍ ബാബയ്ക്കൊപ്പം ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ബാബയുടെ തേങ്ങലടങ്ങിയിരുന്നു. ഏഴുമണിക്ക് പത്താന്‍കോട്ടേക്കുള്ള അവസാനത്തെ ബസ് ധ്രംമന്‍ വിടും. അതിനു മുമ്പേ എത്തണം.

“ഇനി എന്തെല്ലാം കാണണം……ഈ വയസുകാലത്ത്…!?”

ബാബയുടെ ചോദ്യത്തിനു മറുപടി ഒന്നുമില്ല.

ചോദ്യങ്ങള്‍…..അവ അങ്ങനെത്തന്നെ അവശേഷിക്കുന്നു.

എന്തിനാണ്….ആര്‍ ആവശ്യപ്പെട്ടിട്ടാണ് പട്ടാളവണ്ടികള്‍ കാശ്മീരിന്റെ കന്യാവനങ്ങള്‍ ഉഴുതുമറിച്ച് വിഷവിത്തുകള്‍ വിതക്കുന്നത്…?

ഈ കച്ചവടത്തില്‍ ആര്‍ക്കാണ് ലാഭം..?

കൌമാരങ്ങളില്‍ നിന്ന് ചിരിമുത്തുകള്‍ അടര്‍ത്തി, പകരം, കുഴിച്ചുമൂടേണ്ട വിശ്വാസങ്ങളെ മുദ്രാവാക്യങ്ങളായി പതിപ്പിച്ചു കൊടുക്കുന്നതാര്..?

മതങ്ങളുടെ, രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ക്ക് ഇത്ര മൂര്‍ച്ചയോ..?

ബസില്‍ സൂചി കുത്താനിടമില്ല. ബാബയുടെ ബാഗ് മുന്നില്‍ കണ്ട സീറ്റിനടിയിലേക്ക് തിരുകി.

“രണ്ടു പത്താന്‍കോട്ട്”

അത്ഭുതത്തോടെ നോക്കുന്ന ബാബയെ നോക്കി പുഞ്ചിരിച്ചു.

അതെ….യാത്ര തുടങ്ങാം…!

പത്താന്‍കോട്ടേക്ക്. അവിടെ നിന്ന് ജമ്മു. ജമ്മുവില്‍ നിന്ന് ശ്രീനഗര്‍. അവിടെനിന്ന് ചോര മണക്കുന്ന, വെടിയൊച്ച മാനവും മാറും തുളയ്ക്കുന്ന, ഭീതി ചാരനിറമെഴുതുന്ന കണ്ണുകള്‍ നിറഞ്ഞു കവിയുന്ന, മലഞ്ചെരുവിലെ ആ ഗ്രാമത്തിലേക്ക്….
ഇനിയെങ്കിലും അവിടെ ചോര തുപ്പാതെ സൂര്യനുദിക്കുമോ ?

Share.

About Author

145q, 0.636s