Leaderboard Ad

അനലോഗുകളുടെ റിപ്പബ്ലിക്ക്‍

0

ഘടികാരങ്ങള്‍ സമരത്തിലാണ്‌!!
സമയം 11 മണി കഴിഞ്ഞ്
59മിനിറ്റും 59 സെക്കന്‍റും.
“വരൂ, എന്നെ ചുംബിക്കൂ!!
നിന്‍റെ കൂര്‍ത്ത അധരങ്ങള്‍ കൊണ്ടെന്‍റെ
തടിച്ച ചുണ്ടുകളില്‍
തീ കോരിയെറിയൂ..”
“അയ്യോ! അരുത്‌!!
അശ്ലീലം പറയരുത്‌.
ചുംബനങ്ങള്‍ക്ക്‍
വിലക്കേര്‍പ്പെടുത്തിയ കാര്യം
നീയറിഞ്ഞില്ലേ..??”
“വരൂ, എന്നെ ഇറുക്കിച്ചുംബിക്കൂ!!
എന്നത്തേയും പോലെ ഞാന്‍,
ശബ്ദം കൊണ്ടീ നിമിഷം
12 കുറി കുറിച്ചിടാം..”
“അരുത്‌! പ്രേയസാ,
ചുംബിച്ചു പോകരുത്‌.
അവര്‍ നമ്മെ തുറുങ്കിലടയ്ക്കും.”
“എനിക്കൊന്നും കേള്‍ക്കണ്ട!!
വരൂ, എന്നെ ചുംബിക്കൂ!!
അല്ലാത്തപക്ഷം,
ഞാനീ സെക്കന്‍റ് സൂചിയില്‍
കൂട്ടിയിടിച്ച് ചാവും”
പറഞ്ഞു മുഴുവിപ്പിക്കും മുന്‍പേ
അവളവനെ ചുംബിച്ചു.
അവന്‍ ആഹ്ലാദത്താല്‍
12 കുറി ഉറക്കെ ശബ്ദിച്ചു.
പെട്ടെന്ന്,
ഇതുകേട്ടുണര്‍ന്ന
ഭടന്‍മാര്‍ ചാടിയടുത്തു.
രണ്ട്‌ പേരും അറസ്റ്റ് ചെയ്യപ്പെട്ടു.
മിനിറ്റു സൂചിയെ
വ്യഭിചാരക്കുറ്റം ചുമത്തി
തുറുങ്കിലടച്ചു.
മണിക്കൂര്‍ സൂചിയെ
അനാശ്യാസ്യത്തിന്‌
തല്ലിച്ചതച്ചു.
അവന്‍ ക്രോധത്തോടെ
ആക്രോശിച്ചു:
“ഡിജിറ്റല്‍ ക്ലോക്കുകളുടെ രാജാവ്‌
തുലയട്ടെ!!
ഡയോഡുകള്‍ നശിക്കട്ടെ!!”
മണിക്കൂര്‍ സൂചിയെ
വിചാരണ കൂടാതെ
മരണം വരേയും
തൂക്കിലേറ്റാന്‍ വിധിച്ചു.
രാജ്യദ്രോഹക്കുറ്റത്തിന്‍മേല്‍
വധശിക്ഷ നടപ്പിലാക്കി.
അനലോഗുകളുടെ ലോകത്ത്
ധീരനായ രക്തസാക്ഷി
പിറവിയെടുത്തിരിക്കുകയാണ്‌.
അപ്പോഴും,
സെക്കന്‍റ് സൂചി
നിര്‍ത്താതെ
ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു.
ഒന്നിനും കാതുകൊടുക്കാതെ.
എന്നെ പോലെ,
നിന്നെ പോലെ,
നിങ്ങളെയും നമ്മളേയും പോലെ,
നിര്‍ത്താതെ
ഓടിക്കൊണ്ടേയിരിക്കുന്നു.!!

ആർ അജയഘോഷ്

Share.

About Author

138q, 0.524s