Leaderboard Ad

അനാഥത്വം കച്ചവട വല്‍ക്കരിക്കപ്പെടുമ്പോള്‍

0

“അഗതികളോടും, അനാഥകളോടും നിങ്ങൾ കരുണ കാണിക്കുക

അവർക്കു നിങ്ങൾ ആശ്രയമാവുക അന്നവും വസ്ത്രവും നൽകുക.

എങ്കിൽ അള്ളാഹു നിങ്ങൾക്കു രക്ഷയും,സഹായവും നൽകും”

iraqi-girl

പ്രവാചകൻ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമാണിത്‌.അനാഥനു അന്നവും സംരക്ഷണവും നൽകുന്നവനാണു യഥാർത്ഥ വിജയി എന്നു പലവട്ടം നബി തങ്ങൾ അരുളി അതു കൊണ്ട്‌ തന്നെ ഇസ്ലാം മത വിശ്വാസികൾ ഈ രംഗത്ത്‌ വളരെ സജീവമായി ഇടപ്പെട്ടു. ഈ അനുകൂലാവസരം മുതലെടുത്താണു കേരളത്തിൽ 80-കളിൽ കൂണുകൾ പോലെ അനാഥാലയങ്ങൾ ഉയർന്നു വന്നത്‌. മുസ്ലിം സമുദായത്തിനകത്തു ആ കാലയളവിൽ ഉണ്ടായ സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ആയിരകണക്കിനു കുട്ടികളെ ഈ സ്ഥപനങ്ങളിലേക്കെത്തിച്ചു. അന്നു ഇത്തരം സ്ഥാപനങ്ങൾ വലിയ ആശ്വാസമായിരുന്നു എന്നത്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

കേരളത്തിന്റെ പ്രത്യേക സഹചര്യങ്ങളും, ഗൾഫ്‌ നാടുകളിൽ ഉണ്ടായ വലിയ തൊഴിലവസരങ്ങളും മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം വർദ്ധിപ്പിച്ചപ്പോൾ അനാഥാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കു ഗണ്യമായി കുറഞ്ഞു. അപ്പോഴും ഗൾഫ്‌ നാടുകളിലും സ്വദേശത്തും കഴിയുന്ന സമ്പന്നന്മാർ ഇത്തരം സ്ഥപനങ്ങളിലേക്കു മുടങ്ങാതെ സാമ്പത്തിക സഹായം ചെയ്തു കൊണ്ടേയിരുന്നു. ചിലർക്കു സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും വളർച്ചയായിരുന്നു ലക്ഷ്യമെങ്കിൽ വേറൊരു കൂട്ടർക്കു ഇത്‌ തികച്ചും വയറ്റിപിഴപ്പായിരുന്നു. മേൽ സൂചിപ്പിച്ചത്‌ പോലെ കേരളത്തിൽ നിന്നുള്ള അനാഥകളുടെ വരവ്‌ കുറഞ്ഞപ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഇത്തരം സ്ഥപനങ്ങൾ കണ്ടെത്തിയ വഴിയാണു അന്യ സംസ്ഥാന അനാഥകളുടെ ഇറക്കുമതി. ആരെന്തു പറഞ്ഞാലും ശരി ഉറ്റവർക്കും കൂടപിറപ്പുകൾക്കും ഇടയിൽ നിന്നു എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളെ കൊണ്ടു വന്നു ഭാഷയും വേഷവും ഭക്ഷണരീതികളും വിത്യസ്തമായ ഇടങ്ങളിൽ നാലു ചുവരുകൾക്കുള്ളിൽ അടച്ചു പൂട്ടി നിബന്ധിത വിദ്യാഭ്യാസം നൽകുന്നത്‌ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

ഒട്ടേറെ തവണ ഈയുള്ളവന്‍ അനാഥ മന്ദിരങ്ങൾ സന്ദർശ്ശിച്ചിട്ടുണ്ട്‌. തന്റെ ഉമ്മയുടെയും ബാപ്പയുടെയും കയ്യിൽ തൂങ്ങി കിന്നാരം പറഞ്ഞു പാടിനടക്കേണ്ട കുരുന്നുകൾ ഭക്ഷണത്തിനു വേണ്ടി പാത്രവും കഴുകി വരി വരിയായി നിൽക്കേണ്ടി വരുന്ന രംഗം എന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. അറവുമാടുകളെ പോലെ ഒരു മുറിയിൽ മുപ്പതും നാൽപതു കുട്ടികൾ കിടന്നുറങ്ങുന്നതും, തങ്ങളുടെ വസ്ത്രങ്ങൾ അലക്കാൻ പെടുന്ന കഷ്ടപാടുകളും കണ്ടാൽ, നാം അറിയാതെ  നമ്മുടെ മക്കളെ കുറിച്ചൊർത്തു പോവും . ഏതു കഠിന ഹൃദയന്റെയും മനസ്സു വിങ്ങിപോവുന്ന കാഴചയാണത്‌.

എന്തു കൊണ്ടാണു ഇത്രയേറെ അനാഥാലയങ്ങൾ നമ്മുടെ നാട്ടിൽ ഉയർന്നു വന്നത്‌? മുകളിൽ സൂചിപ്പിചത്‌ പോലെ യത്തീമുകൾക്കു അത്താണിയും അന്നവും നൽകുന്നതാണു ഏറ്റവും വലിയ നന്മകളിലൊന്നെന്ന പ്രവാചക സന്ദേശത്തെ പണ്ഡിത നേതൃത്വം വളരെ സമർത്ഥമായി സ്ഥാപനവൽക്കരിച്ചു. അനാഥകളെയും അഗതികളെയും സഹായിക്കുക എന്നത്‌ അനാഥാലയങ്ങളെ സഹായിക്കുക എന്നതാണെന്നു അവർ സമുദായത്തെ പഠിപ്പിച്ചു.ചില നല്ല ഉദാഹരണങ്ങൾ നിരത്തി അവർ സമർത്ഥമായി നമ്മെ വിശ്വസിപ്പിച്ചു. അനാഥകൾക്കു വ്യക്തിപരമായി സഹായം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ടം അനാഥാലയങ്ങൾക്കു നൽകലാണെന്നും ഇവർ പ്രചരിപ്പിച്ചു.ഇത്തരം സ്ഥപനങ്ങളെ സഹായിക്കുക വഴി പൊതു സമൂഹത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വലിയ ആദരവും ,പേരും പ്രശസ്തിയും സമ്പന്ന വിഭാഗത്തെ കൂടുതൽ അങ്ങോട്ടു ആകർഷിക്കുന്നതിനു ഹേതുവായി.സ്വന്തം നാട്ടിൽ നരക തുല്യമായ ജീവിതം നയിക്കുന്ന അനാഥരെയും അഗതികളെയും സഹായിക്കാൻ സന്മനസ്സു കാണിക്കാത്ത ഇത്തരക്കാർ ഇത്തരം സ്ഥാപനങ്ങൾക്കു ലക്ഷങ്ങൾ വാരിയെറിഞ്ഞു കൊടുക്കുന്നത്‌ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്‌.ഇവിടെ നമ്മുടെ പൊതു സമൂഹവും പണ്ഡിത നേതൃത്വവും ഒരു പുനർച്ചിന്തനത്തിനു തയ്യാറായേ മതിയാവൂ.

നിങ്ങൾ അനാഥാലയങ്ങൾ നിർമ്മിച്ചു അനാഥകളെ സംരക്ഷിക്കൂ എന്നു പ്രവാചകൻ എവിടെയും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല.പകരം അനാഥകൾക്കു ആശ്രയമാവാനും അവരെ സ്വന്തം മക്കളെ പോലെ കാണാനും അവരുടെ കണ്ണീരൊപ്പാനുമാണു പ്രവാചകൻ പഠിപ്പിച്ചത്‌.

ഇവിടെ ചർച്ചാ വിഷയം അന്യ സംസ്ഥാന അനാഥകളെ കുറിച്ചു തന്നെയാണു (അതിലധികവും അനാഥരല്ല അഗതികളാണെന്നത്‌ വേറെ കാര്യം) ഇത്തരം കാഴ്ചപാടുള്ള സംഘടനകൾക്കു എന്തു കൊണ്ട്‌ അവരുടെ വീടുകളിൽ തന്നെ താമസിപ്പിച്ചു അവർക്കു പഠിക്കാനും ജീവിക്കാനുമാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു കൂട ?അല്ലെങ്കിൽ അവർ പഠിക്കുന്ന സ്ക്കൂളുകൾ വഴി എന്തു കൊണ്ടു സഹായങ്ങൾ നൽകിക്കൂട?അതു മല്ലെങ്കിൽ അവരുടെ നാടുകളിൽ എന്തു കൊണ്ടു ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ചു കൂടാ?

നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം നാം നന്മ കരുതി നൽകുന്ന പണം കൊണ്ട്‌ അനാഥകളായ കുരുന്നുകളുടെ അവകാശങ്ങൾ തടഞ്ഞു വച്ചു അവരെ മാനസികമായി പീഡിപ്പിക്കുന്ന പ്രവർത്തനങ്ങൾകാവാതെ സൂക്ഷിക്കണം.എന്റെ സ്കൂൾ പഠന കാലത്ത്‌ ഇത്തരം സ്ഥാപനങ്ങളിൽനിന്നും വരുന്ന നൂറു കണക്കിനു കുട്ടികളെ ഞാൻ കണ്ടിറ്റുണ്ട്‌ പലപ്പോഴും ഉള്ളു തുറന്നു ഒന്നു ചിരിക്കാൻ പോലും ആവാത്തവർ ,വിളറിയ മുഖത്തോടു കൂടി വരുന്നവർ,അനാഥനെന്ന അപകർഷതാ ബോധം അലട്ടിയിരുന്ന അവരിൽ പലരും പലപ്പോഴും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്‌.ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്ന പ്രാകൃതമായ ചില സംഭവങ്ങൾ ആ സുഹൃത്തുകൾ പറഞ്ഞു തന്നത്‌ ഇന്നും എന്റെ മനസ്സിലുണ്ട്‌.

സാമ്പത്തികമായി കഴിവുള്ളവർ നമ്മുടെ കുട്ടികൾക്കൊപ്പം ഒരു കുട്ടിയെയെങ്കിലും വളർത്താൻ പ്രാപ്തിയുള്ളവർ ഇത്തരം കാര്യങ്ങൾക്കു മുന്നിട്ടിറങ്ങണം.ചുരുങ്ങിയത്‌ കുട്ടിയുടെ വിദ്യാഭ്യാസ -ജീവിത ചിലവെങ്കിലും ഒരു നിശ്ചിത കാലത്തേക്കു നൽകാൻ കഴിഞ്ഞാൽ ഒരു പുരുഷായുസ്സിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും അത്‌.ഒരിക്കലും ഉത്തരം കാര്യങ്ങളിൽ മതപരമായ വിവേചനം കാണിക്കരുത്‌.

ഫീലിംഗ് : ഞങ്ങൾ എന്തു തോന്ന്യാസവും കാണിച്ചാലും അതു ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നത് പഴ മൊഴി. ഞങ്ങള്‍ ഇടപെടുക തന്നെ ചെയ്യും.

ടി.എം.എ കരീം

 

Share.

About Author

137q, 0.557s