Leaderboard Ad

അഭിജിത്തിൻറെ അമ്മ

0

   ന്ന് വെള്ളിയാഴ്ചയാണ്. സ്കൂളിൽ നേരത്തെ ബെല്ലടിക്കും. പ്രഭാത ഭക്ഷണം പുട്ട് മതി എന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. എല്ലാവർക്കും പുട്ടാണെങ്കിൽ അഭിജിത്തിന് ദോശ വേണം. കറിയായി ചട്നിയും. ഉച്ചഭക്ഷണത്തിനുവേണ്ടി തയ്യാ റാക്കുന്ന സാമ്പാർ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാനൊന്നും അവൻ തയ്യാറല്ല.
അധ്യാപികയായ ‘അഭിജിത്തിൻറെ അമ്മ’യുടെ കണ്ട്രോൾ നഷ്ടപ്പെടാൻ വേറെ എന്തു വേണം ?
രാത്രി ഒരു മഴക്കാറ് മാനത്തു കണ്ടാൽ പിറ്റെ ദിവസം രാവിലെ കറണ്ട് കാണില്ല. വാഷിംഗ്മെഷീൻ മുതൽ മിക്സിയായി വരെ മനുഷ്യൻ മാറണം . അതിനിടക്കാണ് അവൻറെയൊരു വാശി.
എല്ലാത്തിനും വളം വച്ചുകൊടുക്കാൻ ഒരു അച്ഛനും.
തനിച്ചുള്ള ഡയലോഗും, അഭിജിത്തും അമ്മയും തമ്മിലുള്ള പൊട്ടലും ചീറ്റലും എന്നും പതിവാണ്.
സ്ഥിതി വഷളാക്കാൻ അഭിജിത്തിനൊരു ഡയലോഗ് ഉണ്ട്. ‘അമ്മക്ക് കുറുമ്പാണ്. കുട്ടികൾക്കല്ലേ വാശിയും കുറുമ്പും കാണിക്കാൻ അവകാശം’
എപ്പിസോഡിൻറെ ക്ലൈമാക്സിലേക്കെത്താൻ ആ ഒരൊറ്റ ഡയലോഗ് മതി.
അവൻറെ മൂത്തത് അല്ലേ മറ്റേത്. അവൻ എന്ത് കൊടുത്താലും കഴിച്ചോളും. ഒരു പരാതിയും ഇല്ല.
‘ഏട്ടനാണ് അമ്മയെ ഇത്രയും വഷളാക്കിയത്’
അഭിജിത്തിൻറെ അവസാനത്തെ ഡയലോഗ്. അതോടുകൂടി അമ്മയുടെ അടി അഭിജിത്തിന് ഉറപ്പാണ്.
ഇതെല്ലാം വെള്ളിയാഴ്ച സീൻ മാത്രമാണ്.
ഓരോ ദിവസത്തിനുമനുസരിച്ച് ആവശ്യങ്ങൾ ഉണ്ടാക്കുന്നതിനും അമ്മയെ കുറുമ്പ് പിടിപ്പിക്കുന്നതിനും ഗവേഷണം തന്നെ നടത്തുന്നവനാണ് അഭിജിത്.

മിക്കപ്പോഴും അമ്മയുടേയും മക്കളുടേയും ഇടയിൽ അച്ഛൻറെ റോൾ ‘മൗനി’യുടേതാണ്. ഏതാണ്ട് ‘ആട്ടമ്മിക്ക് കാറ്റടിച്ച’പോലെ എന്നു തന്നെ പറയാം.
……
വീടിൻറെ പേര് എട്ടൻറെത്, കമ്പ്യൂട്ടർ സ്ക്രീൻ സേവർ ആയി ഏട്ടൻറെ പേര്, അമ്മയുടെ മൊബൈലിൽ ഏട്ടൻറെ പേര്. എന്താണ് എൻറെ പേര് എവിടെയും ഇല്ലാത്തത്?
അഭിജിത്തിൻറെ സംശയം.
കമ്പ്യൂട്ടറിലും, മൊബൈലിലും എല്ലാം ഏട്ടൻ ചെയ്തുവച്ചതല്ലേ? നിനക്കതൊന്ന് ക്ഷമിച്ചുകൂടെ? അമ്മയുടെ ആ മറുപടി അഭിജിത്തിനെ കൂടുതൽ ചൊടി പ്പിക്കുകയാണ് ചെയ്തത്.
അത് ക്ഷമിക്കാം. പക്ഷേ ഈ വീടിന് ഏട്ടൻറെ പേര് കൊടുത്തത് ആരാണ്? അച്ഛനും അമ്മയും അല്ലേ ?
എന്തുകൊണ്ട് വീടിന് എൻറെ പേരിട്ടില്ല?
അതിന് മോനേ, എട്ടനല്ലേ ആദ്യം ജനിച്ചത്. വീട് ഉണ്ടാക്കി കഴിഞ്ഞ സമയത്ത് അവൻ മാത്രമായിരുന്നു ഞങ്ങളുടെ മകൻ.
അച്ഛനും അമ്മയും എന്തിനാണ് എന്നെ രണ്ടാമത്തെ മകനാക്കിയത്?
ഡയലോഗ് കേൾക്കേണ്ട താമസം, അഭിജിത്തും അമ്മയും അടുത്ത സെഷനായ അങ്കവും ഓട്ടവും തുടങ്ങിയിരിക്കും.
…..
മൊബൈലിൽ കളിക്കുന്ന അഭിജിത്തിനെ കണ്ടതോടെ അമ്മക്ക് ദേഷ്യം വന്നു. നിനക്ക് ഹോംവർക്ക് ഒന്നും ചെയ്യാനില്ലേ? നിന്നോട് പറഞ്ഞിട്ടില്ലേ മൊബൈലിൽ കളിക്കരുതെന്ന്?
ഇതും ഒരു ‘ഹോംവർക്ക്’ ആണമ്മേ.
ആ ഡയലോഗ് അമ്മക്ക് പിടിച്ചതേയില്ല. നിൻറെ മൊബൈലിലെ ഗെയിംകളി ഇന്ന് ഞാൻ നിറുത്തി തരാം.
ഇനിമേലാൽ എൻറെ മൊബൈൽ തൊട്ടുപോകരുത്.
അഭിജിത്തിൻറെ കൈയ്യിൽ നിന്നും അമ്മ ബലമായി മൊബൈൽ പിടിച്ചുവാങ്ങി .
അപ്പോൾ അമ്മക്ക് മൊബൈലാണ് എന്നെക്കാൾ ഇഷ്ടം അല്ലേ?
“അതെ” എനിക്ക് മൊബൈൽ തന്നെയാണ് വലുത് . തൽക്കാലം നീയതു കളിച്ചുകേടു വരുത്തേണ്ട.
ഓഹോ അപ്പോൾ മൊബൈൽ ഇല്ലാതെ അമ്മക്ക് ജീവിക്കാൻ കഴിയില്ല അല്ലേ?
“ഇല്ല” അതായിരുന്നു ദേഷ്യത്തോടെയുള്ള അമ്മയുടെ മറുപടി.
…….
അമ്മ പഠിപ്പിക്കുന്ന അതേ സ്കൂളിൽ തന്നെയാണ് അഭിജിത്തും പഠിക്കുന്നത്. വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ സ്കൂളിലെ അമ്മയുടെ സഹപ്രവർത്തകരോട് പറയുക എന്നത് അഭിജിത്തിൻറെ മറ്റൊരു വിനോദമാണ്. പലപ്പോഴും അതൊന്നും അഭിജിത്തിൻറെ അമ്മക്ക് അത്ര രസിക്കാറില്ല.
ഒരു ദിവസം രാവിലെ വെള്ളക്കടലാസ്സിൽ ഒരു കത്ത് എഴുതി ഒട്ടിച്ചു അഭിജിത്ത് അമ്മക്ക് കൊടുത്തു. അമ്മ അഭിജിത്തിനോട് ചോദിച്ചു. എന്താണിത്?
എൻറെ ‘ലീവ് ലെറ്റർ’ എനിക്ക് സുഖമില്ല. അതുകൊണ്ട് ഞാൻ ലീവ് എടുക്കുകയാണ്. അമ്മ എൻറെ ക്ലാസ്സ് ടീച്ചർക്ക് കൊടുത്താൽ മതി.
അമ്മ ലീവ് എടുക്കുമ്പോൾ ഞാനല്ലേ അമ്മയുടെ ‘ലീവ് ലെറ്റർ’ കൊണ്ടു പോകുന്നത്. ഇന്ന് അമ്മ എൻറെ ലീവ് ലെറ്റർ കൊണ്ടു പോകുന്നതിൽ എന്താണ് തെറ്റ്?
‘ഇവനെക്കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ’ എന്ന് പറഞ്ഞായിരുന്നു അന്നത്തെ ദിവസം അഭിജിത്തിൻറെയും അമ്മയുടെയും അടിയും തടയും.
….
ധൃതി പിടിച്ച് ജോലി ചെയ്യുന്ന സമയത്തായിരിക്കും സാധാരണ അഭിജിത്ത് അമ്മയോട് സംശയങ്ങൾ ചോദിക്കാൻ വരുന്നത്.

നിനക്കെന്താ ഒഴിവുള്ളപ്പോൾ ചോദിച്ചു കൂടെ? അവിടെ പോയി ഇരിക്ക് എൻറെ ജോലി കഴിഞ്ഞിട്ട് പറഞ്ഞു തരാം. അല്ലെങ്കിൽ വേണ്ട, അച്ഛൻ വന്നാൽ ചോദിക്ക് പറഞ്ഞു തരും.
ഞാൻ പഠിക്കുന്ന സമയത്ത് അമ്മ അടുക്കളപ്പണി ചെയ്യുന്നത് എന്തിനാണ്? അതുകൊണ്ടല്ലേ സമയം ഇല്ലാത്തത്?
പിന്നെ അച്ഛനോട് ചോദിക്കാൻ, അച്ഛൻ ടീച്ചർ അല്ലല്ലോ? അമ്മയല്ലേ സ്കൂളിലെ ടീച്ചർ? ഏട്ടനെ പഠിപ്പിക്കാൻ അമ്മ ലീവ് വരെ എടുത്ത് വീട്ടിൽ ഇരിക്കാറില്ലേ?
അപ്പോൾ എൻറെ സംശയം തീർക്കാൻ അമ്മക്ക് പണിയൊന്നു നിറുത്തി വച്ചുകൂടെ? ഞാനും അമ്മയുടെ മോനല്ലേ?
തുടരെ തുടരെ വട്ടം കറക്കുന്ന ചോദ്യങ്ങൾ കേട്ട്, അഭിജിത്തിൻറെ അമ്മക്ക് ദേഷ്യമെല്ലാം കുമിഞ്ഞു കൂടിയത് ഒരുമിച്ചായിരുന്നു.
“മിണ്ടരുത് ഇനി. എനിക്ക് നിന്നെ കാണേണ്ട. പൊയ്ക്കോ എൻറെ കണ്മുന്നിൽ നിന്ന്” പറഞ്ഞു തീർന്നതും അടുക്കളയുടെ വാതിൽ വലിച്ചടച്ചതും ഒരുമിച്ചായിരുന്നു.
ഈ സമയത്താണ് അകത്തിരുന്നിരുന്ന അമ്മയുടെ മൊബൈൽ അഭിജിത്തിൻറെ ശ്രദ്ധയിൽ പെട്ടത്. അഭിജിത്ത് മൊബൈൽ ഫോണും കൈയ്യിലെടുത്ത് വീടിന് പുറത്തേക്കിറങ്ങി.
‘അമ്മക്ക് എന്നോട് സ്നേഹമില്ല. എപ്പോഴും ഏട്ടനെയാണ് ശ്രദ്ധിക്കുന്നത്’.
എങ്ങോട്ടെങ്കിലും പോകാം. എന്നതായി അവൻറെ മനസ്സിലെ ചിന്ത. റോഡിലേക്ക് എത്തിയതും ബസ്സ് വന്നതും ഒരുമിച്ചായിരുന്നു. അഭിജിത്ത് ബസ്സിൽ കയറി. തിരക്കുള്ള ബസ്സിൽ ഒരു മൂലയിൽ നിന്നു.
അമ്മയോടുള്ള ‘പിണക്കം’ മൊബൈൽ ഫോണ് ഓഫാക്കി പോക്കറ്റിൽ ഇടാനാണ് അവനെ പ്രേരിപ്പിച്ചത്.
‘കിടക്കട്ടെ അവൻ പോക്കറ്റിൽ’!
അമ്മയും മകനും ഇടക്ക് ഷോപ്പിങ്ങിന് പോകാറുള്ളത് കൊണ്ട് ബസ്സ് യാത്രയും സ്ഥലങ്ങളും അഭിജിത്തിന് പരിചയമായിരുന്നു.
….
പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരുന്നതു വരെ കടന്നുപോയ നാല് മണിക്കൂർ അഭിജിത്തിൻറെ അമ്മയ്ക്കും, അച്ഛനും, ഏട്ടനും, ബന്ധുക്കൾക്കും, അയൽ വാസികൾക്കുമെല്ലാം ഉദ്വേഗത്തിൻറെയും, പരിഭ്രമത്തിൻറെയും, വിറയലിൻറെയും നിമിഷങ്ങൾ ആയിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
സബ്ഇൻസ്പെക്ടറുടെ മുൻപിൽ തല കുനിച്ചിരിക്കുന്ന അഭിജിത്തിൻറെ അമ്മയും, അച്ഛനും, മകൻ സ്റ്റേഷനിലുള്ളതറിഞ്ഞ് എത്തിയതാണ് അവർ.
സ്റ്റേഷനകത്ത് ചായയും, പഴം പൊരിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിജിത്ത്. ഒരങ്കം ജയിച്ചതിൻറെ ഭാവം അവൻറെ മുഖത്തുണ്ടായിരുന്നു.
“ഒരു ക്ലാസ്സിൽ ഏതാണ്ട് അൻപതോളം കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപികയല്ലേ നിങ്ങൾ. അങ്ങനെയുള്ള വ്യക്തിക്ക് വീട്ടിൽ ഒരു മകനെ പരിപാലിക്കാൻ കഴിയാതെ വന്നാൽ അതിൻറെ അർത്ഥമെന്താണ്? പോലീസുകാരെ ഭയത്തോടും, അധ്യാപകരെ ആദരവോടും സമൂഹം കാണുന്നു എന്നാണ് വയ്പ്പ്” രണ്ടും തമ്മിലുള്ള വ്യതാസം മനസ്സിലായിക്കാണും എന്ന് കരുതുന്നു.
സബ് ഇൻസ്പെക്ടറുടെ ചോദ്യത്തിന് മുൻപിൽ അഭിജിത്തിൻറെ അമ്മ കൂടുതൽ പരുങ്ങിപ്പോയി.
അമ്മ വിഷമിക്കട്ടെ എന്ന് കരുതി മൊബൈൽ കൂടെ കൊണ്ടുപോയതാണ് അഭിജിത്തിനെ ഇത്ര വേഗത്തിൽ ട്രേസ് ചെയ്യാൻ പോലീസിനെ സഹായിച്ചത്.
സബ്ഇൻസ്പെക്ടർ പറഞ്ഞുതീർന്നപ്പോഴേക്കും അകത്തു നിന്നും അഭിജിത്തിനെയും കൊണ്ട് പോലീസുകാർ ഈറനണിഞ്ഞ കണ്ണുമായി ഇരുന്നിരുന്ന അഭിജിത്തിൻറെ അമ്മയുടെയും അച്ഛൻറെയും അടുത്തെത്തി.
അമ്മ മകനെ വാരിപ്പുണർന്നു. മണിക്കൂറുകൾ മാത്രം നഷ്ടപ്പെട്ടുപോയ മകനെ തിരിച്ചുകിട്ടിയ ആഹ്ലാദം മാത്രമല്ല ആ മുഖത്തുണ്ടായിരുന്നത്, വീടിനുള്ളിൽ ബാല്യത്തിൻറെ കുസൃതികൾ പ്രകടിപ്പിക്കുകയും, പറയുകയും ചെയ്ത് വീടിനെ “സമ്പന്ന”മാക്കിയിരുന്ന മകനെ ആ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയാതിരു ന്നതിൻറെ വേദനയും ഉണ്ടായിരുന്നു.
സബ് ഇൻസ്പെക്ടറുടെ മുൻപിൽ വച്ചു തന്നെ അഭിജിത്തിൻറെ ഡയലോഗ്.
അമ്മക്ക് മൊബൈലാണോ, എന്നെയാണോ ഇഷ്ടം?
“ഞാൻ അഭിജിത്തിൻറെ അമ്മയാണ്. അഭിജിത്തിൻറെ അമ്മ മാത്രം”

അഭിജിത്തിൻറെ അമ്മയുടെ മറുപടി സ്റ്റേഷനിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിയിച്ചു.

Share.

About Author

145q, 0.826s