Leaderboard Ad

അവസ്ഥാന്തരം

0

നം കുറഞ്ഞ മടിശ്ശീലയില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ ഒരു നിമിഷം ഇരുന്നു . തുഴ നഷ്ടപ്പെട്ട് കാണാക്കയത്തില്‍ അകപ്പെട്ടവന്റെ നെഞ്ചെരിയുന്ന നൊമ്പരം , കത്തിയെരിയുന്ന ജീവിതത്തിനു മുന്നിലെ നീണ്ട പകപ്പ് .. തന്റെ കെട്ട ജീവിതത്തില്‍ അയാള്‍ക്ക്‌ മനസ്താപമുണ്ട് .

ഒരു ലാര്‍ജ്ജു കൂടി .. അയാള്‍ ബെയററോട് ആവശ്യപ്പെട്ടു .

എരിഞ്ഞ സിഗറിന്റെ ചാരം മുന്നിലെ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ തട്ടി . അകലങ്ങളിലേക്ക് പ്രകാശം പരത്തുവാന്‍ കഴിയാത്തതിന്റെ ആത്മപീഡ അനുഭവിക്കുന്ന മെഴുകുതിരി അയാള്‍ക്ക്‌ മുന്നില്‍ സ്വയമുരുകി ഇല്ലാതാവുന്നു . പുകച്ചുരുളുകള്‍ വൃത്തങ്ങളും ഗോളങ്ങളുമായി തീരുന്നു , പിന്നീടതൊന്നുമല്ലാതെ വായുവില്‍ അലിഞ്ഞില്ലാതാകുന്നു .

ഓര്‍ത്തുവെയ്ക്കേണ്ടതോ കൊട്ടിഘോഷിക്കേണ്ടതോ ആയ ഒരു ബാല്യമോ കൌമാരമോ അയാള്‍ക്കില്ലായിരുന്നു . സാധാരണ ചുറ്റുപാടുകളില്‍ വളരെ സാധാരണം മാത്രമായ ഒരു ജീവിതചക്രം . പകലുകളില്‍ സൂര്യനുദിക്കുകയും രാത്രികളില്‍ ഇരുള് പടരുകയും ചെയ്യുന്ന സ്വാഭാവികത നിറഞ്ഞ ജീവിതം . വിശാലമായ തൊടിയില്‍ ഒരു തൊട്ടാവാടിയായി സ്വയം ഉള്‍വലിഞ്ഞു , ഏകാന്തതയുടെ പുറന്തോടുകള്‍ക്കുള്ളില്‍ തേഞ്ഞു പോയ ഒരു കുറ്റിപ്പെന്‍സില്‍ . പിന്നിപ്പോയ ഷര്‍ട്ടിന്റെ അടര്‍ന്നുവീണ ബട്ടനുകള്‍ക്കുള്ളില്‍ ഉടക്കിനിന്ന ബാല്യത്തെ കുറിച്ച് എന്ത് ഓര്‍ത്തുവെയ്ക്കാനാ ..

പ്രണയവര്‍ണ്ണങ്ങളില്‍ തീര്‍ത്ത ഒരു യൌവ്വനമായിരുന്നില്ല അയാളുടേത് , ആര്‍ത്തിയുടെ കണ്ണുകള്‍ പുസ്തകത്തെ തേടി നടന്നു . അതുകൊണ്ടുതന്നെ അയാളുടെ കാമനകള്‍ക്ക്‌ നിറം കൊടുത്തത് പുസ്തകങ്ങളായിരുന്നു . പ്രണയവും ഭോഗവും വായനയുടെ പരന്ന കടല്‍ പുറങ്ങളായി , അയാളുടെ ആകാശത്ത്‌ നക്ഷത്രങ്ങള്‍ പൂക്കാന്‍ മടിച്ചു നിന്നു.

മദ്യം രക്തത്തില്‍ കലര്‍ന്നു , സിരകള്‍ വഴി തലച്ചോറിനെ കീഴടക്കി . കാമുവും കാഫ്കയും മായാത്ത ചിത്രങ്ങളായി മനസ്സില്‍ തെളിഞ്ഞു . എന്തോ ഒരു അസ്വസ്തത തലയ്ക്കകത്തു പുകഞ്ഞു , തന്റെ ചെവികള്‍ക്ക് നീളം വെയ്ക്കുന്നതായി തോന്നി . നീണ്ട കഴുതച്ചെവികള്‍ക്കിടയില്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന ചെറിയ തല , അസ്വസ്തതകള്‍ക്കിടയിലും കൌതുകം കലര്‍ന്ന ജിഞ്ജാസ അയാളില്‍ ഉടലെടുത്തു . കുതിരകളുടെ വംശാവലിയില്‍ പെട്ട കഴുതകളോട് ഒരു മൃദുസമീപനം പണ്ടുതൊട്ടേ അയാളില്‍ ഉണ്ടായിരുന്നു എന്നതാവാം അതിനു കാരണമായത്‌ . ചെസ്സ് പലകയിലെ അടഞ്ഞ സഞ്ചാരത്തിലെ കുതിരകള്‍ ശാപമേറ്റുവാങ്ങി കഴുതകളായി തീര്‍ന്നതാണോ എന്നൊരു സന്ദേഹം അയാളില്‍ ബലപ്പെട്ടിരുന്നു. പാളിപ്പോയ പ്രതിരോധത്തിന്റെ പിന്നിലെ നിസ്സംഗതയായിരിക്കണം ഒരുപക്ഷെ കഴുതകളുടെ മുഖത്തു കാണുന്ന നിത്യദൈന്യതയ്ക്ക് കാരണമെന്ന് അയാള്‍ വിശ്വസിച്ചു . ചരിത്രത്തിന്റെ നാള്‍വഴികളില്‍ എന്നും കഴുതയുണ്ടായിരുന്നു , ദശാസന്ധികളില്‍ പടുത്തുയര്‍ത്തപ്പെട്ട സാമ്രാജ്യങ്ങളുടെ അസ്ഥിവാരങ്ങളില്‍ കഴുതകളുടെ വിയര്‍പ്പും കണ്ണീരുമുണ്ടായിരുന്നു . യജമാനരുടെ ഇംഗിതത്തിനനുസരിച്ചു വര്‍ത്തിക്കുന്ന ആജ്ഞാനുസാരികളായ കഴുതകളില്‍ അയാളുടെ ചിന്ത മുറിഞ്ഞു .

തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്രാജ്യത്തില്‍ ജനിച്ച് ചെക്ക് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ ജര്‍മ്മന്‍ സംസാരിക്കുന്നവനായും ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനും , സ്വാര്‍ത്ഥനും സ്വേച്ഛാധിപതിയുമായ പിതാവ് അടക്കിവാണിരുന്ന കുടുംബത്തില്‍ ഏകാകിയുമായി ജീവിച്ച കാഫ്ക , കാഫ്കയുടെ വലിയ ചെവികള്‍ ഇവ മനസ്സിലെ ചിത്രങ്ങളായി നിലനിന്നു.

മെറ്റമോര്‍ഫോസിസ്സിലെ ഗ്രിഗര്‍ സാംസയെ പോലെ ജീവിതത്തില്‍ അയാളും ഒരു സെയില്‍സ് റെപ്രസന്റെറ്റീവ് ആയിരുന്നു. അമുക്കുരുവും ജാതിപത്രയും നായ്ക്കുരുണയും അറിയാത്ത മറ്റുപല ചേരുവകളും ചേര്‍ത്തുണ്ടാക്കിയ ലേപനം , അതായിരുന്നു വില്‍ക്കാനായി അയാളുടെ കമ്പനി അയാളെ ഏല്‍പ്പിച്ചിരുന്നത്‌ . ചുക്കിചുളിഞ്ഞ് ഒതുങ്ങിയ തങ്ങളുടെ ലിംഗങ്ങളില്‍ ലേപനം പുരട്ടി പോയ യൌവ്വനം തിരിച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്ന നരബാധിച്ച വാര്‍ദ്ധക്യങ്ങള്‍ , കാമലീലകളില്‍ ചത്തുവീഴുന്ന അവരുടെ ലിംഗങ്ങള്‍ അയാളില്‍ വെറുപ്പുണ്ടാക്കി , അതിന്റെ നിരര്‍ത്ഥകതയോര്‍ത്തു ഉള്ളില്‍ ചിരിച്ചു .

തന്റെ ചെവികള്‍ക്ക് പിന്നെയും നീളം വെയ്ക്കുന്നതായി അയാളറിഞ്ഞു , ആധിയും ആര്‍ത്തിയും പൂണ്ട വലിയ തലയേക്കാള്‍ നീണ്ട ചെവികളെ അയാള്‍ ഇഷ്ടപ്പെട്ടു . ബാറില്‍ പരന്നു പടര്‍ന്ന കുന്തിരിക്കത്തിന്റെ പുകയില്‍ മരണത്തിന്റെ മുഖം ദര്‍ശിച്ചു , പുകയുന്ന കുന്തിരിക്കത്തിന് മരണത്തിന്റെ മണമാണ് എന്നും എന്നയാള്‍ വിശ്വസിച്ചുപോന്നിരുന്നു, പുകഞ്ഞു തീരുന്ന പച്ചമാംസത്തിന്റെ മണം മൂക്ക് വിടര്‍ത്തി ആവോളം ആസ്വദിച്ചു.

അനാര്‍ക്കിസത്തിന്റെ ബൊഹീമിയന്‍ യൌവ്വനത്തിന്റെ ഇടവേളകളിലെപ്പോഴോ അയാള്‍ ചുറ്റുപാടുകളുടെ പകിട്ടില്‍ ആകൃഷ്ടനായി . തന്നെക്കാള്‍ ഒരുപാട് ചെറുപ്പമുള്ള ഭാര്യ , അവളുടെ പ്രകാശവേഗത്തില്‍ തന്റെ ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ ഓരോന്നായി തകര്‍ന്നു വീണു. ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ ആ ബൊഹീമിയന്‍ മുഖം പകച്ചു നിന്നു , ചടുലമായ താളങ്ങിലുള്ള പകലുകളെ അയാള്‍ വെറുത്തു.

കടലാസ്സുപൊതി അഴിച്ച് മദ്യം നിറച്ച ഗ്ലാസ്സിലേക്ക്‌ തട്ടി അയാള്‍ ആര്‍ത്തുചിരിച്ചു . തന്റെ കുറിപ്പുകളില്‍ പ്രകോപിതനായവന്റെ ഉള്ളിലെ തീ കത്തിച്ച തന്റെ ആദ്യപുസ്തകത്തിന്റെ ചാരം മദ്യത്തില്‍ കലരുന്നത് കണ്ടാനന്ദിച്ച് അര്‍മാദപ്പെട്ടു. ജീവിതത്തിന്റെ രാശികള്‍ അളന്നു തിട്ടപ്പെടുത്താന്‍ പാടുപെട്ട സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു തീപ്പെട്ടിക്കോലില്‍ നിന്നുമുതിര്‍ന്ന തീയില്‍ കത്തി വെണ്ണീറായി .. ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറം ഒഴിഞ്ഞ മദ്യക്കുപ്പികളെ അയാള്‍ വിശ്വസിച്ചു . നിസ്സംഗതയുടെ ആ താടിയെല്ലിനു കൈകള്‍ താങ്ങായി നിന്നു .

ചെവികള്‍ക്ക് മാത്രമല്ല മൂക്കിനും നീളം കൂടുന്നു , അയാളുടെ ചെറിയ കണ്ണുകളില്‍ ദൈന്യത പടര്‍ന്നു. നീണ്ട കൂര്‍ത്ത മുഖം , മുന്നോട്ടുന്തി നില്‍ക്കുന്ന കോന്തന്‍ പല്ലുകള്‍ .. നിഷ്ക്കളങ്കമായ ഒരു കഴുതയുടെ മുഖം രൂപപ്പെട്ടുവരുന്നതായി അയാളറിഞ്ഞു . തൊണ്ടയില്‍ നിന്നും വിലാപം പോലെ ദീനമായൊരു കരച്ചില്‍ പുറത്തേക്ക് ചാടി . ഒച്ച കേട്ട് ബാറില്‍ ഉണ്ടായിരുന്നവര്‍ അന്തം വിട്ടു , കഴുതരൂപം കണ്ട് അവരുടെ ഉള്ളില്‍ അങ്കലാപ്പ് പൊട്ടിമുളച്ചു .

ലഹരി ഉച്ചസ്ഥായിയിലാകുമ്പോള്‍ കൂട്ടക്കരച്ചിലുകള്‍ ബാറില്‍ പതിവാണ് , തങ്ങളുടെ തീരാദു: ഖങ്ങള്‍ കുടിച്ചു തീര്‍ക്കാന്‍ വരുന്നവര്‍ക്ക് കരയുകയല്ലാതെ മറ്റെന്തുവഴിയാണുള്ളത് എന്ന് കരുതി സമാധാനിക്കാം , എന്നാല്‍ ഇതങ്ങിനെയല്ല , കുടിച്ചുകൊണ്ടിരിക്കെ ഒരാള്‍ കഴുതായി മാറുകയാണ് . ബെയറര്‍ പരിഭ്രാന്തനായി , ആയിരത്തി നാന്നൂറ്റി എണ്‍പത്തിയാറിന്റെ ബില്ല് ഗ്ലാസ് ട്രെയില്‍ കിടന്ന് അയാളെ നോക്കി ചിരിക്കുകയാണ് .

ഇതാര് കൊടുക്കും ? കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവത്തെ ബെയറര്‍ക്കു വിശ്വസിക്കാനായില്ല , ഒന്നുകൂടി ഉറപ്പു വരുത്താനായി ബെയറര്‍ അയാളെ നോക്കി . സര്‍വ്വ് ചെയ്യുന്ന വേളയില്‍ ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ .. തന്റെ സമയത്തെ പഴിച്ചു , അടുത്ത മാസത്തെ കുടുംബ ബജറ്റ് തകിടം മറിയുന്നതില്‍ ബെയറര്‍ ആകുലപ്പെട്ടു .

തെരുവില്‍ വളര്‍ത്തുപന്നികള്‍ അവരുടെ യജമാനന്മാര്‍ക്കായി മുക്രയിട്ടു കഴുതകളെ ഭയപ്പെടുത്തി . ഉച്ചിഷ്ടങ്ങള്‍ സ്വാദോടെ ഭക്ഷിച്ച് , വിഴുപ്പു ചുമന്ന് കഴുതകള്‍ ദൈന്യതയോടെ അലമുറയിട്ടു , ദീനക്കരച്ചിലുമായി മറ്റു കഴുതകള്‍ക്കൊപ്പം അയാളും ചേര്‍ന്നു. തെരുവ് കരഞ്ഞുതീര്‍ക്കുന്ന ആ ശബ്ദം കൂടി സന്തോഷത്തോടെ ഏറ്റുവാങ്ങി .

പെരുകുന്ന കഴുതകള്‍ നാളെ തെരുവ് പിടിച്ചടക്കുമോ എന്ന് പന്നികള്‍ ഭയപ്പെട്ടു . അധികാരം നഷ്ടപ്പെട്ടേക്കാവുന്നതിന്റെ അസ്കിതയായിരിക്കണം അവര്‍ ഉച്ചത്തില്‍ മുക്രയിട്ട് കഴുതകളെ ഭയപ്പെടുത്തി കൊണ്ടേയിരുന്നു .

ദല്ലാളന്മാരുടെ വശപ്പെടുത്തലുകളില്‍ ഭയന്ന് മറ്റു കഴുതകളെപ്പോലെ അയാളും അനുസരണയോടെ വിഴുപ്പു ഭാണ്ഡങ്ങള്‍ പേറി , അങ്ങിനെ സഹനത്തിന്റെ , ആജ്ഞാനുസരണത്തിന്റെ പുതിയ കാലം കഴുതകളുടെതാണ് എന്ന് അയാള്‍ ഒന്നുകൂടി ഉറപ്പിച്ചു .

Share.

About Author

145q, 1.999s