Leaderboard Ad

അവിഹിതം

0

     സുഭാഷ് ചന്ദ്രന്റെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിഹിതം എന്ന നൊവെലെറ്റിനു ഒരാസ്വാദനം

ഒരു വിഹിതം നിങ്ങൾക്കായുള്ളത് എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. ഒരു അവിഹിതം കൈയെത്താത്ത ദൂരത്ത് നിങ്ങളെ മോഹിപ്പിച്ചുകൊണ്ട് എവിടെയോ കാത്തിരിക്കുന്നു എന്ന് നിങ്ങൾ കരുതുകയും ചെയ്യുന്നു! അതുകൊണ്ടാണ് “ഒരു പേരിൽ അല്ലെങ്കിൽ ഒരു മുഖച്ചായയിൽ ഭ്രമിച്ച് ജീവിതം തന്നെ തകർന്നു പോയേക്കാവുന്ന സാഹസങ്ങൾക്ക് മുതിരാൻ നിങ്ങൾ ആണുങ്ങൾ” ഒരുമ്പെടുന്നത്.

ഭ്രമിച്ചു പോകുന്ന ഒരു അവിഹിതത്തെ വിജയിപ്പിക്കാൻ നിങ്ങൾ ഇഴയുന്ന പുഴുവാകുന്നു, സങ്കൽപ്പങ്ങൾ വാഗ്ദാനം ചെയ്യുന്നു, പൊക്കിപ്പിടിച്ചു നടക്കുന്ന ബുദ്ധിയെ നിലത്ത് ചവിട്ടി അരക്കാൻ വിട്ടുകൊടുക്കുന്നു. നിങ്ങൾക്കു മുന്നിൽ തുറന്നേക്കാവുന്ന സ്വർഗ്ഗ കവാടത്തെ ഓർത്ത് മനോരഥങ്ങളിലെ സഞ്ചാരിയാവുന്നു.

അതുകൊണ്ടാണ് ഫൽഗുനി മന്ത്രസ്ഥായിയിൽ ചോദിക്കുന്നത്, “നന്മ നിറഞ്ഞ ഒരു ഭാര്യ ഉണ്ടായിരുന്നിട്ടും, അവൾ സുന്ദരിയായിരുന്നിട്ടും എന്തിനായിരുന്നു ഈ ആർത്തി?’

”മഹത്ത്വത്തിനെതിരെ അദൃശ്യവും നിശ്ശബ്ദവുമായ ഒരു നിരോധനാജ്ഞ മലയാളിയുടെ ജീവിതത്തിൽ നടപ്പിലായിട്ടുണ്ട്, അല്ലേ ?” എന്നു ചോദിച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രൻ മാതൃഭൂമി ഓണപ്പതിപ്പിൽ വിഹിതം എന്ന നോവലെറ്റ് ആരംഭിക്കുന്നത്.

പെരുകി നിറയുന്ന വിവാഹബാഹ്യ ബന്ധങ്ങളെക്കുറിച്ച് ഒരു ഫീച്ചർ എഴുതിത്തീർത്തു വന്ന മാധവനും കഥാകാരനും കടലിലേക്കു ചൂണ്ടുന്ന മട്ടുപ്പാവുള്ള മദ്യശാലയിലെ തങ്ങളുടെ പതിവുള്ള വാരാന്ത്യ സംഗമത്തോടെയാണ് കഥയിലേക്ക് കടക്കു ന്നത്.
എ.ടി.എമ്മിനു മുന്നിൽ വരി നില്ക്കുമ്പോഴാണ് ചില്ലുകൂട്ടിൽ പ്രദർശിപ്പിക്കാൻ വച്ച ഹൽവ പോലുളള നാല്പതുകാരിയും സിനിമാനടി നമിതയുടെ മുഖസൗന്ദര്യവുമുള്ള ഫൽഗുനി പട്ടേലിനെ അയാൾ പരിചയപ്പെടുന്നത്.

ഒന്നര ദിവസത്തെ എസ്.എം.എസ്. സന്ദേശങ്ങൾ ആറാം നിലയിലെ ആറു സിയിലെ സ്വർഗകവാടം ഒന്നുതൊട്ടൽ തുറക്കാൻ പാകത്തിൽ വളരുന്നു.

ഒരു യാത്രയെ സമ്പന്നമാക്കുന്നത് പലപ്പോഴും കിതച്ചുകൊണ്ടുള്ള അതിൻറെ സമാപനമായിരിക്കില്ല. അതിലേക്കെത്തിചേരാനെടുത്ത സാഹസികമായ വഴികളും, കൊതിപ്പിക്കുന്ന പ്രലോഭനങ്ങളുമായേക്കാം. അവസാനം പലപ്പോഴും മറ്റെല്ലാ യാത്രകൾക്കും സമാനവും.
വാതിൽ തുറന്നു സ്വീകരണ മുറിയിലേക്ക് കടക്കുമ്പോൾ തന്നെ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിക്കുന്നതും ഇട്ടിരിക്കുന്നതെന്തായാലും വലിച്ചു കീറുന്നതും ഭാവനയായി തന്നെ അവശേഷിക്കുന്നു.

പാപ്പിടിയിലും, ജിലേബിയിലും, ദീപാവലിയുടെ ഗർഭകളിയിലും, പാകിസ്ഥാനി മുജ്രയിലും, പരിപ്പുകറിക്കൊപ്പമുള്ള അഞ്ചു ചപ്പാത്തികളിലും, ചെമ്പുമൊന്തയിലെ പച്ചവെള്ളത്തിലും, ഒന്നരമണിക്കൂർ നേരത്തെ ടോയലെട്ടു വാസത്തിലും ഫോണിലൂടെയുള്ള ഒന്നര ദിവസത്തെ പരാക്രമങ്ങൾക്ക് സമാതിയാവുന്നു.

മനുഷ്യമനസ്സുകളുടെ വിചിത്രമായ പ്രവർത്തനരീതി എടുത്തുപുറത്തിടുന്ന തരത്തിലൊന്നുമല്ല വിഹിതത്തിൻറെ രചനാരീതി. എന്നാലും പ്രതിപാദനം മനസ്സിനെ കുറിച്ചാവുമ്പോൾ വായനക്കാരന് അനുമാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം ഉണ്ടാവുന്നു.

കിടപ്പുമുറിയുടെ ചുമരിൽ തൂക്കിയ കുടുംബചിത്രം മാത്രമായിരിക്കില്ല അയാളുടെ മുഴുവൻ ചോദനകളെയും കെടുത്തുന്നതെങ്കിലും ഫൽഗുനിക്കും പട്ടേലിനുമിടയിൽ കുലീനയായി പ്രസരിച്ചുനിന്ന പെണ്കുട്ടിയ്ക്ക് തൻറെ മകളുടെ അതേ പ്രായമാണെന്ന കാഴ്ച അയാളുടെ ആദ്യത്തെ അസ്വസ്ഥതയായി മാറുന്നുണ്ട്. പിന്നീടൊരിക്കൽ അവൾ താണ്ടേണ്ടി വരുന്ന കണ്ണീർ കയം ഇതുപോലുള്ള മറ്റൊരു തുടക്കം ആവാം എന്നയാൾ കരുതിയിരിക്കാം.

വ്യത്യസ്തങ്ങളായ സാഹചര്യങ്ങളാലാണ് അവർ ഒരു അവിഹിതത്തിൽ എത്തിപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഒരേ കാരണങ്ങളാണ് രണ്ടുപേർക്കും ഉള്ളത്.

“എന്നോട് ഇഷ്ടമേ കാണിക്കാത്ത എൻറെ ഭർത്താവ്” എന്നാണ് സ്ത്രീ പറയുന്നത്. പുരുഷൻ- എല്ലാം തികഞ്ഞ ഒരു ഭാര്യ ആത്മാവിനെപ്പോൽ സ്നേഹിക്കുകയാൽ ഒരവയവം പോലെ ഒട്ടിപ്പോയ………….അതുകൊണ്ടു തന്നെ അവരുടെ ഭോഗം ഒരു സ്വയംഭോഗം പോലെ ഏകാന്തമായ അനുഭവമായി അയാൾക്ക് മുന്നിൽ നില്ക്കുന്നു.

നിരാസത്തിനെതിരെയുള്ള ആളലായും വൈവിധ്യങ്ങളിലേക്കുള്ള വ്യഗ്രതയായും രതി ഇവിടെ വെളിപ്പെടുന്നു.
ഒരു അവിഹിതത്തേ സമ്പന്നമാക്കുന്ന ഭാഷ കഥയിലുടനീളമുണ്ട്. മഹേഷ് ബട്ട് ഇളയ മകളുടെ നഗ്നത സിനിമയാക്കി വിൽക്കുന്നതും, ഗുജറാത്തിലെ കുത്തബ്ദ്ദീന്റെ മുറിവേൽപ്പിച്ച ഹൃദയത്തിനു പാദ ചുമ്പനങ്ങൾ അർപ്പിക്കുന്നതും കഥാഗതിയിൽ തടസ്സമില്ലാതേ വായിക്കാം.
ഒരു ജനുവരി പതിനൊന്നിന്റെ പുലരിയിൽ മറ്റൊരു വിഹിതം തേടിപ്പോയ രണ്ടു സുഹൃത്തുക്കൾ കിട്ടാതെ പോയ ആ അവിഹിതത്തിന് ഒരു പക്ഷെ പിന്നീടെപ്പോഴെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടായിരിക്കാം.

Share.

About Author

149q, 0.581s