Leaderboard Ad

ആഗോളവല്‍കരണ കാലത്തെ മലയാള സിനിമയിലെ കമ്മ്യൂണിസ്റ്റുകള്‍

0

      ലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍, ഒരു പറ്റം പുതുനിര അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും രംഗത്തേക്ക് കടന്നു വരികയും അതിന്‍റെ ഉണര്‍വ് സിനിമയ്ക്കു ലഭിക്കുകയും ചെയ്തു. 2000നു ശേഷം അന്യഭാഷാചിത്രങ്ങള്‍ വലിയ പരിവര്‍ത്തനത്തിന് വിധേയമായപ്പോഴും കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ തുടരുകയായിരുന്നു നമ്മുടെ സിനിമകള്‍. മറ്റുകലാസൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായി, ആഗോളവല്‍കരണം സൃഷ്ടിച്ച മാറ്റങ്ങള്‍ വളരെ പെട്ടെന്ന് പ്രതിഫലിച്ച ഒരു മേഖലയാണ് സിനിമാ മേഖല. ആഗോളവല്‍കരണം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ചില പൊതുസമ്മതങ്ങളെ സമൂഹത്തിലേക്കു പകര്‍ന്നു നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് സിനിമതന്നെയാണ്‌ എന്ന് വേണം വിശ്വസിക്കാന്‍.

സിനിമകള്‍ കൂടുതല്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടു തുടങ്ങി. മുന്‍കാലങ്ങളിലെ സിനിമകള്‍ക്കും യഥാര്‍ത്ഥരാഷ്ട്രീയ ചിത്രം വരച്ചുകാണിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പൊതുസമൂഹത്തിന്‍റെ വിഷയങ്ങള്‍ പ്രമേയമാക്കി നിരവധി സിനിമകള്‍ വന്നിരുന്നു. അതിനു പരിഹാരമായി ബ്യൂറോക്രാറ്റായ നായകന്‍റെ ഒറ്റയാള്‍ പോരാട്ടങ്ങളും ക്രിയാത്മകമോപ്രായോഗികമോ അല്ലാത്ത പരിഹാരങ്ങളും ആയിരുന്നു നിര്‍ദേശം എങ്കിലും, ഇത്തരം ജനകീയ വിഷയങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ അണിയറശില്‍പികള്‍ തയ്യാറായിരുന്നു. രഞ്ജിപണിക്കരുടെയും ബി.ഉണ്ണികൃഷ്ണന്റെയും AK സാജന്‍റെയും സിനിമകള്‍ ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചു പോകുന്നവയായിരുന്നു. പക്ഷെ ആഗോളവല്‍കരണത്തിന്‍റെ കടന്നു വരവോടെ ഇത്തരം സിനിമകള്‍ കാണാതെ ആയി. പകരം വ്യക്തിപരമായ കുടുംബപരമാ തര്‍ക്കങ്ങള്‍ പ്രമേയമായി സിനിമകള്‍ വന്നു തുടങ്ങി, ജന്മി-സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഉള്ള കുടിപ്പകകള്‍ ആയി സിനിമയിലെ പ്രമേയം. കൂടുതല്‍ വ്യക്തിപരതയിലേക്ക് ഊന്നിയ സിനിമകള്‍ വന്നു തുടങ്ങി, അപ്പോഴും സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വക്കാന്‍ പരമാവധി ശ്രദ്ധിച്ചു.

അരാഷ്ട്രീയത എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത എന്നതില്‍ നിന്നും സിനിമക്കും ഒരു മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കെണ്ടതില്ലല്ലോ ! യഥാര്‍ത്ഥ വിഷയങ്ങളെയും വസ്തുതകളെയും മറച്ചു വച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും താറടിച്ചു കാണിക്കാനുള്ള പൊടിക്കൈകള്‍ കൂട്ടി ചേര്‍ക്കാന്‍ സൃഷ്ടാക്കള്‍ മറക്കാറുമില്ല. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ രഞ്ജിപണിക്കര്‍ പറഞ്ഞത് ” CPIM നെ പറഞ്ഞാലേ ആളുകള്‍ ശ്രദ്ധിക്കൂ, മറ്റുള്ള പാര്‍ട്ടികള്‍ എന്തു ചെയ്താലും ആളുകള്‍ക്ക് ഒരു പ്രശ്നം അല്ല. അവരില്‍ നിന്നും കൂടുതല്‍ ഒന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നും ഇല്ല “. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത പറയുന്നത് ഇവര്‍ക്ക് കച്ചവട തന്ത്രമാണ്. അരാഷ്ട്രീയതക്കൊപ്പം ഹൈന്ദവവരേണ്യത ഉയര്‍ത്തികാണിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു, 90കളുടെ മധ്യത്തില്‍ ദേവാസുരം എന്ന സിനിമയിലൂടെ രഞ്ജിത്ത് പരീക്ഷിച്ച ഈ തന്ത്രം വലിയ വിജയം നേടുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഹിന്ദുവരേണ്യവിഭാഗത്തില്‍പെട്ട നായകന്‍, നായകന്‍റെ പേര് ഏതേലും ഹൈന്ദവ ദൈവത്തിന്‍റെയും ന്യൂനപക്ഷമതക്കാരന്‍ ആയ പ്രതിനായകന്‍. ഇത്തരത്തില്‍ പ്രതിലോമത പ്രചരിപ്പികാനും ഉള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ സീരിസില്‍ നിരവധി സിനിമകള്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്തു. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതാവണം സിനിമ എന്ന വിശാലമായ ആശയം തകര്‍ക്കപ്പെട്ടു. ആഗോളവല്‍കരണത്തിന്‍റെ ഭാഗമായി ഒരു വലിയ ജനസാമാന്യത്തിന്‍റെ ജീവിതങ്ങള്‍ വഴിമുട്ടിയതും അതിനെതിരെ നടന്ന നിരവധിയായ പോരാട്ടങ്ങളും കണ്ടില്ല എന്ന് നടിക്കുന്നതായി സിനിമ, ഒരു പരിധികൂടെ കടന്ന് അത്തരം ജനകീയ പോരാട്ടങ്ങളെ താറടിക്കാന്‍ ഉള്ള ശ്രമങ്ങളും നടന്നു. എങ്കിലും പ്രതീക്ഷയുടെ ഒരു ചെറുനാളം പോലെ ചില സൃഷ്ടികള്‍ ഉണ്ടായതും വിസ്മരിച്ചുകൂട.

2000ത്തിന്‍റെ തുടക്കത്തില്‍ പുറത്തിറങ്ങിയ TV ചന്ദ്രന്‍ സിനിമയായ ഡാനിയും പ്രിയനന്ദന്‍റെ നെയ്ത്തുകാരനും ഇടതുപക്ഷ ആശയമുള്ള സിനിമകള്‍ എന്ന് വിശേഷിപ്പിക്കാവുനതാണ്. ഡാനി എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ കടന്നു വരുന്നത് കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ കാലത്താണ്, അയാളുടെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ കടന്നു വരുമ്പോഴെല്ലാം ഇടതുപക്ഷത്തിന്‍റെ ചില തിരിച്ചടികളും സംഭവിക്കുന്നു, ഇത് ഒരു സാമൂഹ്യയാഥാര്‍ത്ഥ്യം തന്നെയാണ്. നെയ്തുകാരനിലെ അപ്പ മേസ്ത്രി ജീവിതകാലം മുഴുവന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി തുടര്‍ന്ന ഒരു സാധാരണ മനുഷ്യനും, സ്വന്തം ജീവിതത്തിലേക്ക് വന്ന നന്മകള്‍ എല്ലാം ഇടതുപക്ഷത്തിന്‍റെ ഇടപെടലുകള്‍ കൊണ്ടാണ് എന്ന് തിരിച്ചറിയുന്ന, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഒരു സാധാരണ മനുഷ്യന്‍. ഇതേ കാലഘട്ടത്തില്‍ ഇറങ്ങിയ ഷാജികൈലാസ് ചിത്രങ്ങളിലെ പലകഥാപാത്രങ്ങളും കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ മാനറിസങ്ങള്‍ സ്വീകരിക്കുകയും അവരെ ജനവിരുദ്ധര്‍ ആയി മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്, ഇതിനൊന്നും വസ്തുതകളുടെ യാതൊരു പിന്‍ബലവും ഉണ്ടാവുകയുമില്ല. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ പല ആശയങ്ങളും ഇടതുപക്ഷം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന പലതും ഇവര്‍ അരാഷ്ട്രീയവാദിയായ നായകന്‍റെ ആശയമായി ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ജനകീയാസൂത്രണവും കുടുംബശ്രീയും പാദ്യപദ്ധതി പരിഷ്കരണവും അടക്കമുള്ളവ ഇതില്‍ വരും, പക്ഷെ അപ്പോഴും കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയിട്ടുള്ള കഥാപാത്രം ഇതിനെല്ലാം എതിരായിരിക്കുകയും ചെയ്യും.

ഗുജറാത്ത് വംശ്യഹത്യക്ക് ശേഷം പുറത്തിറങ്ങിയ അന്യര്‍ എന്ന സിനിമ, RSSന്‍റെയും ഹിന്ദുഭീകരതയുടെയും മുഖം അനാവരണം ചെയ്യാന്‍ ഉള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇതിലെ പ്രധാന കഥാപാത്രം ആയ റസിയ എന്ന ജേര്‍ണലിസ്റ്റ് തന്‍റെ ചീഫ് എഡിറ്ററുമായുള്ള ചര്‍ച്ചക്ക് ഇടയില്‍ ചോദിച്ചത് ” ഇടതുപക്ഷമില്ലാത്ത ഒരു കേരളത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ ” എന്നാണു, ഇത് ഓരോ മലയാളിയോടും ഉള്ള ഒരു ചോദ്യമാണ്. 2005 ല്‍ പുറത്തിറങ്ങിയ പൗരന്‍ എന്ന സിനിമയില്‍ ദിവാകരന്‍ എന്ന MLA CPIM കാരന്‍ ആണെന്നാണ് പറയുന്നത്. കമ്മ്യൂണിസ്റ്റ്‌കാരന് ചാര്‍ത്തി നല്‍കിയ എല്ലാ ക്ലീഷേകളും പിന്തുടരുന്ന നായകന്‍, +2 വിനു പഠിക്കുന്ന കുട്ടികള്‍ പോലും ബൈക്കിലും കാറിലും സ്കൂളില്‍ പോകുന്ന കാലത്തും നമുടെ ദിവാകരന്‍ MLA ആരുടെയെങ്കിലും സൈക്കിള്‍ന്‍റെ പിറകില്‍ ഇരുന്നെ യാത്ര ചെയ്യൂ. ഈ സൈക്കിള്‍ന്‍റെ പിറകില്‍ ഇരുന്നു ഒരു നിയമസഭാമണ്ഡലത്തില്‍ മുഴുവന്‍ എത്തുന്നത്‌ എങ്ങനെ എന്നൊന്നും ആരും ചോദിക്കരുത്. സ്വാശ്രയവിദ്യാഭ്യാസത്തിന്റെ രക്തസാക്ഷിയായ രജനി S ആനന്ദിന്‍റെ ജീവത്യാഗത്തിന്‍റെയും അതിനു ശേഷം നടന്ന വിദ്യാര്‍ത്ഥി സമരത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇറങ്ങിയ ഈ സിനിമ, പക്ഷെ ആ സമരങ്ങളെയും രജനിയുടെ ജീവത്യാഗത്തെയും താറടിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. കേരളത്തിനെ ഓരോ മനുഷ്യനും സര്‍ക്കാരിന് എതിരാവുകയും ഈ വിദ്യാര്‍ത്ഥി സമരത്തിന്‌ ഐക്യദാര്‍ഡിംപ്രഖ്യാപിക്കുകയും ചെയ്ത ആ കാലത്ത് പക്ഷെ നമ്മുടെ ദിവാകരന്‍ MLA ഈ സമരത്തെ തടയാന്‍ സ്വന്തം നിലക്ക് തെരുവില്‍ ഇറങ്ങുകയാണ്. എത്രമാത്രം പ്രതിലോമ ആശയമാണ് പടച്ചു വിടുന്നത് എന്ന് അറിയാന്‍ ഈ ഒരു രംഗം മാത്രം മതിയാവും.

2005 ല്‍ തന്നെ പുറത്തിറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് എന്ന, 90 കളുടെ തുടക്കത്തിലേ ക്യാമ്പസിനെ വരച്ചു കാണിക്കുന്ന സിനിമയെ ഒരു പാടു കാലത്തിനു ശേഷം പുറത്തിറങ്ങിയ ഒരു ‘ക്യാമ്പസ്‌ സിനിമ’ എന്ന് വിശേഷിപ്പിക്കാം. (കോളേജില്‍ വച്ച് എടുത്ത പല സിനിമകളെ ക്യാമ്പസ്‌ സിനിമകള്‍ എന്ന് വിളിക്കാന്‍ പറ്റില്ല). ആ കാലഘട്ടത്തിലെ സ്വാശ്രയവിദ്യാഭ്യാസത്തിനു എതിരായ ആദ്യ സമരങ്ങളെ ഈ ചിത്രത്തില്‍ കാണാം. സുകുമാരനിലൂടെ SFI നേതാവിനെയും സതീശന്‍ കഞ്ഞികുഴിയിലൂടെ KSU നേതാവിനെയും വരച്ചിട്ടപ്പോള്‍ അത് യാഥാര്‍ത്ഥ്യത്തിനോട് ഒരു പരിധി വരെ നീതി പുലര്‍ത്തുന്നതായി. SME റാഗിംഗ് കേസിനെ ആസ്പദമാക്കി, ആ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ശ്രീജിത്ത്‌ IPS തിരക്കഥഎഴുതിയ ഔട്ട്‌ ഓഫ് സിലബസ് എന്ന സിനിമ ഒരു കലായത്തില്‍ എന്തു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം ആവശ്യമാണ്‌എന്നും അതില്‍ പുരോഗമനവിദ്യാര്‍ത്ഥി പ്രസ്ഥാനമായ SFIയുടെ അനിവാര്യത എന്താണ് എന്നും ബോധ്യപ്പെടുത്തുന്നു.

2006 ല്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍റെ കഥ എന്ന് പറഞ്ഞു പുറത്തിറങ്ങിയ ലാല്‍ജോസിന്‍റെ അറബിക്കഥ എന്ന സിനിമ, അതിലെ ക്യൂബ മുകുന്ദന്‍ എന്ന കഥാപാത്രം ഇക്ബാല്‍ കുറ്റിപ്പുറം അവകാശപെടുന്ന പോലെ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് യുക്തി ഉള്ളവര്‍ അംഗീകരിക്കും എന്ന് തോന്നുന്നില്ല. രാത്രി കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ തലയിണക്കടിയില്‍ വച്ച് കിടക്കുന്ന ഒരാള്‍. ദുബായിലേക്ക് വരാന്‍ ഇഷ്ടം അല്ല, വല്ല ക്യൂബയിലെക്കോ ചൈനയിലെക്കോ ആണെങ്കില്‍ പോകാമായിരുന്നു എന്ന് പറയുന്ന കഥാപാത്രം. ലോകാത്തില്‍ എല്ലാ ഇടത്തും ചൂഷിതനും ചൂഷകനും ഉണ്ടെന്നും, അവര്‍ക്ക് ഒരേ മുഖം ആണെന്നും തിരിച്ചരിയാത്തവന്‍ എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ്‌ ആകുക. കമ്മ്യൂണിസ്റ്റ്‌ എന്നാല്‍ മന്ദബുദ്ധി ആയിരിക്കണം എന്നും മാനിഫെസ്റ്റോയില്‍ പറയുന്ന കാര്യങ്ങള്‍ ഉരുവിടുക മാത്രമായിരിക്കണം അയാള്‍ ചെയ്യേണ്ടത് എന്നും പറഞ്ഞ് വക്കാന്‍ആണ് കഥാപാത്ര സൃഷ്ടാവിന്‍റെ ശ്രമം. ഒരു കമ്മ്യൂണിസ്റ്റ്‌ എന്തായിക്കൂട എന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ക്യൂബ മുകുന്ദനെ നിരീക്ഷിക്കാം. അതെ സമയം തന്നെ ഇക്ബാല്‍ കുറ്റിപ്പുറത്തിനു മറച്ചു വക്കാന്‍ കഴിയാതെ പോയ വസ്തുതയുണ്ട്, അന്‍വര്‍ എന്ന കഥാപാത്രം. കാണാതായ സഖാവിനെ തിരഞ്ഞു സ്വന്തം ജോലി പോലും ഉപേക്ഷിച്ച് നാട്ടില്‍ നിന്നും ദുബായില്‍ എത്തി നിരവധി ത്യാഗങ്ങള്‍ സുഹൃത്തിനെ സഹിച്ചു കണ്ടു പിടിക്കുന്ന അന്‍വറിനെ പോലെയുള്ള നിരവധി സഖാക്കളെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ട്. അറബിക്കഥയില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ഉണ്ടെങ്കില്‍ അത് സഖാവ് അന്‍വറാണ്.

2008 ല്‍ പുറത്തിറങ്ങിയ മധുപാലിന്റെ തലപ്പാവ് എന്ന ചിത്രം, അതില്‍ നക്സല്‍ വര്‍ഗീസിനോട് സാദൃശ്യമുള്ള ജോസഫ്‌ എന്ന കഥാപാത്രം. സിനിമ ഇറങ്ങിയ കാലത്തെ രാഷ്ട്രീയ വിഷയങ്ങളോട് സംവദിച്ചിരുന്നു. സ്വാശ്രയവിദ്യാഭ്യാസം നിയമത്തെ കോടതിയും നിയമത്തെയും വിലക്കെടുത്ത് അട്ടിമറിച്ചപ്പോള്‍, അതിനെതിരെ പ്രതികരിച്ച സ.പാലോളി മുഹമ്മദ്കുട്ടിക്കെതിരെ കോടതി കേസ് എടുത്തിരുന്നു, ഇതേ വിഷയത്തെ വളരെ സ്പഷ്ടമായി ആ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. രണ്ടു കാലഘട്ടത്തിലെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ സിനിമയും കഥാപാത്രങ്ങളും ആയിരുന്നു.

2008ല്‍ തന്നെ പുറത്തിറങ്ങിയ റെഡ്ചില്ലീസ് എന്ന സിനിമയിലെ സഖാവ് മാണി വര്‍ഗീസ്‌ എന്ന ജില്ല സെക്രട്ടറി, സധാരക്കാരില്‍ സാധാരണക്കാരന്‍ ആയ മനുഷ്യന്‍, ജനകീയ സമരങ്ങളെ മുന്നില്‍ നിന്നും നയിക്കുന്ന നേതാവ്. സ്വന്തം മകന്‍ സാമ്പത്തിക താല്പര്യത്തിനു വഴങ്ങി നിയമവിരുദ്ധമായി നീങ്ങിയത് അറിഞ്ഞു മകനെതിരായ തെളിവുകള്‍ സര്‍ക്കാരിന് നല്‍കിയ കമ്മ്യൂണിസ്റ്റ്‌. ഒടുവില്‍ ഒരു സമര മുഖത്തുവച്ച് വിരുദ്ധശക്തികളാല്‍ അതിദാരുണമായി കൊലചെയ്യപ്പെടുന്നു.

2009 ല്‍ പുറത്തിറങ്ങിയ ” പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ ” എന്ന രഞ്ജിത് സിനിമ. TP രാജീവന്‍റെ അതെ പേരില്‍ ഉള്ള കഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ, ആ പുസ്തകത്തില്‍ ചരിത്രത്തിനെ വളച്ചൊടിച്ചത് അതെ പടി പകര്‍ത്തി വച്ചിട്ടുണ്ട്. TP രാജീവന്‍ എന്ന കോണ്‍ഗ്രസ് അനുഭാവ സംഘടനയുടെ നേതാവ് എഴുതി വച്ച ആ പുസ്തകത്തില്‍ ആദ്യകമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അവഹേളിക്കാന്‍ പരമാവധി ശ്രമം നടത്തുമ്പോഴും KP ഹംസ എന്ന പ്രാദേശിക കമ്മ്യൂണിസ്റ്റ്‌ നേതാവിനെ നെറികെടുകള്‍ക്ക് കൂട്ടുനിലക്കുന്ന ആള്‍ എന്ന് മുദ്രകുത്തിയപ്പോഴും അറിയാതെ എങ്കിലും തിരക്കഥാകൃത്തിന് പറയേണ്ടി വരുന്ന ഒരു സത്യം ഉണ്ട്. ആ കൊലകേസ് ഒത്തുതീര്‍പ്പാക്കാന്‍ സ.KP ഹംസ ആവശ്യപ്പെടുന്നത്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന ജന്മിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്കൂള്‍ സര്‍ക്കാരിന് വിട്ടു നല്‍കണം എന്നാണു. മാനേജ്മെന്‍റ് സ്കൂള്‍ സര്‍ക്കാരിന് അഥവാ ജനങ്ങള്‍ക്ക്‌ വിട്ടു നല്‍കണം എന്ന് ആവശ്യപ്പെടാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് മാത്രമേ കഴിയൂ എന്ന വസ്തുത രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും അംഗീകരിക്കേണ്ടി വരുന്നു. 2008 ല്‍ തന്നെ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്‍റെ ഋതു എന്ന സിനിമയിലെ ശരത് വര്‍മ്മ എന്ന ഐടി പ്രൊഫഷണല്‍, ഹരി വര്‍മ്മ എന്ന കമ്മ്യൂണിസ്റ്റ്‌കാരന്‍ ആയ സഹോദരന്‍റെ സാമീപ്യം നല്‍കിയ പാഠങ്ങള്‍ അയാളെ എപ്പോഴും ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു, വലിയ വ്യവസായങ്ങള്‍ വന്നപ്പോള്‍ ജീവിതം നഷ്ടപ്പെട്ട പ്രാഞ്ചി, തൊഴിലിടത്തില്‍ നിന്നും പുറംതള്ളപെടുമ്പോള്‍ അതിനോട് സഹതപിക്കാന്‍ ശരത്തിന് പ്രേരകമായത് അയാളിലെ കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണ്, ഒടുവില്‍ ശരത്തിനോട് തൊഴിലുടമ ചോദിക്കുന്നുണ്ട്, ” നീ കമ്മ്യൂണിസ്റ്റ്‌ ആണോ ? “.

2013 ന്‍റെ തുടക്കത്തില്‍ പുറത്തിറങ്ങിയ സലാം ബാപ്പുവിന്‍റെ റെഡ് വൈനിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് അനൂപ്‌. ആഗോളവല്‍കരണ കാലഘട്ടത്തെ കമ്മ്യൂണിസ്റ്റ്‌കാരനു എങ്ങനെ ഇടപെടല്‍ നടത്താന്‍ സാധിക്കും എന്ന് കാണിച്ചു തരുന്ന കഥാപാത്രം. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും ആദിവാസികളുടെ ഇടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം തിരഞ്ഞെടുക്കുന്ന വ്യക്തി. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ചെറിയ രീതിയില്‍ വരുമാനം കണ്ടെത്തുന്നതില്‍ തെറ്റില്ല അതിനു പാര്‍ട്ടി എതിരല്ല എന്ന് പറയുമ്പോള്‍, ക്ലീഷേകള്‍ എല്ലാം തകര്‍ന്നു വീഴുന്നുണ്ട്‌. ഒടുവില്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ ആ സഖാവിനെ ഇല്ലാതെ ആക്കുന്നു. എന്നാല്‍ ഞങ്ങളില്‍ ഒന്നിനെ കൊന്നു കുഴിച്ചിടുകിലായിരം പിന്നെയും പിന്നെയും മുളച്ചു പൊന്തും എന്ന് പറഞ്ഞു കൊണ്ട് സഖാവ് അനൂപ്‌ കൊളുത്തി വച്ച തീനാളം മറ്റു സഖാക്കളും പാര്‍ട്ടിയും പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ പതിവ് രീതികളില്‍ നിന്നു മാറി ജീവിതത്തില്‍ പലപ്പോഴും നേരിട്ട് അറിഞ്ഞ അനുഭവങ്ങളുടെ ഒരു ചിത്രീകരണമായി തോന്നി.

2013 ല്‍ ഇറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന മുരളിഗോപി ചിത്രം കമ്മ്യൂണിസ്റ്റ്‌ മുഖംമൂടി അണിഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌വിരുദ്ധ സംഘപരിവാര്‍ സിനിമയാണ് എന്ന് വിലയിരുത്തണം. വിമര്‍ശങ്ങള്‍ വസ്തുതകള്‍ക്കും നിരക്കുന്നതും, ചരിത്രത്തിനോട് നീതി പുലര്‍ത്തുന്നതും ആകണം. ഇവിടെ ചരിത്രം എന്താണ് എന്ന് പോലും പഠിക്കാത്ത ഒരു സംഘപരിവാറുകാരന്‍റെ മനോവ്യാപാരം ഒരു സിനിമയാക്കി അവതരിപ്പിച്ചിരിക്കുന്നു, തന്‍റെ മുന്‍ സിനിമയായ “ഈ അടുത്ത കാലത്ത് ” ല്‍ RSS നെ വെള്ളപൂശാന്‍ നടത്തിയ ഒരു ശ്രമം ഇവിടെയും ആവര്‍ത്തിക്കുന്നത് കാണാം. ജനവിരുദ്ധവും ചരിത്ര വിരുദ്ധവും ആയ ഒരു സിനിമക്ക് അനിവാര്യമായ പതനം തന്നെ സംഭവിച്ചു.

ആഗോളവല്‍കരണ കാലഘത്തില്‍ അതിന്‍റെ പ്രചാരകര്‍ ആയി മാറുക എന്നത് മാത്രമായിട്ടുണ്ട് നമ്മുടെ സിനിമകളുടെ കര്‍ത്തവ്യം. ഒരു കാലഘട്ടത്തെ ആകെ ഇളക്കി മറിച്ച് ജനകീയ മുന്നെറ്റങ്ങളുടെ ഭാഗമായി നിലകൊണ്ടിരുന്ന മലയാളസിനിമ ഇന്ന് അത്തരം സാമൂഹ്യപ്രതിബ്ധതകളില്‍ നിന്നെല്ലാം അകന്നു മാറി നടക്കുന്ന കാഴച്ചയാണ് ഉള്ളത്. ഒരു ദാശാബ്ദത്തിനിടക്ക് സാമൂഹ്യവിഷയങ്ങളെ പ്രമേയമാക്കിയുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം. ഇതു തന്നെയാവാം ദേശീയ തലത്തില്‍ നമ്മുടെ സിനിമ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പിറകോട്ടു പോയതും.

Share.

About Author

149q, 0.868s