Leaderboard Ad

ആത്മബോധത്തിന്‍റെ പ്രകാശം പരത്തുന്ന മലാല യുസുഫ്സായ്.

0

    ലാല എന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള എഴുത്ത് പ്രസക്തമാവുന്നത് വിശ്വാസത്തിന്‍റെ അകത്തളത്തില്‍ പ്രാകൃതമായ ഗോത്രവര്‍ഗ്ഗ സംസ്കൃതിയുടെ ഇരുട്ട് പ്രസരിപ്പിക്കുന്ന താലിബാനിസത്തെ ഈ കുട്ടി എതിരിടുന്നു എന്നത് കൊണ്ടാണ്. താലിബാനി തീവ്രവാദികളുടെ കണ്ണിലെ കരടാണ് മലാല. ഇനിയും അവസരം കിട്ടിയാല്‍ മലാലയുടെ കഥതീര്‍ക്കും എന്നാണു താലിബാനികളുടെ പരസ്യ ഭീഷണി.

പുരുഷാധിപത്യം അടക്കിവാഴുന്ന ലോകത്ത് അവരുടെ കല്‍പ്പനകള്‍ മാനിച്ചു അറിവുകെട്ട അടിമജീവിതം നയിക്കേണ്ടവളല്ല സ്ത്രീ എന്ന തിരിച്ചറിവിന്‍റെ ആത്മബോധം മലാലയുടെ ജീവിതത്തിനു ഏതു വെല്ലുവിളിയും നേരിടാനുള്ള കരുത്തു പകരുന്നു. മതപരമായ വിശ്വാസത്തിന്‍റെ പേരില്‍ താലിബാന്‍ സ്ത്രീയുടെ സ്വാതന്ത്യവും അവളുടെ ഭൌതിക വിദ്യാഭ്യാസവും നിഷേധിക്കുമ്പോള്‍, അതിനെതിരെ ധീരമായ നിലപാട് സ്വീകരിക്കുവാന്‍ മലാലക്ക് കരുത്തു നല്‍കിയത് അതേ വിശ്വാസത്തിന്‍റെ മറ്റൊരു വായനയാണ്. വിശ്വാസം മലാലയുടെ പുരോഗമനപരമായ ജീവിതചിന്തക്ക് ഒട്ടും തന്നെ തടസ്സമാവുന്നില്ല.

ഭീകരവാദികളുടെ ആയുധബലത്തെ പേനക്കരുത്തു കൊണ്ട് എതിരിടുകയാണ് മലാല ചെയ്തത്. മലാല തീര്‍ത്തും “അച്ഛന്‍റെ മകളായിരുന്നു”. ഇന്ന് അറിയുന്ന മാലലയെ വിശ്വപ്രസിദ്ധയാക്കി തീര്‍ത്തതില്‍ അധ്യാപകനായ യുസുഫ്സായ് എന്ന അച്ഛന്‍റെ പങ്ക് നിസ്സീമമാണ്. മലാലയുടെ മുന്നോട്ടുള്ള ധീരമായ ഓരോ ചുവടിലും അവളുടെ വഴികാട്ടിയും കൂട്ടുകാരനുമായിരുന്നു യൂസുഫ്സായ്. സന്തം മകള്‍ക്ക് മലാല എന്ന് നാമകരണം ചെയ്തത് കോളനി ഭരണകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്‍റെ അധിനിവേശത്തെ ധീരമായി ചെറുത്തു പോരാട്ടം നടത്തി വീരമൃത്യുവരിച്ച പക്തൂന്‍ വനിതയുടെ ചരിത്ര സ്മരണയെ മുന്‍നിര്‍ത്തിയാണ്.കാന്ദഹാറിലെ ചെറുപട്ടണമായിരുന്ന മായ്വന്ദിലെ ഒരു ആട്ടിടയന്റെ മകള്‍ ആയിരുന്നു മലാല എന്ന ആ വീരവനിത.

അടഞ്ഞ വായനകളുടെ മതില്‍ കെട്ടിന് പുറത്തുള്ള വിശാലമായ ലോകത്തെ സ്വന്തം മകള്‍ക്ക് പരിചയപ്പെടുത്തുക എന്നത് ഒരു തപസ്യയായി സ്വീകരിച്ച അച്ഛനായിരുന്നു യുസുഫ്സായ്. മകളുടെ വായനക്കും വളര്‍ച്ചക്കും വേണ്ടി ധാരാളം വിശ്വപ്രസിദ്ധമായ പുസ്തകങ്ങള്‍ യുസുഫ്സായ് സ്ഥിരമായി മേടിച്ചു കൊണ്ടിരുന്നു. പ്രകൃതിരമണീയമായ സ്വാത്ത് എന്ന കൊച്ചുഗ്രാമത്തിലാണ് മലാല യുസുഫ്സായ് ജനിച്ചു വളര്‍ന്നത്. കൊച്ചുനാളിലെ പഠനത്തില്‍ മിടുക്കിയായിരുന്നു മലാല.പൊതുവേ സ്ത്രീകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന യാഥാസ്ഥിതിക സാമുദായിക സാഹചര്യം ആയിരുന്നു ആ ഗ്രാമത്തില്‍. തന്‍റെ ഗ്രാമം താലിബാന്‍ ഭീകരവാദികളുടെ വരുതിയില്‍ അകപ്പെട്ടതോടെ, കുരുന്നിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയപ്പെടുന്ന സാഹചര്യം ഉണ്ടായത് മലാലയെ ദുഖിതയാക്കി.താലിബാന്‍ സംഘത്തിന്‍റെ ദൃഷ്ടിയില്‍പ്പെടാതെ പെണ്‍കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പോകുക അപകടകരമായി തീര്‍ന്നു. പേടി കാരണം രക്ഷിതാക്കള്‍ കുട്ടികളുടെ പഠനം നിര്‍ത്തി. താലിബാന്‍ തിട്ടൂരം വന്നതോടെ മലാലയുടെ കൂടെ ചിരിച്ചുല്ലസിച്ച്‌ നടന്ന കൂട്ടുകാരികള്‍ വീട്ടില്‍ ഒതുങ്ങി. മലാല കൂട്ടുകാരികളെ വീണ്ടും വിദ്യാലയത്തിലേക്ക് നയിക്കുവാന്‍ തികന്ന ക്ഷമയോടെ വീട് വീടാന്തരം കയറി ഇറങ്ങി അവരുമായി സംസാരിച്ചു അവര്‍ക്ക് കരുത്തു പകര്‍ന്നു. അച്ഛന്‍റെ ധീരമായ നിലപാടും പ്രോത്സാഹനവും മലാലക്ക് തുണയായി.

താലിബാന്‍ സംഘത്തിന്‍റെ കണ്ണില്‍ പ്പെടാതെ സൂക്ഷിക്കുവാന്‍ സ്കൂള്‍ യൂണിഫോം ബാഗില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ടായിരുന്നു മലാലയും കൂട്ടുകാരികളും വിദ്യാലയത്തില്‍ പോയിരുന്നത്. അതിനിടയില്‍ ആണ് അച്ഛന്‍റെ പ്രേരണയോടെ താലിബാന്‍ ഭീകരവാദികളുടെ വരുതിയില്‍ അകപ്പെട്ട സ്വന്തം ഗ്രാമത്തിന്‍റെ ദുരിതങ്ങള്‍ ഡയറി കുറിപ്പുകളായി ബി.ബി.സി.ക്ക് അയച്ചു കൊടുത്തത്. മറ്റൊരു തൂലികാ നാമം സ്വീകരിച്ചു ഉറുദുവില്‍ എഴുതിയാണ് അയച്ചിരുന്നത്. ഇത് ബി.ബി.സി. റേഡിയോയില്‍ സംപ്രേക്ഷണം ചെയ്തതോടെ പാകിസ്ഥാന് അകത്തും പുറത്തും ശ്രദ്ധേയമായി തീര്‍ന്നു. ഈ ഡയറി കുറിപ്പുകള്‍ എഴുതിയത് മലാല എന്ന കുട്ടിയാണ് എന്ന് താലിബാന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. അതിനെ തുടര്‍ന്നാണ്‌ മലാലക്ക് നേരെ താലിബാന്‍ വധശ്രമം നടത്തിയത്.

ഇതൊരു മതവിമര്‍ശനമല്ല. യുക്തിചിന്തയുമല്ല. തമസ്സിന്‍റെ ശക്തികളുടെ വരുതിയില്‍ നിന്ന് വികസിതമായ ജീവിതത്തിലേക്ക് മോചനം നേടുവാന്‍ വിശ്വാസത്തിന്‍റെ കരുത്തുമായി ചുവടുവെച്ച ഉറച്ച മതവിശ്വാസിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ്. കാലവുമായി സംവദിക്കുന്ന വിശ്വാസത്തിന്‍റെ വികസിതമായ രൂപമാണ്, മലാലയുടെ വിദ്യ നേടാനുള്ള പേനയെടുത്തുള്ള പോരാട്ടത്തിലൂടെ, അവളുടെ ശബ്ദത്തിലൂടെ ലോകം കണ്ടതും കേട്ടതും. അതുകൊണ്ട് തന്നെയാണ് മലാല, താലിബാന്‍ വര്‍ഗ്ഗത്തിന്‍റെ കണ്ണിലെ കരടായി തീര്‍ന്നത്. താലിബാന്‍ ഭീകരവാദികളുടെ വെടിയുണ്ടക്ക് ഇരയായത്തോടെ മലാല ലോകത്തിന്‍റെ ശ്രദ്ധനേടി.തീര്‍ച്ചയായും അവള്‍ ഇരുട്ടില്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്.

വിശാലവും വികസിതവുമായ ജീവിത വീക്ഷണം വെച്ച്പുലര്‍ത്തുന്ന ലോകത്തെങ്ങുമുള്ള ജനത, ഭിന്നചിന്തകള്‍ കൂടാതെ തുടിക്കുന്ന ആവേശത്തോടെ നിറഞ ആശംസകളോടെ മലാലയുടെ വാക്കുകള്‍ ശ്രദ്ധിച്ചു. ആഗോളതലത്തില്‍ തന്നെ, വിശ്വാസത്തിന്‍റെ പേരില്‍ ഭീകരതയുടെ ചാവേറുകളായി, വളരുന്ന തലമുറയെ വഴിതെറ്റിക്കുന്ന താലിബാനികളുടെ പ്രാകൃതചിന്തകളെ എതിരിടുന്ന ക്രിയാത്മക വിശ്വാസതലത്തില്‍ നിന്നുകൊണ്ടുള്ള വിരുദ്ധ നിലപാടുകളുടെ പ്രതീകമായി മാറുകയായിരുന്നു മലാല.താലിബാന്‍ എന്നാല്‍ വിദ്യാര്‍ഥി എന്നാണു അര്‍ത്ഥം. വിദ്യാര്‍ഥി എന്നാല്‍ വിദ്യയെ – അറിവിനെ തേടുന്നവന്‍. അതായത് വെളിച്ചം തേടുന്നവന്‍. ഇവര്‍ പഠിച്ചു നേടുന്നതോ പ്രാകൃത ചിന്തയുടെ ഇരുണ്ടലോകം! ഇവര്‍ അഭ്യസിക്കുന്നത് ഇരുട്ടിന്‍റെ ലോകത്തേക്കുള്ള സഞ്ചാരവഴികള്‍!! എന്തൊരു വിരോധാഭാസം.പ്രാകൃതമായ ഗോത്രവര്‍ഗ്ഗ സംസ്കാരത്തിന്‍റെ തനിരൂപമാണ് താലിബാന്‍ എന്ന ഭീകരപ്രസ്ഥാനം ലോകത്തിനു മുന്നില്‍ കാഴ്ചവെക്കുന്നത്. ആധുനിക ജീവിത ചിന്തകള്‍ക്ക് ഇടമില്ലാത്ത അടഞ്ഞ ലോകമാണ് അവര്‍ വിഭാവനം ചെയ്യുന്ന താലിബാനിസ്ഥാന്‍! അവര്‍ പൊരുതുന്നത് തുറന്ന ചിന്തയുടെ തുറന്നലോകത്തോടാണ്.

താലിബാന്‍റെ നീതി ശാസ്ത്രത്തില്‍, യുക്തിചിന്തക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും സ്ഥാനമില്ല. സ്ത്രീക്ക് സ്വതന്ത്രമായി ബാഹ്യലോകത്ത് ചുവടുവെക്കുവാന്‍ അവകാശമില്ല. സ്ത്രീ എങ്ങിനെ ജീവിക്കണമെന്നും, എന്ത് ധരിക്കണമെന്നും, എന്ത് പഠിക്കണമെന്നും, എന്ത് പറയണമെന്നും പുരുഷന്‍ കല്‍പ്പിക്കും. ഓരോ ചുവടുകളിലും പുരുഷാധിപത്യത്തിന്‍റെ അതിരൂക്ഷഭാവം തീര്‍ക്കുന്നു താലിബാന്‍.കാലത്തെ പുറകോട്ടു നയിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഈ കിരാതവര്‍ഗ്ഗം വികസിതമായ ജീവിതം തേടുന്ന മനുഷ്യനു വെല്ലുവിളിയാണ്. ഞങ്ങള്‍ ഇസ്ലാമിന്‍റെ തനിമയാണ് ലോകത്തിനു മുന്നില്‍ കാട്ടുന്നത് എന്നാണു താലിബാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ താലിബാന്‍ എന്ന ഭീകരപ്രസ്ഥാനത്തിന്‍റെ പ്രാകൃതമായ സാമൂഹിക വീക്ഷണങ്ങള്‍ ഇസ്ലാമിനെ കളങ്കപ്പെടുത്തുന്നു എന്നാണു വികസിതമായ ജീവിതം തേടുന്ന വിശ്വാസികള്‍ തിരിച്ചറിയുന്നത്.

മാലാല യുസുഫ്സായ് എന്ന കൊച്ചു പെണ്‍കുട്ടിക്ക് നേരെ താലിബാനികള്‍ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടിരുന്നത്. വൈദ്യശാസ്ത്രത്തിന്‍റെ മിടുക്ക് കൊണ്ട് ആ കൊച്ചുമിടുക്കിയുടെ ജീവിതം രക്ഷപെട്ടു. മാസങ്ങള്‍ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാല ഇപ്പോള്‍ ബ്രിട്ടനില്‍ താമസിച്ചു പഠനം തുടരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാല, തന്‍റെ താലിബാന്‍ വിരുദ്ധനിലപാടുകളില്‍ നിന്ന് ഭീഷണിക്ക് വഴങ്ങികൊണ്ട് ഒട്ടും പിറകോട്ടു പോയില്ല. എനിക്ക് താലിബാനികളെയല്ല ദൈവത്തെയാണ് ഭയം എന്നായിരുന്നു മലാലയുടെ പ്രതികരണം.ഐക്യരാഷ്ട്രസഭയുടെ വേദിയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് സംസാരിച്ചത് ലോകജനത ടെലിവിഷന്‍ ചാനലുകളിലൂടെ ആദരപൂര്‍വ്വം ശ്രദ്ധിച്ചു. നിരവധി ലോകപ്രശസ്ത അവാര്‍ഡുകള്‍ മലാലയെ തേടിയെത്തി. മനുഷാവകാശ സംഘടനകള്‍ മലാലയെ ആദരിച്ചു. സ്ത്രീയുടെ വിദ്യാഭ്യാസ അവകാശവും സാമൂഹികമായ സമത്വവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള മലാലയുടെ വാക്കുകള്‍ ജാതിമതവംശദേശഭാഷ ഭിന്നത കൂടാതെ ലോകജനതയെ അഭിസംബോധനം ചെയ്തു. യാതൊരു ഭിന്നചിന്തയും കൂടാതെതന്നെ ലോകം അവളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

അതിരുകള്‍ ഇല്ലാതെ മലാലയുടെ വാക്കുകള്‍ സ്വീകരിക്കപ്പെടുന്നതും ലോകമെങ്ങും അവള്‍ ആദരിക്കപ്പെടുന്നതും ,സങ്കുചിത ചിന്തയുടെ തിമിരം ബാധിച്ച മതവര്‍ഗീയ തീവ്രവാദ മൌലികവാദ ശക്തികളെ വല്ലാതെ അലോസരപ്പെടുത്തുന്നു. മലാലയില്‍ കുറ്റം കണ്ടെത്തുവാനും അവളെ ഇകയ്‌ത്തി കാട്ടുവാനും ആണ് അവരുടെ മാധ്യമകേന്ദ്രങ്ങള്‍ ഗവേഷണം നടത്തുന്നത്. കാരണം അവര്‍ മൃദുതാലിബാനിസത്തെ തലോടുന്നവര്‍ ആണെന്നത് തന്നെ.

എന്തുകൊണ്ട് പാശ്ചാത്യ ലോകം മലാലയെ ആദരിക്കുന്നു എന്നാണു അവരുടെ ചോദ്യം? ഇവരുടെ കാടടച്ചുള്ള പാശ്ചാത്യ വിരോധം കാണുമ്പോള്‍ പറയാനുള്ളത് ഇതമാത്രം. എല്ലാ ഹിന്ദുക്കളും മോഡിബാനിസത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നതും, മുസ്ലിംലീഗ് വര്‍ഗീയത ഒട്ടുമില്ലാത്ത മതേതര പാര്‍ട്ടിയാണ് എന്ന് അവകാശപ്പെടുന്നതും പോലെ അസംബന്ധമാണ് എല്ലാ പാശ്ചാത്യരും ഇസ്ലാം വിരോധികള്‍ ആണെന്ന പ്രചാരണം.എന്തെന്തു കുറ്റങ്ങള്‍ പറയാന്‍ കാണുമെങ്കിലും പാശ്ചാത്യ സമൂഹത്തില്‍ ജനാധിപത്യ ബോധത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ഉള്ള സ്വാധീനം പ്രശംസനീയമാണ്. മൂലധന ശക്തികളുടെ വരുതിയില്‍ അകപ്പെട്ട അവിടങ്ങളിലെ ഭരണകൂടം സ്വീകരിക്കുന്ന സാമ്രാജ്യത്ത നിലപാടുകള്‍ക്ക് അവിടുത്തെ ജനതയുടെ മൊത്തം കൈയൊപ്പ്‌ ഉണ്ട് എന്ന് കരുതുന്നത് തെറ്റാണ്. ലോകം മലാലയെ അനുമോദിക്കുന്നതും ആദരിക്കുന്നതും അവളുടെ വാക്കുകള്‍ സ്ത്രീ വിവേചനത്തിനു എതിരായ മനുഷ്യാവകാശ ചിന്തകള്‍ക്ക് കരുത്തുപകരുന്നു എന്നത് കൊണ്ടാണ്. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തിരിച്ചറിയുന്ന ലോക ജനതക്ക് മലാലയുടെ വാക്കുകള്‍ തീര്‍ച്ചയായും ആവേശമാണ്.

Share.

About Author

134q, 0.598s