Leaderboard Ad

“ആത്മഹത്യകള്‍ എല്ലാം കൊലപാതകങ്ങള്‍ തന്നെ”

0

ആത്മഹത്യകള്‍ ഇന്ന് തീരെ പുതുമയില്ലാത്ത വാര്‍ത്തകള്‍ മാത്രമായി മാറിയിരിക്കുന്നു. ജീവിതത്തില്‍ നിന്നും സ്വയം വിടപറഞ്ഞകലുന്നവരുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്തിനു ജീവനൊടുക്കി എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തം തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രസക്തമായ ചോദ്യം എന്തിന് ജീവിച്ചിരിക്കണം എന്നതാണ്. ആഗ്രഹിക്കുന്നത് പോലെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ജീവനൊടുക്കുന്നവരോട് നാം എന്ത് സമാധാനം പറയും?

അന്തസ്സായി ജീവിക്കാന്‍ ഉള്ള എല്ലാ സാഹചര്യങ്ങളും തകര്‍ത്ത ശേഷം ‘ആത്മഹത്യ പാപമാണ്’, ‘ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല’, ‘ഭീരുക്കളാണ് ജീവനൊടുക്കുന്നത്’ എന്നൊക്കെയുള്ള സാരോപദേശ പ്രസംഗം നടത്തുന്ന സമൂഹത്തോട് ഏതു ഭാഷയിലാണ് നമുക്ക് മറുപടി പറയാനാവുക?images

കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന്‍ അനീഷ്‌ ആത്മഹത്യ ചെയ്തത്. ഏവര്‍ക്കും പ്രയങ്കരനായ അനീഷ്‌ പക്ഷെ കച്ചവടക്കാരനായ സ്കൂള്‍ മാനേജറുടെ കണ്ണിലെ കരടായിരുന്നു. അധ്യാപക സംഘടനാ നേതാവ് കൂടിയായ അനീഷിനോട് ലീഗ് നേതാവായ മാനേജര്‍ക്കുള്ള വിരോധമാണ് കള്ളക്കേസ് ഉണ്ടാക്കി അനീഷിനെ പിരിച്ചുവിടുന്നതിലേക്കെത്തിച്ചത്.

അധികാരവും പണവും നീതി നടപ്പാക്കുന്ന ലോകത്ത് എങ്ങനെയാണ് അഭിമാനത്തോടെ ജീവിക്കാനാവുക? ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടുന്ന മാനേജറുടെ ക്രൂരതയ്ക്കെതിരായി അനീഷിന്‍റെ സഹപ്രവര്‍ത്തകര്‍ സമരരംഗത്തായിരുന്നു. ഒരിക്കല്‍ ആ സമരമുഖത്തുവച്ച് ഉശിരനും ഊര്‍ജ്ജസ്വലനും ആയ അനീഷിനെ കണ്ടതും സംസാരിച്ചതും ഞാനോര്‍ക്കുന്നു. പ്രതികാര നടപടികളുടെയും പീഡനങ്ങളുടെയും മുന്നില്‍ കാലിടറിപ്പോയ ഒരു ദുര്‍ബലനെയല്ല സമരപന്തലില്‍ വച്ച് ഞാന്‍ കണ്ടത്. ഊര്‍ജ്ജസ്വലനായ ഒരു പോരാളിയെയാണ്. പ്രതിസന്ധിയുടെ മുന്നിലും അചഞ്ചലനായി നിന്ന യോദ്ധാവിനെയാണ്.

അധ്യാപകന്‍റെ ആത്മഹത്യാ വാര്‍ത്ത അലസമായി വായിച്ചുകൊണ്ട് ‘ഇയാള്‍ ഇത്രയും ദുര്‍ബലനായിരുന്നോ’ എന്നൊക്കെയുള്ള ചര്‍ച്ചകളില്‍ അഭിരമിക്കുന്നവര്‍ അറിയണം. അനീഷ്‌ ഒട്ടും ദുര്‍ബലന്‍ ആയിരുന്നില്ലെന്ന്. ഈ സമൂഹത്തിന്‍റെ ദൌര്‍ബല്യങ്ങള്‍ക്ക് നേരെ സ്വന്തം പ്രാണന്‍ ത്യജിച്ചുകൊണ്ട് സമരം ചെയ്ത യോദ്ധാവായിരുന്നുവെന്ന്‍.

തലകുനിച്ചും നട്ടെല്ലുവളച്ചും മുട്ടുമടക്കിയും ഇഴഞ്ഞു നീങ്ങുന്നവര്‍ക്ക് മാത്രം ജീവിക്കാന്‍ കഴിയുന്ന ഈ ലോകത്തോടുള്ള വികലമെങ്കിലും തീക്ഷ്ണമായ ഒരു പ്രതിഷേധമായിരുന്നു അനീഷിന്‍റെത്. അനീഷിന്‍റെ പ്രതിഷേധം തീര്‍ച്ചയായും അനുകരണീയമല്ല. പക്ഷെ ആ ജീവത്യാഗത്തിന്‍റെ അര്‍ത്ഥം വായിച്ചെടുക്കാന്‍ കഴിയാത്ത പാമരന്മാരായി നാം മാറരുത്. അനീഷിന്‍റെ ആത്മഹത്യ നമ്മുടെ സമൂഹത്തിന്‍റെ വര്‍ണ്ണശബളമായ മൂടുപടങ്ങളെ വലിച്ചു കീറുന്നുണ്ട്. നാറിപുഴുത്ത ഈ ലോകം മരിക്കുവാന്‍ മാത്രം കൊള്ളാവുന്നതാണെന്ന് വിളിച്ചു പറയുന്നുമുണ്ട്. പണവും അധികാരവും വിധി നിര്‍ണ്ണയിക്കുന്ന നാണം കെട്ട ലോകത്ത് വെറും ഭീരുവായി ജീവിക്കാന്‍ തനിക്ക് മനസ്സില്ലെന്ന്‍ എല്ലാ ഭീരുക്കളെയും ഓര്‍മിപ്പിക്കുന്നുമുണ്ട്.

ഒരര്‍ത്ഥത്തില്‍ എല്ലാ ആത്മഹത്യകളും കൊലപാതകങ്ങള്‍ തന്നെയാണ്. ജീവിതത്തിന്‍റെ പകുതിവഴിയില്‍ വച്ച് വീണുപോകുന്നവരെ പിടിച്ചെഴുന്നേല്‍പ്പിക്കാനും കൂടെ നടത്താനുമുള്ള കടമ മറ്റുളളവര്‍ക്കെല്ലാമുണ്ട്. ആത്മഹത്യകള്‍ ഏതെങ്കിലും വ്യക്തിയുടെയല്ല മറിച്ച് സമൂഹത്തിന്‍റെ ദൗര്‍ബല്യത്തെയാണ് അടയാളപ്പെടുത്തുന്നത്. നിര്‍ഭയവും അന്തസുറ്റതുമായ ജീവിതം എല്ലാവര്‍ക്കും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോഴാണ് നീതിനിഷേധവും അസമത്വവും പെരുകുന്നത്. മരണത്തിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നവനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ കഴിയാത്ത എല്ലാ ഭരണകൂടങ്ങള്‍ക്കും കുറ്റവാളിയുടെ മുഖമാണുള്ളത്‌.

അനീഷിന്‍റെ മരണവും കൊലപാതകമാണ്. സ്കൂള്‍ മാനേജറും ജില്ല വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് നടത്തിയ കൊലപാതകം. ഈ കൊലപാതകത്തെ ആത്മഹത്യയെന്ന്‍ പേരിട്ട് വിളിച്ചാല്‍ ചരിത്രം നമുക്ക് മാപ്പുതരില്ല. അനീഷിന്‍റെ ഒഴിവില്‍ പുതിയ നിയമനം നടത്തുമ്പോള്‍ കിട്ടുന്ന കോഴയുടെ കണക്ക് ഇപ്പഴേ കൂട്ടിത്തുടങ്ങുന്ന മാനേജറും കൂട്ടാളികളും ദയാരഹിതമായ സാമൂഹ്യവിചാരണകള്‍ക്ക് വിധേയമാവുമ്പോള്‍ അനീഷിന്‍റെ പ്രതിഷേധം ലക്ഷ്യത്തില്‍ എത്തും.

എം. സ്വരാജ്

(ഡി. വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി)

Share.

About Author

ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയാണ്.

135q, 0.657s