Leaderboard Ad

ആധാര്‍ കാര്‍ഡ് വഴിയാധാരമായോ???

0

     യുണീക്ക് ഐഡന്‍റിറ്റി കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ആധാര്‍ കാര്‍ഡ് ഏതാണ്ട് വഴിയാധാരമായതു പോലെയാണ്. ഇത്ര നാള്‍ ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ പ്രധാനമായും ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡുകളിലായിരുന്നു,പിന്നെ പലതവണ മാറി മറിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ . ഏത് ഓഫീസില്‍ പോയാലും റേഷന്‍ കാര്‍ഡിന്‍റെ പ്രാധാന്യം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ അധികൃതര്‍ പറയുന്നത് ഏതൊരു വ്യക്തിഗത അടയാളങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്നാണ്. പക്ഷേ ഒരു പ്രശ്നം മാത്രമേ പൊതുജനത്തിന്, പറയാനുള്ളൂ, ഈ സാധനം എന്താണ്? ഇതെവിടുന്ന് കിട്ടും? ഒരു വര്‍ഷം മുന്‍പ് ആഘോഷമായി കുടുംബത്തോടെ കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം ഒരുങ്ങിക്കെട്ടി, മുഖവും കയ്യും കണ്ണുമടക്കം ഫോട്ടോയ്ക്കും പോസ് ചെയ്ത് രെജിസ്റ്റര്‍ ചെയ്തതല്ലേ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത്ര ആഡംബരത്തോടെ നടന്ന ഒരു കാര്യം, അതും വ്യക്തിയുടെ തിരിച്ചറിയല്‍ സംബന്ധ രേഖ നേരാം വിധമക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പറയാന്‍ ?

2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ ഈ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചതെന്ന് വിക്കീപീഡിയ പറയുന്നു. 2010 നു മഹാരാഷ്ട്രയില്‍ ഇതിന്‍റെ ഉദ്ഘാടനവും കഴിഞ്ഞു. കേരളത്തില്‍ ആധാര്‍ പദ്ധതി എത്തിയപ്പോഴേക്കും 2011 ആയി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി എസ് അച്യുതാനന്ദനാണ്, കേരളത്തില്‍ ഇത് ഉദ്ഘാടനം ചെയ്തത്. ഇന്നിപ്പോള്‍ യു ഡി എഫ് സര്‍ക്കാരിന്‍റെ മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ പദ്ധതി എങ്ങുമെത്തിയിട്ടില്ല.

പ്രധാനമായും ആധാര്‍ എന്ന ഭീഷണിക്കത്ത് സാധാരണക്കാരന്, പ്രശ്നമായത് ഗ്യാസ് ഏജന്‍സികളുമായി ബന്ധപ്പെട്ടാണ്. ഇനി മുതല്‍ ഗ്യാസ് കുറ്റി ലഭിക്കണമെങ്കില്‍ ഏജന്‍സി ബുക്കില്‍ ആധാര്‍ നമ്പര്‍ രെജിസ്റ്റര്‍ ചെയ്ത്, അത് ഒരു ബാങ്കിലെ അക്കൌണ്ടുമായി ബന്ധിപ്പിക്കണം. ഇനി മുതല്‍ അതു വഴിയാണ്, സബ്സിഡി പണം എത്തുക, അതായത് ഇനി മുതല്‍ ഗ്യാസ് കുറ്റി വാങ്ങാന്‍ ചെല്ലുമ്പോള്‍ മുഴുവന്‍ പൈസയും അടച്ച് കുറ്റിയെടുക്കണം. 940 രൂപയില്‍ നിന്ന് ഗ്യാസിന്‍രെ തുക കഴിച്ചുള്ള സബ്സിഡി തുക ബന്ധിപ്പിച്ചിട്ടുള്ള അകുണ്ടിലേയ്ക്ക് ഒഴുകിയെത്തും, ഈ ആധാര്‍ നമ്പര്‍ വഴി. അവിടെയും ഒരു ചൊദ്യം ബാക്കി, ഇതെവിടെ കിട്ടും ഈ ആധാര്‍ എന്നു പറഞ്ഞ സാധനം?

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതേ ആധാറിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞ് കളിക്കുകയാണ്. ഒരു തവണ ആധാര്‍ രെജിസ്റ്റ്രേഷന്‍ ആവശ്യമില്ലെന്ന് പരയുകയും പിറ്റേ ദിവസം കൂറുമാറി ഗ്യാസ് കുറ്റി ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണം എന്നു മാറ്റി പരയുകയും ചെയ്തു കൊണ്ടിരിക്കുന്നു. പാചക വാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് വിധിയെഴുതിയ പെട്രോളിയം മന്ത്രാലയം ഇപ്പോള്‍ വീണ്ടും പുലിവാലു പിടിച്ചു. ആധാര്‍ കാര്‍ഡ് എന്നാല്‍ മറ്റേതൊരു തിരിച്ചറിയല്‍ രേഖ പോലെയാണെന്നും പാചകവാതക കുറ്റി ലഭിക്കാന്‍ ഏതെങ്കിലും ഐഡിന്‍റിറ്റി കാര്‍ഡ് മതിയെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചതു കേട്ട് പൊതുജനങ്ങള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കോടതിയില്‍ സര്‍ക്കാര്‍ മൊഴി നല്‍കുമ്പോള്‍ പൊതുജനം വീണ്ടും ആരായി?

പാചകവാതക കണക്ഷനും മറ്റുമായി ഇതുവരെ കിട്ടാത്ത ആധാര്‍ കാര്‍ഡിനായി ജനം നെട്ടോട്ടമോടുമ്പോള്‍ എന്തുകൊണ്ട് ഈ വലയ്ക്കുന്ന ചോദ്യത്തിന്, സര്‍ക്കാര്‍ ഉത്തമം നല്‍കുന്നില്ല. ആധാര്‍ കാര്‍ഡ് എടുക്കാം, അത് രെജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം പക്ഷേ അതൊന്ന് പൊതുജനത്തിന്, എത്തിക്കാനുള്ള ഏര്‍പ്പാട് സാമാന്യ മര്യാദയനുസരിച്ച് ഏര്‍പ്പെടുത്തേണ്ടതല്ലേ? അക്ഷയ കേന്ദ്രങ്ങളില്‍ കാര്‍ഡ് വന്നോ എന്ന അന്വേഷണങ്ങള്‍ക്ക് ഇല്ല എന്ന മറുപടി ലഭിക്കുമ്പോള്‍ ഇനി പാചകവാതകം ലഭിക്കുമോ എന്ന വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു പിന്നിലിരുന്ന് നിരാശപ്പെടുന്ന വീട്ടമ്മമാര്‍ . ഇത്തരം പ്രഹസനങ്ങളുടെ ആവശ്യകത എന്തായിരുന്നു എന്ന് ആലോചിക്കേണ്ടതാണ്. ആദ്യം ഒരു കൃത്യമായ പ്ലാനിങ്ങോടെ ഈ പദ്ധതിയെ സമീപിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും ലഭ്യമാക്കിയ ശേഷം ഇത്തരം നട്ടെല്ലൊടിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നതായിരുന്നു നല്ലത്. ഇതിപ്പോള്‍ വഴിയാധാരമായ ആധാര്‍ കാര്‍ഡിന്‍റെ തല അടുത്ത കാലത്തെങ്ങും പൊങ്ങുമെന്ന് തോന്നുന്നില്ല. പാചകവാതക വില്‍പ്പ്പന രംഗത്തെ അഴിമതി അവസാനിപ്പിക്കാനായി കൊണ്ടുവന്ന ആധാര്‍ വിപ്ലവം അവിടെ മാത്രമായി നമുക്കിടയില്‍ ഒതുങ്ങിപ്പോയി. പല സര്‍ക്കാര്‍ ഇടപെടീലുകള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നു പറയുമ്പോള്‍ ഈ പദ്ധതി തുടങ്ങിയ ഇടത്തു തന്നെ നില്‍ക്കുന്ന കാഴ്ച്ച ആക്ഷേപകരമാണ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതു പോലെ ഈ പദ്ധതി പൂര്‍ണമാകുന്നതു വരെ മറ്റു നടപടികള്‍ ആധാറിന്‍റെ കീഴില്‍ നിന്നു മാറ്റി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയില്‍ തന്നെ നിക്ഷിപ്തമാക്കപ്പെടുത്തുന്നതു തന്നെ നല്ലത്.

* ഇതെഴുതിയത് : ഇതുവരെ ആധാര്‍ കാര്‍ഡോ നമ്പറോ ലഭിച്ചിട്ടില്ലാത്ത ഒരു ഹതഭാഗ്യ!!!

Share.

About Author

136q, 0.639s