Leaderboard Ad

“ആയുസ്സിന്റെ പുസ്തകം” തുറക്കുമ്പോൾ

0

പുസ്തകത്തിന്റെ പേര് : “ആയുസ്സിന്റെ പുസ്തകം”

ഗ്രന്ഥ കർത്താവിന്റെ പേര് : സി വി ബാലകൃഷ്ണൻ

===================================================================================

തികച്ചും യാദൃശ്ചികമായാണ് സി വി ബാലകൃഷ്ണന്റെ “ആയുസ്സിന്റെ പുസ്തകം” എന്ന നോവല്‍ എന്റെ കയ്യില്‍ വന്നുപെട്ടത്.

‘പരല്‍മീന്‍ നീന്തുന്ന പാടം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും വായിച്ചിരുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകവും ഞാന്‍ വായിച്ചിട്ടില്ലായിരുന്നു.ആയുസ്സിന്റെ പുസ്തകം - സി. വി. ബാലകൃഷ്ണന്‍

ഈ മാസം 31 ന് ( മാര്‍ച്ച് 31 ) നു വെങ്ങര ഹിന്ദു എല്‍ പി സ്കൂളിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷമാണെന്ന് ആരോ പറഞ്ഞറിഞ്ഞിരുന്നു. ആ ചടങ്ങിലെ മുഖ്യാതിഥി സി വി ബാലകൃഷ്ണനാണ്. ഒരു പുസ്തകം പോലും നേരെ ചൊവ്വെ വായിക്കാതെ എന്താണദ്ദേഹത്തെ കണ്ടാല്‍ പറയുക?, അങ്ങനെ ഞാന്‍ “ആയുസ്സിന്റെ പുസ്തകം” പതിയെ തുറന്ന് വായനയാരംഭിച്ചു.

ഒട്ടും മടുപ്പുളവാക്കിയില്ല ( പരല്‍മീന്‍ നീന്തുന്ന പാടം കുറച്ച് വായിച്ച് നിര്‍ത്തിയത് മടുത്തത് കൊണ്ടാണ് )

പൌലോ , തോമാ , യോഹന്നാന്‍ , റാഹേല്‍ , അന്ന , സാറാ , അച്ചന്‍ , യാക്കോബ് എന്നിങ്ങനെ ഒരിക്കലും അവസാനിക്കാതെ നീണ്ടുപോകുന്ന കഥാപാത്രങ്ങള്‍. ഇവര്‍ മനസ്സിന്റെ ഏതോ ഒരു കോണില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഇനി ഒരിക്കലും അവരെ മറക്കില്ല. ഏതാണ്ട് നോവലിന്റെ പകുതിയില്‍ പാപത്തെക്കുറിച്ച് പറയുന്നുണ്ട്. പാപത്തിന്റെ മുഴക്കത്തെക്കുറിച്ച്. (സുഭാഷ് ചന്ദ്രന്‍ കാണുന്ന നേരത്ത് എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മപുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായ് പറയുന്നുണ്ട് ) കൂടാതെ ലൈംഗികത ഈ നോവലിന് ഒരനിവാര്യതയാണ്. നോവലിന്റെ പലഭാഗങ്ങളിലായി ഇത് കടന്നുവരുന്നുണ്ട്.

പിന്നീടങ്ങോട്ട് ഒരു വേദപുസ്തകം വായിക്കും പോലെയും മറ്റുചിലപ്പോള്‍ ഒരു കവിതയോ കഥയോ വായിക്കും പോലെയും ഞാന്‍ ഇതിനുള്ളിലൂടെ സഞ്ചരിച്ചു.

വായിച്ചു തീര്‍ത്ത ശേഷം എനിക്ക് സി വി ബാലകൃഷ്ണനോട് എന്തെന്നില്ലാത്ത മതിപ്പ് തോന്നി.

പാപിയായ മനുഷ്യന്റെ അല്പായുസ്സിനെക്കുറിച്ച് എനിക്കിനി വാചാലനാകാം. പുണ്യപാപങ്ങളാല്‍ സമ്പന്നമായ ആ പുസ്തകത്തെ ഞാന്‍ വായിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനിക്കാം. പാപി എന്ന വാക്കിനോടും പാപം എന്ന പ്രവൃത്തിയോടും എനിക്ക് വല്ലാത്ത ഒരാരാധന തോന്നിതുടങ്ങി

അന്ന് രാത്രി ഉറങ്ങുമ്പോള്‍ ഏതാണ്ട് 2 മണിയായിരുന്നു. മനസ്സില്‍ മുഴുവന്‍ അവരായിരുന്നു. നിരന്തരം പാപങ്ങള്‍ ചെയ്ത് ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നും ഇറങ്ങി എന്നിലേക്ക് ചേക്കേറിയ ആത്മാക്കള്‍.

പിറ്റേന്ന് ഉണര്‍ന്നു. ഇന്നലെ വാങ്ങിച്ച ബാല്യകാലസഖി വീണ്ടും വായിച്ചു. ബഷീറിനെ ഒരോ തവണ വായിക്കുമ്പോഴും പിന്നെയും പിന്നെയും തുടര്‍ന്ന് വായിക്കുവാനുള്ള പ്രചോദനമാണുണ്ടാകുന്നത്.

ഉച്ചക്ക് ഷഹല്‍ വിളിച്ചു. വീട്ടിലേക്ക് വന്നു. മുകളിലെ നിലയില്‍ പോയി ഓരോന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അതായത് ദു:ഖവെള്ളിയുടെ അന്ന് ശൈലേട്ടനെ (സാക്ഷാല്‍ Schzylan Style’s Ownനെ ) വിളിച്ചതിനെപ്പറ്റി പറഞ്ഞു (അന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്, കഴിഞ്ഞ ദിവസം ഡി സി യില്‍ കണ്ടിരുന്നു ദേ ജാവൂനെ. വാങ്ങാന്‍ പറ്റിയില്ല. പക്ഷേ, ശൈലേട്ടനെക്കുറിച്ചെഴുതിയതില്‍ ഒരു ദു:ഖവെള്ളി ദിനത്തില്‍ ജനിച്ചു എന്ന വാചകം മനസ്സില്‍ തറഞ്ഞു നിന്നിരുന്നു ).

ചായകുടിക്ക് ശേഷം ഞങ്ങള്‍ സ്കൂളിലേക്ക് പുറപ്പെട്ടു. ചുവന്ന ചട്ടയുള്ള ആയുസ്സിന്റെ പുസ്തകം മറക്കാതെ കയ്യില്‍ പിടിച്ചിരുന്നു, എഴുത്തുകാരന്റെ കയ്യൊപ്പ് പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ.

ഷഹലിന്റെ സൈക്കിളില്‍ ഞങ്ങള്‍ ചെമ്പല്ലിക്കുണ്ട് വഴി വെങ്ങര ഹിന്ദു എല്‍ പി സ്കൂളില്‍ എത്തി. ഏതാണ്ട് എല്ലാവരും എത്തിത്തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളു. എനിക്ക് അടിത്തറ പാകിയ വിദ്യാലയമാണിത്. എന്റെ നീണ്ട അഞ്ച് വര്‍ഷത്തെ ഓര്‍മ്മകള്‍ക്ക് ജീവന്‍ വച്ചതു പോലെ തോന്നി.

എന്നെ പഠിപ്പിച്ച അധ്യാപകരെയെല്ലാം കണ്ടു. എന്നെ ഒറ്റ നോട്ടത്തില്‍ മനസ്സിലായത് ഹേമ ടീച്ചര്‍ക്കുമാത്രമായിരുന്നു (എന്നെ മൂന്നാം ക്ലാസില്‍ ടീച്ചര്‍ പരിസരപഠനം പഠിപ്പിച്ചിരുന്നു). കണ്ടയുടനെ എന്നെ അടുത്ത് വിളിച്ച് കുശലം ചോദിച്ചു. എന്നെ ഇത്രകാലത്തിനു ശേഷവും തിരിച്ചറിഞ്ഞിരിക്കുന്നു.

എനിക്കന്ന് 10 വയസ്സാണ് ഇന്ന് 17 കഴിഞ്ഞിരിക്കുന്നു. ഏഴ് വര്‍ഷംകൊണ്ട് എന്തൊക്കെ സംഭവിച്ചു. എന്നിട്ടും. എനിക്കതില്‍ അഭിമാനം തോന്നി. ടീച്ചറുടെ തൊട്ടടുത്ത് നിന്ന തുളസിടീച്ചര്‍ക്ക് എന്നെ മനസ്സിലായില്ല എന്നു തോന്നുന്നു. ഞാനെന്നും ഓര്‍ക്കുന്നത് തുളസിടീച്ചറെയാവും. ഒരുപക്ഷേ ഹേമടീച്ചറേക്കാളേറെ.

സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് വനജ ടീച്ചര്‍ ഇന്ന് വെങ്ങര ഹുന്ദു എല്‍ പി സ്കൂളിനോട് വിട പറയുകയാണ്, നീണ്ട 33 വര്‍ഷത്തെ അധ്യാപനജീവിതത്തോടും. ടീച്ചര്‍ എന്നെ അന്ന് സയന്‍സ് ആണ് പഠിപ്പിച്ചിരുന്നത്. ടീച്ചറെ പലപ്പോഴായി കാണാറുണ്ടായിരുന്നു. സംസാരിക്കുകയും ചെയ്തിരുന്നു.

ഏതാണ്ട് 4 മണിയോടെ പരിപാടി ആരംഭിച്ചു. ഞങ്ങള്‍ ഏറ്റവും പുറകിലാണിരുന്നത് ( സി വി യെ കാണാനുള്ള എളുപ്പത്തിനു വേണ്ടിയാണ് ) .പ്രാര്‍ഥനയോടെ പരിപാടി ആരംഭിച്ചു. സി വി ബാലകൃഷ്ണന്‍ അത് വരെ എത്തിയില്ലായിരുന്നു. അല്പം നിമിഷ്ങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒരു അംബാസിഡര്‍ കാറില്‍ സ്കൂളിലെത്തി. പച്ച ഷറ്ട്ടും മുണ്ടുമായിരുന്നു വേഷം .അദ്ദേഹം ഒരു ചെറുപുഞ്ചിരി തൂകിക്കൊണ്ട് വേദിയിലേക്ക് നടന്നു.

ബഹു: മന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനു ശേഷം..അദ്ദേഹം സംസാരിച്ചു തുടങ്ങി. ഒരുപാടു നേരം. അതു മുഴുവന്‍ കേട്ടില്ല. ഞങ്ങള്‍ അതിനിടയില്‍ ചായ കുടിക്കാന്‍ പോയിരുന്നു. ശേഷം സ്റ്റേജിലേക്ക് നടന്നു. പരിപാടി ഏതാണ്ട് തീരാറായിരിക്കുന്നു. ആശംസപറച്ചിലുകള്‍ക്കും നന്ദിക്കും ശേഷം വേദിയില്‍ നിന്നിറങ്ങിവരുന്ന സാക്ഷാല്‍ സി വി ബാലകൃഷ്ണന്റെ പിന്നാലെ ഞങ്ങളും നടന്നു. ആദ്യം ഒന്ന് പുഞ്ചിരിച്ചു. തിരിച്ചും. പിന്നെ ഒന്ന് നിന്നു. വീട്ടില്‍ നിന്നും മറക്കാതെ എടുത്ത ചുവന്ന ചട്ടയുള്ള ആയുസ്സിന്റെ പുസ്തകം പുറത്തെടുത്ത് അദ്ദേഹത്തിനു നേരെ നീട്ടി. അതു വാങ്ങി യാന്ത്രികമായി തന്നെ തന്റെ കീശയില്‍ നിന്നും പേനയെടുത്ത ശേഷം ഞങ്ങളുടെ പേര് തിരക്കി അപ്പൊഴും മുഖത്ത് മായത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ഞങ്ങള്‍ പേര് പറഞ്ഞു. അദ്ദേഹം പുസ്തകത്തില്‍ രണ്ടു വരിയെഴുതി. പുസ്തകം തിരികെ തന്നു. ഞങ്ങള്‍ക്ക് കൈ തന്നു പിരിഞ്ഞു.

പിന്നീട് ഞങ്ങള്‍ അവിടെ നിന്നില്ല..

“..മനുഷ്യന്റെ ആയുസ്സ്‌ പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ്‌ അതിന്മേൽ അടിക്കുമ്പോൾ അത്‌ ഇല്ലാതെപോകുന്നു;അതിന്റെ സ്ഥാനം പിന്നെ അതിനെ അറിയുകയുമില്ല…”

Share.

About Author

150q, 0.827s