Leaderboard Ad

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങോ?

1

മാതാ അമൃതാനന്ദമയിയെയും മഠത്തെയും കുറിച്ച്‌ അവരുടെ ശിഷ്യയായിരുന്ന ഗെയ്‌ല്‍ ട്രെഡ്‌വെല്‍ എന്ന ആസ്‌ത്രേലിയന്‍ വനിതയുടെ ആത്മകഥാപരമായ പുസ്‌തകത്തോട്‌ ഫെയിസ്‌ബുക്കില്‍ പ്രതികരിച്ചവര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ്‌ കേസ്സെടുത്തത്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകാശന സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള ഭരണകൂട കടന്നാക്രമണമാണ്‌. ശ്രീമതി ഗെയ്‌ല്‍ ട്രെഡ്‌വെല്‍ എഴുതിയ “വിശുദ്ധ നരകം-വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ്‌” എന്ന പുസ്‌തകമാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌. അലൗകികമായ പരിവേഷത്തില്‍ വിശ്വാസികളുടെ ലോകത്ത്‌ വിരാജിക്കുന്ന ആള്‍ദൈവങ്ങളുടെ ക്രൂരവും മനുഷ്യത്വരഹിതവും സംഭ്രമജനകവുമായ കഥകളാണ്‌ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ അനാവരണം ചെയ്‌തിരിക്കുന്നത്‌. അവരുടെ അനുഭവങ്ങളെന്നനിലയില്‍. വിവരവിപ്ലവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റിലൂടെ ഈ പുസ്‌തകം അതിവേഗം പ്രചരിക്കുകയായിരുന്നു. ആള്‍ദൈവങ്ങളുടെ ലോകത്ത്‌ ഇത്‌ സ്വാഭാവികമായും കോളിളക്കം സൃഷ്‌ടിച്ചു.

കേരളത്തില്‍ മാസ്‌ഹിസ്റ്റീരിയയായി കഴിഞ്ഞ അമൃതാനന്ദമയിയെ പോലുള്ള ഒരു ആള്‍ദൈവത്തിനെതിരായ വെളിപ്പെടുത്തലുകള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്‌ സ്വാഭാവികമാണ്‌. എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടും. നവമാധ്യമങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തപ്പെടുന്നതും സ്വാഭാവികം. സാധാരണമതത്തിനും മതാരാധനക്കും നല്‍കാനാവാത്ത, അതിന്റെ വ്യവസ്ഥാപിതമായ പുരോഹിതന്മാര്‍ക്കും നല്‍കാനാവാത്ത രോഗശാന്തിയും ദുരിതനിവാരണവുമാണല്ലോ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നത്‌. ദര്‍ശനവും സ്‌പര്‍ശനവും ഭക്തിഗാനാലാപനങ്ങളും വഴി അത്ഭുതഗുണഫലങ്ങളാണ്‌ അവര്‍ ഭക്തര്‍ക്ക്‌ നല്‍കുന്നത്‌! അത്ഭുതരോഗശാന്തിമുതല്‍ അഭൗമമായ ആത്മശാന്തിവരെ! ആനന്ദനിര്‍വൃതിയുടെ ആത്മീയ വാണിജ്യമാണ്‌ ആള്‍ദൈവങ്ങള്‍ വിശ്വാസത്തിന്റെ വിപണിയില്‍ നടത്തിപ്പോരുന്നത്‌.

ഗെയ്‌ല്‍ ട്രെഡ്‌വെല്‍ മഠവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ലൈംഗിക അരാജക ത്വവും സാമ്പത്തിക ക്രമക്കേടുകളും അവിശുദ്ധമായ പണസമ്പാദനവുമെല്ലാം തന്നെ ആത്മകഥയില്‍ തുറന്നെഴുതുന്നു. അമൃതാനന്ദമയിക്കും അവരുടെ പ്രഥമ ശിഷ്യനായ അമൃതസ്വരൂപാനന്ദക്കെതിരെ ഗൗരവമേറിയ പരാമര്‍ശങ്ങളാണ്‌ പുസ്‌തകത്തില്‍ ഉന്നയിച്ചിരിക്കുന്നത്‌. ഇത്‌ ബോധപൂര്‍വ്വമായി മഠത്തെയും അമൃതാനന്ദമയിയെയും അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനുമുള്ള ഗെയ്‌ല്‍ ട്രെഡ്‌വെലിന്റെ ശ്രമമാണെന്ന വിശദീകരണമാണ്‌ അമൃതാനന്ദമയി മഠം അധികാരികള്‍ നല്‍കുന്നത്‌. പുസ്‌തകം ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം ഇത്തരം ആത്മീയവാണിജ്യ സ്ഥാപനങ്ങളില്‍ ലോകത്തെല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. മഠത്തിന്റെ അന്താരാഷ്‌ട്രബന്ധങ്ങളും ക്രിമിനല്‍ സാഹചര്യവും പുസ്‌തകം പ്രതിപാദിക്കുന്നുണ്ട്‌. ആശ്രമത്തില്‍ വെച്ച്‌ നിരവധി തവണ താന്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി എന്ന്‌ അവര്‍ തുറന്നെഴുതിയിരിക്കുന്നു. ഇതിലവര്‍ ഉന്നയിക്കുന്ന കാര്യങ്ങളുടെ വസ്‌തുതകളെയും നിജസ്ഥിതിയെയും കുറിച്ച്‌ പലര്‍ക്കും വിയോജിപ്പുണ്ടാകാം വിമര്‍ശനമുണ്ടാകാം. മഠം അധികാരികള്‍ക്ക്‌ ആശ്രമം വിട്ടുപോയ ഒരു പഴയ അന്തേവാസിയുടെ പ്രതികാര മനോഭാവത്തില്‍ നിന്ന്‌ വരുന്ന ആരോപണങ്ങളാണെന്ന അഭിപ്രായങ്ങളുമുണ്ടാകാം.

ഗെയ്‌ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയെക്കുറിച്ച്‌ അധികൃതര്‍ക്ക്‌, മഠം അധികാരികള്‍ക്ക്‌ പരാതിയുണ്ടെങ്കില്‍ അനേ്വഷിക്കാവുന്നതാണ്‌. നടപടിയെടുക്കാവുന്നതാണ്‌. അല്ലാതെ അവരുടെ പുസ്‌തകത്തെ ലൈക്ക്‌ ചെയ്‌ത്‌ പ്രതികരിച്ചവര്‍ക്കും അഭിപ്രായം ഷെയര്‍ ചെയ്‌തവര്‍ക്കുമെതിരെ കേസ്‌ എടുക്കുന്നത്‌ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്‌. അത്‌ പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ്‌.

സത്‌നാംസിംഗിന്റെ ദുരൂഹമായ മരണമടക്കം അമൃതാനന്ദമയീമഠവും കരുനാഗപ്പള്ളി പോലീസുമായുള്ള അവിഹിതവും കുറ്റകരവുമായ ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങള്‍ കേരളീയസമൂഹത്തിനുണ്ട്‌. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ്‌ കേസ്സെടുത്തിരിക്കുന്നതെന്നത്‌ പ്രശ്‌നത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നു. കോര്‍പ്പറേറ്റ്‌ മാധ്യമങ്ങള്‍ മറച്ചുപിടിക്കുന്ന പലകാര്യങ്ങളും സോഷ്യല്‍മീഡിയയിലൂടെയാണ്‌ ഇന്ന്‌ ചര്‍ച്ച ചെയ്യപ്പെടുന്നതും പ്രചരിക്കുന്നതും.

നവമാധ്യമത്തിലിടപെടുന്നവരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയാണ്‌ കേസ്സെടുത്തുകൊണ്ട്‌ കേരള പോലീസ്‌ കൂച്ചുവിലങ്ങിടാന്‍ മുതിര്‍ന്നിരിക്കുന്നത്‌. തന്നെ എതിര്‍ക്കുവാനുള്ള നിങ്ങളുടെ സ്വതന്ത്ര്യത്തിന്‌ വേണ്ടി തൂക്കുമരത്തിലേറാന്‍ ഞാന്‍ തയ്യാറാണെന്ന്‌ പ്രഖ്യാപിച്ച വേള്‍ട്ടയാറിനെപ്പോലുള്ള വിചാര വിപ്ലവനായകരാണ്‌ ആധുനിക ജനാധിപത്യബോധത്തിന്‌ ആശയടിത്തറയിട്ടത്‌. ജനാധിപത്യമെന്നത്‌ വിമര്‍ശിക്കാനും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്‌. വോള്‍ട്ടയറുടെ ജീവചരിത്രമെഴുതിയ ഈവ്‌ലിന്‍ബിയാട്രീസ്‌ഹാള്‍ വിയോജിപ്പുള്ളകാര്യം ആവിഷ്‌കരിക്കുവാന്‍ വ്യക്തികള്‍ക്കുള്ള അധികാരമാണ്‌ സ്വാതന്ത്ര്യമെന്ന്‌ നിര്‍വ്വചിക്കുന്നുണ്ട്‌. നിലനില്‍ക്കുന്ന എന്തിനെയും വിമര്‍ശിക്കാനും തങ്ങളുടെതായ വീക്ഷണമനുസരിച്ച്‌ ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്ന സാഹചര്യമാണ്‌ ഫാസിസത്തെ വളര്‍ത്തുന്നത്‌. സര്‍ഗ്ഗസൃഷ്‌ടിയുടെയും രചനകളുടെയും പേരില്‍ ഒരാളെയും വേട്ടയാടാന്‍ പാടില്ലെന്നാണ്‌ ജനാധിപത്യത്തിന്റെ മൗലികപ്രധാനമായ വീക്ഷണം. ദുരധികാരത്തിന്‌ കീഴില്‍ എല്ലായിപ്പോഴും സംഭവിക്കുന്നത്‌ ഭിന്നാഭിപ്രായക്കാരോടുള്ള അസഹിഷ്‌ണുത വളര്‍ത്തിയെടുക്കുന്നു എന്നതാണ്‌.
മധ്യകാലികമായ പൗരോഹിത്യ വാഴ്‌ചയുടെ ധര്‍മ്മശാസ്‌ത്രങ്ങളെ ചോദ്യംചെയ്‌തും ഇല്ലാതാക്കിയുമാണ്‌ ചരിത്രത്തില്‍ ജനാധിപത്യവ്യവസ്ഥ വളര്‍ന്നുവന്നത്‌. മതകുറ്റവിചാരണയുടെയും വിജ്ഞാനവിരോധത്തിന്റെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും അധികാരക്രമത്തെയാണ്‌ ജനാധിപത്യവിപ്ലവങ്ങള്‍ ചോദ്യം ചെയ്‌തത്‌. നവലിബറല്‍ നയങ്ങള്‍ ഇന്ന്‌ മധ്യകാലിക ജീര്‍ണ്ണതകളെക്കൂടി പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ്‌ മൂലധനാധികാരം ഉറപ്പിച്ചെടുക്കുന്നത്‌. ജൂതവിരോധത്തിന്റെയും ആര്യവംശ മേന്മയുടെയും പ്രത്യയശാസ്‌ത്ര നിര്‍മ്മിതിയിലൂടെയാണ്‌ ഹിറ്റ്‌ലര്‍ ജര്‍മ്മനി കീഴടക്കിയത്‌. 1933-ല്‍ ജൂത-ഫ്രഞ്ച്‌-അമേരിക്കന്‍ എഴുത്തുകാരുടെ 25000 ലേറെ പുസ്‌തകങ്ങള്‍ ചുട്ടുകരിച്ചുകൊണ്ടാണ്‌ ഹിറ്റ്‌ലര്‍ ഫാസിസത്തിന്റെ അക്ഷരവിരോധം ലോകത്തെ ബോധ്യപ്പെടുത്തിയത്‌. ഷെക്‌സ്‌പിയര്‍ കൃതികള്‍ ഗ്രന്ഥാലയങ്ങളില്‍ നിന്ന്‌ മാറ്റുകയും പകരം അശ്ലീല പുസ്‌തകങ്ങള്‍ പ്രചരിപ്പിക്കുകയാണ്‌ നാസികള്‍ ചെയ്‌തത്‌.

അമേരിക്കയില്‍ 1938 ലെ റെഡ്‌സമ്മര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട തൊഴിലാളിമുന്നേറ്റത്തെ ഭീകരമായി അടിച്ചമര്‍ത്തുകയുമായിരുന്നല്ലോ. കമ്യൂണിസ്റ്റ്‌ വിരോധത്തിന്റെ ഉന്മാദം സൃഷ്‌ടിച്ച്‌ തൊഴിലാളിപ്രവര്‍ത്തകരെ വേട്ടയാടുകയായിരുന്നു അമേരിക്കന്‍ ഭരണകൂടം. ഹോളിവുഡിലെ കമ്യൂണിസ്റ്റുകാരുമായി ബന്ധമുള്ള തിരക്കഥാകൃത്തുക്കള്‍ തൊട്ട്‌ എഴുത്തുകാരുടെ സമൂഹത്തെയാകെ രഹസ്യപോലീസുകാര്‍ മണത്തുനടന്നു. ചാരവലയങ്ങള്‍ക്കകത്ത്‌ സര്‍ഗ്ഗസൃഷ്‌ടികളും എഴുത്തുകാരും നിരന്തരമായി നിരോധനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടു. പില്‍ക്കാലത്തെ മക്കാര്‍ത്തിയന്‍ വേട്ട ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ സര്‍ഗ്ഗരചനകള്‍ക്കും കൂച്ചുവിലങ്ങിടുന്നതുകൂടിയായിരുന്നു.
എല്ലാ ജനാധിപത്യഭരണകൂടങ്ങളും എഴുത്തുകാരെയും അവരുടെ രചനകളെയും നിരോധനം കൊണ്ടും തടവറകള്‍കൊണ്ടും വേട്ടയാടിയിട്ടുണ്ട്‌. വേള്‍ഡ്‌ ട്രേഡ്‌സെന്റര്‍ സംഭവത്തിനുശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ലോകത്തെല്ലായിടത്തും ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്‌. ഇസ്ലാമോഫോബിയ അമേരിക്കന്‍ ഭരണകൂടത്തെയും അവരുടെ രഹസ്യാനേ്വഷണവിഭാഗങ്ങളെയും എല്ലാത്തിനെയും സംശയിക്കുന്ന ദുരവസ്ഥയിലേക്കാണ്‌ എത്തിച്ചിരിക്കുന്നത്‌. സല്‍മാന്‍ റഷ്‌ദിയും തസ്ലിമയും മതാധികാര ഭരണകൂടങ്ങളാല്‍ വിലക്കേര്‍പ്പെട്ടവരായിരുന്നു. ഇന്ത്യയില്‍ വിശ്രുതചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ തന്റെ രചനകളുടെപേരില്‍ സംഘപരിവാര്‍ ശക്തികളാല്‍ വേട്ടയാടപ്പെട്ടു. പൗരത്വംപോലും ഉപേക്ഷിച്ച്‌ നാടുവിടേണ്ടിവന്നു. ഇന്ത്യയെ ചിത്രകലയുടെ വിശ്വഭൂപടത്തിലേക്ക്‌ എത്തിച്ച ആ കലാകാരന്‌ ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളാനുള്ള സ്വാതന്ത്ര്യം പോലും സംഘപരിവാര്‍ ശക്തികള്‍ നിഷേധിച്ചു. മൈ നെയിം ഈസ്‌ ഖാന്‍ എന്ന സിനിമക്കെതിരെ ശിവസേനക്കാര്‍ നടത്തിയ കടന്നാക്രമണങ്ങള്‍ നാം മറക്കാറായിട്ടില്ല. ഷാരൂഖ്‌ഖാന്‍ എന്ന നാമത്തിന്റെ പേരില്‍ ഇന്ത്യയുടെ വിഖ്യാത ചലച്ചിത്രകലാകാരന്‌ അമേരിക്കയില്‍ എഫ്‌.ബി.ഐയുടെ പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാകേണ്ടിവന്നു.
ശിവസേന മേധാവി ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റിങ്ങിന്റെ പേരില്‍ രണ്ടുപെണ്‍കുട്ടികളുടെ പേരില്‍ കേസ്സെടുത്ത സംഭവം സൈബര്‍ സ്‌പെയ്‌സിലെ സ്വതന്ത്രമായ ഇടപെടലുകള്‍ക്കു നേരെയുള്ള കടന്നാക്രമണമെന്ന തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. ഷഹീംദാദയും അവളുടെ സുഹൃത്ത്‌ രേണുവും ഇതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു. ഭരണകൂടം അവരെ ജയിലിലടച്ചു. ഇവിടെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശിവസേനയുടെ പിന്‍തുടര്‍ച്ചക്കാരാവുകയാണോ?

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനും നേരെ കരിനിഴല്‍ വീഴ്‌ത്തുന്ന ഫാസിസത്തിന്റെ എല്ലാ രൂപങ്ങളെയും ജനാധിപത്യബോധമുള്ളവര്‍ എതിര്‍ത്തുതോല്‍പ്പിക്കണം. സൈബര്‍ സ്‌പെയ്‌സിനെ കോര്‍പ്പറേറ്റ്‌ മൂലധനശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്‌ട്രീയപ്രചാരവേലയുടെയും പ്രത്യയശാസ്‌ത്ര നിര്‍മ്മിതിയുടെയും ഇടമായി വിട്ടുകൊടുത്തുകൂടാ. സ്വതന്ത്രമായ വാക്കുകളെയും പ്രതികരണങ്ങളെയും ഞെരിച്ചുകൊല്ലാനുള്ള അധികാരകേന്ദ്രങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ സ്വാതന്ത്ര്യസ്‌നേഹികളും രംഗത്തിറങ്ങണം. ആള്‍ദൈവങ്ങളുടെയും മതാധികാരശക്തികളുടെയും താല്‌പര്യങ്ങള്‍ക്കുവേണ്ടി ആശയവിനിമത്തിന്റെയും സംവാദത്തിന്റെയും നവമാധ്യമ രംഗത്തെ ജനകീയ ഇടപെടലുകള്‍ക്ക്‌ കൂച്ചുവിലങ്ങിടാനുള്ള ഭരണകൂട നീക്കങ്ങളെ തുറന്നെതിര്‍ക്കണം. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയില്‍ പറയുമ്പോലെ സുഹൃത്തേ ഭീരുത്വം മൂലം ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല. ഇതാ ഒരു കാഞ്ചിപീഠം ശങ്കരാചാര്യര്‍…… ഇതാ ഒരു ആശാറാംബാപ്പു….

-കെ.ടി.കുഞ്ഞിക്കണ്ണന്‍

Share.

About Author

133q, 0.826s