Leaderboard Ad

ഇനി ഒന്ന് കണ്ടുനോക്കാം

0

പാതി മറച്ച കണ്ണ് കൊണ്ടൊന്നു നോക്കട്ടെ…
വർഗ്ഗീകരണം കഴിയുമ്പോൾ
എല്ലാം തിളങ്ങുന്നുണ്ട്….
ഇടയ്ക്കിടെ നഖത്തിൽ
മഷി പുരട്ടാൻ മാത്രം
പ്രത്യക്ഷരാവുന്നുണ്ട്…
പട്ടിണികൊണ്ട് അദൃശ്യരായവർ.
സ്വർണ്ണത്തിനു നട്ടെല്ല് പണിയുന്ന,
ചെമ്പ് തരികൾ പോലെയുള്ളവർ
തിളക്കത്തിനടിയിൽ
മറയ്ക്കപ്പെട്ടുപോയവർ …..

ഇനി മതി..എന്തിനാണീ
ആത്മാവില്ലാത്ത സുവിശേഷങ്ങൾ…
നോക്കിയിരിക്കാം ഈ
സമ്പത്തിന്റെ കല്ക്കരി പാടങ്ങളിൽ…
കഴുകൻ കണ്ണുകളെ എണ്ണിനോക്കാം…
ഗോതമ്പ് പാടങ്ങളി ൽ നോട്ടമെറിയരുത്
അവ വിതക്കപ്പെടും
കൊയ്യപ്പെടും
കണ്ടു മാത്രം വയറു നിറക്കുന്നുണ്ടാവും
മൂക്കൊലിപ്പിച്ച ബാല്യങ്ങൾ
മനം പുരട്ടുന്ന കാഴ്ചകളെന്തിനു ?
കണ്ണുകൾ പാതി മറക്കപ്പെട്ടല്ലോ …
കൈപിടിച്ചിനി ഉല്ലസിച്ച് നടക്കാം
ഇരുട്ട് മൂടാൻ തുടങ്ങും വരെ

രാത്രിയിൽ ചേക്കേറുമ്പോൾ,
മൊബൈൽ ടവറുകൾ തുപ്പുന്ന
കോർപ്പറേറ്റ് തരംഗങ്ങളെ …
ആവോളം ആവാഹിച്ചെടുക്കണം
തരംഗദൂരത്തിരുന്നു
അശ്ലീലം പറഞ്ഞു മടുക്കുമ്പോൾ
വരൂ ….നമുക്കീ
റസ്റ്റോറന്റിനു കീഴിൽ
പൊരിച്ച കോഴിക്ക് മുന്നിലിരുന്നു
കൊളസ്ട്രോൾ പ്രണയങ്ങളെ കുറിച്ച്
സംസാരിക്കാം…..

മെർലിൻ ജോസഫ്‌

Share.

About Author

140q, 0.711s