Leaderboard Ad

ഇന്നത്തേത് അരാഷ്ട്രീയത ഭക്ഷിക്കുന്ന യുവത്വം

0

സൈമണ്‍ ബ്രിട്ടോ

“എന്‍റെ ശത്രുവിനു ഞാൻ മരിച്ചു കാണണമായിരുന്നു, അതിനെ പരാജയപ്പെടുത്തിയ സമരമായിരുന്നു എന്‍റെ ജീവിതം.” പോരാടുന്നവർക്ക് കരുത്തുപകരുന്നതാണ് സൈമണ്‍ ബ്രിട്ടോ ഒരു ഇംഗ്ലീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിലെ ഈ വാക്കുക്കൾ.  ഹൃദയം, കരൾ, സുഷുമ്നനാഡി തുളച്ച്  വലതുപക്ഷ പ്രത്യയ ശാസ്ത്രത്തിന്റെ കൊലക്കത്തി നാല് തവണയാണ് ബ്രിട്ടോയുടെ ശരീരത്തിലൂടെ ആഴ്ന്നിറങ്ങിയത്. ” ആ മുഖം എനിക്കിപ്പോഴും ഓർമയിലുണ്ട്” തെല്ലും വിദോഷമില്ലാതെ ബ്രിട്ടോ പറഞ്ഞു.

കേരളത്തിലെ ക്യാമ്പസ്സുകൾ പുതിയ ആശയ തലങ്ങൾ തേടിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ ആയിരുന്നു സൈമണ്‍ ബ്രിട്ടോ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. കെ എസ് എഫും പിന്നീട് എസ് എഫ് ഐ യും മുന്നോട്ടു വച്ചത് കേവല ആശയവാദങ്ങൾ മാത്രമായിരുന്നില്ല, കാമ്പസിന്റെ   എല്ലാ മേഖലകളിലും   ഇടപെട്ട് ക്യാമ്പസിനു ഒരു ധിഷണ തലം രൂപപ്പെടുത്തിയ പരിവർത്തനത്തിന്റെ കാലം. വിദ്യാർഥികളെയും യുവജനങ്ങളെയും  മുഴുവൻ സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും, സോഷ്യലിസത്തിന്റെയും സ്വച്ഛന്ദതയിലെക്ക് നയിച്ചുക്കൊണ്ടിരുന്ന ഒരു കാലഘട്ടം.

1983 ലെ ആ കറുത്ത ഒക്ടോബര്‍ 14 നു ശേഷവും പോരാട്ടങ്ങൾ കൈമുതലാക്കി ബ്രിട്ടോ അതിജീവിച്ചു. ഏകാന്തതയിൽ സർഗാത്മകതയുടെ വിത്തുകൾ പൊട്ടി മുളച്ചു. അതിന്റെ സ്പന്ദിക്കുന്ന രേഖകളായി മൂന്നു നോവലുകൾ “അഗ്രഗാമി”, “മഹാരൗദ്രം”, “നകുലിന്റെ നോട്ടു പുസ്തകം”

  1954 മാര്‍ച്ച് 27 നു എറണാകുളത്തെ പോഞ്ഞികരില്‍ ഒരു യാഥാസ്ഥിതിക ആഗ്ലോ- ഇന്ത്യന്‍‍ കുടുംബത്തില്‍ ആണ് സൈമണ്‍ ബ്രിട്ടോ ജനിച്ചത്‌. പിതാവ് നികോളാസ് റോഡ്രിഗസിനെയും മാതാവ്‌ ഐറിന്‍ റോഡ്രിഗസിനെയും പോലെ തന്നെ ചെറുപ്പത്തില്‍ തന്നെ പള്ളിയുമായും വിശ്വാസങ്ങളുമായും വളരെ അടുത്ത് നിന്ന ബ്രിട്ടോ വിദ്യാഭാസവും വായനയും ജീവിതാനുഭവങ്ങളും കാണിച്ചു കൊടുത്ത വഴിയില്‍ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനവുമായി അടുത്തു. KSF യൂണിറ്റ് സെക്രട്ടറി ആയി സംഘടനപ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടോ, SFI സംസ്ഥാന വൈസ് പ്രസിഡണ്ട്, കേരള സര്‍വകലാശാല സ്റ്റുഡണ്ട് കൌണ്‍സില്‍‍ സെക്രട്ടറി, കേരള ഗ്രന്ഥശാലാസംഘം സംസ്ഥാന പ്രതിനിധി, നിയമസഭാംഗം തുടങ്ങി ഒട്ടേറെ ചുമതലകളള്‍‍ വഹിച്ചിട്ടുണ്ട്‌. കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന സമരപോരട്ടങ്ങള്‍ക്ക് കരുത്തു പകരാ൯ അരക്കു താഴെ തളര്‍ന്ന ശരീരവും തളരാത്ത  വിപ്ലവ മനസുമായി  സൈമണ്‍ ബ്രിട്ടോ ഓടി എത്തുന്നു. അതിനു യാഥാസ്ഥിക ചുറ്റുപാടുകളോടു നിരന്തരം നടത്തിയ ഏറ്റുമുട്ടലുകളും ജീവിതാനുഭവങ്ങളും വിശ്വസിക്കുന്ന രാഷ്ട്രിയത്തിന്‍റെ ബൌദ്ധിക പിന്തുണയും അദ്ദേഹത്തിനു  കരുത്തുപകരുന്നു.

നേർരേഖ പ്രതിനിധി ആദർശ് കുര്യാക്കോസ്  സൈമണ്‍ ബ്രിട്ടോയുമായി നടത്തിയ സംഭാഷണത്തില്‍‍ നിന്ന്.

* സൈമണ്‍ ബ്രിട്ടോ എന്ന കമ്മ്യൂണിസ്റ്റ്‌ രൂപപ്പെടുന്നത് എങ്ങനെയാണ്?

വളരെ ഓര്‍ത്തഡോക്സ് ആയിട്ടുള്ള, അല്ലെങ്കില്‍ പള്ളിയോടു വളരെ അടുത്ത് നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. അതുപോലെതന്നെ വളെരെ അധികം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മായിട്ടുള്ള ഒരു കേന്ദ്രം കൂടിയായിരുന്നു എന്‍റെ പ്രദേശം. അവരുടെ ഒക്കെ കമ്മ്യൂണിസത്തോടുള്ള ആക്രമണം കണ്ടിട്ടാണ് ഇതെന്താണ് എന്ന് അറിയാനുള്ള ജിജ്ഞാസ ഉണ്ടാകുന്നത്. അപ്പൊ അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു, അതിനൊപ്പം എന്നില്‍ reasoning വളര്‍ന്നു. Reason ഒരു പ്രധാന ഘടകമാണ്, നമ്മള്‍ അക്ഷരങ്ങള്‍ കൂട്ടി വായിക്കാ൯ തുടങ്ങുമ്പോള്‍‍ നമ്മളില്‍ reasoning ability വളരുന്നു. സമൂഹത്തിന്‍റെ ചട്ടക്കൂടുകളോട് സമരസപ്പെടാന്‍ കഴിയാതെ വരുമ്പോള്‍‍ നമ്മള്‍ അതിനോട് revolt ചെയ്യും, പലപ്പോഴും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ‍ കിട്ടാതെ വരുമ്പോഴാണ് ഇത്തരത്തില്‍ പ്രതിരോധിക്കാ൯ നമ്മളെ പ്രേരിപ്പിക്കുന്നത്. നമ്മള്‍ വായനയിലൂടെ, അനുഭവങ്ങളിലൂടെ കണ്ടെത്തുന്ന reason അതിനു വഴിമരുന്നിടുന്നു. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ ചെറുകാടിന്‍റെ ‘ശനിദശ’ തുടങ്ങിയ പുസ്തകങ്ങള്‍ എന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു. പിന്നെ ഉണ്ടായിരുന്നത് വിദ്യാഭാസ കാലഘട്ടം, അതൊരു ചെറിയ സ്വാധീനമായിരുന്നില്ല. 1960-70 കളിലെ വിദ്യാഭാസകാലം എല്ലാ തരത്തിലും സ്വാധീനിച്ചു. ഷുഭിതയൌവ്വനത്തിന്‍റെ കാലമെന്നൊക്കെ അറിയപ്പെടുന്ന അക്കാലത്തെ യുവാക്കള്‍ എല്ലാത്തിനോടും വളരെ violent ആയി പ്രതികരിച്ചിരുന്നു. ഞങ്ങളുടെ ചര്‍ച്ചകളില്‍ എല്ലാ മേഖലകളും കടന്നു വന്നിരുന്നു. അതൊക്കെ എന്നിലെ കമ്മ്യൂണിസ്റ്റിനെ വളര്‍ത്തി.

സൈമണ്‍  ബ്രിട്ടോ

* വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ്   പൊതു പ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. അന്നത്ത സാഹചര്യങ്ങളെ ഒന്ന് ഓര്‍ത്തെടുക്കാമോ?

ഞാന്‍ KSF ലൂടെയാണ് വന്നത്, അതാണ് SFI യുടെ മൂലരൂപം, പിന്നീടാണ് SFI ആയത്. 1969 ല്‍ സ്കൂള്‍ യൂണിറ്റ് സെക്രട്ടറി ആയിട്ടാണ് തുടക്കം. ഇന്ന് എവിടെയൊക്കെ SFI ശക്തമാണോ അവിടൊക്കെ KSU ആയിരുന്നു അന്ന് ശക്തം. അതിനു ബദലായി ഞങ്ങള്‍ ഒരു ആശയ ലോകം മുന്നോട്ടു വച്ചു, അത് കേവലം ആശയ ലോകമായിരുന്നില്ല മറിച്ച് ക്യാമ്പസിന്‍റെ എല്ലാ മേഖലകളിലും നമ്മള്‍ ഇടപെട്ട് ക്യാമ്പസിനു ഒരു ബൌദ്ധിക തലം രൂപപ്പെടുത്തി, നമ്മള്‍ ഒരു പുതിയ ലോകത്തെ തൊട്ടു കാണിച്ചു, ക്യാമ്പസിന് പുതിയ സ്വപ്നങ്ങളും പുതിയ വീര്യവും കരുത്തും കൊടുത്തു. അന്ന് ഞങ്ങള്‍ക്ക് ഒരു അക്കാദമിക്ക് കരിയര്‍ ആയിരുന്നില്ല ലക്ഷ്യം, ഞങ്ങളുടെ ഏക ലക്ഷ്യം സമൂഹത്തില്‍ മാറ്റമുണ്ടാക്കുക എന്നതായിരുന്നു. പതിയെ പതിയെ ക്യാമ്പസുകള്‍ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തെ വാരിപുണരുന്നതാണ് പിന്നീട് കണ്ടത്.

* ഇന്നത്തെ കാലത്തേക്ക് വന്നാല്‍, ഇന്നത്തെ യുവത്വത്തെ സഖാവ് എങ്ങനെ വിലയിരുത്തും?

  ഇന്നത്തെ കാലത്ത് കുട്ടികള്‍ വളരെ job oriented  ആണ്. Easy money, Easy thoughts, Easy life അതാണ് ബഹുഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം. ഒരു ചുരുങ്ങിയ വൃത്തതിനുള്ളിലാണ്‌ അവരുടെ communication മുഴുവ൯. അതിനു പുറത്തു ഒരു ലോകമുണ്ടെന്നു പോലും പലരും ആലോചിക്കുന്നില്ല. പുതിയ ലോകത്തോടും, പുതിയ ആളുകളോടും, പുതിയ ആശയങ്ങളോടും പ്രതികരിക്കാന്‍ ഇന്നത്തെ കുട്ടികള്‍ വിമുഖത കാണിക്കുന്നു. അവര്‍ തലച്ചോറു കൊണ്ട് മാത്രം കാണുന്നു, ഹൃദയം കൊണ്ട് കാണുക എന്നത് അവര്‍ക്ക് അന്യമാണ്. ഇതൊക്കെ അവരുടെ മാത്രം കുറവല്ല, ഇന്നത്തെ സമൂഹം അവരെ അതിനേ അനുവദിക്കൂ എന്നതിന്‍റെ കുറവാണ്. അത്കൊണ്ടാണ് അരാഷ്ട്രീയവാദത്തിന് അവര്‍ക്കിടയില്‍ പ്രചാരം കിട്ടുന്നത്.

*അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരുപാട് പറയാന്‍ ഉണ്ടാകുന്നതും അതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയത്തെ പിന്തുണക്കുന്നവര്‍ക്ക് കഴിയാതെ പോയതും എങ്ങനെയാണ്?

അത് കേരള സമൂഹത്തില്‍ പറ്റിയതു ഉത്തരാധുനികത അല്ലെങ്കില്‍ Post-Modernity എന്നൊരു സംഭവം ഉരുത്തിരിഞ്ഞു വന്നത് പലരും അറിഞ്ഞില്ല. അതിനെ പറ്റി ആരോഗ്യകരമായ ഒരു ചര്‍ച്ചയും കേരളത്തില്‍ നടന്നില്ല. ആധുനികതക്ക് ഒരു ബദല്‍ ആയിട്ടാണ് ഉത്തരാധുനികത ഉണ്ടാകുന്നത്. (ഒരു കേന്ദ്രികൃത ചട്ടകൂടോ, ഒരുമിച്ചു നിര്‍ത്തുന്ന തത്ത്വങ്ങളോ ഇല്ലാതെ അതിസങ്കീര്‍ണത, വൈരുധ്യം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന സാംസ്കാരികവും, കലാപരവും ബൌദ്ധികവുമായ അവസ്ഥകളാണ് ഉത്തരാധുനികം എന്ന് പറയുന്നത്) മാര്‍കറ്റില്‍ എന്ത് അത്യാധുനിക ഉല്പന്നം വന്നാലും അതെല്ലാം കേരളത്തില്‍ എത്തും, പക്ഷെ ഇത് മാത്രം വന്നില്ല. സാംസ്കാരികമായി , ബൌദ്ധികമായി ലോകത്ത് നടന്ന മാറ്റങ്ങള്‍ കേരളീയ സമൂഹത്തില്‍ അത്രകണ്ട് ചര്‍ച്ചയായില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍ നെല്‍സണ്‍ മണ്ടേല എന്നൊരു മനുഷ്യന്‍ സൗത്ത് ആഫ്രിക്കയില്‍ ജയിലില്‍ ജീവിച്ചിരിക്കുന്നു എന്ന് കേരള സമൂഹം അറിഞ്ഞതും അതിനെ കുറിച്ച് ചര്‍ച്ച നടന്നതും ക്യാമ്പസുകളില്‍ കൂടിയായിരുന്നു, പാബ്ലോ നെരുദ എന്നൊരു കവിയെ കേരളം അറിഞ്ഞത് ക്യാമ്പസുകളിലെ സര്‍ഗാത്മക സദസ്സുകളില്‍ കൂടിയായിരുന്നു. പക്ഷെ അടുത്തിടെ അമേരിക്ക നടത്തുന്ന സൈബര്‍ ഇടപെടലുകളെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട സ്നോഡ൯ എന്നാ ചെറുപ്പകാരനെ അനുകൂലിച്ച് അല്ലെങ്കില്‍ അദ്ദേഹത്തിനു നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സംസാരിച്ചോ? ആര് മരിച്ചാലും, ആര് കല്യാണം കഴിച്ചാലും ഫ്ലെക്സ് ബോര്‍ഡ് ഉയരുന്ന നാട്ടില്‍ ഒരു പോസ്റ്റെര്‍ പോലും ആ വിഷയത്തില്‍ വന്നില്ലല്ലോ. അപ്പൊ അതാണ് പ്രശ്നം.. അത് കൂടാതെ, അരാഷ്ട്രീയ ബുദ്ധിജീവികള്‍ വായിക്കുകയും രാഷ്ട്രീയം പറയുന്നവര്‍ വേണ്ടപോലെ വായിക്കുകയും ചെയ്യാത്ത ഒരു പ്രത്യേക സാമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.

* ‘In this Facebook and Google age, citizen tend to turn themselves into their own self-styled heroes’   Time Magazine പ്രസിദ്ധീകരിച്ച ‘The 100 most influential people of all time’ എന്ന അവരുടെ special edition ന്‍റെ മുഖവുരയില്‍ Douglas Brinkley എടുത്തു പറയുന്ന ശ്രദ്ധേയമായ ഒരു കാര്യമാണിത്. ആളുകള്‍ തന്നിലേക്ക് ചുരുങ്ങുന്ന കാലത്തേ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എങ്ങനെ കാണുന്നു?

സോഷ്യല്‍ മീഡിയക്ക് രണ്ടു ആംഗിൾ ‍ ഉണ്ട്, ഒന്ന് അത് നല്ല രീതിയില്‍ ഉപയോഗിക്കാം, രണ്ടു അത് എല്ലാ തരം വൃത്തികേടുകള്‍ക്കും ഉപയോഗിക്കാം. അതിന്‍റെ സ്വാധീനത്തെ കുറിച്ച് പറയുമ്പോള്‍, ഗ്ലോബലൈസേഷന്‍റെ വരവോടെ ആളുകള്‍ വല്ലാതെ വിഘടിച്ചു പോയി, പക്ഷെ അവന്‍റെ ഉള്ളില്‍ ഒന്നിക്കണമെന്ന് ആഗ്രഹം ഉണ്ട് താനും. ആ ഒരു സ്പേസ് ആണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയത്‌. മാര്‍ഗ്രറ്റ് താച്ചര്‍ പറഞ്ഞ There is no such thing as society only  individuals എന്നത് ഈ സോഷ്യല്‍ മീഡിയ കാലത്ത് വളരെ പ്രസക്തമാണ്‌. കൂട്ടായിട്ടുള്ള ഇടപെടലുകള്‍ വളരെ കുറവാണ്, ഓരോ കമ്പ്യൂട്ടറിന് മുന്നിലും ഓരോ  individuals ആണ്. ഇവിടുള്ള പ്രശ്നം എന്താണെന്നു വച്ചാല്‍, നമ്മള്‍ പ്രതിരോധികേണ്ടത് സര്‍ക്കാര്‍ പോലെ, വന്‍കിട കോര്‍പ്പറേറ്റുകള്‍ പോലെ ശക്തമായ ഒരു machinery യെ ആണ്, അതിനു ആവശ്യം counter machinery അത് ഉണ്ടാക്കി എടുക്കാന്‍ individualist കള്‍ക്ക് കഴിയുന്നില്ല, അതൊരു വലിയ പരാജയമാണ്.

സൈമണ്‍ ബ്രിട്ടോ

* എഴുത്തിലേക്ക്‌ വന്നാല്‍ ഇന്ത്യയും വര്‍ഗീയതയും മെല്ലാം സഖാവിന്‍റെ പുസ്തകങ്ങളില്‍ വിഷയമായി വന്നിട്ടുണ്ട്, പുസ്തകങ്ങളില്‍ ഒരു ആത്മ കഥ അംശം നിഴലിക്കുന്നതും കാണാം. പറയാന്‍ ഉള്ള കാര്യങ്ങള്‍ നോവല്‍ എന്ന മാധ്യമത്തിലൂടെ പറയാന്‍ കാരണം എന്താണ്?

ഇന്ത്യ എനിക്കെന്നും പ്രിയപ്പെട്ട വിഷയമാണ്‌. ലോകത്ത് എവിടെ സഞ്ചരിക്കുന്നതിലും ഇന്ത്യയില്‍ സഞ്ചരിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ വടക്കേ ഇന്ത്യ ഒക്കെ ചുറ്റി സഞ്ചരിച്ച ആളാണ്. അവിടന്ന് കിട്ടിയ അനുഭവങ്ങള്‍ ഒക്കെയാണ് എഴുതിയത്. ഇപ്പോഴും കഥകള്‍ പറയുമ്പോള്‍ കഥാകാരന്‍ അതിന്‍റെ കൂടെയുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഉള്ളപ്പോള്‍ ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു മീഡിയം വഴി പറയുന്നതാണ് എളുപ്പം. പറയാനുള്ളത് അവര്‍ക്ക് മനസിലാക്കുന്ന ഭാഷയില്‍ ലളിതമായി പറയാന്‍ നോവല്‍ എന്ന മീഡിയം സഹായിക്കുന്നു.

* ഇന്ത്യന്‍ സമൂഹത്തില്‍ ഉള്ള മതത്തിന്‍റെ സ്വാധീനം എങ്ങനെ വിലയിരുത്തും?

ഇന്ത്യ ഒരു മത രാജ്യമല്ല, ജാതിക്കാണ്‌ പ്രാധാന്യം. ഇവിടെ മതങ്ങളെ നില നിര്‍ത്തുന്നത് ജാതിയാണ്. വിഘടിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് ഭരണ തന്ത്രത്തിന്‍റെ അവര്‍ ഉണ്ടാക്കി എടുത്തതാണ് ഈ ഭിന്നിപ്പ്. സ്വാതന്ത്ര്യാനന്തരം വോട്ട് ബാങ്ക് നോക്കി രാഷ്ട്രീയ കക്ഷികള്‍ അതിനെ വളമിട്ടു വളര്‍ത്തി. മതത്തിന് യുക്തിയില്ല, അതൊരു ഡോഗ്മയാണ്, പക്ഷെ അവര്‍ ഈ ഡോഗ്മ പഠിപ്പിക്കുന്നത്‌ ഡോഗ്മാറ്റിക് യുക്തിയോടു കൂടിയാണ്, ചോദ്യങ്ങളും ഉത്തരങ്ങളും അവര്‍ തന്നെ തരും. അവിടെ reason അവര് തന്നെ നമുക്ക് പകര്‍ന്നു തരുന്നു, ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ മത വിരുദ്ധര്‍ ആകുന്നത്‌ അവര്‍ തരുന്ന ഡോഗ്മാറ്റിക് യുക്തിയെ ചോദ്യം ചെയ്യുബോഴാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയും മതവും തൂത്തെറിയാന്‍ പെട്ടന്ന് കഴിയില്ല. അത് തമ്മില്‍ ഒരു ഐക്യം ഉണ്ടാക്കി മുന്നോട്ട് പോകണം. പക്ഷെ ആത്യന്തികമായി ഇത് രണ്ടും ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുക തന്നെ വേണം, അത് ഒരു long process ആണ്. പലപ്പോഴും മതവും ജാതിയും ഒരു തരം ബിസ്സിനെസ്സ് ആയി മാറുന്നു. അല്ലെങ്കില്‍ ഇത്ര അതികം സഹിഷ്ണുത പ്രചരിപ്പിക്കുന്ന ഇത്രയും മതങ്ങള്‍ ഉള്ള നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കുറയെണ്ടതല്ലേ?, അതില്ലല്ലോ. ഇതൊന്നും ഇല്ലാതെ വരുമ്പോഴേ മനുഷ്യന് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടു. ഇപ്പോള്‍ ജാതിയും മതവും അവനെ കൂടുതല്‍ ഭയപ്പെടുത്തുന്നു, ഒരു ജാതിക്കാരന് മറ്റേ ജാതിക്കാരന്‍ അന്യനാണ്, ചിലര്‍ക്ക് ശത്രുവാണ്..അപ്പൊ ഇതെല്ലം ബേസിക്കലി കുഴപ്പമാണ്.

*കേരള നിയമ സഭയില്‍ ‘മത നിരപേക്ഷ മൃതദേഹ സംസ്കരണ’ ബില്‍ താങ്കള്‍ അവതരിപ്പിച്ചല്ലോ. ഈ അവസരത്തില്‍ അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ജനാധിപത്യ ഭരണ ക്രമത്തില്‍ ഒരു മനുഷ്യനെ സംബദ്ധിച്ച് അവന്‍റെ പൌര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്. ഓരോ മനുഷ്യനും ജീവിച്ചിരിക്കുമ്പോള്‍ ആഗ്രഹങ്ങള്‍ ഉണ്ട്, അവന്‍റെ അവകാശങ്ങള്‍ അവനു ലഭിക്കുന്നു, പക്ഷെ മറിച്ച് കഴിഞ്ഞാല്‍ അതല്ല സ്ഥിതി. എനിക്ക് വ്യക്തി പരമായി അറിയാവുന്ന പലരും, അവര്‍ക്ക് അങ്ങനെ ഈശ്വര വിശ്വാസം ഒന്നും ഇല്ല, പക്ഷെ മറിച്ച് കഴിയുമ്പോള്‍ അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അവരെ കൊണ്ട് പോയി ആചാരങ്ങള്‍ അനുഷ്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അപ്പൊ, ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കുന്ന അവകാശങ്ങള്‍ മറിച്ച് കഴിയുമ്പോള്‍ ലഭിക്കുന്നില്ല, ഒരാള്‍ മരിച്ച് അവന്‍റെ ഭൌതിക ശരീരം decompose ചെയ്യപ്പെടും വരെ അവന് ജീവിച്ചിരുന്നപ്പോള്‍ ലഭിച്ച അവകാശങ്ങള്‍ ഉണ്ട്, അതിനെയാണ് ഞാന്‍ emphasis ചെയ്തത്. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ വളരെ democratic ആയിട്ടുള്ള ഒരു concept ആയിട്ടാണ് ഞാന്‍ അതിനെ കണ്ടത്.

സൈമണ്‍ ബ്രിട്ടോ

*  പ്രകൃതി ജീവനത്തിന്‍റെ വലിയ വക്താവാണ്‌ എന്ന് കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് ഒന്ന് വിവരിക്കാമോ?

അത് പണ്ട് മുതലേ ഞാന്‍ അലോപ്പതി ഉപയോഗിക്കാറില്ല, അതിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ഞാന്‍ ബോധവാന്‍ ആയിരുന്നു. പിന്നീട് ഈ കുത്ത് കൊണ്ട് ശരീരം തളര്‍ന്ന ഒരു അവസ്ഥയില്‍ ശരീരം വല്ലാതെ പ്രതികരിച്ചു തുടങ്ങി. Inflammation കുറയുന്നില്ല, തടി കൂടുന്നു, അങ്ങനെ വന്നപ്പോഴാണ് പ്രകൃതി ചികിത്സയിലേക്ക് തിരിയുന്നത്. പിന്നെ അതിനെ കുറിച്ച് കൂടുതല്‍ വായിച്ചു, കുറെ പഠിച്ചു. നമുക്ക് അത്യാവശ്യം വേണ്ടത്, നല്ല വായു, നല്ല വെള്ളം, നല്ല ഭക്ഷണം എന്നിവയാണ് അതിലേക്കു കൂടുതല്‍ കെമിക്കല്‍ കലര്‍ത്തരുത്.

  പ്രകൃതിയുമായി ചെറുപ്പം മുതല്‍ നല്ല അടുപ്പം ആയിരുന്നു.   പിന്നെ പുതിയ കാലത്ത് എവിടെയാണോ കൈ ഏ റ്റ ങ്ങള്‍ കൂടുതല്‍ അവിടെ നമ്മള്‍ ഇടപെടുമല്ലോ, ആരൊക്കെയാണ് എവിടെയൊക്കെയാണ് അനാഥരാക്കപ്പെടുന്നത് അവിടെല്ലാം നമ്മള്‍ ഇടപെടും, അത് എന്‍റെ ഉള്ളിലെ രാഷ്ട്രീയമാണ്. അനാഥ രാക്കപ്പെടുന്നിടതെല്ലാം ഒരു കൈ താങ്ങായി നമ്മള്‍ ഉണ്ടാകും അത് ഒരു വര്‍ഗ്ഗ സമരത്തിന്‍റെ ഭാഗം തന്നെയാണ്. അനാഥ രാക്കപ്പെടുന്നത് ഇപ്പോഴും ദുര്‍ബലനും അത് ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യിക്കുന്നത് പ്രബലനുമാണ് അവിടെയൊക്കെ പ്രബലനു എതിരായി നില്‍ക്കുക എന്നതാണ് എന്‍റെ രാഷ്ടീയം.

*  1983 ഒക്ടോബര്‍ 14 എങ്ങനെ അതിജീവിച്ചു?

ഓരോ ദിവസവും നമ്മള്‍ തന്നെ മാറുകയല്ലേ? നമ്മുടെ ബേസിക് കോണ്‍സെപ്റ്റ്ല്‍ അല്ല മാറ്റം വരുന്നത്, ഭൌതീകമായി ചുറ്റും മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം.എല്ലാവര്ക്കും ഒരു അതിജീവനം ഉണ്ട് അതിലേറ്റവും പ്രധാന പ്പെട്ടതാണ് ആത്മ പ്രതിരോധം. ഇതിനെയും അതിജീവിച്ചേ മുന്നോട് പോകാന്‍ കഴിയു. ജീവിത അനുഭവങ്ങളും, ചെറുപ്പം മുതല്‍ ഉള്ളില്‍ വളര്‍ത്തിയെടുത്ത ഒരു rebellious tendency യും ഉചിതമല്ലെന്ന് തോന്നുന്ന എന്തിനോടും  revolt ചെയ്യാനുള്ള മനസാനിത്യവും    അതിനു കരുത്തു പകരുന്നു.

Share.

About Author

148q, 0.592s