Leaderboard Ad

ഇയ്യോബിന്റെ പുസ്തകം ; കാഴ്ചയുടെയും

0

വെള്ളക്കാരനുശേഷം മൂന്നാറിലെ നാടന്‍ സായിപ്പായി വാണ ഇയ്യോബിന്റെയും മക്കളുടെയും കഥയാണ് ഇയ്യോബിന്റെ പുസ്തകം.മൂന്നാറിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ രേഖാചിത്രം കൂടെ ഇയ്യോബിന്റെ പുസ്തകത്തില്‍ സംവിധായകന്‍ വരച്ചിടുന്നുണ്ട് .തികച്ചും സാങ്കല്‍പ്പികമായ ഒരു കഥക്ക് ചരിത്രം കൊണ്ട് അസ്ഥിവാരം പണിത ഈ സിനിമയെ ക്യാമറയും പിന്‍വെളിച്ചവും കൊണ്ട് വരച്ചു വച്ച ചിത്രങ്ങള്‍ മലയാളിക്ക്‌ അത്രകണ്ട് പരിചിതമല്ലാത്തൊരു കാഴ്ചാനുഭവമാക്കി തീര്‍ക്കുന്നു.

Iyobinte Pusthakam514201453650AM
അള്‍ട്രാ സ്ലോമോഷനും മണല്‍ പറക്കുന്ന സംഘട്ടന രംഗങ്ങളും പോലുള്ള ‘അമല്‍ നീരദ്‌ ക്ലീഷേ’കളുടെ പേരില്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിട്ടപ്പോഴും മലയാള സിനിമക്ക്‌ അന്നോളം അന്യമായിരുന്ന സാങ്കേതിക തികവുള്ള രംഗങ്ങള്‍ സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്‌. ഇയ്യോബിന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷതയും സാങ്കേതിക തികവാര്‍ന്ന ഇത്തരം രംഗങ്ങള്‍ തന്നെയാണ്. പിന്‍വെളിച്ചത്തിന്‍റെയും ക്യാമറയുടെയും സാധ്യതകള്‍ ഉപയോഗിച്ച് സംവിധായകന്‍/ചായാഗ്രാഹകന്‍ തീര്‍ത്ത മനോഹരമായ ഫ്രെയിമുകള്‍ ലോക നിലവാരത്തോട് കിടപിടിക്കുന്നുണ്ട്. അമല്‍ നീരദ്‌ എന്ന സംവിധായകനും ചായാഗ്രാഹനും പരസ്പരം ഈ ചിത്രത്തില്‍ മത്സരിക്കുകയായിരുന്നു എന്ന്‍ പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.ചോര ചിതറുന്ന ഏറ്റുമുട്ടല്‍ രംഗങ്ങളും മലനിരകളുടെയും കാടിന്റെയും ഫ്രെയിമുകളും എല്ലാം ഇതിനുദാഹരണം.ഇയ്യോബ്‌ ഒറ്റയാനെ വെടിവച്ചിടുന്ന രംഗം തിയ്യേറ്ററില്‍ അമ്പരപ്പിന്റെ നെടുവീര്‍പ്പുകള്‍ ഉയര്‍ത്തുന്നുണ്ട്. തിരക്കഥയുടെ താളവേഗം കുറയുമ്പോഴും പ്രേക്ഷകനെ കണ്ണിമയ്ക്കാതെ സ്ക്രീല്‍ തന്നെ തളച്ചിടുന്നുണ്ട് അമല്‍ നീരദിന്റെ ക്യാമറ. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കാഴ്ചക്ക്‌ മിഴിവേകുന്നുണ്ടെങ്കിലും കാലഘട്ടവുമായി ബന്ധപ്പെടുത്തി ഒരു ചരിത്രാന്വേഷണം നടത്തിയാല്‍ ഉത്തരം ഒരു പക്ഷെ ത്രുപ്തികരാമാകില്ല. കാഴ്ചയുടെ സൌന്ദര്യം ഈ ന്യൂനതയെ സൌകര്യപൂര്‍വ്വം മറക്കാന്‍ നമ്മളെ സഹായിച്ചേക്കും.ചൈനയില്‍ നിന്നുള്ള തേയിലയുടെ വരവ് നിലച്ചതോടെ ബ്രിട്ടീഷ്‌ രാജ്ഞിയുടെ പിന്തുണയോടെ തേയില കൃഷി ചെയ്യാന്‍ മൂന്നാറിലെത്തുന്ന ഹാരിസണ്‍ സായിപ്പില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്.കങ്കാണിമാരെ ഉപയോഗിച്ച് അടിമകളെക്കൊണ്ട് പണിയെടുപ്പിച്ച് കാടു വെട്ടി സായിപ്പ്‌ തേയില കൃഷിചെയ്യുന്നു. സായിപ്പിന്റെ മരണശേഷം ഇഷ്ട പരിചാരകനായ ഇയ്യോബ്‌ (ലാല്‍ ) മൂന്നാറിലെ ‘നാടന്‍ സായിപ്പാ’യി മാറുന്നു . സായിപ്പിനെ വെല്ലുന്ന ക്രൂരതകളുമായാണ് ഇയ്യോബ്‌ മൂന്നാറിലെ തന്‍റെ സാമ്രാജ്യം വികസിപ്പിക്കുന്നത്. മക്കളായ ദിമിത്രിയെയും (ചെമ്പന്‍ വിനോദ്) ഐവാനെയും (ജിനു ജോസഫ്) തന്‍റെ വഴിയില്‍ തന്നെ വളര്‍ത്താന്‍ ഇയ്യോബിന് കഴിഞ്ഞെങ്കിലും മൂന്നാമനായ അലോഷി (ഫഹദ്‌ ഫാസില്‍) തന്‍റെ അമ്മയുടെ സ്നേഹത്തിന്റെ വഴിയിലാണ് വളരുന്നത്.

സഹോദരങ്ങളുടെ ക്രൂരതക്ക് സാക്ഷിയാകേണ്ടി വരുന്ന അവരില്‍ നിന്നും രക്ഷ നേടാനായി നാട് വിടുന്നു. തുടര്‍ന്ന്‍ ബ്രിട്ടീഷ്‌ റോയല്‍ നേവിയില്‍ അംഗമായ അലോഷി ബോംബെ നാവിക കലാപത്തില്‍ പങ്കെടുത്ത് ജോലി നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ ആയാണ് തിരികെയെത്തുന്നത്. നാവിക കലാപത്തിന്റെ പേരില്‍ നേവിയില്‍ നിന്നും പുറത്താക്കപ്പെടുകയും പിന്നീട് അറിയപ്പെടുന്ന നടനായി മാറുകയും ചെയ്ത പി ജെ ആന്റണിയുടെ സുഹൃത്തായാണ് അലോഷി സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്.

Iyobinte-Pusthakam-movie-01

കയ്യടിക്ക് വേണ്ടി ചരിത്രത്തെ ഇടതുപക്ഷ വിരുദ്ധമായി അപനിര്‍മ്മിക്കുക എന്നത് മുഖ്യധാര സിനിമകളില്‍ കണ്ടുവരുന്ന പ്രവണതയാണ്. ഇവിടെയും ഇയ്യോബിന്റെ പുസ്തകം വേറിട്ടുനില്‍ക്കുന്നു. നാല്‍പ്പതുകളിലെ മൂന്നാറിന്റെ രാഷ്ട്രീയ ചരിത്രം ഇയ്യോബിന്റെ കഥക്ക് സമാന്തരമായി പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് ഈ ചിത്രത്തില്‍. മലനിരകളോടും കാടിനോടും പടവെട്ടി കൃഷിചെയ്ത തൊഴിലാളികളെയും അവര്‍ക്ക്‌ തണലായി നിന്നവരെപ്പറ്റിയും ഹ്രസ്വമെങ്കിലും വ്യക്തമായി തന്നെ ഈ സിനിമയില്‍ പറയുന്നുണ്ട് . പരസ്പരം പോരടിക്കുന്ന ഇയ്യോബിനും അങ്കുര്‍ രാവുത്തര്‍ക്കുമിടയില്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെയും പക്ഷം ചേരാതെയും പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെയും, പാര്‍ട്ടി ഫണ്ടുണ്ടാക്കാന്‍ കഞ്ചാവ് കൃഷി ചെയ്യുന്ന ‘ദേശസ്നേഹികളെയും’ ഈ ചിത്രം നമുക്ക്‌ കാണിച്ചുതരുന്നു. റോസമ്മ പുന്നൂസും പി ടി പുന്നൂസും കഥാപാത്രങ്ങലാകുന്ന ചിത്രത്തില്‍ മണിയാശാനും(എം എം മണി) പരാമര്‍ശ വിധേയമാകുന്നുണ്ട്. ‘ അടിയന്തിരാവസ്ഥ ഒരു കിഴവി കണ്ട ദുസ്സ്വപ്നമാണെന്ന്‍’ കഥാപാത്രത്തെക്കൊണ്ട് പറപ്പിക്കാനുള്ള ആര്‍ജ്ജവം അഭിനന്ദനം അര്‍ഹിക്കുന്നു.

കഥയുടെയും ദൃശ്യങ്ങളുടെയും ഒഴുക്ക് നഷ്ട്ടപ്പെടാതെയുള്ള എഡിറ്റിംഗും മികച്ച പശ്ചാത്തല സംഗീതവും കഥപറച്ചിലിന് മികച്ച പിന്തുണ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ സിനിമയിലെ ഗാനങ്ങള്‍ ഈ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ആരോചകമാണെന്ന്‍ പറയാതെ വയ്യ. ഗോപന്‍ ചിദംബരവും ശ്യാം പുഷ്കരനും ചേര്‍ന്നൊരുക്കിയ തിരക്കഥ മനോഹരവും ആസ്വാദ്യകരവുമായ മിതത്വമാണ് ചിത്രത്തിലുടനീളം പാലിച്ചിരിക്കുന്നത്.സംഭാഷങ്ങള്‍ ഇടക്കിടെ തീയേറ്ററിനെ ശബ്ദമുഖരിതമാക്കുന്നുമുണ്ട്.ചമയവും കലാസംവിധാനവും കൊളോണിയല്‍ കാലഘട്ടത്തെ തിരശ്ശീലയില്‍ അനുഭവവേദ്യമാക്കിത്തരുന്നു.എടുത്ത്‌ പറയത്തക്ക മറ്റൊരു സവിശേഷത അഭിനേതാക്കളുടെ പ്രകടനമാണ്.ഫഹദ്‌ ഫാസിലിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ ആലോഷിയെ അദ്ദേഹം മനോഹമാക്കി.അങ്കുര്‍ റാവുത്തര്‍ ജയസൂര്യയുടെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രം ആണെന്നതില്‍ എതിരഭിപ്രായം അധികമൊന്നും ഉണ്ടാകുമെന്ന്‍ തോന്നുന്നില്ല. ലാല്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ടി ജി രവി , ശ്രീജിത്ത്‌ രവി എന്നിവരും തങ്ങുടെ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. റാഹേലായി പത്മപ്രിയയും കഴലിയായി ലെനയും അഭിനയമികവ്‌ കൊണ്ട് ചിത്രത്തില്‍ തങ്ങളുടെ സ്ഥാനം അനായാസം അടയാളപ്പെടുത്തുന്നു.അഭിനേതാക്കളെ തെരഞ്ഞെടുപ്പില്‍ സംവിധായകന്‍ മുഴുവന്‍ മാര്‍ക്കും അര്‍ഹിക്കുന്നു എന്നുതന്നെ പറയാം.

സാറ്റലൈറ്റ്‌ അവകാശം കാത്ത്‌ ആകാശം നോക്കി നില്‍ക്കുന്നവരല്ല, കരുത്തുറ്റ തിരക്കഥകളുടെ പിന്‍ബലത്തില്‍ കയ്യൊതുക്കമുള്ള സംവിധായകരാണ് മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന്‍ സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകര്‍ ഉറപ്പിച്ചു പറയും. അപ്പോഴും ഇയ്യൊബിന്റെ പുസ്തകത്തിലെ നായകന്‍ അമല്‍ നീരദ്‌ എന്ന സംവിധായകനാണോ അമല്‍ നീരദ്‌ എന്ന ചായാഗ്രാഹകന്‍ ആണോ എന്ന സംശയം ബാക്കി.

Share.

About Author

137q, 0.554s