Leaderboard Ad

ഉൽപ്പത്തി

0

പുരുഷൻ എന്നും മേധാവിത്തം എന്നുമുള്ള പടങ്ങള്‍ ഇന്നത്തെപ്പോലെ സന്ധിചേരുന്നതിനു മുമ്പുള്ള കാലത്താണ് ഇക്കഥ നടന്നിട്ടുണ്ടാവുക.സ്ത്രീപക്ഷ വാദികള്‍  ഇന്നത്തെ പോലെ സജീവമായിട്ടില്ലാത്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍, ഇതില്‍ ഏതെങ്കിലും വിധത്തിലുള്ള മേധാവിത്തത്തെ കുറിച്ച് എഴുത്തുകാരനായ എന്നോടോ ,ജേര്‍ണലിസം വിദ്യാര്‍ത്ഥിനി ആയ സിന്ധുവിനോടോ തിരുവാല മുത്തശ്ശി പറഞ്ഞിട്ടുമില്ല പുരുഷന്മാരിലെ അപൂര്‍വ്വം ചില മേധാവികളെപ്പോലെ സ്ത്രീകളിലും അന്ന് മേധാശക്തി ഉള്ള ചിലര്‍ ഉണ്ടായിരുന്നിരിക്കണം,തിരുവാല മുത്തശ്ശിയെപ്പോലെ. ഞാന്‍ ചെല്ലുമ്പോള്‍ സ്വീകരണമുറിയിലെ ടിവിയില്‍ ഏതോ പൈങ്കിളി സീരിയല്‍ കണ്ടു കൊണ്ടിരുന്ന സിന്ധുവിനെ കണ്ണുരുട്ടി കാണിച്ചു കൊണ്ട് തിരനോട്ടം നടത്തുകയായിരുന്നു മുത്തശ്ശി . തിരുവാല മുത്തശ്ശി മുമ്പും എനിക്ക് ചില കഥകള്‍ക്ക് വേണ്ട ത്രെഡ്ഡ് തന്നിട്ടുണ്ട്.ഞാനതൊക്കെ എന്‍റെതായ നിലയില്‍ രൂപഭാവങ്ങള്‍ വരുത്തി എഴുതിയിട്ടുമുണ്ട്. അതിലൊന്നും പരിഭവമില്ല തിരുവാല മുത്തശ്ശിക്ക്.

 

         “ ഇന്ന് പുതിയ എപ്പിസോയിരിക്കും “ ടിവി ഓഫ്‌ ചെയ്തു കൊണ്ട് സിന്ധു പറഞ്ഞു .ഞാനതൊന്നും മൈന്‍ഡ്‌ ചെയ്തില്ല. മുത്തശ്ശിയുടെ മൂഡാണ പ്രധാനം. അത് നശിപ്പിക്കാന്‍ ഇടയാക്കുന്ന ഒന്നും എന്‍റെ ഭാഗത്ത്‌ നിന്നും ്‌ ഉണ്ടായിക്കൂടാ.

 

“ങ്ഹാ…. നീ ചോദിച്ചില്ലേ നീലാണ്ടന്‍ കല്യാണം കഴിച്ച കഥ. അത് പറഞ്ഞു തരാം “ മുത്തശ്ശി മുഖവുരയോന്നും ഇല്ലാതെ തുടങ്ങി. ഇക്കഥ തികച്ചും പുതിയതാണെന്ന് സിന്ധുവിന്റെ മുഖത്തെ ജിജ്ഞാസയില്‍ നിന്നും ഞാന്‍ വായിച്ചു .”കൊല്ലന്‍, ആശാരി,മൂശാരി,തട്ടാന്‍ ഇതെല്ലം ഒരു കൂട്ടക്കരാ. തമ്മില്‍ കല്യാണവും കൊടുക്കല്‍ വാങ്ങലുകളും പണ്ടേ നടപ്പുണ്ട് .നീലാണ്ടന്‍ ആശാരിചെക്കനാണ്.അവനന്ന് പത്തിരുപത്തിരണ്ടു വയസ്സുണ്ട്.ഒറ്റാന്തടിയായ കല്യാണം കഴിക്കണം എന്ന് തോന്നിത്തുടങ്ങി.”

 

“നായയും പട്ടീം കെട്ടിമറിഞ്ഞ കന്നിനിലാവില്‍–

ഓനൊരു ദെവതം പെണ്ണിനക്കെട്ടാന്‍ പൂതി തോന്നി.

തന്നത്താനൊരുപിടി അരിയിട്ടു കഞ്ഞി വെച്ച്-

തന്നത്താന്‍ അത് മോന്തീം കയിഞ്ഞിറ്റ്‌ നെനച്ചു ചെക്കന്‍””

 

എന്ന അക്കിത്തം കവിതയിലെ ചെക്കനെ പോലെ നീലാണ്ടനും  “എണക്കത്തിലായാല്‍ ആര്‍ക്കും ഒരൂന്നു കുറ്റിയും നൊണത്തം പിടിച്ചാല്‍ പൂസിലാണ്ടിയുമാണെന്ന്” ഞാനൂഹിച്ചു. മുത്തശ്ശി തുടരുകയാണ്. “നീലാണ്ടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു .കഴിക്കുകയും ചെയ്തു. അമ്മാളു എന്നൊരു ആശാരിച്ചി പെണ്ണിനെത്തന്നെ.അന്നത്തെ കാലമല്ലേ; കുറേപ്പേര്‍ ചേര്‍ന്ന് അമ്മാളുവിനെ കൂട്ടിക്കൊണ്ടു വന്നു നീലാണ്ടന്‍റെ പൊരക്കലാക്കി എന്നല്ലാതെ കാര്യമായ ചടങ്ങുകള്‍ ഒന്നും ഉണ്ടായില്ല.” ( ഇടക്കൊന്നു പറഞ്ഞോട്ടെ . തിരുവാല മുത്തശ്ശിയുടെ ഗ്രാമ്യ പദങ്ങള്‍ പലതും നിങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയില്ല എന്നത് കൊണ്ട് ഞാനത് അല്പമൊന്ന് പരിഷ്കരിച്ചിട്ടുണ്ട്. ഉപകഥകളും ഉദ്ദരണികളും എന്‍റെതാണ്. പൊറുക്കണം .) തുടരാം , ബൈബിളിലെ ഉല്‍പത്തികഥപോലെ “സന്ധ്യയി ഇരുളായി രാത്രിയായി ” നീലാണ്ടന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇല്ല (ഇത്തരം ഭാഗങ്ങള്‍ വരുമ്പോള്‍ മുത്തശ്ശി സിന്ധുവിനെ ഇടംകണ്ണിട്ടൊന്നു നോക്കും പ്രായപൂര്‍ത്തിയായ അവള്‍ കേള്‍ക്കെ അത്തരം കാര്യങ്ങള്‍ മുത്തശ്ശി വിശദീകരിക്കുകയില്ല.എനിക്കത് മനസ്സിലാകും .എന്നാല്‍ ഞാന്‍ മെല്ലെ പറഞ്ഞ അക്കിത്തത്തിന്‍റെ നാടന്‍പാട്ട് കണ്ടു പിടിച്ചു സിന്ധു അത് ഈണത്തില്‍ ചെല്ലുന്നത് ഞാന്‍ പിന്നീട് കേട്ടിട്ടുണ്ട്.

     “തൊട്ടാവാടി പരന്ന പറമ്പത്താടിനെ കെട്ടീ-

     തൊട്ടുതലോടീ നീലിക്കൊരുമ്മ കൊടുത്തു ചെക്കന്‍””

     “ചക്കെലീച്ച കണക്കിനിണങ്ങിച്ചേര്‍ന്നേപ്പിന്നെ

     ചെക്കനും നീലിക്കും കാക്ക കരേം ബരെ കളിചിരി തന്നെ”

എന്നും മറ്റുമുള്ള ഇറോട്ടിക് ലിറിക്സ്! കഥയിലേക്ക്‌ തിരിച്ചു വരണമല്ലോ  “അമ്മാളു അന്തംവിട്ടു . ഇതെന്ത്‌ പുതുമണവാളന്‍? അവനും അവളും മാത്രമുള്ള ആദ്യരാത്രിയുടെ അമൃതനിഷ്യന്ദികളായ നിമിഷങ്ങള്‍ കമിഴ്ത്തി വച്ച കുടത്തിനു മേല്‍ കോരിയൊഴിച്ച ജലം പോലെ സമയം വൃഥാ ഒഴുകിപ്പോകുകയാണ്. രാത്രിയുടെ ഏതോ വൈകിയ യാമത്തില്‍ അന്തിപ്പട്ടിണിക്കൊപ്പം അമ്മാളു എവിടെയോ വീണുറങ്ങി(“പെര്‍വേട്ട്,ഇംപൊട്ടന്‍റ്,ഗുഡ്‌ ഫോര്‍ നതിംഗ് ഫെല്ലോ” സിന്ധു മുത്തശ്ശി കേള്‍ക്കാതെ പിറുപിറുത്തുകൊണ്ടിരുന്നു. അവളുടെ ധാര്‍മ്മികരോഷം എനിക്ക് മനസ്സിലാകുമായിരുന്നു.) “അടുത്ത പ്രഭാതമായി. വിശന്നും കോപവും അപമാനവും സഹിച്ചും എവിടെയോ വീണുറങ്ങിയ അമ്മാളു തട്ടിപിടഞ്ഞെഴുന്നേറ്റു.അവള്‍ ചുറ്റും നോക്കി. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ അവള്‍ ശ്രമിച്ചു പക്ഷെ യാഥാര്‍ത്ഥ്യം അവളുടെ നേരെ പല്ലിളിച്ചു. നീലാണ്ടന്‍ അവളുണരും മുമ്പ്‌ എഴുന്നേറ്റു പണിക്ക് പോയിക്കഴിഞ്ഞിരുന്നു.അവന്‍റെ ഉളിയും മുഴക്കോലും വച്ച പണിസഞ്ചി കാണാഞ്ഞപ്പോള്‍ അവളതൂഹിച്ചു. നേരം പുലര്‍ന്നു,പുതുമണവാട്ടിയുടെ വ്രീളാവിവശതയേതുമില്ലാതെ ഒരു നിഴല്‍ പോലെ അവള്‍ പ്രഭാതകൃത്യങ്ങളില്‍ മുഴുകി. വയര്‍ കത്തിക്കാളുന്നുണ്ടായിന്നു.

 

        അടുത്തവീട്ടിലെ കുട്ടികള്‍ വന്നെത്തിനോക്കി കൂടെ ഒരു മുതിര്‍ന്ന സ്ത്രീയും കാച്ചിയും നീളന്‍ കുപ്പായവും തട്ടവുമിട്ട കുഞ്ഞാമി, നീലാണ്ടന്‍റെ പൊരക്കകത്തേക്ക് വന്നു. “ഓന്‍ പോയി ല്ലെമോളേ, ഓനങ്ങനയാ… ഒര് ചൂടന്,‍ എന്നാലും നല്ലോനാ….” കുഞ്ഞാമി പറയുന്നതൊന്നും അമ്മാളു കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവള്‍ സ്വന്തം വിധിയെ പഴിക്കുകയായിരുന്നു.

 

         അടുക്കളയില്‍ നാലഞ്ച് മണ്‍ചട്ടികളും ഒഴിഞ്ഞ ഒന്നുരണ്ടു പോട്ടക്കലങ്ങളുമല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല, ഇത്തിരി ചായപ്പോടിയോ പഞ്ചസാരയോ പോലും. അമ്മാളു തലയ്ക്കു കയ്യും കൊടുത്തു തിണ്ണയില്‍ കുത്തിയിരുന്നു. വീട്ടില്‍ ചെന്ന് ചായയോ മറ്റെന്തെങ്കിലുമോ കഴിക്കാന്‍ കുഞ്ഞാമി നിര്‍ബന്ധിച്ചെങ്കിലും അമ്മാളു ഇരുന്നിടത്തുനിന്നും ഇളകിയില്ല അവളും വാശിയിലായിരുന്നു. (സിന്ധു ചില അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. അവളിലെ ഫെമിനിസ്റ്റ്‌ ഉണരുകയായിരുന്നു.ഞാനതൊന്നും ശ്രദ്ധിച്ചില്ല മുത്തശ്ശി പറയുന്ന കഥ ശ്രദ്ധിച്ചു കൊണ്ടിരുന്നു .)

        ഉച്ചതിരിഞ്ഞപ്പോള്‍ അമ്മാളുവിന്‍റെ അച്ഛന്‍ കുട്ടിരാമനാശാരിയും ഒരയല്‍ക്കാരനും വന്നു.നാട്ടിന്‍പുറത്ത് അത് പതിവാണ്. കല്യാണം കഴിച്ചയച്ച വീട്ടിലെ സ്ഥിതി അറിയാന്‍ അച്ഛനും മറ്റാരെങ്കിലും ചേര്‍ന്ന് സന്ദര്‍ശനം. അമ്മാളുവിന്‍റെ ഇരിപ്പ് കണ്ടു കുട്ടിരാമാനാശാരി ഞെട്ടി. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ കൂടെ വന്ന ഗോപാലനോട് അയാള്‍ പറഞ്ഞു “ ഇനി എന്‍റെ മോളെ ഒര് നിമിഷം ഇവിടെ നിര്‍ത്തുന്ന പ്രശ്നമില്ല” “ എടുക്കെടീ പെണ്ണെ നിന്‍റെ കെട്ടും പെട്ടിയും”  അവര്‍ അമ്മാളുവിനെയും കൂട്ടി തിരിച്ചുപോയി. കുഞ്ഞാമിയും ഗോപാലനും തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടിരാമാനാശാരി വഴങ്ങിയില്ല. അങ്ങനെ അനാഘ്രാതയായിത്തന്നെ തിരിച്ചു പോയി.

 

        അഞ്ചാറുമാസം കഴിഞ്ഞു കാണും ഒര് കൊല്ലക്കുടിയില്‍ നിന്നും മാതു എന്നു പേരുള്ള മറ്റൊരു പെണ്ണിനെ നീലാണ്ടന്‍ വീണ്ടും കല്യാണം കഴിച്ചു. സ്ഥിതിയില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല അടുത്ത വീട്ടുകാര്‍ കൊടുത്ത കഞ്ഞിവെള്ളം കുടിച്ചു രണ്ടുനാള്‍ പിടിച്ചു നിന്നു എന്നല്ലാതെ മൂന്നംനാള്‍ മാതുവും വന്നതുപോലെ തിരിച്ചു പോയി.

 

    മൂന്നാം ഊഴം തിരുവാലപ്പെണ്ണിന്‍റെതായിരുന്നു. ഓള് ആശാരിച്ചി തന്നെയായിരുന്നു (മുത്തശ്ശി ഇത് പറഞ്ഞപ്പോള്‍ ഞാനും സിന്ധുവും കൌതുകം അടക്കാനാവാതെ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി.അവിടെ ഒരു കള്ളച്ചിരി മിന്നിമറയുന്നതായി എനിക്ക് തോന്നി.) പതിവുപോലെ തിരുവാലയുടെ ആദ്യരാത്രിയും സംഭവരഹിതമായി കടന്നുപോയി തിരുവാല വെളുപ്പിനുണര്‍ന്നു. നീലാണ്ടന്‍ പണിക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. അവള്‍ ഇതിനകം പ്രഭാതകൃത്യങ്ങള്‍ കഴിച്ച് മുറ്റമടിയും കഴിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ഉളിസഞ്ചിയെടുത്ത് നീലാണ്ടന്‍റെ കയ്യില്‍ കൊടുത്തു. ഒന്ന് മൂളി അതും വാങ്ങി അവന്‍ പടികടന്നുപോയി. തിരുവാല ആ പോക്ക് നോക്കി നിന്നു.

 

         ഇല്ല, നീലാണ്ടന് എന്തെങ്കിലും കുഴപ്പമുള്ളതിന്‍റെ ലക്ഷണമില്ല. പെരുമാറ്റത്തിലും പന്തികെടോന്നും കാണാനില്ല. അപ്പോള്‍ പിന്നെ ഈ നാടകത്തിന് പിന്നില്‍ എന്തോ ഉദ്ദേശമുണ്ട്. രണ്ടുപേര്‍ തോറ്റുമടങ്ങിയതാണ്. താനേതായാലും രണ്ടിലൊന്നറിഞ്ഞേ മടങ്ങാനുദ്ദേശിക്കുന്നുള്ളൂ. തിരുവാല വീടിന്റെ പിന്നാംബുറത്തേക്ക് നടന്നു. പണിയായുധങ്ങളും വീട്ടുപകരണങ്ങളും വെക്കാനിടയുള്ള ഇടങ്ങളിലെല്ലാം അവള്‍ പരിശോധന നടത്തി. അവക്കിടയില്‍ നിന്നും പിടിയിളകിയ ഒരു വാക്കത്തി തിരുവാല കണ്ടെത്തി. അവളുടെ മുഖത്ത് ഒരു വിജയിയുടെ ഭാവം തെളിഞ്ഞു. കാണാന്‍ ആരും ആ വീട്ടില്‍ ഉണ്ടായിരുന്നില്ലെങ്കിലും അവള്‍ സ്വയം പുഞ്ചിരിച്ചു.

 

          ശ്രദ്ധാപൂര്‍വ്വം ഓരോ ചകിരിയായി  തിരുവാല ആ തേങ്ങ പോതിച്ചെടുത്തു. പിന്നെ പൊട്ടിയ ഒരുളിക്കഷണം കൊണ്ടവള്‍ അത് ചിരകി. അടുപ്പില്‍ തീ കൂട്ടി തേങ്ങ ചിരകിയത് പിഴിഞ്ഞെടുത്ത് അടുപ്പത് വെച്ചു. തേങ്ങാപ്പാല്‍ വെന്തുകുറുകി ഉരുക്കുവെളിച്ചെണ്ണ തെളിഞ്ഞു വന്നു കക്കന്‍റെ ഹൃദ്യമായ മണം പുരക്കുചുറ്റും പരന്നു. ഉഴക്ക്‌ വെളിച്ചെണ്ണയുണ്ട്. ചൂടാറിക്കഴിഞ്ഞപ്പോള്‍ അതവള്‍ ഒരു കുപ്പിയിലേക്ക് പകര്‍ന്നുവച്ചു. ശേഷിച്ച പീര കണ്ണന്‍ചിരട്ടയില്‍ ഭദ്രമായി അടച്ചു വച്ചു. പിന്നെ ചകിരിയെടുത്തു വേര്‍പെടുത്തി കയര്‍ പിരിക്കാന്‍ തുടങ്ങി. അവളുടെ കരവിരുതില്‍ രണ്ടു കൈ മുപ്പിരി ചൂടിക്കയര്‍ ഉരുവം കൊണ്ടു. പിന്നെ നീലാണ്ടന്‍റെ പൊട്ടിയ ഉളിക്കഷണങ്ങളും പിടിയിളകിയ വാക്കത്തിയും ഉപയോഗിച്ച് ഒരു കയിലും അവളുണ്ടാക്കി. ചോറ് വിളമ്പാന്‍ പറ്റിയ ഭംഗിയുള്ള ഒരു വലിയ കയില്‍

 

       തട്ടും മുട്ടും കേട്ട് കുഞ്ഞാമി വന്നു “ എന്താ മോളേ പണിത്തരം?” കുഞ്ഞാമി ചോദിച്ചു . തിരുവാല ചിരിച്ചു . ഒഴക്ക്‌ ഉരുക്ക്‌ വെളിച്ചെണ്ണയും രണ്ടു കൈ മുപ്പിരിച്ചൂടിയും ഒരു ഭംഗിയുള്ള കയിലും അവള്‍ കുഞ്ഞാമിനയുടെ മുന്നില്‍ നിരത്തിവച്ചു. “നീയാണ് പെണ്ണ്” കുഞ്ഞാമി തിരുവാലയെ അഭിനന്ദിച്ചു. കയിലും വെളിച്ചെണ്ണയും കുഞ്ഞാമി വാങ്ങി തിരുവാലക്ക് രണ്ടുറുപ്പികയും  തിരുവാലക്ക് കൊടുത്തു.ഒരിടങ്ങഴി അരിക്ക് പന്ത്രണ്ടണ (ഇന്നത്തെ കണക്കിന് എഴുപത്തഞ്ചു പൈസ) വിലയുള്ള കാലം . കിട്ടിയ രണ്ടുറുപ്പികയും രണ്ടു കൈ ചൂടിക്കയറുമായി തിരുവാല വഴിയിലേക്കിറങ്ങി . നല്ല ശകുനം കേളപ്പന്‍ തെങ്ങുകയറ്റം കഴിഞ്ഞു ഏണിയുമായി എതിരേ വന്നു. തിരുവാലയെ കണ്ടിട്ട് അതാരാണെന്ന് കേളപ്പന് മനസ്സിലായില്ല കണ്ടിട്ടില്ലാത്ത ഒരു പെണ്ണ് “ നീയേതാ പെണ്ണെ ? എവ്ട്യാ ചൂടി കൊണ്ടുപോണത്,നല്ല മുപ്പിരി ചൂടി” കേളപ്പന്‍ ലോഹ്യം പറഞ്ഞു. “ഞാന്‍ നീലാണ്ടന്‍റെ…… ചൂടി വിക്കാനാ…..” തിരുവാല സങ്കോചത്തോടെ പറഞ്ഞു .കേളപ്പന്‍ ചൂടിക്കയര്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി .അതിന്‍റെ ഭംഗി ആസ്വദിക്കും പോലെ പിന്നെ അരപ്പട്ട തുറന്നു ഒരുറുപ്പികയെടുത്ത് തിരുവാലക്ക് കൊടുത്തു.

 

തിരുവാല തന്‍റെ അധ്വാനഫലമായ മൂന്നുറുപ്പികയുമായി പീടികയിലേക്ക് ചെന്നു.നാഴി അറിയും ഒരണക്ക് ഉണക്കമുള്ളനും കുറച്ച് മുളകും വാങ്ങി അവള്‍ വീട്ടിലേക്കു മടങ്ങി. കണ്ണന്‍ ചിരട്ടയില്‍ കരുതിവച്ച പീരയരച്ച് അവള്‍ ഉണക്കമുള്ളന്‍ കൊണ്ടൊരു കറിയുണ്ടാക്കി. അരി വെന്തു കഴിഞ്ഞപ്പോള്‍ കുറച്ച് വെള്ളമെടുത്ത് കുടിച്ച് പിടിയിലകിയ വാക്കത്തിയുമായി അവള്‍ പുറത്തിറങ്ങി. തൊടിയില്‍ വീണുകിടന്ന മൂന്നുനാല് മടല്‍ ഓല അവള്‍ വെട്ടിക്കീറിയെടുത്തു. ശേഷിച്ച ഭാഗം തീകത്തിക്കാന്‍ അടുപ്പിനരികിലും കൊണ്ടുവന്നിട്ടു. ഇത്രനേരവും അവള്‍ വിശപ്പോ ദാഹമോ അറിഞ്ഞിരുന്നില്ല.  ശേഷിച്ച ഉരുക്ക് വെളിച്ചെണ്ണ ചേര്‍ത്ത ഉണക്കമീന്‍ കറിയും കൂട്ടി അവള്‍ വയര്‍ നിറയെ ചോറുണ്ടു. നീലാണ്ടന് ഒരു ചട്ടിയില്‍ ചോറും കറിയും വിളമ്പി ഉറിയില്‍ കയറ്റി വച്ചിട്ട് അവള്‍ മുറ്റത് കൊണ്ടിട്ട ഓല മെടയാന്‍ തുടങ്ങി.

 

    വൈകുന്നേരമായി നീലാണ്ടന്‍ പണി കഴിഞ്ഞു വന്നു. പടി കടക്കുമ്പോള്‍ തന്നെ തേങ്ങ  വെന്ത കക്കന്‍റെയും മീന്‍കറിയുടെയും മണം നീലാണ്ടനറിഞ്ഞു. മുറ്റത്തിരുന്ന്‍ഓലമെടയുന്ന തിരുവാലയെ അവന്‍ കൌതുകത്തോടെ നോക്കി . അത് കാണാത്ത ഭാവത്തില്‍ ഓല മെടഞ്ഞുകൊണ്ടുതന്നെ തിരുവാല ചോദിച്ചു “ചോറ് തരട്ടെ?”  “ഇപ്പൊ വേണ്ട” നീലാണ്ടന്‍ അകത്തേക്ക് കയറി . ഉറിയില്‍ കയറ്റിവച്ചിരിക്കുന്ന ചോറും മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന ചകിരിപ്പൊടിയും അവന്‍ കണ്ടു. പിന്നെ പണിസഞ്ചി ഒരു മൂലയില്‍ വച്ച് ഒന്നും പറയാതെ അവന്‍ പുറത്തേക്കിറങ്ങി.

 

           രണ്ട് നാഴിക കഴിഞ്ഞപ്പോള്‍ ഒരു കാളവണ്ടി നീലാണ്ടന്‍റെ വീടിനു മുന്നില്‍ വന്നുനിന്നു. ഒരു ചാക്കരിയും പച്ചക്കറിയും മുളകും ചായപ്പൊടിയും പഞ്ചസാരയും വണ്ടിക്കാരന്‍റെ സഹായത്തോടെ ഇറക്കിവച്ചു. തിരുവാല ഓരോന്നായി എടുത്തു വീടിനകത്ത് കൊണ്ട് വച്ചു. അരിച്ചാക്ക് മൂന്നുപേരും ചേര്‍ന്ന് അടുക്കളയിലും കൊണ്ടുവച്ചു. കൂലി വാങ്ങി വണ്ടിക്കാരന്‍ പോയി.

 

              നീലാണ്ടന്‍ പുഞ്ചിരിച്ചുകൊണ്ട് തിരുവാലയെ നോക്കി. അവള്‍ നാണത്തോടെ മുഖം താഴ്ത്തി നിന്നു. നീലാണ്ടന്‍ മടിക്കുത്തില്‍ നിന്നും ഒരു പൊതിയെടുത്തു തിരുവാലപ്പെണ്ണിന് നീട്ടി . അവളാ പൊതി തുറന്നു നോക്കി . നേര്‍ത്ത ചുവപ്പുനിറമുള്ള നാരങ്ങാമുട്ടായിയായിരുന്നു അതില്‍.

 

         (“കേറിപ്പോടീ…” എന്ന് സിന്ധുവിനെ തിരുവാല മുത്തശ്ശി ശാസിക്കും എന്ന് ഞാന്‍ കരുതി . എന്നാല്‍ അതുണ്ടായില്ല.) ഞാന്‍ നാലു പെറ്റു. ഓറ് നേരത്തേ പോയി. ഈ സിന്ധുവിന്റെ അച്ഛന്‍ ഭാസ്കരനെ പഠിപ്പിച്ച് മാഷാക്കി, ഓന്‍റെ അനിയന്‍ ശ്രീധരന്‍ എന്‍ജിനീയര്‍ ആയി, രണ്ട് പെണ്മക്കളെയും പഠിപ്പിച്ച് നല്ലനിലയില്‍ കല്യാണം കഴിച്ചയച്ചു. എന്‍റെ മക്കള്‍ എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്. ഇപ്പം ടിവിയായി, അരക്കുന്ന മിഷീനായീ…… മുത്തശ്ശി തുടരുകയാണ്… കുപ്പായം ഇടാത്ത എന്നെ ഇവള്‍ പിടിച്ച് കുപ്പായം ഇടീച്ച്….. മുത്തശ്ശി ചിരിച്ചു കൂടെ ഞാനും.

 

Share.

About Author

145q, 1.044s