Leaderboard Ad

എങ്ങിനെ ഇങ്ങിനെ ചിരിക്കാന്‍ കഴിയും?

0

      ‘പുഞ്ചിരി ഹാ കുലീനമാം കള്ളം, നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം’ എന്ന്‌ മുമ്പ്‌ പാടിയത്‌, നമ്മുടെ പ്രിയപ്പെട്ട വൈലോപ്പിള്ളിയാണ്‌. ആത്മവഞ്ചനകളുടെ പരസ്യമായി ചുരുങ്ങുന്ന പുഞ്ചിരികളെയാണ്‌ അന്നദ്ദേഹം കുറ്റവിചാരണ നടത്തിയത്‌. വാഴ്ത്തപ്പെടുന്ന ‘കുലീനത’യുടെ കള്ളങ്ങളെയാണ്‌ അന്നദ്ദേഹം, വെട്ടിപ്പിളര്ത്തി യത്. പുഞ്ചിരി മാത്രമല്ല, സാധാരണഗതിയില്‍, സർവ്വ ചിരികളും മനോഹരമാണ്‌. പരസ്പരം തുറിച്ചുനോക്കുന്നതിന്നു പകരം, കളങ്കരഹിതമായൊന്ന്‌ ചിരിക്കാന്‍ കഴിഞ്ഞാല്‍ ഒരുമാതിരി ചെറിയ പ്രശ്നങ്ങളൊക്കെയും അതോടെ അവസാനിക്കും. കുളിർമ ചൊരിയുകയും സാന്ത്വനം പകരുകയും ചെയ്യുന്ന ഇത്തരം ചിരികൾക്കിടയിലേക്ക്‌; ക്രൂരതയുടെ കത്തികള്‍ ചിലപ്പോള്‍ ചിരിയുടെ കസവ്‌ കുപ്പായവുമിട്ട്‌ കടന്നുവരും. അപ്പോഴാണ്‌, കവി പാടിയത്‌ പോലെ ചിരിയും ഒരു ചതിയാവുന്നത്‌. അപ്പോഴാണ്‌ അതില്‍ നിന്നും ചീറിവരുന്നൊരു കുത്ത്‌ നമ്മുടെ നെഞ്ച്‌ തുളക്കുന്നത്‌.

കൊലവിളികളുടെ ഗൂഢഭാഷയായി മാറുന്ന ‘ചിരി’ പരുക്കന്‍ അട്ടഹാസങ്ങളേക്കാള്‍ ഭീകരമാണ്‌. മാരകമായി മാറുന്ന അത്തരം ചിരികൾ കൊണ്ടാണ്‌ ജനാധിപത്യവിരുദ്ധമായി മാറുന്ന ‘അധികാരം’ നിറപകിട്ടുകളോടെ നിലനില്‍ക്കുന്നത്‌. ജീവിതം ആധിപത്യ വിധേയത്വങ്ങൾക്കിടയിൽ തലകുത്തി നില്ക്കുന്ന ഒരു കാലത്ത്‌ ഒരു ദൃശ്യവും ഫോട്ടോയും നിരുപദ്രവകരമല്ല. കൽപ്പിക്കുന്നവർക്കും അനുസരിക്കുന്നവർക്കുമിടയില്‍ വെച്ച്‌ കലങ്ങിപ്പോകുന്ന കണ്ണീര്തുള്ളികള്‍, സൂക്ഷിച്ചുനോക്കിയാല്‍ അത്തരം ദൃശ്യങ്ങളിലും ഫോട്ടോകളിലും തെളിയും.

ഒരു ബാർബർ ഷോപ്പിൽ മുടിവെട്ടാന്‍ പോയപ്പോള്‍, അവിടെ കണ്ട ‘പാരീസ്‌ മേച്ച്‌’ എന്ന മാസികയുടെ മുഖചിത്രമാണ്‌, റൊളാങ് ബാർത്ത്, എന്ന ചിന്തകൻ  മിത്തിനെക്കുറിച്ച്‌ ചിന്തിക്കാനുള്ള പ്രചോദനമായത്‌. ‘പാരീസ്‌ മേച്ചിന്റെ’ പുറം ചട്ടയില്‍ ഫ്രഞ്ച്‌ പതാക സമസ്ത പ്രൌഢിയോടെയും ഉയര്ന്ന് ‌ പറക്കുകയാണ്‌. അതിന്‌ കീഴെ നിന്ന്‌ ഒരു കാപ്പിരി അഭിമാനത്തോടെ അതിനെ അഭിവാദ്യം ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ ‘മഹത്തായ ഫ്രാൻസ്’ എന്നാരും പറഞ്ഞുപോകും!. ഒരു തരത്തിലുള്ള വർണ്ണ വിവേചനവും നിലനില്ക്കാത്ത, കറുത്തവര്‍ ഒരുവിധ പീഡനങ്ങള്ക്കും വിധേയമാകാത്ത ഒരു രാഷ്ട്രമാണ്‌ ഫ്രാന്സ്ക‌ എന്നാണ്‌ ഒരടിക്കുറിപ്പിന്റെപോലും ‘അസ്വസ്ഥത’ അനുഭവിക്കാനവസരം നല്കാ്തെ, ആ നഗ്നദൃശ്യം, നമ്മെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌! എന്നാല്‍ കറുത്തവര്ക്കെ തിരെ കടുത്ത വര്ണറവിവേചനം നിലനില്ക്കുനന്ന ഒരു കാലത്ത്‌ തന്നെയാണ്‌, ആ കാലത്തിന്റെ കണ്ണ്‌ കെട്ടി ഇത്തരമൊരു ‘ഫോട്ടൊ’ പാരീസ്‌മേച്ച്‌ എന്ന മാസികയുടെ മുഖചിത്രമായത്‌. ഫ്രഞ്ച്‌ ഭരണകൂടം കറുത്തവർക്കെതിരെയുള്ള ക്രൂരതകള്‍ അവസാനിപ്പിക്കുന്നതിന്നുപകരം, ഇവിടെയെല്ലാം ഭദ്രമാണെന്ന്‌, ആരോടും സര്ക്കാ്ര്‍ ഒരു വിവേചനവും കാണിക്കുന്നില്ലെന്ന്‌, പരസ്യപ്പെടുത്തുകയാണ്‌, ആ ഫോട്ടോവിലൂടെ ചെയ്തത്‌. ഫ്രഞ്ച്‌ പതാകയ്ക്ക്‌ മുമ്പിലുള്ള ‘കാപ്പിരിയുടെ സല്യൂട്ടില്‍’ ഭരണകൂടം മറച്ചുവെച്ച ഇരുണ്ട മറുപുറമാണ്‌ ബാര്ത്ത് ‌ അന്വേഷിച്ചത്‌. ‘അരാഷ്ട്രീയഭാഷണം’ മിത്തായി മാറുന്നതിന്റെ ബലതന്ത്രമാണദ്ദേഹം വെളിപ്പെടുത്തിയത്‌. അതുപോലെ ബുര്ഖയിട്ട്‌ കമ്പ്യൂട്ടര്‍ പ്രവർത്തിപ്പിക്കുന്ന മോഡിയുടെ ഗുജറാത്തിലെ മുസ്ലീം യുവതികളുടെ ദൃശ്യങ്ങളും സ്വയം വെളിപ്പെടുത്തുന്നതിലധികം എന്തൊക്കെയോ ഒളിച്ചുവെക്കുന്നുണ്ട്!. പർദ്ദയിട്ടിട്ടും മോഡിയുടെ ഗുജറാത്തായത്‌ കൊണ്ട്‌ മാത്രമാണ്‌ ഇവര്‍ ഈ വിധം അഭിവൃദ്ധിപ്പെട്ടതെന്നാണത്‌ ഒരു ജാള്യതയുമില്ലാതെ കൂവുന്നത്‌!. തൊപ്പിയിട്ട, താടിവളര്ത്തിയ മുസ്ലീങ്ങളെ മോഡി സമ്മേളനവേഡിയില്‍ വെച്ച്‌ ആശ്ലേഷിക്കുന്ന ദൃശ്യങ്ങളും, അത്ര നിരുപദ്രവകരമല്ല. തൊപ്പിയിടാത്ത മുസ്ലീങ്ങളെ കൊണ്ടുപോലും, ‘സ്നേഹ പൂർവ്വം ‘ തൊപ്പി ധരിപ്പിച്ചാണ്‌, മോഡിക്ക്‌, ഇപ്പോള്‍ സിന്ദാബാദ്‌ വിളിപ്പിക്കുന്നത്‌. ‘ഫർള്’ എടുക്കാത്ത മുസ്ലീങ്ങൾക്ക് പോലും ഗുജറാത്തില്‍ ‘സുന്നത്ത്‌’ സംഘടിപ്പിച്ചുകൊടുക്കുന്നതിന്റെ നേതൃത്വം മോഡി സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്!’ഭാരതീയ മുഖ്യധാര’യെ വെല്ലുവിളിക്കുന്ന മുഖ്യസ്ഫോടകവസ്തുക്കളില്‍ സംഘപരിവാര്‍ ഉൾപ്പെടുത്തിയതൊപ്പിയും, താടിയും, തലേക്കെട്ടും, ബുര്ഖയുമെല്ലാം ഇപ്പോളവര്ക്ക് ‌ ഏറെ പ്രിയപ്പെട്ട സാംസ്കാരിക വിഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു!

ചിരിക്കും കരച്ചിലിനുമിടയില്‍ കുഴഞ്ഞുവീഴുന്ന ഈ ഗുജറാത്ത്‌ ‘ദൃശ്യങ്ങളെ’ മുഴുവന്‍, മോഡിയുടെ കേരള സന്ദര്ശാനത്തോടനുബന്ധിച്ച്‌ പ്രത്യക്ഷപ്പെട്ട ഒരു മെഗാ ‘ദൃശ്യം’ എത്രയോ പിറകിലാക്കിയിരിക്കുന്നു. അല്ലെങ്കില്‍ മോഡി ഈയൊരൊറ്റ ദൃശ്യത്തിലൂടെ എത്രയോ മുന്നേറി കഴിഞ്ഞിരിക്കുന്നു. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷ ചടങ്ങിന്‌ കേരളത്തിലെത്തിയ ഗുജറാത്ത്‌ മുഖ്യമന്ത്രി മോഡിയുടെ തമാശകേട്ട്‌ ചിരിക്കുന്ന അമ്മയുടെ ദൃശ്യമാണ്‌ മാധ്യമങ്ങളില്‍ കൊഴുത്തത്‌. ദൃശ്യത്തില്‍ ഏറെക്കുറെ അമ്മയ്ക്കും മോഡിക്കും തുല്യ ദൃശ്യപദവിതന്നെയാണ്‌ നൽകിയിരിക്കുന്നത്‌! എന്നാല്‍ ചിരിയുടെ ‘പേശിഅനുപാതത്തില്‍’ മോഡിയാണ്‌ മുന്നിട്ട്‌ നില്ക്കു ന്നത്‌. മുമ്പ്‌ മോഡി ശിവഗിരി സന്ദർശിച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ സാക്ഷാല്‍ ശ്രീനാരായണഗുരുവിനെ ശ്വാസം മുട്ടിക്കുംവിധം മോഡിയുടെ ഫോട്ടോ പോസ്റ്റര്‍ കീഴടക്കിയിരുന്നു!. മോഡി പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായി അവതരിക്കുന്നതിന്‌ മുമ്പ്‌ ഗുരു ‘അന്തരിച്ചു’ പോയിട്ടില്ലായിരുന്നെങ്കില്‍ ഒരു മികച്ച മോഡി തമാശ കേട്ട്‌ ‘അമ്മ’യെപ്പോലെ ചിരിക്കാനുള്ള ഒരപൂര്വ്വ അവസരം അദ്ദേഹത്തിനും ഉണ്ടാകുമായിരുന്നു!

ഹിരോഷിമ, നാഗസാക്കി, ഗുജറാത്ത്‌……. മുതല്‍ വ്യാപിച്ചു നിൽക്കുന്ന നിരവധി ഭീകരദൃശ്യങ്ങള്‍ കണ്ടവര്ക്ക് മുമ്പില്‍, രണ്ടായിരത്തി രണ്ടിലെ ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചോര്ത്ത് ‌ തിരഞ്ഞെടുപ്പ്‌ വേളകളില്പ്പോലും ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താത്ത മോഡിക്ക്‌, ‘കരുണാമയിയായ അമൃതാനന്ദദേവി’യുടെ മുമ്പില്‍ നിന്ന്‌ ഈവിധം ചിരിക്കാന്‍ കഴിഞ്ഞത്‌ വലിയൊരു കാര്യം തന്നെയാണ്‌!. ചിരിക്കുകയും കരയുകയും ചെയ്യാത്ത മരവിച്ച ‘രാഷ്ട്രീയ മനുഷ്യര്‍’ പോലും, തിരഞ്ഞെടുപ്പ്‌ എന്ന്‌ കേൾക്കുന്ന മാത്രയില്‍, ഒട്ടും ഔചിത്യം പാലിക്കാതെ ചിരിക്കുകയും കരയുകയും ചെയ്യാറുണ്ടെന്നോർത്താൽ ഇതിലത്ര അത്ഭുതമൊന്നുമില്ലെന്ന്‌ തിരിച്ചറിയാനാവും!. ഓ എന്റെ തിരഞ്ഞെടുപ്പ്‌ സാറേ നീയും, നിന്റെ ഈവിധമുള്ള കലാപരിപാടികളുമില്ലായിരുന്നെങ്കില്‍, ഞങ്ങളുടെയൊക്കെ ജീവിതം ഹാസ്യത്തിന്റെ ഒരാർദ്രതയുമില്ലാതെ, എത്രമേല്‍ വരണ്ടുപോകുമായിരുന്നു?. മോഡി ചിരിക്കുന്നത്‌ പ്രധാനമന്ത്രിയാവുന്നതോര്ത്താ വുമെന്ന്‌ നമുക്ക്‌ ഊഹിക്കാം. എന്നാല്‍ എന്തു കണ്ടിട്ടാണ്‌ ‘അമ്മ’ ചിരിക്കുന്നതെന്ന്‌ എത്ര തലകുത്തിനിന്നിട്ടും മനസ്സിലാവുന്നില്ല!. മോഡി-അമ്മ ഫോട്ടോ ചിരിദൃശ്യം കണ്ടപ്പോള്‍, മോഡി പറയാന്‍ സാധ്യതയുള്ള ‘തമാശ’യുടെ കഠിനസ്വഭാവമോർത്ത് സങ്കടപ്പെടുകയാണ്‌ ഞങ്ങള്‍ ചെയ്തത്‌.

ഫാസിസത്തെക്കുറിച്ചുള്ള പഠനങ്ങളിലൊന്നില്‍ നിയോഫ്രോയിഡിയന്‍ മന:ശാസ്ത്രജ്ഞനായ എറിക്ഫ്രോം രണ്ട് തരം മാനസികാവസ്ഥകളെക്കുറിച്ച്‌ പറയുന്നുണ്ട്. ജീവിതം ആഘോഷിക്കുന്ന ‘ബയോഫീലിയ’യും (ജീവിതപ്രിയത) ജീവിതം തകര്ക്കുന്നതില്‍ ആഹ്ലാദിക്കുന്ന, ‘നെക്രോഫീലിയ’ (ശവപ്രിയത) യുമാണത്‌. വഴിയില്‍ നിന്നും ഒരു മുള്ളെടുത്ത്‌ മാറ്റുന്നത്‌ ബയോഫീലിയ. വഴിയുടെ നടുവിലൊരു മുള്ളെടുത്തിട്ട്‌, യാത്രക്കാരുടെ കാലില്‍ അത്‌ തുളച്ച്‌ കയറുന്നത്‌ കണ്ട്‌ ചിരിച്ചാഹ്ലാദിക്കുന്നത്‌ നെക്രോഫീലിയ. തങ്ങളിൽപ്പെടാത്തവരുടെ തകര്ച്ചായില്‍ ആഹ്ലാദിക്കുന്ന ‘നെക്രോഫീലിക്‌ തമാശ’ക്കുദാഹരണമായി്‌ ഫ്രോം ഹിറ്റ്ലറുടെ ജീവിതത്തില്‍ നിന്നൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്. വളരെ തടിച്ച ശരീരപ്രകൃതിയുള്ള ഹിറ്റ്ലറുടെ അമ്മൂമ്മ മരിച്ചു കിടക്കുകയാണ്‌. മരിച്ച വീട്ടിലെ ഹിറ്റ്ലര്‍ അമ്മൂമ്മയുടെ മൃദദേഹത്തില്‍ നോക്കി, നിരവധി ചെറിയ കഷണങ്ങളാക്കി, അമ്മൂമ്മയുടെ ശരീരം ചൂണ്ടലില്‍ കോർത്ത് കായലിലിട്ടാല്‍ എത്ര മത്സ്യം പിടിക്കാമെന്ന്‌ പറഞ്ഞ്‌, മരണവീട്ടിലെ ‘മൌനം’ മുറിച്ച്‌ ഉച്ചത്തില്‍ ചിരിച്ചുവത്രെ!. അതുകേട്ട്‌ ഒരമ്മയും അച്ഛനും മക്കളും അന്ന്‌ കൂടെ ചിരിക്കുകയുണ്ടായില്ല. എന്നാലിന്ന്‌, അതും സംഭവിച്ചിരിക്കുന്നു!. മാത്രമല്ല നരേന്ദ്രമോഡി തിരുവനന്തപുരത്ത്‌ മത്സരിക്കുമെന്നും പറഞ്ഞ്‌ കേള്ക്കു ന്നു. മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍, ഞാനീ രാജ്യം വിടുമെന്ന്‌ ഇന്ത്യയുടെ അഭിമാനമായ അനന്തമൂര്ത്തി, രോഗശയ്യയില്‍ കിടന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നു. മതേതരത്വത്തിന്റെ ‘കഷ്ടകാലത്തിന്‌’ മോഡി തിരുവനന്തപുരത്തെങ്ങാന്‍ മത്സരിച്ചാല്‍, ആ ‘മത്സരം’ പോലും കേരളത്തിന്‌ താങ്ങാനാവാത്ത നാണക്കേടാവും.

തമാശ ആർക്കും പറയാനാവും. അതുകേട്ട്‌ ആർക്കും ചിരിക്കാനാവും. എന്നാല്‍ വംശഹത്യയുടെ രുധിരദൃശ്യങ്ങളില്‍ കോരിത്തരിക്കുന്ന ‘ചിരി’ വെറും ചിരിയല്ല. മോഡി പറയുന്ന തമാശകള്‍ കേട്ട്‌ ചിരിക്കുന്നതിനുമുമ്പ്‌, ‘കരുണാമയിയായ അമൃതാനന്ദമയി’ ഒരിറ്റ്‌ നീതിക്കുവേണ്ടി, ഭയചകിതമായ ഗുജറാത്ത്‌ വംശഹത്യയുടെ നാളുകളില്‍, കൈകൂപ്പി നിന്ന ആ കുത്തബ്ദീന്‍ അന്സാരിയെയെങ്കിലും ഓര്ക്കണമായിരുന്നു. എങ്കില്‍ മോഡിക്കൊപ്പം ‘അമ്മ’യ്ക്ക്‌ ചിരിക്കാന്‍ കഴിയുമായിരുന്നില്ല. ഉറ്റിവീഴാന്‍ കണ്ണീര്പോലുമില്ലാത്ത ഗര്ഭളസ്ഥഭ്രൂണങ്ങളുടെ ചങ്കിടിപ്പുകള്‍ കേട്ടിരുന്നെങ്കില്‍, കൊലചെയ്യപ്പെട്ട ആയിരങ്ങളുടെ, ജീവിതം അനാഥമായ ലക്ഷക്കണക്കിന്‌ മനുഷ്യരുടെ, മനസ്സ്‌ കണ്ടിരുന്നെങ്കില്‍, – ഉറപ്പ്‌ – ‘അമ്മ’യ്ക്ക്‌ ചിരിക്കാന്‍ കഴിയുമായിരുന്നില്ല. ‘ചരിത്ര’മെന്ന് പറയുന്നത്‌, ഒരു വെറും പതിനൊന്ന്‌ കൊല്ലം കൊണ്ട് നിങ്ങളൊക്കെ മറക്കുന്ന ‘ചത്ത’ വിവരങ്ങളല്ല. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളമത്‌ കൊലചെയ്യപ്പെട്ട മനുഷ്യരുടെ മരണമില്ലാത്ത രുധിര സ്മരണകളാണ്‌. 1948ലെ ഗാന്ധിവധം, 1984ലെ സിക്ക്‌ കൂട്ടക്കൊല, 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ്‌, 2002 ലെ ഗുജറാത്ത്‌ വംശഹത്യ….. ‘മറവി’ ചിലപ്പോള്‍ ഒരാശ്വാസമായി മാറാമെങ്കിലും അതെല്ലായ്പ്പോഴും അങ്ങിനെത്തന്നെ ആവണമെന്നില്ല. ‘ചിരി’ സന്തോഷപ്രദമാണെങ്കിലും എല്ലായ്പ്പോഴും അതങ്ങിനെ ആകണമെന്നില്ല. വംശഹത്യകള്‍ ആസൂത്രണം ചെയ്യാനും, വർഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാനും, അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനും, അധിനിവേശ ശക്തികള്ക്കു മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനും, നിസ്സഹായരായവരെ, ഭീകരരായി മുദ്രകുത്താനും, ജനാധിപത്യത്തിന്‌ ഭീഷണിയാവുംവിധത്തില്‍ ‘ഭീകരരെ’ നിർമിക്കാനും മാത്രമായി ഒരു പരിഷ്കൃത സമൂഹത്തില്‍ എന്തിനൊരു ‘സംഘടന’യെന്ന്‌ ജനാധിപത്യവാദികൾക്ക് ‌ ചോദിക്കാന്‍ കഴിയണം.ജർമൻ ഫാസിസം സർവ്വവും ചുട്ട്‌ കരിച്ച്‌ അലറിചിരിച്ച കാലത്താണ്‌, ‘ചിരിക്കുന്നവര്‍ ഭയങ്കരമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളുവെന്ന്‌’ ബ്രെഹ്ത്‌ എഴുതിയത്‌. ജാഗ്രത പാലിക്കപ്പെടുന്നില്ലെങ്കില്‍, ചെറിയ തർക്കങ്ങൾക്കിടയില്‍, ജനാധിപത്യം തളർന്നു പോവുകയാണെങ്കില്‍, ഫാസിസ്റ്റുകളെ വിചാരണ ചെയ്ത ‘രണ്ടാം ന്യൂറംബർഗ്’ ഇല്ലാതെ പോവുകയും, ഫാസിസ്റ്റുകളാല്‍ നീതി കൊലചെയ്യപ്പെടുന്ന ഒരൊന്നാം ന്യൂറം ബര്ഗ് ‌ മാത്രം നമുക്കിടയില്‍ ബാക്കിയാവുകയും ചെയ്തേക്കാം. മുയലുകള്‍ മാത്രമല്ല, ചരിത്രത്തില്‍ ചിലപ്പോഴെങ്കിലും ഓട്ടയപ്പന്തയങ്ങളില്‍ ‘ആമ’കളും ജയിക്കാറുണ്ട് എന്നുള്ളത്‌ മാത്രമാണ്‌ കിടിലം കൊള്ളലുകൾക്കിടയിലും ഇന്ന്‌ നമുക്ക്‌ കരുത്ത്‌ നൽകുന്നത്‌!.

Share.

About Author

136q, 0.799s