Leaderboard Ad

എടത്വാ ടു ചമ്പക്കുളം ഏഴരക്കുളള ബോട്ട്

0

ഇപ്പോൾ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ജീവിതത്തിൻെറ ഭൂരിഭാഗം സമയവും ചില തോന്നലുകളിൽ ആണുളളത്.
ഒരു കഥയെഴുതിയാലോ…?
കിഴക്കേ നടേല് പോയി മസാല ദോശ കഴിച്ചാലോ…??
പഴയ സ്കൂൾ പരിസരത്തേക്ക് പോയാലോ..??
അങ്ങനെ..അങ്ങനെ…
ഇന്നലത്തെ തോന്നൽ ഇത്തിരി വൈകിയാ വന്നെ.വൈകുന്നേരം ഒരാറ് ആറര ആയപ്പോൾ.ഇടത്വാക്ക് പോയാലോന്ന്! തോന്നലുകൾ വന്നാൽ ആദ്യം പേർസ് നോക്കും. Approval കിട്ടിയാല് നേരെ on air ….
മൂന്ന് സതീർത്ഥൻമാരുമായി ഇടത്വാ പാലത്തിന് മുകളിൽ ബസ്സിറങ്ങുമ്പോൾ സമയം ഏഴര.താഴെ കായൽ കടവിൽ ചമ്പക്കുളത്തേക്കുളള ബോട്ട് കിടക്കുന്നു. പാലത്തിൻെറ മോളീന്നേ വിളിച്ച് കൂവി.കുട്ടനാട്ടില് കയറാൻ ആളുണ്ടെന്നറിഞ്ഞാൽ കുറച്ച് നേരമൊക്കെ ബോട്ട്കാര് കാത്ത് നിക്കും.പശുവിനെ കെട്ടിയിട്ടും,കുക്കർ ഔഫ് ചെയ്തിട്ടും,അടുക്കള പൂട്ടിയിട്ടുമൊക്കെ ബോട്ടിലേക്ക് ഒാടിക്കയറുന്നവരെ ബോട്ട്കാര് ക്ഷമയോടെ കാത്ത്നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പാലമിറങ്ങി ബോട്ട് കേറാൻ കടവിലേക്ക് ഒാടുന്നതിനിടയിൽ കൂട്ടത്തിലൊരുത്തൻെറ ചോദ്യം വന്നു.
” ഈ ബോട്ടിൻെറയൊക്കെ ബ്രേക്ക് എങ്ങനാന്ന് ??”. ഓട്ടത്തിനിടയിൽ മറുപടി പറഞ്ഞില്ലെങ്കിലും ബോട്ടില് കയറിക്കഴിഞ്ഞ് എൻെറ ചിന്ത ആ വഴിക്കായി.
ബോട്ടിൻെറ ബ്രേക്ക് എങ്ങനാ??? കാതടപ്പിക്കുന്ന ശബ്ദത്തില് ബോട്ട് എടത്വാ കടവ് വിട്ടു.പിന്നില് എഞ്ജിൻകൂട്ടങ്ങളുടെ അടുത്തായി ഞങ്ങളിരുന്നു.കുറേ കഴിഞ്ഞപ്പോൾ സംഗതി പിടികിട്ടി. ബോട്ടിൻെറ ബ്രേക്ക് റിവേഴ്സ് ഗിയറാണ്.മുന്നോട്ട് കറങ്ങുന്ന പ്രൊപ്പല്ലർ തിരിച്ച് കറങ്ങും അതാണ് ബ്രേക്ക്.
മുമ്പ് പലതവണ കുട്ടനാട്ടില് ബോട്ട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും വെളളം കയറിക്കിടക്കുന്ന മൺസൂൺകാലത്ത് രാത്രിയാത്ര ആദ്യമാണ്. ഒക്കെ ഒരു കണക്ക് കൂട്ടലിലാണ്.9.45 ന് ബോട്ട് ചമ്പക്കുളത്ത് എത്തും.അവിടുന്ന് ലാസ്റ്റ് ബസിന് ആലപ്പുഴക്ക്,എന്നിട്ട് അമ്പലപ്പുഴക്ക്.ബോട്ട് ചാഞ്ഞും ചരിഞ്ഞും ചമ്പളക്കുളം ലക്ഷ്യമാക്കി പാഞ്ഞു എന്നൊന്നും പറയാൻ പറ്റില്ല ,അങ്ങനെ പോയി .
ഇപ്പോൾ കുട്ടനാട്ടില് ദുരിതക്കാലമാണ്.വീടിനുളളില് വരെ വെളളം.തെങ്ങും മാവും ഒക്കെ നിൽക്കുന്ന പറമ്പിന് നടുവിലൂടെ ബോട്ട് പോണപോലെ തോന്നും.കര ഇല്ല ,എല്ലാം വെളളം തന്നെ!
പറമ്പിലെ കൃഷികളൊക്കെ നശിച്ച് പോവണ സമയം കൂടിയാണ് ഈ മൺസൂൺ കാലം.പുറത്തൂന്ന് ഈ സമയം കാഴ്ചകൾ കാണാൻ വരുന്നവരോട് ഒരമർഷമാണ് കുട്ടനാട്ട്കാർക്ക്.അവരുടെ ദുരിതങ്ങൾ ചിരിച്ചും കളിച്ചും കാമറയിൽ ആക്കി പോകുന്നവരോട് പൊതുവെ നിഷ്കളങ്കരായ അവർക്ക് ദേഷ്യം തോന്നുക സ്വാഭാവികംആണെന്ന് എനിക്ക് തോന്നി.
യാത്രാബോട്ടില് നാല് ജീവനക്കാരാണുളളത്.ഒരാൾ സ്റ്റിയറിംഗ് തിരിക്കുന്നു.അത് ബോട്ടിന് മുകളിലാണ്.ഗിയർ ചെയിഞ്ച് ,എഞ്ചിൻ നിയന്ത്രണം ഒക്കെ വേറൊരാൾ താഴെയിരുന്ന് ചെയ്യുന്നു.ഇവർക്കിടയിലെ കമ്മ്യൂണിക്കേഷൻ ഒരു മണിയാണ്.
ഒരു മണിയടിച്ചാൽ ഗിയർ ചെയിഞ്ച്,രണ്ടെണ്ണമായാൽ ബ്രേക്ക് അങ്ങനെ പോവുന്ന ആശയവിനിമയം. പിന്നെയുളള ജീവനക്കാർ ഒരു കണ്ടക്ടറും ബോട്ട് കടവുകളിലേക്ക് അടുപ്പിക്കുന്ന വേറൊരാളും. സംഗതി Kerala water transport corporation ലാഭത്തിൻെറ കാര്യത്തിൽ KSRTC യേക്കാളും മുമ്പിലാണ്.കൃത്യമായ ശമ്പളവും മറ്റ് അലവൻസുകളും ഒക്കെയുണ്ട്.പിന്നെ കുട്ടനാടൻ ജീവിതത്തിൻെറ ചില അനിശ്ചിതത്വങ്ങൾ ബാധിക്കുമെന്ന് മാത്രം.മഴ ,വെളളപൊക്കം തുടങ്ങിയവ !
ഇവിടുത്തെ ആളുകളുടെ ബോട്ട് യാത്രകൾ സജീവമാണ്.പരസ്പരം അറിയാമെങ്കിലും ഇല്ലെങ്കിലും അവർക്ക് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടാവും.അടക്കവിറ്റ കഥ മുതൽ അമേരിക്കയിലെ കാര്യം വരെ ബോട്ടിലും വളളത്തിലും ഇരുന്ന് പറയും.കുട്ടനാട്ട്കാർക്കിടയിൽ ഒരു കളള് കുപ്പിക്ക് ചുറ്റുമിരുന്നു പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉളളൂ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെങ്കിൽ കളള് നല്ലതാ എല്ലേ…
ബോട്ടങ്ങനെ കടവുകൾ കയറിയിറങ്ങി ഫെറോനാപളളിയുടെ മുന്നിലൂടെ ചമ്പക്കുളം കടവിലെത്തി.പളളിയിലും സെമിത്തേരിയിലും ഒക്കെ വെളളം കയറിയിരിക്കുന്നു.സെമിത്തേരിയിൽ വെളളത്തിന് മുകളിലായി കുറേ കുരിശുകൾ!!!
ഈ പളളിക്ക് മുന്നിലാണ് ചമ്പക്കുളം വളളംകളി നടക്കുന്നത്.
കടവിൽ അവിടിവിടെ പെട്രോമാക്സിൻെറ വെളിച്ചം.മീൻ പിടിക്കുന്നവരാണ്.നല്ല മഴ പെയ്യുന്ന രാത്രിയില് നമുക്ക് പുതച്ച് മൂടി കിടക്കുന്നതാണ് സുഖമെങ്കിൽ ,കുട്ടനാട്ട്കാർക്ക് ആ രാത്രികളിൽ മീൻ പിടുത്തമാണ് സുഖമുളള കാര്യം. കടവിൽ നിന്നും റോഡിലേക്ക് നടന്നു.പളളിപരിസരം ആയത് കൊണ്ട് ഇവിടെ കൂടുതലുംക്രിസ്ത്യൻ മത വിശ്വാസികളാണ്.എല്ലാവീടുകളിൽ നിന്നും ഉച്ചത്തിൽ പ്രാർത്ഥനകൾ ഉയരുന്നു.നല്ല സുന്ദരിപെൺകുട്ടികൾ ഉളള സ്ഥലം കൂടിയാണിവിടം.ഫെറോനാപളളീലെ പെരുന്നാളിന്ന് വന്നാല് അത് കാണാവുന്നതാണ്.
‘വിണ്ണൈതാണ്ടി വരുവായാ’ കണ്ടിട്ട് കുട്ടനാട്ടില് തൃഷയെ പോലെയുളള സുന്ദരികൾ ഉണ്ടാവുമോയെന്ന് ചോദിച്ച ചില മെട്രോയിസ്റ്റുകളോട് ഞാൻ വെറുതെ ചിരിച്ചതേയുളളൂ.അവരെന്തറിയുന്നു !

പ്രാർത്ഥനകൾക്കിടയിലൂടെ മഴത്തുളളികളെ തെറുപ്പിച്ച്, വർത്തമാനം പറഞ്ഞ്ഞങ്ങൾ ചമ്പക്കുളം ബസ്റ്റാൻഡിലെത്തി.അവിടെ ഏകാന്തതയുടെ അപാരതീരം.
കിടന്നിട്ട് ഉറക്കം വരാതെചൂണ്ടയുമായി ഇറങ്ങിയ ഒരെൺപത്കാരൻ അപ്പൂപ്പൻ,കണ്ടാലറിയാം പുളളീടെ പേര് ദേവസ്യാന്നോ ഔസേപ്പെന്നോ ആയിരിക്കണം ‘അവസാന ബസ്സ് അതിൻെറ പാട്ടിന് പോയി ‘എന്ന് പറഞ്ഞു.
ഇനീപ്പോ ആലപ്പുഴക്ക് അക്കരേന്നൊരു ബസ് ഉണ്ട്.പളളിക്കടവില് പോയാല് അക്കരേലേക്ക് വളളം ഉണ്ട് എന്നും പറഞ്ഞു.ചമ്പക്കുളം രണ്ട് കടവാണ്.ഒന്ന് പളളി ക്കടവും മറ്റേത് അക്കരെക്കടവും.രണ്ടിനുമിടയിൽ പാലം വരുന്നതേയുളളു.ഇനി ഇരുട്ടത്ത്, ഈ മഴയത്ത് കടവിലേക്ക് നീന്തണം.
ഒരു വലിയ അപകമുളളത് തോടേതാ റോഡേതാ എന്നറിയാത്ത അവസ്ഥയാണ്.ഒരു ഉദ്ദേശത്തിൽ നടന്ന് പോവണം.റോഡ് തീരുന്ന സ്ഥലത്ത് കായലാണ്.അതും അറിയാൻ കഴിയില്ല. നല്ല മഴയും.മുന്നില് പോവുന്നത് ഷംനാസാണ്.ഇനിയിപ്പോ തോടോ കുഴിയോ ഉണ്ടെങ്കിൽ അവനാദ്യം വീഴും.അപ്പോ നമുക്ക് മനസ്സിലാവും അവിടെ തോടുണ്ടെന്ന്.പുറകിലുളളവർ സുരക്ഷിതരാണ്. കൂട്ടത്തിൽ ചില ദുഷ്ട ചിന്തകൾ !
കടവിലേക്ക് വെളിച്ചം തീരെയില്ല.എതിരെ ഒരു ചേട്ടൻ വന്നു.വളളക്കാരനെ വിളിക്കാൻ ഉച്ചത്തിൽ കൂവാൻ പറഞ്ഞു. കേൾക്കേണ്ട താമസം എൻട്രി സീനിൽ ആസിഫ് അലിയെ കാണുമ്പോൾ കൂവുന്ന ആൽപസ്വൽപം അസൂയയും കുശുമ്പുമൊക്കെയുളള മലയാളികളെപ്പോലെ ഞങ്ങൾ ഒരുമിച്ച് കൂവി. വളളക്കാരനും തിരിച്ച് കൂവി.പുളളിക്കാരൻ കേട്ടു എന്നുളള സിഗ്നൽ ആണത്.വളളക്കാരനെ കണ്ടതും മുമ്പില് നടന്ന ഷംനാസ് പുളളീടെ അടുത്തേക്ക് വെച്ച് നടന്നു.വളളക്കാരൻ ഒരു തെറിയോട്കൂടി ഒറ്റ അലറൽ.
” മുന്നില് കായലാടാ” !!!
സംഗതി ഇനിയൊരടി മുന്നോട്ട് വെച്ചാല് ഷംനാസ് താഴെപ്പോവും.ഇനിയും റോഡ് ഉണ്ട് എന്ന ചിന്തയിൽ നടന്നതാണ് കക്ഷി.പാതിരാത്രി വട്ടക്കായലിൽ ചെറിയ വളളത്തിൽ അളളിപ്പിടിച്ചിരുന്നൊരു യാത്ര അക്കരെക്ക്. കാര്യം ചീത്തവിളി കേട്ടെങ്കിലും ജീവൻ രക്ഷിച്ച നന്ദിയും കടപ്പാടും വളളക്കാരനെ അറിയിച്ച് അക്കരെകടവിലെ സ്റ്റാൻഡിലേക്ക് ഞങ്ങൾ നടന്നു.അവിടെയും കാര്യം തതാസ്ഥു ! 10 മണിക്ക് പോവേണ്ട ബസ് മഴ കാരണം 9.50 ന് പോയി.അവിടെ പെട്ട് നിക്കുമ്പോ കായലിലൂടെ ലാസ്റ്റ് ബോട്ട് എടത്വാക്ക് പോകുന്നു.ഇനി ആറു കിലോമീറ്റർ അപ്പുറം മങ്കൊമ്പിലേക്ക് നടക്കണം.മഴയത്ത് വെച്ച് നടന്നു.സംഗതി പെട്ടെങ്കിലും ചിരിച്ചും തമാശ പറഞ്ഞുംനന്നായി വിശന്നും നടക്കുകയാണ് നാല് പേരും.ചുറ്റ്പാടും തെങ്ങിൻതോപ്പെന്ന് തോന്നുന്ന വിധത്തിലുളള പറമ്പ്.നടുക്കൂടെ റോഡ്.ചമ്പക്കുളം-മങ്കൊമ്പ് റോഡ്.കുറേയേറെ നടന്നപ്പോൾ ഒരോട്ടോ വന്നു.ഓട്ടോയുടെ പേര് നോക്കാതെ തന്നെ ഞാൻ പറഞ്ഞു, ” പുണ്യാളൻ”.
മങ്കൊമ്പിലിറക്കിവിട്ട് ക്യാഷും വാങ്ങി ഒാട്ടോചേട്ടൻ പോയി.
AC റോഡ് അനാഥമായി കിടക്കുന്നു.(ALAPPUZHA-CHANGANACHERY ROAD)
മഴയായത് കാരണം AC റോഡിൽ ഗതാഗതം ആലപ്പുഴ മുതൽ രാമങ്കരി വരയേ ഉളളു.അത് കഴിഞ്ഞ് അന്തമില്ലാത്ത വെളളക്കെട്ടാണ്.ഏതെങ്കിലും വണ്ടി ഒാടി വന്നാലായ്.ഒരു മണിക്കൂറോളം അവിടെ നിന്നു.മഴ കനത്ത് പെയ്യുന്നു.അത് വഴി പെട്രോളിങ്ങിന് വന്ന high way police ൻെറ വണ്ടിക്ക് ഞാൻ കൈ കാട്ടി. പോലീസ് വണ്ടിയിലേ സാറുമ്മാര് കേറുളേളാ എന്ന് ചോദിച്ച് അവര് പോയി.പഴയ media experience ൻെറ പുറത്ത് ഒന്ന് ഷൈൻ ചെയ്യാമെന്ന് കരുതിയ എൻെറ ഗ്യാസ് കൂട്ടുകാരുടെ മുന്നില് ശൂൂൂന്നും പറഞ്ഞ് പോയി.പിന്നെയും കുറേകഴിഞ്ഞ് മഴയത്തിനി നനയാൻ ബാക്കിയില്ലാ എന്നവസ്ഥയിൽ മുന്നിലേക്ക് ഒരു ലോറി പാഞ്ഞ് വന്നു നിന്നു. രാമങ്കരി ചന്തയിൽ മീനും കൊണ്ട് ആലപ്പുഴയിൽ നിന്നും വന്നൊരു ഗുഡ്സ് വണ്ടി.പിന്നിൽ വലിഞ്ഞ് കേറി അട്ടിയിട്ടിരുന്നു. ഒരു അമ്യൂസ്മെൻ് പാർക്കിലെ റൈഡിലെന്നപോലെ റോഡിലെ വെളളം മനോഹരമായി രണ്ട് വശങ്ങളിലേക്ക് തെറുപ്പിച്ച് അത്യുഗ്രൻ ഡ്രൈവിംഗ്.കളർകോട് sd കോളേജിന് മുന്നിലിറങ്ങുമ്പോൾ സമയം 11.30.പിന്നെ അവിടെയും കാത്ത് നിന്ന് അമ്പലപ്പുഴക്കുളള ബസ് കയറുമ്പോൾ,ചില അനിശ്ചിതത്വങ്ങൾ ഉണ്ടാവുകയും അത് സ്വയംകുരുക്കഴിഞ്ഞ് നമ്മെ സഹായിക്കുന്നതുമായ വളരെ രസകരമായ ഒരവസ്ഥ ഞാൻ നോക്കി കാണുകയായിരുന്നു. Comfort zone ൽ നിന്ന് പുറത്ത് കടന്ന് മഴ നനയാനും വെയില് കൊളളാനും ചെളി ചവിട്ടാനുംവെളളം നീന്താനും അലഞ്ഞ് തിരിയാനും ഒക്കെ മനസ്സ് കാട്ടിയാൽ അനിശ്ചിതത്വങ്ങൾ ഉണ്ടാവുകയും രസകരമായി തന്നെഅതിൽ നിന്നും പുറത്ത് കടക്കുകയും ചെയ്യുന്ന മാസ്മരികത അറിയാൻ കഴിയും.ജീവിതത്തിലെ ചില കൊച്ച് കൊച്ച് വലിയ സന്തോഷങ്ങൾ

ഷഫീക് കെ എച്.

Share.

About Author

138q, 0.944s