Leaderboard Ad

എന്തിനാണ് ഭരണഘടനാ ദിവസം ? – സീതാറാം യെച്ചൂരി

0

“അംബേദ്‌കര്‍ ജയന്തി ദിനത്തിൽ രാജ്യസഭയില്‍ സഖാവ് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗം”

സർ ഈ സെഷൻ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ, അംബേദ്കറുടെ 125 ആം ജന്മദിനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സെഷൻ വേണമെന്നും ഈ സെഷനിൽ നമ്മൾ പ്രധാനമെന്ന് കരുതുന്ന ചില പുതിയ നിയമങ്ങൾ നടപ്പാക്കണമെന്നും ഞങ്ങളുടെ പാർട്ടി ആവശ്യപ്പെട്ടിരുന്നു. സമകാലിക സാഹചര്യത്തെക്കുറിച്ച് ശരത് യാദവ്ജി വളരെ വിശദമായി തന്നെ വിവരിക്കുകയുണ്ടായി. അത് വീണ്ടും ആവര്ത്തിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എങ്കിലും ദളിതുകളുടെ നേര്ക്കുള്ള അതിക്രമങ്ങൾ നാം ഗൌരവമായി കാണേണ്ടിയിരുക്കുന്നു. ഈ ഗവണ്മെന്റിന്റെ തന്നെ സ്റ്റാറ്റിസ്റ്റിക്സ് തന്നെ പറയുന്നത്, 2014 ൽ ഈ ഗവണ്മെന്റ് അധികാരത്തിലേറിയതിന് ശേഷം ദളിതുകളുടെ നേര്ക്കുള്ള അതിക്രമങ്ങൾ 19% വർദ്ധിച്ചിരിക്കുന്നു എന്നാണ്. ഈ 2015ൽ തന്നെ ഫരീദാബാദിലും അഹമ്മദാബാദിലുമെല്ലാം ദളിതുകളുടെ നേര്ക്കുള്ള അതിക്രമങ്ങൾ നാം കണ്ടതാണ്.

ഇവിടുത്തെ യഥാർത്ഥ പ്രശ്നം നിലവിലുള്ള നിയമങ്ങളെ നാം ശക്തിപ്പെടുത്തുകയും പുതിയ നിയമങ്ങൾ ഉണ്ടാക്കുകയുമാണ്, ആയതിനാൽ ഞങ്ങൾ പത്ത് പുതിയ നിയമങ്ങൾ നിർദ്ദേശിക്കുന്നു. സാന്പത്തിക രംഗത്തുണ്ടായ മാറ്റങ്ങൾ പരിഗണിച്ച്, സ്വകാര്യ വിദ്യാഭ്യാസ മേഘലയിലും സംവരണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ പക്ഷം ഇതിനേക്കുറിച്ചുള്ള സംവാദം നടക്കുകയും നിയമനിർമ്മാണം നടത്തുകയും വേണം. എസ് സി എസ ടി സബ്പ്ലാനിന് സ്റ്റാറ്റ്യൂട്ടറി സ്റ്റാറ്റസ് കിട്ടണമെന്നും സംവരണം പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കൂടെ വ്യാപിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. തൊട്ട്കൂടായ്മ തുടച്ച് നീക്കുന്നതിനായി ഒരു ദേശീയ മിഷൻ രൂപം കൊടുക്കണമെന്നതും ഞങ്ങളുടെ ആവശ്യമായിരുന്നു. ഈ പാർലമെന്റിലെ തന്നെ ‘സഫായി കർമ്മചാരി’കളുടെ അവസ്ഥയെപ്പറ്റി ശരത്ജി നേരത്തെ വിശദമാക്കിയതാണ്. ഇതെല്ലാം കാണിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് പുതിയ നിയമങ്ങൾ വേണമെന്നത് തന്നെയാണ്.

അതുകൊണ്ട് സാമൂഹിക നീതിയെക്കുറിച്ചുള്ള അംബേദ്ക്കറുടെ ദർശങ്ങളെ മുന്നോട്ട് കൊണ്ട് പോകാനുതകുന്ന നിയമനിർമ്മാണമാണ് നമുക്കിന്നാവശ്യം.
എന്നാൽ ഭരണഘടനയിലുള്ള നമ്മുടെ വിശ്വാസം പുനഃദൃഢീകരിക്കണം എന്ന് ഗവണ്മെന്റ് പറയുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഈ പുനഃദൃഢീകരണത്തിന്റെ ചോദ്യം എങ്ങനെയാണുദിക്കുന്നത്? ഈ ഭരണഘടനയുടെമേൽ പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഞാനും നിങ്ങളുമെല്ലാം ഇവിടെയിരിക്കുന്നത്. ഈ പുനഃദൃഢീകരണം എന്ന നാടകം കൊണ്ട് നിങ്ങൾ എന്താണുദ്ദേശിക്കുന്നത്? ഇന്നത്തെ ഗവണ്മെന്റും സഭാനാഥനും മനസ്സിലാക്കേണ്ട കാര്യം ഭരണഘടനയിൽ നമുക്കുള്ള വിശ്വാസം കാരണമാണ് അവരിവിടെയുള്ളതെന്നാണ്. സർ, എന്താണീ ഭരണഘടനാ ദിവസം?

ചരിത്രം പരിശോധിച്ചാൽ, കോൺസ്റ്റിറ്റ്യുവെന്റ് അസ്സംബ്ലിയുടെ പ്രസിഡന്റ് ഭരണഘടനയിൽ ഒപ്പ് വെച്ചത് നവംബർ 26നാണ്. എന്നാൽ വോട്ടിനിട്ട് അംഗീകരിച്ച ഡ്രാഫ്റ്റിൽ സ്പഷ്ടമായിത്തന്നെ പറയുന്നത് “1950 ജനുവരി 26ന് ഈ ഡ്രാഫ്റ്റ് ഭരണഘടനയായി മാറുന്നതോടെ ഇന്ത്യ ഒരു റിപ്പബ്ലിക് ആകുമെന്നും നിയമനിർമ്മാണം ആരംഭിക്കാമെന്നു”മാണ്. ‘അപ്പോൾ 1949 നവംബർ 26 മുതൽ 1950 ജനുവരി 26 വരെ ഏത് നിയമമാണ് ഇവിടെ നിലവിലുണ്ടായിരുന്നത്’ എന്ന ചോദ്യത്തിന് പ്രശസ്തനായ വക്കീൽ കൂടിയായ സഭാനാഥനുത്തരം നല്കാമോ? ഇതേ ഭരണഘടന ആയിരുന്നോ അത്? ഭരണഘടന നിലവിൽ വരുന്നത് വരെയുള്ള ആ രണ്ട് മാസക്കാലം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നത്, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ആറ്റ്ലി ലണ്ടനിലെ ഹൌസ് ഓഫ് കോമൺസിൽ പാസ്സാക്കിയ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്റ്റ് 1947 ആയിരുന്നു. ബ്രിട്ടീഷ് നിയമത്തിന് കീഴിലായിരുന്നു ഇന്ത്യ ആ രണ്ട് മാസക്കാലം. ഭരണഘടന അംഗീകരിക്കപ്പെടുകയും പ്രാബല്യത്തിൽ വരുകയും ചെയ്തത് ജനുവരി 26 നാണ്. ഇങ്ങനെയായിരിക്കേ 65 വർഷങ്ങൾക്ക് ശേഷം നിങ്ങളിപ്പോൾ പുതുതായി പറയുന്ന ഭരണഘടന സ്ഥാപന ദിനം എന്താണ്? സർ, താങ്കൾക്ക് ഇക്കാര്യത്തിൽ ചിലപ്പോൾ കൂടുതൽ അറിവുണ്ടായേക്കാം, ജനുവരി 26ന് ഭരണഘടന നിലവിൽ വരുന്നതോടെ ഇന്ത്യ ഒരു റിപ്പബ്ലിക് ആകും എന്ന് അംബേദ്‌കർ തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിയ്ക്ക് നവംബർ 26 ന്റെ സാംഗത്യമെന്താണ്? ശരിയാണ്, നവംബർ 26നാണ് കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി ഭരണഘടനയുടെ ഡ്രാഫ്റ്റ്‌ അംഗീകരിക്കുന്നത്, പക്ഷേ അന്ന് ഭരണഘടന പ്രാബല്യത്തിൽ വന്നില്ല. 1950 ജനുവരി 26 നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്, അത് വരെ ഈ ഡ്രാഫ്റ്റ്‌ നമ്മുടെ നിയമസംഹിത ആയിരുന്നില്ല. സർ, നിയമജ്ഞർ പോലും ഭരണഘടന സ്ഥാപന ദിനത്തെപ്പറ്റി സംസാരിക്കുന്നു! നിങ്ങൾക്കാഘോഷിക്കാൻ മറ്റൊരു ദിവസം കൂടി ഉണ്ടാക്കുകയെന്നതാണോ ഉദ്ദേശം? 1950 ജനുവരി 24 നും 25 നും കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി വീണ്ടും ചേരുകയുണ്ടായി. ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത് ജനുവരി 24 നാണ്. ജനുവരി 25 നാണ് കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി അംഗങ്ങൾ ഭരണഘടനയിൽ ഒപ്പ് വയ്ക്കുന്നത്. ഇനി മറ്റൊരു കാര്യം, നവംബർ 26 മുതൽ ഭരണഘടനയുടെ 395 വകുപ്പുകളിൽ 15 എണ്ണം മാത്രമേ പ്രാബല്യത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1950 ജനുവരി 26 ന് മാത്രമാണ് പൂർണ്ണമായ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്.
ഈ പുതിയ ദിനം എന്താണ്, സർ? (തടസ്സപ്പെടുന്നു) ഇതിനെ വേണമെങ്കിൽ ‘ഐറ്റം സോംഗ്’ എന്നോ മറ്റോ വിളിക്കാവുന്നതാണ്. ഇത് ഇന്ത്യൻ ഭരണഘടനയിലെ ഒരു പുതിയ ‘ഐറ്റം’ ആണ്. ഭരണപക്ഷത്തെ ഒരു പ്രമുഖനായ നേതാവ് പ്രധാനമന്ത്രിയെ വിളിച്ചത് മിടുക്കനായ ഇവന്റ് മാനേജർ എന്നാണ്. ലണ്ടൻ കഴിഞ്ഞ് മലേഷ്യ അതിന് ശേഷം ഏഷ്യ അതിന് ശേഷം ഭരണഘടനാദിനം, നാളെ മുതൽ പാരീസ്. എന്റെ ചെറുപ്പത്തിൽ ‘പാരീസ് കെ ഏക്‌ രംഗീൻ ശാം’ എന്നൊരു സിനിമ കണ്ടതോർക്കുന്നു. നാളെ മുതലുള്ള ‘ഇവന്റ്’ അതായിരിക്കും.

ഗൌരവമില്ലാത്ത ഇത്തരം ആഘോഷങ്ങൾ സഭയുടെ അന്തസ്സിന് ചേർന്നതല്ല. ജവഹർലാൽ നെഹ്രു മുന്നോട്ട് വെച്ച ‘വസ്‌തുനിഷ്‌ഠതാ അപഗ്രഥനം’ എന്ന പ്രമേയത്തിൽ നിന്നാണ് കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലിയുടെ പ്രവർത്തനം തുടങ്ങിയതെന്ന് ഈ ഗവണ്മെന്റിന് അറിയാമോ? കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി ആകെ പതിനൊന്ന് പ്രാവശ്യം ചേർന്നതിൽ ആറ് തവണയും ഭരണഘടനയുടെ കരടിനെപ്പറ്റിയല്ല മറിച്ച് വസ്‌തുനിഷ്‌ഠതാ അപഗ്രഥനത്തെപ്പറ്റിയാണ് ചർച്ച ചെയ്തതെന്ന് ഈ ഗവണ്മെന്റിന് അറിയാമോ? കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലിയിൽ നടന്ന ഭൂരിഭാഗം ചർച്ചകളും ശ്രീ ജവഹർലാൽ നെഹ്രു അവതരിപ്പിച്ച ഈ പ്രമേയത്തിന്മേൽ ആയിരുന്നു. സർ, അതായിരുന്നു നമ്മുടെ ചരിത്രം. ശരിയാണ്, ചരിത്രം എപ്പോഴും വിജയിച്ചവരാണ് രചിക്കുന്നത്. പക്ഷേ ഇപ്പോഴിവിടെ വിജയികളായവർ നമ്മുടെ പൂർവ്വചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്! ബഹുമാനപ്പെട്ട സ്പീക്കറെപ്പോലെ ഞാനും സ്വാതന്ത്ര്യത്തിനു ശേഷമാണ് ജനിച്ചത്. നമ്മളിൽ ഭൂരിഭാഗം പേരും സ്വാതന്ത്ര്യാനന്തരമാണ് ജനിച്ചതെന്നാണ് ഞാൻ കരുതുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതെല്ലാമാണ് നമ്മുടെ ചരിത്രവും പാരന്പര്യവും. നിങ്ങൾക്ക് അതിനെ ഹനിച്ചു കൊണ്ട് പുതിയൊരു ചരിത്രം അവതരിപ്പിക്കാൻ സാധ്യമല്ല. എന്തിനാണീ ഭരണഘടനാ ദിനം? അവർക്ക് യാതൊരു പങ്കുമില്ലാതിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമമാണിത് എന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേരുന്നത്.

എങ്ങനെയാണ് ഇതിനുള്ള ഓർഡർ കൊടുത്തത്? സർ, അത് ‘ എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു’ എന്നുള്ള ഗസറ്റ് വിജ്ഞാപനമായിരുന്നു. വേണമെങ്കിൽ ഞാനത് സഭയുടെ മേശപ്പുറത്ത് വയ്ക്കാം. നവംബർ 19ന് ഇന്ത്യൻ ഗസറ്റിൽ വന്നൊരു വിജ്ഞാപനമായിരുന്നു അത്. Ministry of Social Justice and Empowerment ആണ് അത് നൽകിയത്. എല്ലാ വർഷവുംആചരിക്കേണ്ട ഒരു ദേശീയ ദിനം തീരുമാനിക്കേണ്ടത് Ministry of Social Justice and Empowerment ആണോ?
ബഹുമാനപ്പെട്ട മന്ത്രി ഇവിടെയുണ്ട്. ബഹുമാനപ്പെട്ട മാനവവിഭവശേഷി മന്ത്രി, അവർ മന്ത്രിയാകുന്നതിനു മുൻപ്, എന്റെ സുഹൃത്തായിരുന്നു. മന്ത്രിയായതിനു ശേഷം അവർക്ക് സമയമില്ലെന്നും വളരെ ശ്രമകരമായ ചുമതലകളുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. എങ്കിലും, നവംബർ 19 ആം തീയതി ഗസറ്റ് വിജ്ഞാപനം വരുന്നതിന് മുന്നേ, നവംബർ പത്താം തീയതി തന്നെ സ്കൂളുകളിൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ പറഞ്ഞു കൊണ്ടുള്ള വിജ്ഞാപനം മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചതെങ്ങനെയാണ് എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് 19 ആം തീയതിയിലെ ഗസറ്റ്. സർ, എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്? ഇന്ത്യയിലെ രാഷ്ട്രീയത്തിലെ ഓരോ ഐറ്റംസ്. എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, നിങ്ങൾ നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണ്. നിങ്ങൾക്ക് ഒരു പങ്കുമില്ലാതിരുന്ന ദേശീയപ്രസ്ഥാനത്തിൽ നുഴഞ്ഞു കയറുവാനാണ് നിങ്ങൾ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റ്കാരുടെയും മറ്റും പങ്കിനെ പറ്റിയുള്ള ആരോപണങ്ങൾ ഈ ചർച്ചയിൽ നമ്മൾ കേട്ടതാണ്, ഇനിയും അതുയർന്നു വരുമെന്നും എനിക്കുറപ്പുണ്ട്.

വിശദീകരണം എന്ന നിലയിൽ ശ്രീ നഖ്വിയ്ക്ക് സ്വന്തം വ്യാഖ്യാനങ്ങൾ നൽകാനാവില്ല. ഭരണഘടനാ ദിനം ആചരിച്ചു കൊള്ളട്ടെ. ഡോ. ബി ആർ അംബേദ്കറിനെ നാം എല്ലായ്പ്പോഴും ആദരിച്ചിട്ടുണ്ട്. പക്ഷേ ഈ പുതിയ ‘ഇവന്റി’നു വേണ്ടിയുള്ള പരാക്രമങ്ങൾ എന്തിനാണ്? ഞങ്ങൾക്കിതിൽ എതിർപ്പൊന്നുമില്ല, പക്ഷേ ഇതിന്റെ പശ്ചാത്തലത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്ക് ദേശീയപ്രസ്ഥാനത്തിൽ ഒരു പങ്കുമില്ലായിരുന്നു. അതിൽ നുഴഞ്ഞു കയറുവാനുള്ള നിങ്ങളുടെ ശ്രമമാണിത്. സർ, ശ്യാമപ്രസാദ് മുഖർജിയെപ്പറ്റി സൂചിപ്പിക്കുകയുണ്ടായല്ലോ. നിങ്ങളുയര്ത്തിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. നിങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രത്തെക്കുറിച്ച് ചോദിച്ചല്ലോ. സർ, നിങ്ങളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പങ്കിനെപ്പറ്റിയുള്ള രണ്ട് ഉദ്ധരണികൾ ഞാൻ വായിക്കാൻ ആഗ്രഹിക്കുന്നു. …(തടസ്സപ്പെടുന്നു)…

1942ലെ ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ബോംബെയുടെ ആഭ്യന്തരവകുപ്പ് നിരീക്ഷിക്കുകയുണ്ടായി “സംഘം നിഷ്കർഷയോടു കൂടി നിയമാനുസരണം നിലകൊള്ളുകയും 1942 ആഗസ്തിൽ പൊട്ടിപ്പുറപ്പെട്ട ക്രമസമാധാനപ്രശ്നങ്ങളിൽ പങ്കുകൊള്ളാതിരിക്കുകയും ചെയ്തു” എന്ന്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ രേഖയാണിത്. തരുൺജി കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സർ, 1992ൽ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ അൻപതാം വാർഷികം ആചരിക്കാനായി ഒരു സ്പെഷൽ സെഷൻ സെൻട്രൽ ഹാളിൽ ചേരുകയുണ്ടായി. ആ സെഷനിൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശങ്കർദയാൽ ശർമ്മ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “കാൻപൂരിലെയും ജാംഷെഡ്പൂരിലെയും അഹമ്മദാബാദിലെയും മില്ലുകളിൽ നടന്ന വൻതോതിലുള്ള സമരങ്ങൾക്ക് ശേഷം 1942 സെപ്തംബർ അഞ്ചാം തീയതി ഡൽഹിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് അയച്ച കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “നിരവധി CPI അംഗങ്ങളുടെ പ്രവർത്തനരീതികളിൽ നിന്ന്, നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നത് പോലെ, അവർ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളാണെന്ന് തെളിഞ്ഞിരിക്കുന്നു””. ഇത് ഇന്ത്യയുടെ രാഷ്ട്രപതി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ച് പറഞ്ഞതാണ്. ഇനിയെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തണം.

നുഴഞ്ഞു കയറുന്നു എന്ന് ഞാൻ പറയുന്നതിനെ നിങ്ങൾ എതിർക്കുന്നു. ശ്യാമപ്രസാദ് മുഖർജിയെപ്പറ്റി സൂചിപ്പിച്ചല്ലോ, അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു, അദ്ദേഹം നെഹ്രുജിയുടെ കാബിനറ്റിൽ അംഗമായിരുന്നു. പിന്നീട് അതിൽ നിന്ന് അദ്ദേഹം രാജി വെക്കുകയും പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തു. നിങ്ങളുടെ സർസംഘചാലക് ഗോൾവാൽക്കർ നാല് സ്വയംസേവകരെ പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ശ്രീ മുഖർജിയുടെ അടുത്തേക്കയച്ച കാര്യം ആർഎസ്എസിന്റെ രേഖകളിലുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം. ആരായിരുന്നു അവർ? ഇത് നിങ്ങളുടെ തന്നെ രേഖകളിൽ ഉള്ളതാണ്. ദീൻ ദയാൽ ഉപാദ്ധ്യായ്ജി, എൽ കെ അദ്വാനിജി, അടൽ ബിഹാരി വാജ്പേയിജി, എസ് എസ് ഭണ്ഡാരിജി എന്നിവരായിരുന്നു അവർ. ഈ നാല് പേരെ ആയിരുന്നു പുതിയ പാർട്ടിയുണ്ടാക്കാനായി അയച്ചത്. ഗാന്ധിയുടെ വധത്തിനു ശേഷം സർദാർ പട്ടേൽ ആർഎസ്എസ് നിരോധിച്ചു. നിരോധനം നീക്കാനുള്ള ഒരു ഉപാധി ആർഎസ്എസ് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നതായിരുന്നു. അങ്ങനെ നിങ്ങൾക്ക് ഒരു പൊളിറ്റിക്കൽ വിംഗ് ആവശ്യമായി വന്നു. ജനസംഘം എന്ന ആ പൊളിറ്റിക്കൽ വിംഗ് ആണ് പിന്നീട് ബിജെപി ആയി പുനർജ്ജനിച്ചത്.

സ്പീക്കർ ഭരണഘടനയുടെ ആർട്ടിക്കിൾ 44 വായിച്ചുവല്ലോ. അതിൽ പറയുന്നത് “ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സർക്കാർ പരിശ്രമിക്കണം” എന്നാണ്. കാർഷികവൃത്തിയെപ്പറ്റിയും കന്ന്‌കാലിവളർത്തലിനെപ്പറ്റിയും അതിൽ പ്രതിപാദിക്കുന്നുണ്ട്. ഇത് ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾ ആണെന്ന് ചൂണ്ടിക്കാണിക്കാൻ ഞാനാഗ്രഹിക്കുന്നു (which are not justiciable and enforceable). സർ, നിർദ്ദേശക തത്വങ്ങളിൽ നിങ്ങളിവിടെ വായിക്കാത്ത ചിലത് കൂടിയുണ്ട്. എന്തൊക്കെയാണവ? “ദുർബ്ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാൻപത്തികവുമായതാൽപര്യങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണം” എന്ന് ആർട്ടിക്കിൾ 46ൽ പറയുന്നു. “ജനങ്ങളുടെ പോഷകാഹാരലഭ്യതയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കണം” എന്ന് ആർട്ടിക്കിൾ 47ൽ പറയുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പോഷകഹാരക്കുറവ് അനുഭവിക്കുന്നത് ഇന്ത്യയിലാണ് എന്നത് എത്ര അപമാനകരമാണ്. വളർച്ച മുരടിച്ച ഏറ്റവും കൂടുതൽ കുട്ടികൾ ഇന്ത്യയിലാണുള്ളത് എന്നത് അപമാനകരമല്ലേ? ഇത് നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 47ൽ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ട് നിങ്ങളെന്താണ് ചെയ്തത്? നിങ്ങൾ ഇവയിൽ നിന്ന് ചിലത് മാത്രം തിരഞ്ഞെടുക്കുന്നു, അതാണ് നിങ്ങളുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്നതിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്. നടപ്പിലാക്കപ്പെടേണ്ടതായ മൗലിക കർത്തവ്യങ്ങളെപ്പറ്റിയുള്ള അനുച്ഛേദത്തിലെ ആർട്ടിക്കിൾ 51A (f)ൽ പറയുന്നു “നമ്മുടെ സമ്മിശ്രസംസകാരത്ത്തിന്റെ സന്പന്നമായ പാരന്പര്യത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് ഇന്ത്യയിലെ ഓരോ പൌരന്റെയും കടമയാണ്”. സർ, നാം സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് സമ്മിശ്രസംസകാരത്തെയാണോ? എന്താണ് ആർട്ടിക്കിൾ 51A(h) പറയുന്നത്? “ശാസ്ത്രബോധവും മാനുഷികത്വവും അന്വേഷനബുദ്ധിയും നവീകരണവാസനയും വികസിപ്പിക്കണം” എന്നാണതിൽ പറയുന്നത്. സർ, ഗണേശഭഗവാൻ പ്ലാസ്റിക് സർജറിയുടെ സൃഷ്ടിയാണെന്നും കൌരവർ ടെസ്റ്റ്യൂബ് ശിശുക്കളായിരുന്നുവെന്നും പറയുന്നത് ശാസ്ത്രബോധമാണോ? ഇത് പറഞ്ഞത് മറ്റാരുമല്ല, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ്. എന്താണ് സംഭവിക്കുന്നത്? എന്താണ് നിങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ ഹിന്ദുത്വ അജണ്ട പുനർജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ പശു സംരക്ഷണം പുനർജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ചോദ്യം എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ സമത്വം ആണ്. അദ്ദേഹം ആർട്ടിക്കിൾ 30 വായിച്ചു… ആർട്ടിക്കിൾ 29ഉം 30ഉം ഇവയ്ക്ക് വിരുദ്ധമാണെന്നും പറയുകയുണ്ടായി. ആർട്ടിക്കിൾ 15 പറയുന്നത് “മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും സർക്കാർ വിവേചനം കാണിക്കാൻ പാടുള്ളതല്ല” എന്നാണ്. ഇത് മൗലികാവകാശങ്ങളിലെ ആർട്ടിക്കിൾ 15 ആണ്. അദ്ദേഹം പറയുന്നത് ആർട്ടിക്കിൾ 29ഉം 30ഉം പരസ്പരവിരുദ്ധമാണെന്നാണ്. സർ, ഏതൊരു അവകാശത്തിനുമൊപ്പം യുക്തിസഹമായ നിയന്ത്രണങ്ങളും ഉണ്ടാവുമെന്നത് ഏതൊരു വക്കീലിനും അറിയാവുന്ന കാര്യമാണ്. അങ്ങനെയല്ലാത്ത ഒരു അവകാശവും ഇല്ല. ആർട്ടിക്കിൾ 15ലുള്ളതിന്റെ യുക്തിസഹമായ നിയന്ത്രണങ്ങൾ ആർട്ടിക്കിൾ 29ലും 20ലും പറഞ്ഞിരിക്കുന്നു, ഇവയിലാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുന്നത്. ന്യൂനപക്ഷങ്ങൾ എന്നതു കൊണ്ടുദ്ദേശിക്കുന്നത് മതന്യൂനപക്ഷങ്ങളെ മാത്രമല്ല, ഭാഷാന്യൂനപക്ഷങ്ങളെക്കൂടിയാണ്. ഇപ്പോൾ പറയുന്നത് “ഇത് പരസ്പര വിരുദ്ധതയാണ്, അതുകൊണ്ട് നീക്കം ചെയ്യപ്പെടണം” എന്നാണ്. നമ്മൾ ഈ പരസ്പര വിരുദ്ധതയെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നതിനെപ്പറ്റി അംബേദ്കറിന്റെ അഭിപ്രായം എന്തായിരിക്കും? പൗരന്മാരുടെ അവകാശങ്ങൾ സഹിഷ്ണുത ആയിരിക്കണം പ്രസരിപ്പിക്കേണ്ടത് അസഹിഷ്ണുത അല്ല എന്നദ്ദേഹം കൃത്യമായി പറയും.

(തുടരും)

പരിഭാഷ : നതാഷ ജെറി 

Share.

About Author

136q, 0.887s