Leaderboard Ad

എന്തു കൊണ്ട് മതേതര അനാഥാലയങ്ങൾ ഉണ്ടാവുന്നില്ല?

0
അനാഥാലയം

Photo by Robert Croma

സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അനാഥാലയങ്ങള്‍ ബാല പീഡനകേന്ദ്രങ്ങളും മത പൌരോഹിത്യത്തിന് അവരുടെ പ്രാചീന രൂപങ്ങളെ നില നിര്‍ത്താനും സാമ്പത്തിക ചൂഷണങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്ന് ബോധ്യപ്പെടും.

ജന്മനാ അനാഥത്വത്തിലേക്ക് പിറന്നു വീഴേണ്ടി വരുന്ന ഹത ഭാഗ്യരായ കുരുന്നുകള്‍ക്കും. യുദ്ധങ്ങളും കെടുതികളും അനാഥമാക്കപ്പെട്ട ലക്ഷോപലക്ഷം കുഞ്ഞുങ്ങള്‍ക്കും. ജീവിതാന്ത്യം വരെ ആത്മവിശ്വാസത്തിന് ഇടം കൊടുക്കാത്ത അനുതാപത്തിന്റെ ഒരു ആവരണം ചാര്‍ത്തുകയാണ് ആദ്യം ചെയ്യുന്നത്.

സനാതരായവരുടെ കടുത്ത അച്ചടക്ക നിയന്ത്രണങ്ങള്‍ക്ക് വിനീത വിധേയമായി കഴിഞ്ഞു കൂടേണ്ടവരാണ് ഞങ്ങളെന്ന ബോധം സൃഷ്ടിക്കുക വഴി സ്വച്ഛന്ദമായി വളരേണ്ട കുഞ്ഞു മനസ്സുകള്‍ അപകര്‍ഷതാ ബോധത്തിലേക്കോ ക്രിമിനല്‍ മനോഭാവത്തിലേക്കോ പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

അനാഥാലയങ്ങളിലെ മഹാഭൂരിപക്ഷം കുട്ടികള്‍ക്കും മ്ളാന മുഖങ്ങളായിരിക്കും. ദാരിദ്ര്യത്തിന്റെ അടയാങ്ങള്‍ മുഖത്തെന്നപോലെ വസ്ത്രങ്ങളിലും പെരുമാറ്റങ്ങളില്‍ പോലും ദൃശ്യമാണ്.ഭക്ഷണത്തില്‍ രുചി വൈവിധ്യങ്ങളോ,വസ്ത്രങ്ങളില്‍ ആര്‍ഭാടമോ,ഇല്ല.

ഒരു ഹാളിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ അവരുടെ നിശ്ചയിക്കപ്പെട്ട പരിമിതമായ സ്വാതന്ത്ര്യത്തില്‍ സ്ഥാപിത താല്‍പര്യക്കാര്‍ നിശ്ചയിച്ച മത പാഠങ്ങള്‍ ഉരുവിട്ട് പഠിക്കുക.പഠിതാക്കളുടെ അഭിരുചികള്‍ക്കൊന്നും അവിടെ യാതൊരു വിലയും നിലയുമില്ല.അതൊന്നും ആരും അന്വേഷിക്കാറുമില്ല.

അനാഥക്കുട്ടികളുടെ ലോകം എന്നത് മത പൌരോഹിത്യത്തിന്റെ പ്രാകൃത ലോകം മാത്രമാണ്.അവിടെ ഹാരി പോര്‍ട്ടറോ,ബാലമംഗളമോ ലഭ്യമല്ല. കലാ സാഹിത്യം അവരുടെ ലോകത്തിലില്ല. സിനിമയും നാടകവുമെന്നല്ല കലാപരമായ എല്ലാം അവര്‍ക്ക് അപ്രാപ്യവും നിഷിധമാണ് .

അനാഥാലയത്തിലെ പ്രാര്‍ഥനാ വേളകളില്‍ ഇവര്‍ ഭക്തി നിര്‍ഭരമായ ആകര്‍ഷണമായിര്‍ക്കണം. ‘ഹാ” എന്തൊരു അച്ചടക്കം എന്ന് അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുന്ന സനാഥരായവര്‍ക്ക് തോന്നിപ്പോവണം. നിര നിരയായിരുന്നു ഒരേ താളത്തില്‍ നാമം ജപിച്ച് പ്രാര്‍ഥനാ സമയങ്ങള്‍ക്ക് മുബേ സജ്ജരാവണം.

രാത്രി ഏറെ വൈകുവോളം പഠിക്കുകയും പ്രഭാത പ്രാര്‍ഥനയ്ക്കു നേരത്തെ ഉണരുകയും വേണം. ഉറങ്ങുകയാണെന്നും,കുട്ടികളാണെന്നും,അനാഥാരാണെന്ന പരിഗണനയൊന്നും വിശ്വാസത്തിന്‍റെ കടുംപിടുത്തങ്ങള്‍ക്ക് മുമ്പില്‍ വിലപ്പോവില്ല.

ഇനി കാമ്പൗൻ ണ്ടില്‍ നിന്ന് എപ്പോഴൊക്കെയാണ് പുറം ലോകം കാണുക? ഒന്നുകില്‍ നാട്ടു പ്രമാണി മരിക്കണം, അലെങ്കിൽ പ്രമാണിക്ക് വേണ്ടപ്പെട്ട ആരെങ്കിലും. അവിടെ മരണ വീട്ടില്‍ മൃതദേഹ ത്തിന്റെ അടുത്തിരുന്ന് ശവ മെടുക്കുന്നത് വരെ വേദം പാരായണം ചെയ്യണം.അത് നാട്ടുകാര്‍ കാണുകയും വേണം. മരണത്തോട് അനുബന്ധം ആയുള്ള എല്ലാ ചടങ്ങുകളിലും ഈ അനാഥരായ കുട്ടികളുടെ സാനിധ്യം ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തും. അത് സ്ഥാപന നടത്തിപ്പുക്കാരുടെ ഒരു ഘോഷണം ചെയ്യല്‍ കൂടിയാണ്.

ചുരുക്കിപ്പറഞാല്‍ ഒരു അനാഥാലയത്തിലും ഒരു കുട്ടിയും സ്വതന്ത്രമായി വളരുന്നില്ല.അഥവാ വല്ല കുട്ടികളും വികൃതി സ്വഭാവമുള്ളവരാണെ ങ്കില്‍ കടുത്ത പീഡനത്തിന് പരസ്യമായി അവര്‍ ഇരയാവും. ഉമ്മാ-ഉപ്പാ എന്ന് നിലവിളിച്ചു കരയാന്‍ പോലുമാവാതെ..

ഇങ്ങിനെയുള്ള ജുവനൈല്‍ ഹോമിനെയാണ് നാം അനാഥാലയങ്ങള്‍,ഓര്‍ഫനെജുകള്‍,യതീം ഖാനകള്‍ എന്നെല്ലാം വിളിക്കുന്നത്‌.

ഈ കുട്ടികളെയും സ്ഥാപനത്തെയും വെച്ച് ലക്ഷങ്ങളും കോടികളും സ്വദേശത്ത് നിന്നും.വിദേശത്ത് നിന്നും സ്വരൂപിക്കുന്നതിനെ എതിര്‍ക്കപ്പെടുമ്പോള്‍ അത് മതത്തെയാണ് എതിര്‍ക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ല.

ഞാനും യതീമുകളെ സംരക്ഷിക്കുന്നവരും”ദാ” നോക്കൂ സ്വര്‍ഗത്തില്‍ ഇങ്ങിനെയാണെന്ന് പ്രവാചകന്‍ ഉത്‌ബോധിപ്പിച്ചത് ചൂണ്ടുവിരലും പെരുവിരലും ചേര്‍ത്ത് പിടിച്ചായിരുന്നു. അത് ഉള്‍ക്കൊള്ളാനും,അതില്‍ പ്രചോദിതർ ആവാനും വിശ്വാസി സമൂഹം തിടുക്കം കാണിച്ചു. വളരെ നല്ലത്. ഈ ലോകത്ത് അനാഥര്‍ ഉണ്ടാവരുത് എന്നാണ് നമ്മുടെയെല്ലാം ആഗ്രഹം അഥവാ ഉണ്ടായാല്‍ മാനുഷികതയുടെ ഉറവ വറ്റാത്തവര്‍ അവരെ സംരക്ഷിക്കും.സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. പക്ഷേ ആ സംരക്ഷണം വാണിജ്യ വല്‍ക്കരിക്കപ്പെട്ടു എന്നതിലാണ് ഒന്നാമത്തെ വിയോജിപ്പ്‌. ഏതെങ്കിലും ഒരു മതത്തിന്‍റെ തണലില്‍ എന്നതാണ് രണ്ടാമത്തെ വിയോജിപ്.

എന്തുകൊണ്ട് മതേതരമായതോ മതരഹിതമായതോ ആയ ആതുരാലയങ്ങള്‍ ഉണ്ടാവുന്നില്ല? ദൈവീകമായ പുണ്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ ലേബലില്‍ ആയിരിക്കണമെന്നത് ദൈവീക നിയമമാണോ? ഇനി ദരിദ്രരെ സംരക്ഷിക്കുന്നത് ദൈവ പ്രീതിക്കാണെങ്കില്‍ ആ പ്രീതി സമ്പന്നര്‍ക്ക് മാത്രം ദൈവം സംവരണം ചെയ്തിരിക്കുന്നുവോ?

Photo taken by Robert Croma

Photo taken by Robert Croma

മറ്റൊരു ഗൗരവ മേറിയ വിഷയം കൂടി അനാഥാലയങ്ങളില്‍ അരങ്ങേറുന്നുണ്ട്. അത് ലൈംഗിക ചൂഷണമാണ്. ആണ്‍ കുട്ടികളാണെങ്കില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഇരയാക്കപ്പെടുന്നത്. ഇതൊന്നും അപൂര്‍വ്വമല്ല സാധാരണമാണ്, പെണ്‍കുട്ടിക ളാണെങ്കില്‍ പടുകിഴവന്‍മാര്‍ക്കും മൂന്നാം കെട്ടുകാര്‍ക്കും നാലാം കെട്ടുകാര്‍ക്കും വിവാഹം എന്ന കാലാഹരണപ്പെട്ട നിയമത്തിന്‍റെ/ചടങ്ങിന്‍റെ പേരില്‍ കച്ചവടം ചെയ്യുന്ന അവസ്ഥ. പീഡനങ്ങള്‍ക്ക് ഇരയാവുമ്പോള്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആവാതെ വീര്‍പ്പുമുട്ടി മാനസികനില തെറ്റുകയോ മരണത്തിനു കീഴടങ്ങുകയോ ചെയ്താല്‍ അത് പുറം ലോകം അറിയുന്നും ഇല്ല . ഒട്ടും മനുഷ്യോന്മുഖമല്ലാത്ത.അശാസ്ത്രീയമായ ഈ പണ സമ്പാദന കേന്ദ്രങ്ങള്‍ നമുക്ക് വേണോ എന്നത് ആലോചിക്കാവുന്ന അവസരമാണിത്.

ഇവടെ പൂത്തുലയേണ്ടത് തികഞ്ഞ മാനുഷികതയാണ്. ദേശാടനം പോലുള്ള പിന്തിരിപ്പന്‍ സിനിമയിലേത്പോലെ മതപൌരോഹിത്യ തിട്ടൂരങ്ങള്‍ക്ക് കുഞ്ഞുങ്ങളെ കുരുതികൊടുക്കാതിരിക്കുക…

 

Share.

About Author

135q, 0.681s