Leaderboard Ad

എഴുത്തുകാരൻ എന്തിനെഴുതണം?

0

മനുഷ്യനും ,എഴുത്തുകാരനും , വായനാനുഭവവും മാനുഷിക മൂല്യങ്ങളും –  എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം

വായന   രു എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം. പല പ്രതിസന്ധികളും ഉണ്ടെങ്കിലും അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്‍റെ കര്‍മ്മമെന്നറിയണം. എങ്കിലും അയാള്‍ എഴുത്ത് തുടര്‍ന്ന് കൊണ്ടേയിരിക്കണം. തന്‍റെ ചുറ്റുമുള്ള ജീവിത ദുരിതങ്ങള്‍ക്ക് അയാള്‍ സാക്ഷിയാണ്. അയാള്‍ എഴുത്തുകാരനായതുകൊണ്ട് ശരാശരി പൗരനെക്കാള്‍ അയാളില്‍ അസ്വസ്ഥതയും വേദനയും പ്രതികരണവും നീണ്ടുനില്‍ക്കുന്നു. ബുദ്ധിയുടെ സൂക്ഷ്മതയുടെ പ്രശ്നം പ്രതിഭയുടെ അംശം ആണ്. സാഹിത്യ കൃതികള്‍ രസാത്മകം ആണ് എന്ന് പറഞ്ഞാലും ഒടുവിലത് സാംസ്കാരികമായ ഹൃദയ പരിവര്‍ത്തനത്തില്‍ ആണ് എത്തുക. അത് മനുഷ്യന്റെ താഴ്ന്ന മനസ്സില്‍ നിന്ന് ഉയര്‍ന്നതിലേക്കുള്ള പരിവര്‍ത്തനത്തിന്റെ രൂപത്തില്‍ ആയിരിക്കും. ഉത്തമമായ ചിന്തയിലാണ് നാം നില്‍ക്കുന്നത് എന്ന് തോന്നിയാലും സൂക്ഷിച്ചു നോക്കിയാല്‍ അധമം ആയതില്‍ ആയിരിക്കും നാം നില്‍ക്കുന്നത്. ഉത്തമ ചിന്തകളിലെയ്ക്ക് വെളിച്ചം തെളിക്കുന്നതാണ് സാഹിത്യം. ആ അര്‍ത്ഥത്തില്‍ അത് ധര്‍മ്മാധര്‍മ്മങ്ങളില്‍ വിവേചനം വരുത്തുന്ന ഒന്നാണ്.

നമ്മുടെ കാലഘട്ടത്തിന്‍റെ അതി ശക്തമായ ഒരു വെക്തി സാന്നിദ്ധ്യം ആയിരുന്നു നിത്യ ചൈതന്യ യതി. ഏവരുടെയും മിഴികളില്‍ സ്നേഹത്തിന്റെ നനവ്‌ പകര്‍ത്താന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും കഴിയുന്നു.

സൂക്ഷ്മത എന്നാല്‍ എഴുത്തുകാരന്റെ ആന്തരിക ബോധം (INSIGHT) ആണ്. ബുദ്ധിയുടെയും യുക്തിയുടെയും ഭാക്ഷ എഴുത്തുകാരന്‍ അറിയാതെ തന്നെ എഴുത്തില്‍ പ്രതിഫലിപ്പിക്കുന്നു. ഒരു എഴുത്തുകാരന്റെ സൂക്ഷ്മ ബോധത്തെ എത്രത്തോളം ഒരു വായനക്കാരന് പിന്തുടരാന്‍ സാധിക്കുന്നുവോ അത്രത്തോളം അയാളുടെ ആത്മബോധം വികസിക്കുന്നു. കാളിദാസന്‍ കാളിദാസന്റെ കാളിദാസത്വത്തിന് പൂര്‍ണ്ണമായും ഉത്തരവാദി അല്ല. കാളിയുടെ ദാസന്‍ എന്ന പേര് അദ്ദേഹത്തിന്റെ അന്തര്‍ ദര്‍ശന സ്രോതസ്സിനെ സൂചിപ്പിക്കുന്നു. മനുഷ്യ സ്വഭാവത്തിലുള്ള സൂക്ഷ്മമായ ഉത്തമ വശത്തിലെയ്ക്കാണ്എഴുത്തുകാരന്‍ വിരല്‍ ചൂണ്ടുന്നത്.

കഥ വാസ്തവത്തില്‍ നടന്നതാണോ ഇല്ലയോ എന്ന കാര്യം വായിക്കുന്ന നാം ശ്രദ്ധിക്കാറില്ല. കഥയുടെ ഭംഗിയും ചാതുര്യവും നമ്മെ അതില്‍ ലയിപ്പിക്കുന്നു. സത്യത്തിന്‍റെ ശിഥിലീകരണവും മനുഷ്യ ചൈതന്യത്തിനേല്‍ക്കുന്ന പീഡനവും എഴുത്തുകാരനെ അഗാധമായി വേദനിപ്പിക്കുന്നു. ഒരിക്കല്‍ പവിത്രമെന്നു സങ്കല്പ്പിച്ച മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടു മുകള്‍ തട്ടിലെത്താനുള്ള നമ്മുടെ വ്യഗ്രതയെ ഓര്‍ത്തു അയാള്‍ അകമേ കരയുന്നു. പല സങ്കര്‍ഷങ്ങളുടെയും നടുവിലാണയാള്‍. ഭാരണാധിപരും ഭരണീയരും തമ്മിലുള്ള സംഘര്‍ഷം, സാംസ്കാരവും വിരുദ്ധ ശക്തികളും തമ്മിലുള്ള സംഘര്‍ഷവും, പാപ പുണ്യങ്ങളെ പറ്റിയുള്ള വ്യത്യസ്ത സങ്കല്‍പ്പങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം. ….. അങ്ങിനെ നിരവധി സംഘട്ടന കോലാഹലങ്ങളുടെ നടുവിലാണയാള്‍.

ഭംഗിയായി എഴുതിയ കഥ വായിക്കുമ്പോള്‍ വാസ്തവത്തില്‍ ഇല്ലെന്നറിയാമെങ്കിലും കഥയുടെ സ്തോഭം നമ്മുടെ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു. ഗ്രന്ഥ കര്‍ത്താവിന്റെ പ്രയോഗ സാമര്ത്യത്തിനു അനുസരിച്ച് നാം അത് ആസ്വദിക്കുന്നു. ദുഃഖ രസ പ്രദാനമായ ഘട്ടങ്ങളില്‍ നാം വ്യസിനിച്ചു കണ്ണീര്‍ പൊഴിക്കുന്നു. കഥകള്‍ ഭംഗിയായി എഴുതിയത് വായിച്ചാല്‍ വിനോദവും അറിയും ഉണ്ടാകും എന്നതില്‍ സംശയം ഇല്ല. എഴുത്തിലെ ഭംഗി ആണ് നമ്മെ രസിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതും.

അസ്വാസ്ഥ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവിലൂടെ സഞ്ചരിച്ചു നീതിയുടെയും സത്യത്തിന്‍റെയും മനുഷ്യ മഹത്വത്തിന്‍റെയും മൂല്യങ്ങളിലധിഷ്ടിതമായ ഒരു മേഖല, ശാന്തിയുടെ ഒരു പീഠ ഭൂമി ഉണ്ടോ എന്നന്വേഷിക്കാന്‍ വായനക്കാരന്‍ ബാദ്ധ്യസ്ഥനാകുന്നു. അതിന്‍റെ ഭാഗമായി ചില അടിസ്ഥാന പരമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അയാള്‍ വെമ്പുന്നു. തൃപ്തികരമായ ഉത്തരം അയാള്‍ക്ക്‌ ഒരിക്കലും കിട്ടുന്നില്ല. സമൂഹവും പ്രകൃതിയും ഈശ്വരനും മൌനം പാലിക്കുന്നു. ചോദ്യങ്ങള്‍ ശിലാ ശിഖിരങ്ങളില്‍ തട്ടി തിരിച്ചു വന്നു സ്വന്തം ഹൃദയത്തില്‍ തന്നെ പ്രതിധ്വനി ഉയര്‍ത്തുന്നു. എങ്കിലും അയാള്‍ ഈ അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരിക്കണം. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. ചോദ്യങ്ങളും ഉത്തരങ്ങളും പ്രതിഫലിക്കേണ്ടത് വായനക്കാരന്റെ ബോധത്തില്‍ ആകണം. അലസമായ വായന ഒരിക്കലും വായിക്കുന്നവന്റെ ബോധത്തിന്റെ തെളിച്ചത്തിനു ഉതകുകയില്ല.

വിയോജിപ്പുകള്‍ നമ്മെ വിക്ഷേപിപ്പിക്കുകയോ വിമൂഡരാക്കുകയോ ചെയ്യരുത് എന്നും അവിടെ വച്ചാണ് വിരസമായി പോകുന്ന ജീവിതത്തിന് സ്വാരസ്യത്തിന്റെ വെല്ലുവിളികള്‍ ഉണ്ടാകുന്നത് എന്നും എഴുത്തുകാരന്‍ സിദ്ധാന്തിക്കുന്നു. ഇതിലൂടെ എല്ലാം ഒരു എഴുത്തുകാരന്റെ വെക്തിത്വവും ആത്മബോധവും നമുക്ക് തുറന്നുകിട്ടുന്നു. മനസ്സും ബുദ്ധിയും ഹൃദയവും രോമങ്ങള്‍ അടക്കം സര്‍വ്വാവയവങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സമഗ്രതയാര്‍ന്ന ഒരു ആത്മ സമര്‍പ്പണം ആണ് വായനയില്‍ വേണ്ടത്.ഇന്ദ്രിയങ്ങളും ചിത്തവൃത്തികളും ഏതോ ഒരു ഉണര്‍വ്വില്‍ സ്വയം മറന്നു സ്തബ്ധമായി തീരുന്ന ഏതോ ഒരു ഉത്കടാവസ്ഥ ആണ് വായന തരുന്നത്.

വായനചുറ്റുമുള്ള ഈ ദുരിതാവസ്ഥകള്‍ക്ക് ഒരു പ്രധിവിധി പൊടുന്നനവേ നിര്‍ദ്ദേശിക്കാന്‍ എഴുത്തുകാരന്‍ പ്രാപ്തനല്ല. അവ തുടച്ചു നീക്കാനുള്ള നിയമങ്ങള്‍ നടപ്പിലാക്കുവാനുള്ള അധികാര പദവികളും അയാള്‍ക്കില്ല. സമൂഹത്തിന്‍റെ ശരീരത്തിന്‍റെ നാഡിസ്പന്ദനം നോക്കി പറ്റിയ പ്രധിവിധികള്‍ പൊടുന്നനവേ കുറിച്ചിടാന്‍ കഴിയുന്ന മഹാ ഭിഷഗ്വരനുമല്ല അയാള്‍. പക്ഷെ, ജീവിതത്തിന്‍റെ, സംഗീതത്തിന്‍റെ താളം തെറ്റുന്നു എന്ന് ചൂണ്ടി കാണിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു. അതുകൊണ്ട് അയാളുടെ മനസ്സിലുയരുന്ന ഉത്കണ്ടയും വേദനയും രോഷവും സമാന മനസ്കരുമായി പങ്കിടാനെങ്കിലും കഴിഞ്ഞാല്‍ അയാള്‍ക്ക്‌ അല്‍പ്പം ആശ്വാസം കൈ വരുന്നു. ഈ ബോധം ഉള്‍ക്കോള്ളേണ്ടത് വായനക്കാരന്‍ ആണ്.

ജീവിതമെന്ന ഈ വാണിഭസ്ഥലത്തെ കോലാഹലങ്ങള്‍ ചെകിടടിപ്പിക്കുന്നതാണ്. അതിന്‍റെ സിരാ കേന്ദ്രങ്ങളിലൊരിടത്ത്‌ എഴുത്ത്കാരന്‍ ഏകാകിയായി നില്‍ക്കുന്നു. കലാപ കോലാഹലങ്ങള്‍ക്കിടയില്‍ അയാളുടെ ശബ്ദം ഒറ്റപ്പെട്ടതും പതിഞ്ഞതും ആയിരിക്കാം. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടെയോ ചിലര്‍ അത് പിടിച്ചെടുക്കാന്‍ കാതോര്‍ത്തു കാത്തിരിക്കുന്നു എന്ന വിശ്വാസം അയാളെ നിലനിര്‍ത്തുന്നു. ഈ ആള്‍കൂട്ടത്തിലെ ഒരുവന്‍ ആകാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍?

ജീവ ദായകവും മനുഷ്യനെ വിമോചിപ്പിക്കുന്നതുമായ വികാരത്തെ പ്രേമം എന്നോ പ്രണയം എന്നോ സ്നേഹം എന്നോ നാം വിശേഷിപ്പിക്കുന്നു. ഇവിടെ സ്നേഹം പ്രപഞ്ചാധിഷ്ഠിതമാകുന്നു. അങ്ങിനെ ഗുരു നിത്യ ചൈതന്യ യതിയുടെ കൃതികള്‍ നമ്മുടെ ആത്മാവിന്റെ കളിമുറ്റം ആയി മാറുന്നു. താന്‍ ഒരു സാധാരണക്കാരന്‍ ആണെന്നും തനിക്കു അമാനുഷികത ഇല്ലെന്നും അദ്ദേഹം ഉത്തമ ബോധ്യത്തോടെ എഴുതിയ പല ലേഖനങ്ങളും നമുക്ക് വായിക്കുവാന്‍ സാധിക്കും. പോരായ്മയെ പ്രതീകം കൊണ്ടും വല്ലയ്മയെ സ്വപ്നം കൊണ്ടും, ഇല്ലായ്മയെ പരിശ്രമം കൊണ്ടും ദുരീകരിക്കുവാന്‍ അറിവും, വായനയും നമുക്ക് വാതില്‍ തുറന്നു തരുന്നു. തന്നോട് സത്യസന്ധന്‍ ആയി പെരുമാറാന്‍ കഴിയുന്ന ഒരുവന് ഹൃദയത്തെയും ബുദ്ധിയെയും പഠിപ്പിനും വായനക്കും അപ്പുറതെയ്ക്ക് കൊണ്ടുപോകുവാനും അനുഭൂതിയുടെയും മനനത്തിന്റെയും ലോകതെയ്ക്ക്പ്രവേശിക്കുവാനും സാധിക്കുന്നു.

റസ്സലും ഐന്‍സ്ടീനും ഭൌതികപ്രപഞ്ചം ഒരു രീതിയില്‍ നോക്കുമ്പോള്‍ അതി മനോഹരമായ ശില്പമായി കാണുന്നു. അവര്‍ ആ നിലയില്‍ എത്തിയവര്‍ ആണ്. അണുക്കളുടെ സംഘാതമായ പ്രപഞ്ചത്തിന്റെ ഘടനയുടെ ആത്യന്തികമായ ഒരു സൌന്ദര്യം ആണത്. ശാസ്ത്രഞ്ജന്‍ സൗന്ദര്യാരാധകന്‍ ആകുന്നു എന്ന പോലെ സൗന്ദര്യാനുഭൂതിയില്‍ ചിന്തയെ ലയിപ്പിക്കേണ്ട കടമ ആത്യന്തിക ഘട്ടത്തില്‍ വായനക്കാരനും ഉണ്ട്.

സോക്രട്ടീസ്, പ്ലാറ്റോ, അരിസ്ടോട്ടിൽ തുടങ്ങിയവരുടെ കൃതികൾ, ജോണ്‍സ്റ്റുവർട്ട്മിൽ, ലോക്ക്, റസ്സൽ, വെൽസ് തുടഗിയവരുടെ താത്ത്വികവും രാഷ്ട്രതന്ത്രപരവും ആയ ഗ്രന്ഥങ്ങൾ, നരവംശശാസ്ത്രം, മന:ശാസ്ത്രം എന്നിവയിലുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ ഇവയെല്ലാം എടുത്തു പറയത്തക്കതാണ്. ഗാഥെ, ഷെല്ലി, പുഷ്കിൻ, ഹൈനെ ഇവരെല്ലാം റൊമാന്റിക്‌ കവികളാണ്. ആത്മാര്തമായ വികാരവും സ്വതന്ത്രമായ ഭാവനയും ചേര്ന്ന ഉഭയ മിശ്രിതമാണ് എഴുതുകാരാൻ വിളമ്പുന്നത്. അതിനെ ആ തലത്തിൽ കാണുമ്പോൾ ആണ് നമുക്കും അറിവിന്റെ ജാലകങ്ങൾ തുറന്നു കിട്ടുകയുള്ളൂ.

വായന

ആദ്യ കവി വാത്മീകി രാമായണത്തിൽ സീതയുടെ മാഹാത്മ്യത്തിലൂടെ രാമന്റെ മനുഷ്യത്വം മുഴുകിപ്പിക്കുന്നു. ഒരു പരിപൂർണ്ണ സ്ത്രിയിൽ ഉണ്ടാകേണ്ട ഇന്ത്യ കാണുന്ന ആദർശങ്ങൾ ആണ് വാത്മീകി സീതയിലൂടെ നമുക്ക് ദൃശ്യമാക്കി തരുന്നത്.ശുദ്ധിയെക്കാളും ശുദ്ധയായ സീത ഓരോ ആണിന്റെയും പെണ്ണിന്റെയും കുട്ടിയുടെയും പൂജാ പാത്രമായി എന്നും എക്കാലത്തും നിലനില്ക്കുക തന്നെ ചെയ്യും.

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടിയുള്ള ഒരു അന്വേഷണമാണ് കവിത. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നിഗൂഡ യാഥാര്‍ത്ഥ്യങ്ങളെയും അപരിചിത ഭാവങ്ങളെയും ആവിഷ്കരിക്കുവാന്‍ കവിതയ്ക്ക് കഴിയുന്നു.ഒരു നിര്വ്വചനതിന്റെയും കള്ളിയില്‍ ഇന്നത്തെ പുതു കവിതയെ തളച്ചു നിര്‍ത്തുവാന്‍ ആകില്ല. ജീവിതത്തോടും സത്യത്തോടും ഏറ്റവും അടുത്ത് നില്‍ക്കുന്ന ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ഒരു ആഖ്യാനരൂപം ആണ് കവിത. സത്യത്തോടും ജീവിത യാഥാര്‍ത്ഥ്യങ്ങളോടും ഏറ്റവും അടുത്ത് നില്‍ക്കുന്ന കവിയാണ്‌ എ. അയ്യപ്പന്‍. പ്രവാസ ജീവിതം ശിക്ഷയായി അനുഭവിച്ചു തീര്‍ക്കുന്ന കവിയുടെ കരള്‍ പിഴിഞ്ഞെടുത്ത രക്തവും, കണ്ണീരും കൊണ്ട് ചാലിചെടുതവയാണ് അദ്ധേഹത്തിന്റെ ഓരോ കവിതയും. എന്റെ മേല്‍വിലാസം, മാളമില്ലാത്ത പാമ്പ്, പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും, ഈശാവാസ്യം എന്നിവ അദ്ധേഹത്തിന്റെ പ്രധാന കവിതകള്‍ ആണ്.

ആദിമ ഗോത്ര സംസ്കൃതിയുടെ എല്ലാ രൂപ ഭാവങ്ങളും പാരമ്പര്യവും തനിമയും ആഴത്തില്‍ ഉള്‍കൊണ്ട കവി ആണ് കടമ്മനിട്ട രാമകൃഷ്ണന്‍. ഗ്രാമ സംസ്കാരത്തിന്റെ താളവും ചുവടുകളും പാരമ്പര്യവും കടമ്മനിട്ട കവിതകളില്‍ കാണാം. കുറത്തി, കോഴി, കിരാതവൃത്തം,ഞാനിന്നുമെന്റെ ഗ്രാമത്തിലാണ്, നഗരത്തില്‍ പറഞ്ഞ സുവിശേഷം, കണ്ണൂര്‍ കോട്ട, അവസാന ചിത്രം, പുഴുങ്ങിയ മുട്ടകള്‍, ചാക്കാല, മകനോട്‌, കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത് തുടങ്ങിയ അദ്ധേഹത്തിന്റെ കവിതകള്‍ ശ്രേദ്ധേയം ആണ്.

കാലത്തിന്റെ ആന്തരീക സംഘര്‍ഷങ്ങളുടെയും സാമുഖ്യ യാഥാര്‍ത്ഥ്യങ്ങളുടെയും സര്‍ഗാത്മക ആവിഷ്കാരമാണ് ഒ എന്‍ വി കവിതകള്‍. അരിവാളും രാക്കുയിലും, വളപ്പൊട്ടുകള്‍, കറുത്ത പക്ഷിയുടെ പാട്ട്, രേക്ഷകന്‍, കുറ്റമോഴികള്‍, സൂര്യ സംഗീതം, എന്റെ മണ്ണില്‍, ചത്ത വേരുകള്‍ തുടങ്ങിയവ അദ്ധേഹത്തിന്റെ മാറ്റുരയ്ക്കുന്ന കവിതകള്‍ ആണ്.

നമ്മുടെ പൊക്കങ്ങള്‍ എല്ലാം പോയ്‌കാലുകളും പൊയ്മുഖങ്ങളും ആണെന്ന് തിരിച്ചറിഞ്ഞ കവി ആണ് കുഞ്ഞുണ്ണി മാഷ്‌.കുഞ്ഞുണ്ണിക്ക് തന്റേതു മാത്രമായ ഒരു അക്ഷര മാലയും പദ വിന്യാസ രീതിയും കാവ്യ ശാസ്ത്രവും ഉണ്ട്.

“എന്നെപെറ്റത് ഞാന്‍ തന്നെ
എന്നിലൂടെ നടക്കാനേ
എന്റെ കാലിന്നറിഞ്ഞിടൂ”

“പോയ്മുഖവും പൊയ്ക്കാലും
പോക്കക്കാരെ നിങ്ങള്‍ക്കെന്റെ നമസ്കാരം”

“എനിക്കു പൊക്കം കുറവാണ്
എന്നെ പൊക്കാതിരിക്കുവിന്‍ “

കപട ലോകത്തിനെന്നുടെ കാപട്യം
സകലരും കാണുന്നതാണെന്‍ പരാജയം”

“ഇരുട്ടിനൊന്നെ നിറം
വെട്ടത്തിന്നനേകവും” തുടങ്ങിയവ എല്ലാം അദ്ധേഹത്തിന്റെ എടുത്തു പറയാവുന്ന കവിതകള്‍ ആണ്.

തിരുത്തേണ്ടത് തിരുത്തുവാനും നശിപ്പിക്കേണ്ടത് നശിപ്പിക്കാനും കഴിവുണ്ട് എന്ന് തെളിയിക്കുന്നതാണ് ഗാന്ധിജിയുടെ പാത.അധ്യാപകനും, വാഗ്മീയും, എഴുത്തുകാരനും ആയ ഡോക്ടര്‍ സുകുമാര്‍ അഴീക്കാട്‌, അദ്ദേഹത്തിന്റെ ഒരു പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നു തന്റെ പഠന കാലത്ത് അദ്ദേഹത്തിന് മലയാളം എടുത്ത് പഠിക്കുവാന്‍ മോഹമായിരുന്ന സമയത്ത് അച്ഛന്‍ എതിര്‍ത്ത് എന്നും സംസ്കൃതം എടുത്തു പഠിക്കാന്‍ നിര്‍ബന്ധിതന്‍ ആയെന്നും ഓടുവില്‍ ” എനിക്ക് ഇന്ത്യയുടെ മഹത്തായ പൈതൃകത്തിലെയ്ക്കുള്ള താക്കോല്‍ അങ്ങിനെ ലഭിച്ചു” എന്നും ” ജീവിതത്തില്‍ ഏറ്റവും ലാഭമുള്ള വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. പക്ഷെ ആളുകള്‍ ഈ വഴി നഷ്ടത്തിന്റെ വഴിയായി കണ്ടു പിന്‍ മാറുന്നു. ഇന്ത്യ ഇന്ന് അത്തരം ഒരു പിന്മാറ്റത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. എന്റെ വഴിയില്‍ ആദ്യമാദ്യം പലതും വലിചെറിയെണ്ടി വരും. ഒടുവില്‍ മനുഷ്യന്റെയും ദൈവത്തിന്റെയും മുന്‍പില്‍ നിങ്ങള്‍ എത്തിയതായി അനുഭവപ്പെടും. അവരുടെ സ്നേഹമാണ് ഏറ്റവും വലിയ മൂലധനം.” എന്നും ” ഡല്‍ഹിയില്‍ അധികാരകൈമാറ്റത്തിന്റെ തിരക്ക് പിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉദ്യോഗം അന്വേഷിച്ചു പോയ എന്റെ മനസ്സിന് ദല്‍ഹി ഒരു ശൂന്യ ഭൂമി ആയിരുന്നു. കാരണം രാഷ്ട്രത്തിന്റെ മുക്തിയുടെ ശില്പി അവിടെ ഇല്ലായിരുന്നു. ഉപ്ഭോക്താക്കളായിരുന്നു അവിടെ. ഇന്നും അങ്ങിനെ തന്നെ അഥവാ അതിലേറെ. ഞാന്‍ കാണുമ്പോള്‍ ഗാന്ധിജി സേവാ ഗ്രാമം ആശ്രമത്തില്‍ മൌനം പൂണ്ടു ചര്‍ക്ക തിരിക്കുകയായിരുന്നു. ഇടയ്ക്ക് തല ഉയര്‍ത്തി ചുറ്റും നോക്കി ചിരിക്കും. പല്ലില്ലാത്ത ചിരി കാണുമ്പോള്‍ എനിക്കും ചെറിയ ചിരി പൊട്ടി.” തുടര്‍ന്ന് അദ്ധേഹത്തെ ആര്യ നായകം എന്ന ഗാന്തിജിയുടെ അടുത്ത അന്തേവാസി ഗാന്ധിജിയുടെ അടുത്ത് പാര്‍ക്കാന്‍ സെവാഗ്രമത്തില്‍ നില്‍ക്കേണ്ടതില്ല എന്നും നാട്ടില്‍ പോയാലും അടുപ്പം നിലനിര്‍ത്താം എന്നും ഉപദേശിച്ചു എന്നുംതുടര്‍ന്ന് ” ജീവിതത്തിലെ രാജ വീഥി അന്ന് ഞാന്‍ കണ്ടെത്തി അതിലൂടെ നടന്നു പോകുന്നു. വഴി തെറ്റിയാല്‍ പോലും ദു:ഖമില്ല. വഴി വീണ്ടും കണ്ടെത്താന്‍ ശ്രമിക്കാമല്ലോ. ബാങ്ക്, ഉദ്യോഗം, പണം സ്ഥാനം ഇവയേക്കാള്‍ വലുതും വിലപിടിച്ചതുമായവ ജീവിതത്തില്‍ ഉണ്ടെന്ന്‍, ചര്‍ക്ക തിരിക്കുന്നതിനിടയില്‍ രണ്ടോ മൂന്നോ തവണ മാത്രം എന്റെ മുഖത്തേയ്ക്കു, വണ്ട്‌ മൂളി പായും പോലെ നോക്കിപ്പോയ ആ സന്നിധിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ എനിക്ക് അറിവായി. അതിലും അനര്‍ഘമായ അറിവ് ഒരു സര്‍വ്വകലാശാലയില്‍ നിന്നും ഗ്രന്ഥാലയത്തില്‍ നിന്നും മഹത് ദര്‍ശനങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ മഹാത്മാവ് എന്ന് ലോകം വിളിച്ച ആ ചെറിയ മനുഷ്യന്‍ “എന്റെ ഗുരു നാഥന്‍”””” “” ആയി തീര്‍ന്നു. പിന്നീട് ഞാന്‍ ആ ഗുരുവിന്‍ നികടത്തില്‍ പോയില്ല. അവിടത്തെ ചരിത്രം ധാരാളം വായിച്ചു. എനിക്ക് ഒരു നവ ജീവിതത്തിന്റെ വാതില്‍ തുറന്നു തന്നത് പൂച്ച രാജാവിനെ കണ്ട ആ ഏക പക്ഷീയമായ സന്ദര്‍ഭം മാത്രം. അതിന്റെ സ്മൃതി ക്ഷീണിക്കുന്ന ഞരമ്പുകള്‍ക്കു, ഇന്നും ജീവന്റെ അമൃത പ്രകാശമായി വര്‍ത്തിക്കുന്നു.” ഗാന്ധിജിയും സംസ്കൃതവും സാഹിത്യവും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വരുമ്പോള്‍ മനുഷ്യ സംസ്കാരത്തിന്റെ ശൃംഗകാന്തികളായി പ്രക്ത്യക്ഷപ്പെടുന്നു.

മനുഷ്യന് മരണം ഒന്നേ ഉള്ളു. ഷേയ്സ്പീയര്‍ പാടി മനുഷ്യന്‍ പേടിച്ചു പലതവണ മരിക്കുന്നു. മാതൃ ഗര്‍ഭത്തില്‍ നിന്നുള്ള ആദ്യത്തെ പിറവി പോരാ മനുഷ്യന്. അവന്‍ വീണ്ടും സ്വന്തം സ്വപ്നത്തിന്റെ ഗര്‍ഭത്തില്‍ നിന്ന് ഭൂമിയില്‍ പെറ്റു വീഴണം. അപ്പോഴാണ്‌ മനുഷ്യന്‍ ദ്വിജന്‍ ആകുന്നതു.

വായനമറ്റൊന്ന് നമ്മുടെ ഭക്ഷക്ക് കിട്ടിയ ശ്രേഷ്ഠ ഭാക്ഷാ പദവി ആണ്. സത്യത്തില്‍ എന്താണ് ഭാക്ഷ, ഭാക്ഷയും ചിന്തയും തമ്മില്‍ എന്ത് ബന്ധം. ഇതറിയണം എങ്കില്‍ നാം അധികം ഒന്നും ആലോചിക്കേണ്ടതില്ല. സംസാര ശേഷി ഇല്ലാത്ത ബധിരമൂകന്മാര്‍ ആശയം കൈമാറുന്നില്ലേ. ഒരിക്കല്‍ പോലും പെറ്റമ്മയുടെ സ്വരം പോലും കേള്‍ക്കാന്‍ വിധിക്കപ്പെടാതെ ജീവിക്കുന്നവര്‍ ഇല്ലേ. അവരുടെ ചിന്താ മണ്ഡലം ഏതു ഭക്ഷ കൊണ്ടാണ് നിറച്ചിരിക്കുന്നത്? ഭാക്ഷ എന്നത് അപൂര്‍ണ്ണമായ ഒരു മീഡിയ മാത്രമാണ്. ഒരിക്കലും നമ്മുടെ ചിന്തകളുടെ പൂര്‍ണ്ണ രൂപവും, പൂര്‍ണ്ണ അര്‍ത്ഥവും പ്രധാനം ചെയ്യാന്‍ ഭാക്ഷക്കാവില്ല. ബധിരനും മൂകനും ആയ ഒരാള്‍ കാര്യങ്ങളെ ഒരു വിധം മറ്റുള്ളവര്‍ക്ക് വിക്ഷേപങ്ങളിലൂടെ പ്രകടമാക്കുന്നപോലെ മാത്രമേ ഭാക്ഷക്കും ഒരാളുടെ ചിന്തകളെ പ്രകടിപ്പിക്കാന്‍ കഴിയു. വായനക്കാരന്റെ ബോധം ചികഞ്ഞു ചെന്ന് എഴുത്തുകാരന്റെ ബോധത്തെ എപ്രകാരം ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുവോ അത്രയ്ക്ക് അയാള്‍ക്ക്‌ ആ എഴുത്തുകാരനിലെ ബോധത്തിന്റെ തെളിച്ചത്തെ അറിയുവാന്‍ സാധിക്കുന്നു. ബോധം മാത്രമേ ഒരുവനില്‍ ഉള്ളു. ഭാക്ഷ എന്നത് ഓരോ ദേശങ്ങളിലേയും ജനങ്ങളുടെ ചിന്തകളുടെ കൈമാറ്റ സ്രോതസ്സ് മാത്രം. അപ്പോള്‍ ഒരു സ്രോതസ്സ് കൈയ്യില്‍ ഉണ്ടായിട്ടു എന്ത് കാര്യം. കുംങ്കുമത്തിന്റെ ഗന്ധം അറിയാതെ കുംങ്കുമം ചുമക്കുന്ന കഴുതയെ പോലെ അബോധ മനസ്സുമായി അലയുന്നവരാണ് നാം പലരും. സ്വന്തം ആത്മ ബോധത്തെ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം.

കിട്ടുന്നതെന്തും വായിക്കുക എന്നത് നടക്കാന്‍ അറിയാത്ത കുട്ടി നടക്കാന്‍ പഠിക്കുന്ന പോലെ ആണ്. കുറച്ചാകുമ്പോള്‍ പലതും നമുക്ക് വിരസമാകും. ബോധത്തിന് വേണ്ട പോഷണം കിട്ടാത്ത പുസ്തകങ്ങള്‍ നാം വായിക്കാന്‍ കഴിയാതെ മാറ്റിക്കളയുന്ന അവസ്ഥ. നമ്മുടെ മുന്‍ തലമുറയുടെ മഹത്വമുള്ള അര്‍പ്പണ സംസ്കാരത്തിന് ലഭിച്ച പദവി ആയി മാത്രമേ എനിക്ക് ഈ പദവിയെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ഓരോ വാക്കുകളും അതീവ ശ്രദ്ധയോടെയും, അ ര്‍ത്ഥം അറിഞ്ഞും ഉള്‍കൊണ്ട് വരും തലമുറയ്ക്കായി സൂക്ഷിച്ച വിത്ത് ആണ് അത്. പാറപ്പുറത്ത് വിതയ്ക്കണോ, വളകൂറുള്ള മണ്ണില്‍ വിതയ്ക്കണോ എന്നത് നമ്മുടെ (വായനക്കാരന്റെ) മാത്രം സ്വാതന്ത്ര്യം ആണ്. പിന്‍തലമുറയുടെ ബോധ സരണിയുടെയുള്ള പ്രകടമാക്കലുകളിൽ , കൊള്ളെണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും, കൂടാതെ ഭാക്ഷ സ്രെഷ്ടിച്ച മറയ്ക്കപ്പുറം കടന്നു ബോധത്തിന്റെ തെളിച്ചത്തെ അനുഭവിക്കാനും നമുക്ക് സാധിക്കട്ടെ.

എനിക്ക് അറിവിലൂടെ അല്‍പ്പം എങ്കിലും മുന്നോട്ടു പോകാന്‍ ആയിട്ടുണ്ടെങ്കില്‍ അത് വായന എനിക്ക് തന്ന ലോകം മാത്രമാണ്. ആ ലോകത്തിന്റെ മായിക സൌധര്യം ആസ്വദിക്കുന്ന ഒരു പരദേശി ആകുവാന്‍ മോഹമില്ലാത്തതിനാല്‍ ഞാന്‍ എന്റെ രാജ്യത്തിനും എന്റെ വിശാലമായ ലോകത്തിനും വേണ്ടി ചിന്തകള്‍ കൊണ്ട് പണിയെടുക്കുന്നു. അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്നപോലെ. ദൈവം നിനക്കെന്തു വേണമെന്ന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു ചോദിച്ചാല്‍ ഈ ജീവിതത്തെക്കാള്‍ ജീവസ്സുറ്റ ജീവിതം എന്നുത്തരം.

*Icon courtesy: www.iconarchive.com

Share.

About Author

150q, 0.903s