Leaderboard Ad

എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ

1

ന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് വര്‍ത്തമാന കേരളത്തിന്‍റെ ഭീകര യാഥാര്‍ത്ഥ്യം. വിവിധ പേരുകളില്‍, വേഷങ്ങളില്‍ ശരാശരി മുസ്ലിങ്ങള്‍ക്കിടയില്‍ മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അപ്പോസ്തലന്‍മാരായി രംഗപ്രവേശനം ചെയ്താണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടം ഇവര്‍ കണ്ടെത്തുന്നത്.

ഇസ്ലാമിസം എന്ന രാഷ്ട്രീയ ഇസ്ലാമിന്‍റെ താത്ത്വികനായ മൗമൂദിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ മതേതരത്വത്തിന്റെ ചുമരുകള്‍ വൃത്തികേടാക്കിയ സ്റ്റുഡന്‍സ് ഇസ്ലാമിക്ക് മൂവ്മെന്റ് ഓഫ് ഇന്ത്യ എന്ന തീവ്ര വിദ്യാർഥി സംഘടന പ്രത്യക്ഷപ്പെട്ടത്.

ഖുമേനിസത്തില്‍ നിന്നും, മൗമൂദിസത്തില്‍ നിന്നും പെന്‍ഷന്‍ പറ്റിയവര്‍ ചേര്‍ന്ന് രൂപം കൊടുത്ത പഴയ “സിമി”യുടെ പുത്തന്‍ പതിപ്പാണ്‌ എന്‍ ഡി എഫ് എന്ന തീവ്രവാദ സംഘടന. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ ആണ് ഒരു ദശാബ്ദക്കാലമായി കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ടിരിക്കുന്ന എന്‍ ഡി എഫ് എന്ന ഭീകര സംഘടനയുടെ തലപ്പത്ത് പ്രതിഷ്‌ഠ ി ച്ചിട്ടുള്ളത്.

മാനവ ചരിത്രം എന്നാല്‍ ‘’ഇസ്ലാമും,അനിസ്ലാമും’’തമ്മിലുള്ള സംഘട്ടനങ്ങളുടെ കഥയാണെന്നാണ് എന്‍ ഡി എഫ് എന്ന ഇസ്ലാമിക് തീവ്രവാദസംഘടയും ധരിച്ചിരിക്കുന്നത്‌. ഇസ്ലാമും,അനിസ്ലാമും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും അവസാനം ഇസ്ലാമിക വിപ്ളവം വരുമെന്ന കാല്പനികവും വിവേകശൂന്യമായ ജനാതിപത്യ-മതേതരത്വ വിരുദ്ധവുമായ കാഴ്ചപ്പാടിൽ വിഹരിക്കുന്ന എന്‍ ഡി എഫ് എന്ന തീവ്രവാദ കൂട്ടായ്മയേ ഇല്ലായ്മ ചെയ്യേണ്ടത് മതേതര വിശ്വാസികളുടെയും പുരോഗമന വാദികളുടെയും അനിവാര്യമായ കടമയാണ്. ചരിത്രപരമായ ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ ഒട്ടേറെ പ്രതിസന്ധികള്‍ നമുക്ക് മുമ്പില്‍ ഉണ്ട്.

ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദികളെ ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളും സാമ്രാജ്യത്വ ശക്തികളും ഒരു വെല്ലുവിളിയാണ്. ഏതൊക്കെ കാരണത്താല്‍ ഹിന്ദുത്വ രാഷ്ട്രീയം വര്‍ജ്യമാണോ അതേ കാരണത്താല്‍ ഇസ്ലാമിസ്റ്റ് രാഷ്ട്രീയവും വര്‍ജ്യമാണ്‌ എന്ന സന്ദേശമാണ് മതേതര വാദികള്‍ക്ക് മുന്നോട്ട് വെക്കാനുള്ളത്.

ഇസ്ലാമിക് രാഷ്ട്രങ്ങളിലെ സൈനിക വേഷം ധരിച്ചു ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലും റിപബ്ലിക് ദിനങ്ങളിലും സമാന്തര സൈന്യമായി അവര്‍ നിലയുറപ്പിച്ചു. ഹിന്ദു വര്‍ഗീയതക്കെതിരെയുള്ള പ്രതിശക്തിയാണ് ഞങ്ങള്‍ എന്ന സന്ദേശമാണ് എന്‍ ഡി എഫുകാര്‍ നൽക്കാൻ ശ്രമിക്കുന്നത് . ഞെട്ടിപ്പിക്കുന്ന ആയുധ പരിശീലനങ്ങളും,നിരപരാധികളെ കൊന്നും കൊലവിളിച്ചും കേരളീയ പൊതുമണ്ഡലത്തില്‍ അശാന്തിയുടെ വിത്ത്‌ വിതച്ചുകൊണ്ടിരിക്കുന്ന എന്‍ ഡി എഫ് അക്ഷരാര്‍ത്ഥത്തില്‍ ഒരു തികഞ്ഞ താലിബാന്‍ സംഘമാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.

മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സാംസ്ക്കാരിക സംഘടനകളിലും അവര്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു. വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന ഇസ്ലാമിക് മതസ്ഥാപനങ്ങളില്‍ എല്ലാം ഇന്ന് എന്‍ ഡി എഫ് എന്ന തീവ്ര-ഭീകര സംഘടനയുടെ സാന്നിദ്ധ്യം ദർശിക്കാൻ കഴിയും . നിശ്ശബ്‌ദമായ പര്‍ദ്ദ വിപ്ലവം, പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചു മതപഠനം എന്ന വ്യാജേനയുള്ള തീവ്രവാദ ക്ലാസുകള്‍, ഇരുട്ടിന്റെ മറവില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റര്‍ പ്രചാരണങ്ങള്‍,ആയുധങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും പട്ടികളുടേയും,പൂച്ചകളുടേയും തല വെട്ടിപ്പരിശീലിക്കുകയും ചെയ്യുന്ന പുത്തന്‍ തീവ്രവാദ പരിശീലനങ്ങള്‍…

അല്‍പസ്വല്‍പ്പം വര്‍ഗീയതയൊക്കെ ഉണ്ടായിരുന്നെങ്കിലും ‘മുസ്ലിം ലീഗ്’’ഒരു രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നു. എന്‍ ഡി എഫിന്റെ ആഗമനത്തോടെ ലീഗിനു രാഷ്ട്രീയ പ്രാധാന്യം നഷ്ട്ടപെട്ടു. ഭാഫക്കി തങ്ങളും,പൂകോയതങ്ങളും നേതൃത്വം നല്‍കിയിരുന്ന ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി പൂര്‍ണ്ണമായും എന്‍ ഡി എഫ് തീവ്രവാദികളാല്‍ നയിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് കണ്ടു വരുന്നത്.

മതേതരത്വത്തോട് ഐക്യപെടാനും വിട്ട് വീഴ്ച ചെയ്യാനും കുറേയൊക്കെ വശമുണ്ടായിരുന്ന മുസ്ലിം ലീഗിനും,മുസ്ലിം സംഘടനകള്‍ക്കും ധാര്‍ഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റെയും മനസ്സുണ്ടാക്കിയതും,മുസ്ലിം സമൂഹത്തെ ആകെ തീവ്രവാദികള്‍ ആക്കി മുദ്രകുത്താനും എന്‍ ഡി എഫ് ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പണം ഉപയോകിച്ച് ആയുധങ്ങള്‍ കുന്നു കൂട്ടുകയും കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുകയും വഴി ഇവര്‍ ലാക്കാക്കുന്നത് ആഭ്യന്തര കലാപവും ജനാതിപത്യത്തിന്റെ തകർച്ച തന്നെയാണ്.

ജീവിതത്തിന്‍റെ സര്‍വ്വ മേഖലയിലും മതവും,വിശ്വാസവും കുത്തിത്തിരുകുകയും,മത രഹിത സമീപനങ്ങള്‍ എവിടെയൊക്കെ ഉണ്ടോ അവിടെ കലാപം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ സാംസ്ക്കാരിക ഹിഡന്‍ അജണ്ട. “മതമില്ലാത്ത ജീവന്‍” എന്ന പാഠപുസ്തകത്തിലെ ഒരു അധ്യായത്തെ ചൊല്ലി കേരളത്തില്‍ ഉണ്ടാക്കിയ കലാപത്തിന് പുറകിലും,അതേ ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ ഒരു അധ്യാപകനെ നിഷ്ക്കരുണം ചവിട്ടികൊന്നതും എന്‍ ഡി എഫ് കാരായ ലീഗുകാരായിരുന്നു എന്നത് കേരളം മറന്നിട്ടില്ല. അദ്ധ്യാപകന്റെ കൈപത്തി വെട്ടിയതും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചതും എന്‍ ഡി എഫുകാര്‍ തന്നെ.

മതപഠനത്തിനെന്ന പേരില്‍ മുസ്ലിം ചെറുപ്പക്കാരെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കാശ്മീരിലേക്ക് തള്ളി വിട്ടതും കൊലയ്ക്കു കൊടുത്തതും ഈ തീവ്രവാദികള്‍ തന്നെയാണ്.മനുഷ്യത്ത്വമില്ലാത്ത ഈ സംഘടനക്ക് ഇസ്ലാമേതരമല്ലാത്തതൊന്നും സ്വീകാര്യമല്ല. അഫ്ഗാനിസ്ഥാനിലെ താലിബാനും ഇന്ത്യയിലെ/കേരളത്തിലെ എന്‍ ഡി എഫും തമ്മില്‍ ഒരു വിത്യാസവുമില്ല.

എൻ ഡി എഫ് എന്ന ഇസ്ലാമിക് ജിഹാദി പാര്‍ട്ടിക്ക് കേരളീയ പരിസരത്ത് അഴിഞ്ഞാടാനുള്ള  ഊര്‍ജ്ജം ലഭിക്കുന്നത് സാമ്രാജ്യത്വം ഒളിഞ്ഞും തെളിഞ്ഞും അരക്കിട്ടുറപ്പിച്ച വലതുപക്ഷ രാഷ്ട്രീയ വൈകൃതമാണെന്നതാണ് മറ്റൊരു വസ്തുത. കൈവെട്ടാനും,കാല്‍ വെട്ടാനും,ബോംബുകള്‍ ഉണ്ടാക്കാനും കഴിയുന്നത്‌ ഭരണ തലത്തില്‍ ഉള്ള മൗനാനുവാദമോ കണ്ണടയ്ക്കാലോ ആണ്. അതുകൊണ്ടുതന്നെ എന്നും വലതുപക്ഷത്തോട് ഒട്ടി നില്‍ക്കുകയും ഇടതുപക്ഷത്തോട് കലഹിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളില്‍ നുഴഞ്ഞു കയറി അവരുടെ രക്ഷക വേഷം കെട്ടുകയും പ്ലാന്‍ ചെയ്യുന്ന കലാപങ്ങളില്‍ പങ്കാളികള്‍ ആക്കുകയും ചെയ്യുന്നു.

ഉദ്ദേശിച്ച രീതിയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടാന്‍ ഏക തടസ്സം ഇടതുപക്ഷ വിശിഷ്യാ കമ്മ്യൂണിസ്റ്റ്‌-മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്ന് എന്‍ ഡി എഫു കാര്‍ക്ക് അറിയാം. എവിടെയും എത്താതെ പോവുമായിരുന്ന കൈവെട്ടു കേസില്‍ എന്‍ ഡി എഫ് പങ്കാളിത്തം വെളിച്ചത്തു കൊണ്ടു വരികയും മുഴുവന്‍ പ്രതികളേയും നിയമത്തിനു മുമ്പില്‍ ഹാജരാക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. കൈവെട്ടു കേസില്‍ മുഖം മൂടി നഷ്ട്ടപെട്ടത് മുതലാണ്‌ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളേയും പൂര്‍വാധികം ശക്തമായി വേട്ടയാടാന്‍ ആരംഭിച്ചത്. ഇടതുപക്ഷ ധാര ശക്തമായ കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളിലാണ് ഇവരുടെ വിഹാരകേന്ദ്രം എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിയോ,കേരള ആഭ്യന്തരമന്ത്രി തിരുവഞ്ഞ്ജൂരോ,മുഖ്യമന്ത്രിയോ,കെ പി സി സി പ്രസിഡന്‍റോ,നാളിതുവരെ ഈ തീവ്രവാദ സംഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും നാം ഗൗരവപൂര്‍വ്വം ഓര്‍ക്കണം.

ഈയിടെ കണ്ണൂരിലെ നാറാത്ത് ഒളിസങ്കേതത്തില്‍ വെച്ച് ആയുധങ്ങളും വിദേശ ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്ന രേഖകളും പിടികൂടി. എന്നാല്‍ ഉന്നതങ്ങളിലെ ഇടപെടല്‍ മൂലം ആ കേസ് എങ്ങും എത്തിയില്ല.രണ്ടു കിലോ ചക്കരപ്പൊടികൊണ്ട് കള്ളുവാറ്റുന്നവനെയും,പത്തു രൂപക്ക് മുച്ചീട്ട് കളിക്കുന്നവനെയും വെറുതെ വിടാത്ത നമ്മുടെ നിയമ സംവിധാനം ഈ കൊലവിളി സംഘത്തെ വെറുതെവിടുന്നതിലേക്കാന് കേസിന്‍റെ ഗതിയെ നിയന്ത്രിക്കുന്നത്‌. കേരളത്തിലെ ഇല്ലാത്ത മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികളെയും ദളിതരെയും നിരപരാധികളേയും പീഡിപ്പിക്കുന്ന പോലീസ് എന്‍ ഡി എഫുകാരുടെ/പോപ്പുലര്‍ ഫ്രണ്ടിന്റെ/എസ് ഡി പി ഐ  ക്കാരുടെ ആയുധ പരിശീലനങ്ങളും,വിഷം ചീറ്റുന്ന പോസ്റ്ററുകളും കണ്ടില്ലെന്നു നടിക്കുന്നു.

കലാ-സാംസ്ക്കാരിക-വിദ്യാഭാസ രംഗത്തെ തീവ്രവാദ ഇടപെടലുകള്‍ പോലും വലതുപക്ഷ രാഷ്ട്രീയ മൂരാച്ചികളെ അസ്വസ്ഥരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല.പാഠപുസ്തക സിലബസുകള്‍ എങ്ങിനെയാവണം എങ്ങിനെയാവരുത് എന്ന് തീരുമാനിക്കുന്ന കരിക്കുലം കമ്മറ്റികളില്‍ പോലും എന്‍ ഡി എഫ്ഫുകാരോ,അവരുടെ നോമിനിയോ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത .കമലഹാസന്‍റെ ‘’വിശ്വരൂപം’’സിനിമക്കെതിരെ ജിഹാദ് നടത്തിയത് എന്‍ ഡി എഫുകാരും അവരേ താലോലിക്കുന്ന മാധ്യമം പത്രവും അതിന്‍റെ നേതാക്കളും ആയിരുന്നു.താലിബാനിസത്തിന്‍റെ ഭീകരമുഖം ആരും അറിയരുത്, ശ്രദ്ധിക്കരുത്,എന്ന വികാരമാണ് എന്‍ ഡി എഫുകാരെ അതിന് പ്രേരിപ്പിച്ചത് എന്ന് നാം തിരിച്ചറിയുമ്പോഴാണ് .ഈ തീവ്ര-ഭീകര സംഘടന എന്താണ് ലക്ഷ്യം വെച്ചിട്ടുള്ളതെന്നു മനസ്സിലാക്കുന്നത്.

കമ്മ്യൂണിസ്റ്റ്‌ – മാര്ക്സിസ്റ്റ്  പാര്‍ട്ടിയുടെ കേരളീയ ആസ്ഥാനമായ എ കെ ജി സെൻറ്ററിലേക്ക്  നാളിതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലവിളിച്ചു ചെന്നിട്ടില്ല.അതൊരു ജനാധിപത്യ രാഷ്ട്രീയ മര്യാദയുടെ പേരില്‍ ആയിരുന്നു. സി പി എമ്മുകാരുടെ പുണ്യ ഭൂമി എന്ന നിലക്കല്ല. എന്നാല്‍ എന്‍ ഡി എഫ്-താലിബാന്‍ സംഘം അതിനും മടിച്ചില്ല. അവരുടെ മുഖ്യ ശത്രു സി പി എം ആണ്. സഖാവ് പി ജയരാജനാണ് ഈ കാപലികരുടെ ഒരു ലക്ഷ്യം. പിണറായി സഖാവാണ് മറ്റൊരു ലക്‌ഷ്യം. അരുതാത്തതെങ്കിലും എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന കേരളത്തില്‍ ഒരു ഷുക്കൂര്‍ കൊലപാതകം ആഘോഷിക്കുന്നതും പണപ്പിരിവ് നടത്തുന്നതും ആരാധനാലയങ്ങളില്‍ വച്ചാണ് എന്നുള്ളത്  നിസ്സാരമായി കണ്ടുകൂട.രാഷ്ട്രീയ ആക്രമണങ്ങൾക്കും കൊലപാതകങ്ങള്‍ക്കും മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും വൈകാരികതലം ഒരുക്കി സംഘര്‍ഷ ഭൂമിയാക്കി തങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുക എന്നതില്‍ കവിഞ്ഞുള്ള മറ്റൊന്നും ഇക്കൂട്ടര്‍ക്കില്ല.

രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് മരണവും,സ്ത്രീകളെ മൂടിക്കെട്ടി അടച്ചിടുകയും ചെയ്യുന്ന താലിബാനിസ്റ്റ്കളിൽ  നിന്ന് ഒട്ടും വിഭിന്നമല്ല എന്‍ ഡി എഫ്. മലാല യൂസഫ്‌ സംഭവത്തെ ന്യായീകരിക്കാനും അതൊരു സാമ്രാജ്യത്വ കള്ളക്കഥയാണെന്നും പ്രചരിപ്പിക്കാനാണ് എന്‍ ഡി എഫുകാരും അവരുടെ സ്പോണ്സർ സംഘടനയായ ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവും ശ്രമിച്ചത്. ദല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിനെതിരെ മനസ്സാക്ഷി മരവിക്കാത്ത മുഴുവന്‍ ജനതയും പ്രതികരിച്ചപ്പോള്‍,അത് വസ്ത്രത്തിന്റെയും അസമയത്തെ സ്ത്രീസഞ്ചാരവും ആയിരുന്നെന്നു വിലയിരുത്താനും പ്രചരിപ്പിക്കാനും ആയിരുന്നു എന്‍ ഡി എഫ് ഉള്‍പടെയുള്ള എല്ലാ മത തീവ്രവാദ സംഘടനകളുടെയും ശ്രമം. ഹിന്ദു,മുസ്ലിം,യാഥാസ്ഥിതിക പണ്ഡിതന്‍മാരെയും ചാക്കിലാക്കാന്‍ ഈ തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞു. എന്‍ ഡി എഫ്കാരുടെ ഉസ്താക്കന്‍മാരായ ജമാഅത്തെ ഇസ്ലാമിയെക്കൊണ്ട് ആണ്‍കുട്ടികള്‍ക്കും,പെണ്‍ക്കുട്ടികൾക്കുംവേറെ വേറെ ക്ലാസുകള്‍ വേണം എന്ന നിര്‍ദ്ദേശം സമര്‍പ്പിക്കാനും ഇവരുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

കടുത്ത സ്ത്രീവിരുദ്ധനായ ഡോക്ടര്‍ രജികുമാറിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത്‌  ആര്‍ എസ് എസ് കാരേക്കാൾ ആവേശത്തില്‍ എന്‍ ഡി എഫ് കാരായിരുന്നു.പഴയ കാലത്തെ അപേക്ഷിച്ച് മത –സമുദായ വിഷയങ്ങളില്‍ ഉദാര വീക്ഷണം പുലര്‍ത്തുന്ന മുസ്ലിങ്ങള്‍ സജീവമായി വരുന്ന ശുഭ ലക്ഷണം ഏതൊരു പുരോഗമനവാദിയെയും ആവശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അങ്ങിനെ ആരും ആവേശം കൊള്ളെണ്ടെന്നും,ജനകീയ ജനാതിപത്യവും മതേതരത്വവും വേണ്ടെന്നും മതാത്മക/ഇസ്ലാമിക് ജനാതിപത്യവും പുരോഗതിയും മതി എന്നും ശഠിക്കുന്ന തികഞ്ഞ വര്‍ഗീയ തീവ്രവാദ സംഘടനയായ എന്‍ ഡി എഫിനെ എല്ലാ മുസ്ലിം വിശ്വാസികളും മതേതര പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് ചെറുത്തു തോല്‍പ്പിക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം അത് മുസ്ലിം സമൂഹത്തിന് തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ കഷ്ട- നഷ്ട പ്രയാസങ്ങള്‍ ഉണ്ടാക്കുക.

Share.

About Author

133q, 0.742s