Leaderboard Ad

ഐ.എസ് ഭീകരത അമേരിക്കന്‍ സൃഷ്ടി

0

ഫ്രാന്‍സിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലുമെല്ലാം സ്‌ഫോടനപരമ്പരകളും ഭീകരാക്രമണങ്ങളും നടത്തി അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ വിറപ്പിക്കുകയാണ് ഐ.എസ് ഭീകരര്‍. കഴിഞ്ഞ നവംബര്‍ 13 വെള്ളിയാഴ്ച രാത്രി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഐ.എസ് ഭീകരര്‍ അഴിച്ചുവിട്ടത്. ഒരുവര്‍ഷം മുമ്പ് ഇതേ പാരീസ് നഗരത്തില്‍ തന്നെ ചാര്‍ലിഹെബ്‌ദോ എന്ന ആക്ഷേപഹാസ്യവാരികയുടെ ഓഫീസിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഭീതി മാറുംമുമ്പാണ് ഐ.എസ് ഭീകരര്‍ പാരീസ് നഗരത്തെ തുടര്‍ച്ചയായി ആക്രമിച്ചത്.

‘വ്യഭിചാരത്തിന്റെയും അശ്ലീലതയുടെയും തലസ്ഥാന’മായ പാരീസിനെ അക്രമിക്കുന്നത് ദൈവഹിതമനുസരിച്ചാണെന്നാണ് ഐ.എസ് അവരുടെ പ്രസ്താവനയില്‍ പറഞ്ഞത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഉജ്ജ്വലപ്രകാശം പരത്തിയ മഹാനഗരമാണ് പാരീസ്. 1789-ലെ ഫ്രഞ്ച് വിപ്ലവവും 1887-ലെ പാരീസ് കമ്യൂണുമെല്ലാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സ്ഥിതിസമത്വാശയങ്ങള്‍ക്കുംവേണ്ടി ഫ്രഞ്ച് ജനത നടത്തിയ ഇതിഹാസോജ്ജ്വലമായ വിപ്ലവങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പാരമ്പര്യം പേറുന്ന പാരീസ് മതതീവ്രവാദികളുടെ ലക്ഷ്യമായിതീര്‍ന്നതില്‍ അസ്വാഭാവികതയൊന്നും ഇല്ല. കലയുടെയും സംസ്‌കാരത്തിന്റെയും ദര്‍ശനത്തിന്റെയും മണ്ഡലങ്ങളില്‍ വിപ്ലവകരങ്ങളായ നിരവധിയായ ആശയങ്ങളുടെ വിളനിളമാണല്ലോ പാരീസ്.

പാരീസ് ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ലോകം രക്ഷപ്പെടുന്നതിനുമുമ്പ് തന്നെ നൈജീരിയയിലും മാലിയിലുമെല്ലാം കൂട്ടക്കുരുതികള്‍ നടത്തിക്കൊണ്ട് ഭീകരാക്രമണങ്ങളുണ്ടായി. പാരീസ് ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് തുര്‍ക്കിയിലെ അന്റാലിയയില്‍ ജി-20 രാജ്യങ്ങള്‍ ഒത്തുകൂടിയത്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ തലവന്മാര്‍ ഭീകരതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒബാമയും ഡേവിഡ് കാമറൂണും ഫ്രാന്‍സിസ് ഒളോന്ദയും ഭീകരതക്കെതിരെ വീണ്ടും യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ആരാണ് ഐ.എസ് ഉള്‍പ്പെടെയുള്ള ആഗോള തീവ്രവാദത്തെ വിശിഷ്യാ ഇസ്ലാമിക ജിഹാദിസ്റ്റ് ഗ്രൂപ്പുകളെ വളര്‍ത്തിയെടുത്തത് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ ഡോ.നജീബുള്ളയുടെ ഗവണ്‍മെന്റിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുജാഹിദീന്‍സൈന്യത്തെയും താലിബാനെയും അല്‍ക്വയ്ദയെയും അമേരിക്കയും സി.ഐ.എയും വളര്‍ത്തിയെടുത്തത്. അതിന്റെ തുടര്‍ച്ചയും രൂപന്തരവുമാണ് ഇസ്ലാമിക്‌സ്റ്റേറ്റും ബൊക്കോഹറാമും അല്‍നുസുറജാബത്തുമെല്ലാം. അറബ് ദേശീയബോധത്തെ തകര്‍ത്ത് മധ്യപൂര്‍വദേശത്തെ എണ്ണ സമ്പത്ത് ആകെ കൈയടക്കാനാണ് ഇസ്ലാമികതീവ്രവാദപ്രസ്ഥാനത്തെ സാമ്രാജ്യത്വശക്തികള്‍ രൂപപ്പെടുത്തിയത്. ആഗോളഭീകരവാദത്തിന്റെ പ്രതിരൂപമായി അമേരിക്കയും വികസിത മുതലാളിത്ത രാജ്യങ്ങളും അവതരിപ്പിച്ചിരുന്ന അല്‍ക്വയ്ദ സെപ്തംബര്‍ 11-ന്റെ സംഭവങ്ങള്‍വരെ അമേരിക്കയുടെ അരുമയായിരുന്നല്ലോ.

ഇറാഖിലെ അധിനിവേശത്തിനും സദ്ദാംഹുസൈന്റെ ഉന്മൂലനത്തിനും ശേഷം ഇറാനെ ലക്ഷ്യമിട്ട അമേരിക്കക്ക് വലിയ തിരിച്ചടികളാണുണ്ടായത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ തങ്ങള്‍ സ്ഥാപിച്ച് പാവ ഗവണ്‍മെന്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദികളെ അടക്കിനിര്‍ത്താനും അമേരിക്കയുടെ വാണിജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അറബ് വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ ടുണീഷ്യയിലും ഈജിപ്തിലും ഒട്ടുമിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വലിയ ചലനങ്ങളാണുണ്ടാക്കി. അമേരിക്കന്‍ പാവകളായ ഹോസ്‌നിമുബാറകും സൈനന്‍ബെന്‍അലിയുമെല്ലാം അധികാരഭൃഷ്ടരാക്കപ്പെട്ടു. 2008-ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാത്ത യു.എസ്-യൂറോപ്യന്‍ രാജ്യങ്ങളുടെ കുഴപ്പങ്ങളും എല്ലാം ചേര്‍ന്ന സാഹചര്യത്തിലാണ് സിറിയക്കെതിരായി പുതിയൊരു യുദ്ധമുഖം അമേരിക്ക തുറക്കുന്നത്.

ഇസ്രായേലിനെ ഉപയോഗിച്ച് ഗാസക്കെതിരായി നടത്തിക്കൊണ്ടിരുന്ന നരഹത്യകള്‍ക്കെതിരെ സാര്‍വദേശീയ സമൂഹത്തിന്റെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധ സിറിയയിലെ തങ്ങള്‍ സ്വേച്ഛാധികാരശക്തിയെന്ന് വിശേഷിപ്പിക്കുന്ന അസദ്ഭരണകൂടത്തിനെതിരെ തിരിച്ചുവിടാനുള്ള ശ്രമം സി.ഐ.എയും പെന്റഗണും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് നടത്തുന്നത്. അസദ് ഭരണകൂടത്തില്‍നിന്ന് സിറിയന്‍ ജനതയുടെ വിമോചനത്തിനായി സി.ഐ.എ മുന്‍കൈയില്‍ ഫ്രീസിറിയന്‍ ആര്‍മി എന്ന പേരില്‍ ഇസ്ലാമികജിഹാദിസ്റ്റുകളെ ഏകോപിപ്പിക്കുകയായിരുന്നു അമേരിക്ക ചെയ്തത്. ആഗോളരംഗത്ത് ഭീകരവാദത്തിന്റെ പ്രതിരൂപമായി അമേരിക്ക വിശേഷിപ്പിക്കുന്ന അല്‍ക്വയ്ദയുടെ സിറിയന്‍ ഘടകമായ അല്‍നുസുറജാബത്തിനെ ഉപയോഗപ്പെടുത്തിയാണ് വിമതസേന ഉണ്ടാക്കുന്നത്. തുര്‍ക്കിയിലെ നാറ്റോ സേനാകേന്ദ്രങ്ങളിലാണ് ഈ വിമതസൈനികര്‍ക്ക് അമേരിക്ക പരിശീലനം നല്‍കിയത്.

അമേരിക്കയുടെ സിറിയക്കെതിരായ ഓപ്പറേഷന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ദശലക്ഷക്കണക്കിന് സിറിയക്കാരെ അഭയാര്‍ത്ഥികളാക്കി ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ഓടിക്കുകയാണ് അമേരിക്കയുടെ ഫ്രീസിറിയന്‍സേന ചെയ്തത്. മൂന്നര ലക്ഷത്തോളം സിറിയക്കാര്‍ യൂറോപ്പില്‍ അഭയംതേടി. മൂന്ന് ലക്ഷത്തില്‍പരം പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. അസദ്ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ പരാജയപ്പെട്ട ഫ്രീസിറിയന്‍ ആര്‍മിയിലെ അല്‍നുസുറജാബത്തിന്റെ മിലിറ്റന്റുകളും ഇറാഖിലെ സുന്നിപട്ടാളക്കാരും ചേര്‍ന്നാണ് നമ്മള്‍ ഇന്നറിയുന്ന ഇസ്ലാമിക്‌സ്റ്റേറ്റ് ആയി മാറിയത്. ഹിംസാത്മകശക്തിയായി ഈ മേഖലയില്‍ ഇന്ന് ചോരക്കളങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവര്‍ക്ക് ആയുധവും പണവുമെല്ലാം നല്‍കുന്നത് അമേരിക്കയാണ്.

സിറിയയിലെ മതനിരപേക്ഷവാദിയായ ബാശര്‍അല്‍അസദിനെ അട്ടിമറിക്കാനും സിറിയയുടെ വിശാലപ്രദേശങ്ങളും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടത്ര വഴങ്ങിതരാത്ത ഇറാഖിന്റെ ഭൂപ്രദേശങ്ങളും ചേര്‍ന്ന ഒരു ഇസ്ലാമിക്‌സ്റ്റേറ്റ് ഭരണപ്രവിശ്യ ഉണ്ടാക്കാനാണ് സി.ഐ.എയും പെന്റഗണും ജിഹാദിസ്റ്റുകളെ അഴിച്ചുവിട്ടത്. അല്‍ജസീറ റിപ്പോര്‍ട്ടനുസരിച്ചുതന്നെ 2013-ല്‍ 123 മില്യണ്‍ ഡോളര്‍ ഈ ഭീകരസംഘങ്ങള്‍ക്ക് അമേരിക്ക സഹായമായി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കാവശ്യമുള്ള സ്‌ഫോടനവസ്തുക്കളും ട്രക്കുകളും മറ്റ് ആധുനിക യുദ്ധോപകരണങ്ങളും സിറിയയിലെ വിമതസേനവഴി ഐ.എസിന് അമേരിക്ക എത്തിച്ചുകൊടുക്കുകയായിരുന്നു. അമേരിക്കന്‍സൈന്യത്തിന്റെ സെന്‍ട്രല്‍കമാന്റിന്റെ വക്താവായ കേണല്‍ പാട്രിക്‌റൈഡര്‍ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്.

ശീതയുദ്ധകാലമുതല്‍ അമേരിക്ക വികസിപ്പിച്ചെടുത്ത കമ്യൂണിസത്തിനെതിരായ ജിഹാദിസ്റ്റ് പദ്ധതികളാണ് ഇന്ന് യൂറോപ്പിലും അറബ്‌ലോകത്തും ഭീകരത വിതയ്ക്കുന്നത്. അല്‍ക്വയ്ദയുടെയും ഒസാമാബില്‍ലാദന്റെയും തുടര്‍ച്ചയാണ് ഐ.എസും അബൂബക്കര്‍ ബാഗ്ദാദിയും.

ആഗോളഭീകരവാദത്തിന്റെ ചരിത്രം അമേരിക്കയുടെ അധിനിവേശതാല്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. പശ്ചിമേഷ്യയിലെന്നപോലെ മധേ്യഷ്യയിലും കാസ്പിയന്‍ മേഖലയിലുള്ള എണ്ണപ്രകൃതിവാതക സമ്പത്ത് കൈയടക്കാനാണ് സി.ഐ.എ കമ്യൂണിസത്തിനെതിരെ ഇസ്ലാം എന്ന പ്രത്യയശാസ്ത്രപദ്ധതി ആവിഷ്‌കരിക്കുന്നതുതന്നെ. സോവിയറ്റ്‌യൂണിയന്റെയും മധ്യപൂര്‍വ്വദേശത്തെയും അമേരിക്കയുടെ നയതന്ത്രകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഫുക്ക്‌യാമയെപോലുള്ള സ്റ്റേറ്റ്ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദേ്യാഗസ്ഥരായിരുന്നു ഈ പ്രത്യയശാസ്ത്രപദ്ധതിയുടെ സൂത്രധാരന്മാര്‍. ആധുനിക ജിഹാദിഇസ്ലാം എന്നത് അറബ്‌ലോകത്തെ ജനാധിപത്യപ്രക്രിയകളെ തല്ലിതകര്‍ക്കാനും ആ രാജ്യങ്ങളില്‍ അമേരിക്കന്‍ അധിനിവേശം ഉറപ്പിക്കാനുമുള്ള ഉപജാപങ്ങളുടെയും അധാര്‍മ്മികവൃത്തികളുടെയും സൃഷ്ടിയാണ്.

അമേരിക്കയുടെ ലോകാധിപത്യശ്രമങ്ങളുടെ ഭാഗമായിട്ടാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വിവിധതരത്തിലുള്ള ഭീകരവാദസംഘങ്ങളെ പടച്ചുവിട്ടിട്ടുള്ളത്. 1981 ജനുവരിയില്‍ റീഗണ്‍ അധികാരത്തില്‍ വന്നതോടെയാണ് അമേരിക്ക ശീതയുദ്ധത്തിന്റെ തീവ്രത കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും ആക്കിയത്. ബുഷ് ഭരണകൂടം സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷം തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കാന്‍ മതവംശഭീകരവാദ സംഘങ്ങളെ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കുകയായിരുന്നു. സൈനികവും സാമ്പത്തികവും തന്ത്രപരവുമായ വിവിധരൂപത്തിലുള്ള അധികാരപ്രയോഗങ്ങളിലൂടെ സ്വന്തം മൂലധനതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ പ്രയോഗങ്ങളാണ് ഈ ഭൂമുഖത്തെ എല്ലാനിറത്തിലും രൂപത്തിലുമുള്ള ഭീകരവാദ സംഘങ്ങളെ സൃഷ്ടിക്കുന്നത്.

സെപ്തംബര്‍ 11-ന്റെ സംഭവങ്ങളെ അപഗ്രഥിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകനായ ജോണ്‍പില്ലര്‍ ചൂണ്ടിക്കാട്ടിയത് എല്ലാവിധ സമകാലിക ഭീകരപ്രവര്‍ത്തനങ്ങളുടെയും ഉറവിടം അമേരിക്കതന്നെയാണെന്നുതന്നെയാണ്. രാഷ്ട്രനിഷേധത്തിന്റെയും സ്വത്വനിഷേധത്തിന്റെയും ശിഥിലീകരണത്തിന്റെയും പ്രത്യയശാസ്ത്രമായ സയണിസത്തെ വളര്‍ത്തിയതും പാലസ്തീനെ രക്തപങ്കിലമാക്കിയതും അമേരിക്കയാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കയുടെ കാവല്‍ഗുണ്ടകളെപോലെ പ്രവര്‍ത്തിക്കുന്ന ഇസ്രായേലാണ് അരക്ഷിതത്വം സൃഷ്ടിക്കുന്നത്. കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും പ്രതിരോധിക്കാനാണ് മാതന്ധമായ താലിബാന് അമേരിക്ക രൂപം നല്‍കിയത്. അതിന്റെ തുടര്‍ച്ചയാണ് ഇസ്ലാമിക്‌സ്റ്റേറ്റ്.

കെ.ടി.കുഞ്ഞിക്കണ്ണന്‍

ktkozhikode@gmail.com

Share.

About Author

134q, 0.755s