Leaderboard Ad

ഐ പി എൽ മാമാങ്കവും ഇന്ത്യയിലെ സാധാരണക്കാരനും

0

ക്രിക്കറ്റ്‌ ഒരു നല്ല കളിയാണ് എന്നാൽ ഐ പി എൽ  എന്നത് ഇന്ത്യയിലെ വമ്പൻ കുത്തക മുതലാളിമാരുടെയും, ബിനാമികളുടെയും കറുത്ത പണം വെളുപ്പിക്കാനുള്ള പ്ലാറ്റ്ഫോം ആണ്. ഇന്ത്യയിൽ ശതകോടികൾ ഇപ്പോളും വെള്ളത്തിനും ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങൾക്കും വേണ്ടി കഷ്ടപെടുമ്പോൾ, അതെ ഇന്ത്യയിൽ അതെ നഗരങ്ങളിൽ തന്നെ IPL ന് വേണ്ടി പൊടിച്ച് കളയുന്നത് പതിനായിരക്കണക്കിന് കോടികൾ.! അതിൽ വാതുവെപ്പിൽ മാത്രം ഒഴുകി കളിക്കുന്നത് 3 ലക്ഷം കോടികൾ.! ടിക്കറ്റ്‌ എടുത്ത് കളി കണ്ടവരും , മാധമാങ്ങളിലൂടെ കളികണ്ടവരും കബളിക്കപ്പെടുന്നു. എങ്ങും വാതുവെപ്പ്.!

ഐ പി എൽ കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന് ഒരു ഗുണവും ഇല്ല.  ഐ പി എല്ലിനു  സംരക്ഷണം കൊടുത്തും, ഒരുക്കങ്ങൾ ചെയ്തു കൊടുത്തും ഇന്ത്യൻ പൌരന് നഷ്ടപ്പെടുന്നത് അവന് ലഭിക്കേണ്ട റിസോസസുകളാണ് (പണം, പിന്തുണ, സംരക്ഷണം, തുടങ്ങിയവ..)

ബാഗ്ലൂര് ചലഞ്ചെർസിന്റെ ഓണർ ആയ വിജയ്മല്ല്യ പാപ്പരത്തം പ്രഖ്യാപിച്ച് ഇന്ത്യക്കാരുടെ നികുതി പണം തട്ടി എടുത്തിട്ട്, സ്വന്തം കമ്പനിയിലെ ജോലിക്കാർക്ക് ഇപ്പോളും ശമ്പളം കൊടുക്കാനുള്ളവാനാണ്. അമ്പാനി എന്ന വ്യവസായി ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ടല്ല മുംബൈ ഇന്ത്യൻസിനെ കോടികൾ മുടക്കി പോറ്റി നടക്കുന്നത്. അമ്പാനിയെയും വിജയ്‌ മല്ല്യയെയും  പോലുള്ളവര്ക്ക് സർക്കാറിന് നികുതിയിൽ കോടികൾ ഇളവ് കൊടുക്കാം. അവരുടെ കോടികളുടെ കടം എഴുതി തള്ളാം. അംബാനിക്ക് “Z” കാറ്റഗറി സംരക്ഷണം.! ഒരു രാജ്യത്ത് ഏറ്റവും സംരക്ഷണം കിട്ടേണ്ട സ്ത്രീകളും, കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. പൊതുജന മധ്യത്തിലും, നഗരങ്ങളിലും, അവളുടെ സഞ്ചാര സ്വാതന്ത്ര്യ ഇടങ്ങളിലും അവളുടെ ഇടുപ്പിൽ ആരും കയറി പിടിക്കാതിരിക്കാനുള്ള പ്രാഥമിക സംരക്ഷണം പോലും കൊടുക്കാൻ കഴിയാത്തവർ വമ്പന്മാർക്ക് കരിമ്പൂച്ചകളെയും പട്ടാളത്തെയും നല്കുന്നു.!

ഒരു വിജയ്മല്ല്യയിലും, അമ്പാനിയിലും ഒതുങ്ങുന്നില്ല ഐ പി എൽ  ലെ കള്ള പണത്തിന്റെ കുത്തൊഴുക്കുകൾ.  ഇന്ത്യയിലെ ഒരു സാധാരണക്കാരനോ, ഒരു കർഷകനൊ കൃഷിക്ക് വേണ്ടിയോ അല്ലെങ്കിൽ കേറി കിടക്കാൻ ഒരു കിടപ്പാടം ഉണ്ടാക്കാനോ ഒരു ചെറിയ തുക ലോണ്‍ എടുത്താൽ പട്ടിണിയും പരിവട്ടവും കാരണം അവന് ഗഡുക്കൾ തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന് ജപ്തി, ഉള്ള കിടപ്പാടത്തിൽ നിന്ന് ഇറക്കി വിടൽ.!

ഇന്ത്യയിലെ വമ്പൻ ബിസിനെസ്സുകാർക്കും, ബിനാമികൾക്കും, അധോലോക നായകർക്കും അവരുടെ കോടികൾ ഇന്ത്യയിലിട്ട് വെളുപ്പിക്കാൻ ഇന്ത്യൻ സർക്കാർ ഒരുക്കി കൊടുക്കുന്ന പ്ലാറ്റ്ഫോം ആണ് ഐ പി എൽ . അതിലെ അഴിമതികളും, വാതു വെപ്പും ഒരിക്കലും അതിന്റെ യതാർത്ഥന്മാരായ ഉന്നതരിലേക്കെത്തില്ല. ശ്രീശാന്തും, ജിജുവും, ചാന്ദിലയും, അങ്കിതും എല്ലാം ഐ പി എൽ  വാതുവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ ആകും. കാരണം ലോകത്തിലെ ഏറ്റവും സമ്പന്നമായ, ഐ സി സി  യെ വരെ നിയന്ത്രിച്ച്‌ കൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ബോര്ഡിന്റെ (ബി ബി സി ) പേര് പോകും. മുതിർന്ന കളിക്കാർ മുതൽ താഴേക്കുള്ള കളിക്കാർ വരെ, ഇന്ത്യൻ സർക്കാർ, ഇന്ത്യയിലെ കള്ളപണക്കാർ തുടങ്ങിയവരുടെ വരുമാനം നിലക്കും. അതുകൊണ്ട് അത്ര വലിയ കടുംകൈ പോലീസും ഇന്ത്യൻ സർക്കാറും എടുക്കില്ല.

ഇന്ത്യയിൽ പട്ടിണി മരണവും, കര്ഷക ആത്മഹത്യയും, തൊഴില്ലായ്മയും പെരുകുമ്പോളും, അഴിമതിയിൽ മുങ്ങി കുളിച്ച ഭരണാധികാരികൾ ഇന്ത്യയെ കട്ട് മുടിക്കുമ്പോളും, സാധാരണക്കാരൻ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ നെട്ടോട്ടം ഓടുമ്പോളും അതൊന്നും കണ്ടപാതി നടിക്കാതെ, കള്ളപണം ഒഴുക്കി വിടുന്ന ഐ പി എല്ലിനെ   തലയിലേറ്റി വിജയിപ്പിക്കുന്ന ഇന്ത്യൻ യുവ തലമുറയുടെ നിലപാടുകൾ പുനർചിന്തിക്കേണ്ടതാണ്

Share.

About Author

145q, 0.728s