Leaderboard Ad

ഒരു പേരിനിത്രയും പര്യായങ്ങൾ…?

0

റിവുദിക്കാത്ത നാളുകളിൽ
അമ്മക്കൊഞ്ചൽ വിളികളിൽ
തങ്കക്കുട്ടീ, പൊന്നും കുടമേ,
ചക്കരേ ചുന്ദരീ…മണിക്കുട്ടീ…
മധുരിച്ചിരുന്നോരോന്നും !

പട്ടുകുപ്പായം ചെറുതായി
പാവാട നീണ്ട് ധാവണിയിലും
സൽവാർ കമ്മീസുകളിലുമെത്തി
താരുണ്യത്തോടൊപ്പം
എത്രയെത്ര നൂതന വാക്കുകളാണ്
എന്റെ പേരിനൊപ്പം കൂട്ടു കൂടിയത്…!

എന്നോ ഒരു ‘ഡാർലിങ്’ പ്രണയവിളിയിൽ
പ്രിയതരം മധുരിച്ച കാതുകൾക്കപ്പുറം
കനത്തു വിറച്ചു പോയി
‘ധിക്കാരി….മുധേവി….മുടിഞ്ഞവൾ’

പൊന്നിൽക്കുനിഞ്ഞ് കയറിയ
പുത്തൻ പടിയ്ക്ക് മേൽ
ശ്രീയായി…ലക്ഷ്മിയായി….
ഐശ്വര്യദേവതയായി…!
മണിയറയിലെ മാരിവില്ലുമായി..!

സുവർണ്ണസുന്ദരപര്യായങ്ങളെണ്ണാനും മാത്രം
നേരവും കാലവുമില്ലാതെ
അടുക്കളപ്പുകച്ചിലിലേക്കെത്തി നോക്കി
‘അശ്രീകരമേ… ചേട്ടേ…മൂശ്ശേട്ടേ…’
അങ്ങനെയങ്ങനെയൊരുപാടു പേരുകൾ !

പ്രസവിച്ചിട്ട മുലപ്പാൽമധുരങ്ങളിൽ
ആശ്വാസമായി …ള്ളേ…ന്ന് കരഞ്ഞ്
ഞ്ഞഞ്ഞ്…ഞമ്മ…അമ്മിഞ്ഞ….
അമ്മ, പൊന്നമ്മയൊക്കെയായി
എനിക്കർത്ഥമിട്ടു തന്നവ
വളർത്തിയുയർത്തി
പിന്നെ തളർത്തിയങ്ങനെ
പേരിഴകളിൽ ജര, നര പടർന്ന്
മുത്തശ്ശിയിലേക്കെത്തും മുമ്പേ
വിളിനാക്കുകൾ വിദൂരങ്ങളിലേക്ക്…

എനിക്കിനി പേരില്ല, പേരിന്
പര്യായങ്ങളില്ല.

Share.

About Author

140q, 0.516s