Leaderboard Ad

ഒരു മഴുവിന്റെ കഥ

0

വിറകുവെട്ടിയുടെയും ദേവതയുടെയും ഗുണപാഠകഥ
പിന്നെ ബാലാമണിയമ്മയുടെ കവിത
മഴു കഥയിലും കവിതയിലും നേരത്തേ തെളിഞ്ഞു.
പുതുമോടിയിൽ ചരിത്രം കൊത്തുന്നവർ
മഴുവിലും ചരിത്രം കൊത്താൻ ശ്രമിച്ചു.
മലയാളി മഴുവിൽ നിന്ന്
തമിഴ് മഴുവിലേക്കുള്ള യാത്ര അനുഭവമായി.
പുഷു,പുസു,പുയു എന്ന ബഷീറിയൻ പുഴുക്കൾക്കൊപ്പം
മഴു ചേർത്ത് വെച്ച് ഭാഷ താളമായി.
മുഴയൻ കൃത്യമായി പുഴുവെന്നും മഴുവെന്നും പറയട്ടെ.
കൈമഴു,കോടാലി,കോടാലിക്കൈ
അർത്ഥഭേദങ്ങളുടെ മൂർച്ചയിൽ ഭാഷ മുറിഞ്ഞു.
മഴയെ മഴുവാക്കാനെന്തെളുപ്പമെന്ന് ലൂയി കരോൾ
ആലീസിനോട് പറഞ്ഞിരിക്കണം.
അല്ല.
ഇന്ന് മഴു മറ്റൊരർത്ഥവും വഹിക്കുന്നില്ല.
അത് ഒരു പത്തൊമ്പതുകാരന്റെ നെഞ്ചകം
പിളർന്ന ക്രൗര്യമൂർച്ചയാണ്.
ഷിബിന്റെ കഴുത്തിൽ തറഞ്ഞ
ഇസ്മയിലിന്റെ ആയുധം.
ബലി ആരുടേതാണ്?
മഴു എറിയുന്നതാരാണ്?
മരിക്കുന്നതാരാണ്?
പിറക്കുന്നതെന്താണ്?
കണ്മുന്നിൽ വായ്ത്തല ത്തിളക്കം!
എഴുത്ത്നിർത്തണോ?
നിർത്തിയോ?
ഞരക്കമോ?
മരണമായ് മഴു നെഞ്ചിൽ പതിക്കുന്നു.
കഥയൊടുങ്ങുന്നതിങ്ങനെ…

Share.

About Author

136q, 0.729s