Leaderboard Ad

ഒരു യുവ സാംസ്‌കാരിക ഇടപെടൽ എങ്ങനെ ആകണം?

0

യുവത്വം ആണ് നാടിന്റെ സാംസ്‌കാരിക ഊർജത്തെ മുന്നോട്ടു നയിക്കേണ്ടത്. യുവത്വം ആണ് ആശയപരവും, രാഷ്ട്രീയ പരവും ആയ ദിശ നല്കേണ്ടത്. ഇതെല്ലാം പരക്കെ പറഞ്ഞു പഴകി എന്ന് പറയാവുന്ന കാര്യങ്ങൾ ആണ്. യുവത്വം ഈ പ്രതിലോമകരമായ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നതിനെ പറ്റി ഒരു സംവാദം ആണ് ലക്‌ഷ്യം ഇടുന്നത്. ഫേസ്ബുക്കിൽ വാട്സ്ആപ്പിൽ മാത്രമേ ഞങ്ങൾ പ്രതികരിക്കൂ എന്ന വാശി ഉപേക്ഷിക്കാൻ തയാറുള്ളവർക്ക് ഈ ലേഖനം ചില സൂചനകളോ ദിശകളോ നല്കിയേക്കും. ഒന്നും ഞാൻ ചെയ്യില്ല, ചെയ്തിട്ട് കാര്യവുമില്ല എന്ന് വിചാരിക്കുന്നവർ ഇത് വായിച്ചിട്ടും പ്രത്യേകിച്ച് ഒരു പ്രയോജനം ഇല്ല. അങ്ങനെ ഉള്ളവർക്കെല്ലാം നിഷ്ക്രിയതയുടെ സുഖ സുഷുപ്തിയും, വ്യഥാ വിമർശനങ്ങളുടെ ആനന്ദവും അനുഭവേദ്യം ആകട്ടെ എന്ന് ആശംസിക്കുന്നു. ജീവിക്കുന്ന സമൂഹത്തിൽ സക്രിയമായി ഇടപെടാൻ താല്പര്യം ഉള്ള ആളുകളെ ആണ് ഈ ലേഖനം അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നത്.

ഉത്പാദനപരമായ മേഘലകളിലേക്ക് മൂലധനം കേന്ദ്രീകരിച്ചാൽ, അവിടെ ഉണ്ടാകുന്ന തൊഴിലുകളും, തൊഴിലിൽ ഉണ്ടാകുന്ന സൌഹൃദങ്ങളും, കൂട്ടായ്മകളും എല്ലാം വർഗീയതക്ക് വലിയ അളവിൽ പ്രതികൂലമായ സാഹചര്യം ആണ് ഒരുക്കുക. നെൽ കൃഷി വ്യാപകമായിരുന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്ന കർഷക – കർഷക തൊഴിലാളി കൂട്ടായ്മകൾ ഒരു ചെറിയ ഉദാഹരണം ആണ്. പണ്ടൊക്കെ വീടുകളിൽ എന്ത് ചടങ്ങുകളിലും സ്ഫുരിച്ചു നിന്നത് അവിടുത്തെ നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂട്ടായ്മകൾ ആണെങ്കിൽ, ഇന്നവിടെ കാറ്റെറിംഗ് മുതൽ ഇവന്റ് മാനേജ്‌മന്റ്‌ കാർ വരെ ഇടം പിടിച്ചിരിക്കുന്നു. വീട്ടുകാർക്ക് വരെ കൈ കഴുകി ഇരിക്കുക എന്ന ചുമതല മാത്രമേ ഉള്ളൂ. സമയക്കുറവും ഒരു കാരണം ആകാം, ഇതെല്ലാം സൂചിപ്പിക്കുന്നത് മതേതര കൂട്ടായ്മകളുടെ തകർച്ചയെ ആണ്.

നമ്മളിവിടെ ചര്ച്ച ചെയ്യാൻ ഉദേശിക്കുന്നത് നേരിട്ടുള്ള സാംസ്‌കാരിക പ്രവർത്തങ്ങൾ ആണ്. അതിനാൽ മൂലധനത്തിന്റെ കേന്ദ്രീകരണവും ശുഷ്കിച്ച വിതരണവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രധാന ചർച്ചാ വിഷയം ആക്കുന്നില്ല.
ഒരേ സാമ്പത്തിക സ്ഥിതിയും , ഒരേ മതവും ജാതിയും ഉള്ളവർക്ക് പരസ്പരം ഇടപഴകാൻ ഇടങ്ങൾ ഉണ്ട് എന്നതും, ജനകീയമായ പൊതു മതേതര ഇടങ്ങൾ ആണ് നാട്ടിൽ ശോഷിച്ചു വരുന്നത് എന്നതും ഒരു വർത്തമാനകാല യാഥാർത്ഥ്യം ആണ്. മതേതരമായ സാംസ്‌കാരിക അടിസ്ഥാന സൌകര്യങ്ങൾ, അല്ലെങ്കിൽ ഇടങ്ങൾ ഒരുക്കുക എന്നതാവണം, ഈ അവസരത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വത്തിന്റെ അടിയന്തര കടമ. നമ്മുടെ കുടുംബങ്ങളിലേക്ക്‌ പിന്തിരിപ്പൻ മൂല്യങ്ങളുടെയും ദുഷിച്ച ആചാരങ്ങളുടെയും അകമ്പടിയോടെ മുതലാളിത്ത ഉപഭോഗ സംസ്കാരം നുഴഞ്ഞു കയറുന്നത് ടെലിവിഷൻ എന്നാ മാധ്യമ ദ്വാരാ ആണല്ലോ, അവിടെ പുരോഗമന ശബ്ദങ്ങൾ കുറവാണു താനും. അപ്പോൾ ടി വി വർജനം ഈ സാംസ്‌കാരിക ഇടപെടലിന്റെ ഭാഗം ആകണം.

നമ്മുടെ നാട്ടിൽ മതപരമായ ചടങ്ങുകൾ ആളുകളെക്കൊണ്ട്നിറയുകയും മതേതര ചടങ്ങുകൾക്ക് ആളെക്കിട്ടാതെ വരുന്ന ഒരു സാഹചര്യം ഉണ്ട്. മതത്തിന്റെ സ്വാധീനം ഇല്ലാതെ മനുഷ്യന്‌ ഒരു നിമിഷം പോലും ചിലവഴിക്കാൻ കഴിയാത്ത സ്ഥിതിയിൽ മാറ്റം വരുത്താനും ബോധപൂർവ്വം മതേതര കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടത്‌ അത്യാവശ്യം ആണ്. കൂടാതെ മതേതര ആഘോഷങ്ങൾ സംഘടിപ്പിക്കാനും, അയല്കൂട്ടായ്മകൾ, റസിഡെൻറ്റ് അസോസിയേഷൻ കൂട്ടായ്മകൾ സംഘടിപ്പിക്കാനും മുൻനിരയിൽ മതേതര യുവത്വം നില്ക്കണം
വായനശാല പ്രസ്ഥാനം വളരെ ആക്രമണത്തിന് വിധേയം ആയി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരുപഞ്ചായത്ത്‌വാർഡിൽ ഒരു വായനശാല എങ്കിലും വർത്തിപ്പിക്കാൻ കഴിയണം. വായന വളർന്നാൽ പ്രതിലോമ ആശയങ്ങൾ തളരും എന്ന്നമുക്ക് ഉറപ്പിക്കാം.അതിനു വേണ്ടി വായനക്കൂട്ടം ഒരു മാസത്തിൽ ഒരിക്കൽ സംഘടിപ്പിക്കാനും, കൂടാതെ ഒരു കയ്യെഴുത്ത് മാസിക അല്ലെങ്ങിൽ ഓണ്‍ലൈൻ മാസിക – ആ പ്രദേശത്തെ എഴുത്തുകാരെ സംഘടിപ്പിച്ചു നടത്താനും യുവത്വത്തിനു കഴിയണം. നല്ല പുസ്തകങ്ങളുടെ ആസ്വാദന സദസുകൾ പകർന്നു തരുന്ന ഊർജ്ജം അനുപമം ആണ്. വിശ്വ വിഖ്യാത ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വായനശാലകൾ ഒരു നല്ല അടിത്തറ ആണ്. ദ്രിശ്യങ്ങളുടെ കാഴ്ചക്കാർ മാത്രം ആകാതെ, അതിന്റെ സൃഷ്ടാക്കൾ കൂടി ആകാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കും

കലാസാംസ്‌കാരിക സമിതികളെ പുനരുജ്ജീവിപ്പിക്കുകയും കഴിയുന്നതും മാസത്തിൽ ഒരിക്കലെങ്കിലും ഒരു പരിപാടി എന്ന രൂപത്തിൽ, അവിടുത്തെ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ചെറിയ സദസിനു മുൻപിലെങ്കിലും പരിപാടികൾ സംഘടിപ്പിക്കാൻ യുവത്വത്തിനു കഴിയണം. ആ ദിവസം എങ്കിലും ടി വി യിലെ വികൃത കലകളിൽ നിന്ന് ജന സാമാന്യത്തിനു മോചനം ലഭിക്കട്ടെ

കളിയിടങ്ങൾ കുറയുന്ന കാലഘട്ടത്തിൽ,പൊതു മതേതര കളിസ്ഥലങ്ങൾ നിലനിർത്തുന്നതിന് യോജിച്ച പ്രവർത്തനം അത്യാവശ്യം ആണ്. ഒരു നാടിന്റെ ആരോഗ്യം നിലനിർത്താൻ എത്രത്തോളം പ്രധാനം ആണ് കളിസ്ഥലം എന്ന് എഴുതി പിടിപ്പിക്കേണ്ടതില്ലല്ലോ. പൊതു ഉടമസ്ഥതയിൽ ഒരു കളിസ്ഥലം എന്നത് ഒരു മുദ്രാവാക്യം ആക്കി സാധ്യമാക്കാൻ ശ്രമിക്കുക ആണ് വേണ്ടത് . ജാതി മത ഭേദമന്യേ ഉള്ള സൌഹൃദങ്ങൾക്ക് അരങ്ങൊരുക്കു കയാണ് ഈ പ്രവർത്തനം ചെയ്യുന്നത്

നവസമൂഹ മാധ്യമങ്ങളിൽ സ്വത്വാടിസ്ഥാനത്തിൽ വെറുപ്പ്‌ പടർത്താനും അരാഷ്ട്രീയത്തിനു ഓശാന പാടാനും ശ്രമിക്കുന്ന പ്രവണതകളെ ചെറുത്തു തോൽപ്പിക്കാൻ കുറച്ചു വിയർപ്പൊഴുക്കുന്നതും നല്ലതാണു, വിമർശനങ്ങളെ വസ്തുത എന്ന ഉരകല്ലിൽ വച്ച് പരിശോധിക്കാനും, സഭ്യമായ – ക്രിയാത്മക വിമർശനം നടത്താനും സ്വന്തം സ്വാധീന വലയത്തിലുള്ളവരെ എങ്കിലും പിന്തിരിപ്പൻ ആശയങ്ങളുടെ വക്താക്കൾ ആയി മാറുന്നത് തടയാനും ഈ ഇടപെടൽ ഉപകരിക്കും. പുരോഗമന മതേതര ആശയങ്ങളും വാർത്തകളും നിരന്തരം പ്രചരിപ്പിക്കേണ്ടതും ഒരു ആവശ്യം ആണ്

ഏറ്റവും അവസാനത്തേത് എങ്കിലും ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് പൊതു വിദ്യാഭ്യാസത്തിൽ ഇടപെടുന്നതിൽ ആണ്. ചുറ്റും ഉള്ള പൊതു വിദ്യാലയങ്ങൾ നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിൽ ആണ്, സാംസ്‌കാരിക ഇടപെടൽ വിദ്യാലയങ്ങളിൽ നിന്നാണ് തുടങ്ങേണ്ടത്. നന്നായി പോകാത്ത വിദ്യാലയങ്ങളിൽ ജനകീയ സുസ്ഥിര വികസന സമിതികൾ ഉണ്ടാക്കി, നടക്കാവിനെ മാതൃക ആക്കി ലോക നിലവാരത്തിൽ ഉള്ള പൊതു വിദ്യാലയങ്ങൾ സൃഷ്ടിക്കാനും യുവത്വം ശ്രദ്ധിക്കണം. അടിമുടി കമ്പോള വല്ക്കരിക്ക പ്പെടുന്നതിനെതിരെ ഒരു ഉറച്ച ചെറുത്തു നില്പ്പായിരിക്കും അത്.

അനീതിയെ എതിർക്കാനും, നിരന്തര ഇടപെടലുകളിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും, പോരാട്ടങ്ങൾ വേണ്ട ഇടങ്ങളിൽ അത് നടത്താനും മടിക്കാതെ നില്ക്കുന്ന യുവത്വത്തിനു ഈ നിർദേശങ്ങൾ ഒരു ചൂണ്ടു പലക ആകും എന്ന് പ്രതീക്ഷിക്കുന്നു

: അനൂപ്‌ വർഗീസ് കുരിയപ്പുറം

Share.

About Author

138q, 0.625s