Leaderboard Ad

ഓൺ ലൈൻ മാസികകൾ

0

ആശയവിനിമയത്തിന്റെ പുതുവഴികൾ എക്കാലത്തും മനുഷ്യരെ പ്രചോദിതരാക്കിയിട്ടുണ്ട്.സ്വന്തം പരിമിതികളെ അതിലംഘിച്ച് സ്വാതന്ത്ര്യത്തിന്റെയും സംസ്കാരത്തിന്റെയും മണ്ഡലങ്ങളിൽ നടത്തുന്ന സാഹസികസഞ്ചാരങ്ങൾക്ക് അത് എപ്പോഴും സഹായകമായിട്ടുമുണ്ട്. സാമൂഹികവികാസത്തിന്റെ വിവിധഘട്ടങ്ങളിൽ അതത് സാഹചര്യങ്ങൾക്കനുസരിച്ച് ലഭ്യമായ ആശയവിനിമയോപാധികൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യർ ചരിത്രത്തിനൊപ്പം വികാസം പ്രാപിച്ചത്. ഇന്ന്, വിവരസാങ്കേതികവിദ്യയുടെ വളർച്ചയുടെ ഇക്കാലത്ത് സാധ്യതകളുടെ അക്ഷയഖനിയായ ഒരു ആശയവിനിമയോപാധിയായി ‘ഓൺ ലൈൻ മാസികകൾ’ തിരിച്ചറിയപ്പെടുന്നു.

ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ പരമ്പരാഗതമാധ്യമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിലയിൽ കൂടുതൽ സുഗമമായും സൗകര്യത്തോടെയും വിപുലമായും വിനിമയം നടത്താൻ കഴിയുമെന്നതാണ് ഓൺലൈൻ മാസികകളിലേക്ക് പൊതുവിൽ ശ്രദ്ധ തിരിയാൻ ഇടയായത്. ഇന്ന് ഓൺലൈൻ മാസികകൾ ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ലോകമെമ്പാടും ആശയപരിസരത്ത് മാത്രമല്ല അതിന്റെ തുടർച്ചയായി സാമൂഹികജീവിതത്തിലും ക്രിയാത്മകവും വിപ്ലവകരവുമായഇടപെടലുകളാണ് നടത്തുന്നത്.

നവോത്ഥാന-ദേശീയ-പുരോഗമന പ്രസ്ഥാനങ്ങളുടെ സക്രിയമായ ഇടപെടലുകളിലൂടെ രൂപപ്പെട്ട സമകാലിക കേരളത്തിൽ അതത് ഘട്ടങ്ങളിലെ ആശയവിനിമയോപാധികൾ ലക്ഷ്യബോധത്തോടെയും ഫലപ്രദമായും കൈകാര്യം ചെയ്തതിന്റെ ഒട്ടേറെ ഉജ്വല ഉദാഹരണങ്ങൾ കാണാൻ കഴിയും. ഭാഷ,സർഗാത്മക രചനകൾ, വൈജ്ഞാനിക രചനകൾ, കലാരൂപങ്ങൾ ഇങ്ങനെ എല്ലാറ്റിലും പരമ്പരാഗത സംവിധാനങ്ങളുടെ പുരോഗമന അംശങ്ങളെ സ്വാംശീകരിച്ചും നവീനമായ സംവിധാനങ്ങളെ വിപ്ലവകരമായി ഉപയോഗിച്ചും സാമൂഹിക ഉത്തരവാദിത്തത്തോടെ പെരുമാറുന്ന സദ്പാരമ്പര്യമാണ് ഇത് കേരളത്തിന് സംഭാവന ചെയ്തത്. എന്നാൽ ഇത്തരം ശ്രമങ്ങളിലൂടെ വികാസം പ്രാപിച്ച മലയാളി ബോധത്തെ അത് സഞ്ചരിച്ചു കൊണ്ടിരുന്ന പുരോഗമന പാതയിൽ നിന്ന് പ്രതിലോമവഴികളിലേക്ക് നയിക്കാൻ ഇതേ സംവിധാനങ്ങളെ ഉപകരണമാക്കിയതിന്റെ അനുഭവങ്ങളും നമ്മുടെ ചരിത്രത്തിനുണ്ട് ഈ അടുത്ത കാലത്തായി പ്രതിലോമശക്തികളുടെ ഇടപെടലുകൾ ആശയവിനിമയരംഗത്ത് ശക്തി പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പൊതുവെ പങ്ക് വെക്കപ്പെടാറുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ന് ലഭ്യമായ നവീന ഉപാധികളിലൊന്ന് എന്ന നിലയിൽ ഓൺലൈൻ മാസികകളുടെ ദൗത്യം എന്ത് എന്നത് പരിശോധനാർഹമാണ്.

“സാമൂഹ്യമായ ഉള്ളടക്കത്തിന്റെ വികാസമാണ് രൂപപരിണാമത്തിന്റെ മുൻ വ്യവസ്ഥ .ഉള്ളടക്കം മാറുന്നില്ലെങ്കിൽ രൂപപരമായ പരിഷ്കരണം തീർത്തും നിഷ്ഫലമായിരിക്കും.”എന്ന് കവിതയെ സംബന്ധിച്ച് ബ്രെഹ്റ്റ് കൃത്യമായി നിരീക്ഷിച്ചത് ആശയവിനിമയോപാധികൾക്ക് പൊതുവെ ബാധകമാണ്. ദൃശ്യ-ശ്രാവ്യ മാധ്യമത്തിലുള്ള മാസിക എന്നത് വിനിമയരൂപത്തിന്റെ കാര്യത്തിൽ ഒരു കുതിച്ചു ചാട്ടമാണ്. തികച്ചും പുതിയ ആവിഷ്കാരങ്ങൾക്കുള്ള സാധ്യതയാണ് അത് തുറന്നിടുന്നത്. അതേ സമയം പ്രതിലോമശക്തികളെ ചെറുത്തു തോൽപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തവും അത് കൈകാര്യം ചെയ്യുന്നവർക്ക് വന്നു ചേരുന്നു. “പഴയ സമ്പ്രദായങ്ങൾ തേഞ്ഞു പോകുന്നു.പഴയ ചോദനകൾ പരാജയപ്പെടുന്നു.പുതിയ പ്രശ്നങ്ങളുയർന്നുവന്ന് പുതിയ സങ്കേതങ്ങളാവശ്യപ്പെടുന്നു.യാഥാർത്ഥ്യം മാറുന്നു,അതാവിഷ്കരിക്കാൻ ആവിഷ്കാരസമ്പ്രദായങ്ങളും മാറണം.ഒന്നുമില്ലാത്തിടത്തുനിന്ന് ഒന്നുമുണ്ടാകുന്നില്ല.പുതിയത് പഴയതിൽ നിന്നാണുയിരെടുക്കുന്നത്.പക്ഷെ അതു തന്നെയാണ് അതിനെ പുതുതാക്കുന്നത്.

പീഡകർ പൊയ്മുഖങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു.ഈ പൊയ്മുഖങ്ങൾ എപ്പോഴും ഒരേ രീതിയിൽ വലിച്ചു കീറുവാൻ കഴിയില്ല. നാം പിടിക്കുന്ന കണ്ണാടികളിൽ നിന്നൊഴിഞ്ഞു മാറാൻ അവർക്ക് ഒരു പാട് ഉപായങ്ങളുണ്ട്. “ഇന്നലെ ജനകീയമായത് ഇന്ന് ജനകീയമല്ല,കാരണം ഇന്നലത്തെ ജനങ്ങൾ ഇന്നത്തെ ജനങ്ങളല്ല.”എന്ന് ബ്രെഹ്റ്റ് ഈ അവസ്ഥയെ വിശദീകരിച്ചിട്ടുണ്ട്.

അതിസങ്കീർണവും ക്രൂരവും ആയ സമകാലികവിനിമയങ്ങളിൽ മനുഷ്യന്റെ പക്ഷം പിടിച്ചു കൊണ്ട് പുതിയ ആവിഷ്കാരരീതികൾ കണ്ടെത്തി, ‘തലകുത്തി നിൽക്കുന്ന ലോകത്തെ നിവർന്നുനിൽക്കാൻ പഠിപ്പിക്കുക’ എന്ന ദൗത്യം തന്നെയാണ് നവമാധ്യമങ്ങൾ ഏറ്റെടുക്കേണ്ടത്.ഓൺലൈൻ മാസികകൾക്ക് ഇക്കാര്യത്തിൽ ആവിഷ്കാരവും ആസ്വാദനവും ഇടപെടലുകളും വിമർശനവും ഒക്കെ ചേർത്തുവെക്കാൻ അതിവിസ്തൃതമായ ഇടം ലഭിക്കുന്നതിനാൽ ഒട്ടേറെ സാധ്യതകൾ നിലനിൽക്കുന്നു. അത് ഉപയോഗിക്കാൻ എത്ര പേർ തയ്യാറാകുന്നു എന്നതാണ് പ്രശ്നം.

Share.

About Author

139q, 0.668s