Leaderboard Ad

ഔഷധ വില നിയന്ത്രണം – സത്യവും മിഥ്യയും

0

 നിത്യോപയോഗസാധങ്ങളുടെ വില കുതിച്ചുയരുകയും ജീവിതചിലവുകള്‍ ഉയരുകയും ചെയ്യുന്നതിനോടൊപ്പം ഔഷധ വിലകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുക കൂടി ചെയ്തതോടെ ജനസംഖ്യയുടെ വലിയ ഒരു വിഭാഗത്തിനും ചികിത്സ നേടുക എന്നത് അസാധ്യമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഔഷധങ്ങളുടെ വില നിയന്ത്രണം എന്നത് ഒരു അനിവാര്യതയാണ്. വിവിധ കോണുകളില്‍ നിന്നും ഉയര്ന്നു വന്ന സമ്മര്‍ദ്ദം മൂലം ഔഷധ വില നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 2012ലെ National Pharmaceutical Pricing Policy (NPPP) യും 2013 മെയ്‌ 15 നു കേന്ദ്ര സര്‍ക്കാരിന്‍റെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം പുറത്തിറക്കിയ Pharmaceutical Price Control Order 2013 (DPCO) യും പാര്‍ളിമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാ കാലത്തും കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നിലപാടുകള്‍ എടുക്കുന്ന UPA സര്‍ക്കാര്‍ അവതരിപ്പിച്ച ഈ ബില്ലുകള്‍ എത്രമാത്രം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകും എന്ന് പരിശോധിക്കേണ്ടതുണ്ട്.

DPCO-2013 പ്രകാരം ദേശീയ അവശ്യ ഔഷധ ലിസ്റ്റിലുള്ള (National List of Essential Medicines, NLEM) 328 ഇനം മരുന്നുകളുടെ വില നിലവാരത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരുന്നുകളുടെ വില നിര്‍ണ്ണയിക്കാനായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം “SIMPLE AVERAGE METHOD” ആണ്. ഇതു പ്രകാരം കമ്പോളത്തില്‍ 1%ത്തില്‍ അധികം വില്‍പനയുള്ള ബ്രാന്‍ഡ്‌കളുടെ വില്‍പ്പന വിലയുടെ ശരാശരി കണക്കാക്കിയാണ് വില്‍ക്കാവുന്ന കൂടിയ വില നിശ്ചയിക്കുന്നത്. വിപണിയില്‍ നിലവിലെ വില ഔഷധത്തിന്‍റെ ഉല്‍പ്പാദനത്തിനു ചിലവാകുന്നതിലും 100% മുതല്‍ 5600 % വരെ അധികമാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തത്വത്തില്‍ ഇതു ചില മരുന്നുകളുടെ വിലയില്‍ നേരിയ കുറവും മറ്റുള്ളവയില്‍ വലിയ വര്‍ദ്ധനവിനും ആണ് വഴി വച്ചിരിക്കുനത്. ഇപ്പോള്‍ പാസാക്കിയ ഈ നിയമപ്രകാരവും മരുന്നുകള്‍ക്ക് ഇടാക്കാവുന്ന പരമാവധി വില (Ceiling Price) ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ചില മരുന്നുകള്‍ക്ക് ചെറുതായി വിലകുറയുമ്പോള്‍ തന്നെ മറ്റു ചില മരുന്നുകള്‍ക്ക് വിലവര്‍ദ്ധനനവും ഉണ്ടാകുന്നുണ്ട്. ഇത് ഉല്‍പാദകന്‍റെയും വിപണനക്കാരന്‍റെയും ലാഭവിഹിതം വളരെ ഉയര്‍ന്നതായി തുടരാന്‍ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഒരു മരുന്നിന്‍റെ ഉല്‍പാദന ചെലവ് 1 രൂപയാണ് എന്ന് കരുതുക DPCO പ്രകാരം അതിന്‍റെ നിലവിലെ വില്‍പന വിലയില്‍ 5 രൂപ കുറവ് വരുത്തി അത് 30 രൂപയ്ക്കു വിറ്റാലും അത് നീതികരിക്കവുന്നതല്ല. ഏറ്റവും ചുരുങ്ങിയ പക്ഷം 10 രൂപയെങ്കിലും ആയി അതിന്‍റെ വില നിജപ്പെടുതിയാല്‍ മാത്രമേ അത് ഉപഭോക്താവിന് താങ്ങാന്‍ കഴിയുകയുള്ളൂ.

ഈ വസ്തുതകള്‍ നിലനില്‍ക്കുന്നതു കൊണ്ടു തന്നെ അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമം കേന്ദ്രസര്‍ക്കാറിന്‍റെ നഗ്നമായ കുത്തക പ്രീണന നയവും ജനവിരുദ്ധതയും ഒരിക്കല്‍ കൂടി വെളിവാക്കുകയാണ്. ഔഷധങ്ങളുടെ ഉല്‍പാദന ചിലവിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചിലവടിസ്ഥാന വില നിശ്ചയിക്കല്‍ എന്ന് പറയും. എന്നാലിപ്പോള്‍ ഈ നയം മാറ്റി അതിന്റെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതും, രണ്ടുവര്‍ഷം കൂടുമ്പോള്‍ വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നതും ഔഷധ ഉത്പാദകരെ പരോക്ഷമായി സഹായിക്കാന്‍ വേണ്ടിയാണ്. ഡോക്ടര്‍മാരെയും വ്യാപാരികളേയും സ്വാധീനിക്കുന്നതിനുള്ള വിപുലമായ മാര്‍ക്കെറ്റിംഗ് സംവിധാങ്ങള്‍ ഉള്ള കുത്തക കമ്പനികളുടെ ഔഷധങ്ങള്‍ തന്നെയാവും വിപണിയില്‍ പ്രചാരത്തില്‍ ഉണ്ടാവുക, ഇവയുടെ മാര്‍ക്കെറ്റ് വില എപ്പോഴും ഉയര്‍ന്നതും ആയിരിക്കും. ഇതിന്‍റെ ശരാശരി വില എടുത്തു കഴിഞ്ഞാലും ഔഷധ വിലയില്‍ പ്രകടമായ മാറ്റം അനുഭവപ്പെടില്ല. ഇതുകൂടാതെ ഏകമാത്ര(Single Ingredient) ഔഷധങ്ങളെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ മരുന്നുകള്‍ കൂട്ടിചേര്‍ത്ത് ഔഷധചേരുവകളുടെ (Combination Drugs) രൂപത്തില്‍ നിര്‍മ്മിച്ചു വില കൂട്ടി വിപണനം ചെയ്യുവാനും കമ്പനികള്‍ക്ക് സാധിക്കും. മാത്രവുമല്ല പുതുതായി കണ്ടെത്തുന്ന, ഇന്ത്യയില്‍ പേറ്റന്റ്‌ ചെയ്യുന്ന മരുന്നുകളെ 5 വര്‍ഷത്തേക്ക് ഈ നിയമത്തിന്റെ‍ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടും ഉണ്ട്. 72762 കോടി രൂപയുടെ ഔഷധ വില്‍പനയാണ് ഇന്ത്യയില്‍ ഒരു വര്‍ഷം നടക്കുന്നത് അതില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് നിയന്ത്രണത്തിന്‍റെ പരിധിയില്‍ വരുന്നത്. കാന്‍സര്‍ എയിഡ്സ് പോലുള്ള ചില മാരക രോഗങ്ങളുടെ മരുന്നുകള്‍ NLEAM ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും മറ്റൊരു വസ്തുത ആണ്.

1972-ലെ പേറ്റന്റ്‌ നിയമത്തിലെ ഉല്‍പാദന പേറ്റന്റ് (Process Patent) വ്യവസ്ഥമൂലം വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ മറ്റൊരു ഉത്പാദന രീതിയിലൂടെ നിര്‍മിച്ചു വിലകുറച്ചു വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവകാശം ഉണ്ടായിരുന്നു. 1977 ലെ ജനതാ സര്‍ക്കാര്‍ നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ ഉത്തരവ് പ്രകാരം 347 അവശ്യ മരുന്നുകളുടെ വിലനിയന്ത്രിച്ചു നിര്‍ത്താനും കഴിഞ്ഞിരുന്നു. ഉദാഹരണത്തിന് Atorvastatin ടാബ്ലെറ്റിനു 104 രൂപയായിരുന്നു വിദേശകമ്പനികള്‍ ഇന്ത്യയില്‍ വിറ്റിരുന്ന വില, അതേസമയം ഇന്ത്യന്‍ കമ്പനികള്‍ 12 രൂപയ്ക്കു ഈ മരുന്ന് വിപണിയില്‍ ലഭ്യമാക്കിയിരുന്നു. 1985 ആയപ്പോഴേക്കും ഇന്ത്യയിലെ ഔഷധമേഖല സ്വയം പര്യാപ്തത കൈവരിച്ചു, ലോകത്തിലെ ഏറ്റവും കുറഞ്ഞ ഔഷധവിലയുള്ള രാജ്യം എന്ന നിലയിലേക്ക് നമ്മള്‍ വളര്‍ന്നു. 1987 ആയപ്പോഴേക്കും രാജീവ്‌ഗാന്ധിയുടെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍, ഇന്ത്യന്‍ ഔഷധ വിപണിയില്‍ വിദേശ കമ്പനികള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ നിരവധി അവസരങ്ങള്‍ ഒരുക്കി കൊടുത്തു. 1987-ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയന്ത്രിതവിലയുള്ള മരുന്നുകളുടെ എണ്ണം 347 ല്‍ നിന്നും 167 ആയും 1995-ല്‍ അത് 74 ആയും ചുരുക്കി. 2001 ലെ ബിജെപി സര്‍ക്കാര്‍ പേറ്റന്റ്‌ നിയമം പുതുക്കുകകൂടി ചെയ്തതോടെ മരുന്നു വിലനിയന്ത്രണം ഇല്ലാതെയായി. 2005-ലെ UPA സര്‍ക്കാര്‍ഇന്ത്യന്‍ പേറ്റന്റ് നിയമം ഭേദഗതി ചെയ്തു ഉല്പന്ന പേറ്റന്റ് (Product Patent) നടപ്പിലാക്കിയതോടെ കുത്തക കമ്പനികള്‍ക്ക് എല്ലാ അധികാരവും കൈമാറ്റം ചെയ്യപ്പെട്ടു. 10 വര്‍ഷം കൊണ്ട് ഔഷധ വിലകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. 1979 ലെ ഉത്തരവ് പ്രകാരം വില നിര്‍ണ്ണയിച്ചിരുന്നത് നിര്‍മ്മാണ ചിലവിന് അനുബന്ധമായിട്ടായിരുന്നു. ഈ നിയമപ്രകാരം മരുന്നുകള്‍ നിര്‍മ്മിക്കുമ്പോള്‍ കൊള്ള ലാഭം എടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും വില്‍പനക്കാര്‍ക്കും സാധിക്കാത്തതു കൊണ്ട് ഉപഭോക്താവിന് ന്യായവിലക്കു മരുന്നുകള്‍ ലഭ്യമായിരുന്നു.

DPCO-2013, നിയമത്തിലെ തട്ടിപ്പുകള്‍ക്കെതിരെ ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ജി.എസ് .സാംഘ് വി ചോദിച്ചത് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌ വിപണി ശക്തികളാണോ എന്നാണു. ഇത് സംബന്ധിച്ച കൂടുതല്‍ കണക്കുകളും പഠനങ്ങളും സമര്‍പ്പിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ത് ലുത്ര കേന്ദ്രസര്‍ക്കാരിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ” ഈ നിയമത്തില്‍ യാതൊരു തെറ്റുകളും ഇല്ല, ചില്ലറവില്‍പന വിലയും മൊത്തവില്‍പന വിലയും തമ്മില്‍ അന്തരം ഉണ്ടാവുന്നത് സ്വാഭാവികമാണ്” എന്നുമാണ്. ഇത് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്‍റെയും കോണ്‍ഗ്രസ്സിന്‍റെയും പ്രഖാപിത നിലപാടും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഒരു നിയമം പ്രഖ്യാപിക്കുകയും അതില്‍ തന്നെ കോര്‍പ്പറേറ്റ്കള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ്‌ എന്നും പിന്തുടരുന്ന നയം. ഇതിനു പുറമേ പെട്രോളിയം കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന് ഏറ്റവും അധികം നികുതി വരുമാനം ലഭിക്കുന്നത് ഔഷധവില്‍പനയില്‍ നിന്നാണ്. വാറ്റ് (VAT) നു പുറമേ 8% എക്സ്സൈസ് ഡ്യൂട്ടി കൂടി ഉണ്ട് ഔഷധങ്ങള്‍ക്ക്. എക്സ്സൈസ് ഡ്യൂട്ടി നിശ്ചയിക്കേണ്ടത് ഉല്‍പാദനവിലക്കു ആനുപാതികമായിട്ടാണ് എന്ന രീതിയെ അട്ടിമറിച്ചു കൊണ്ട് 2005-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഔഷധങ്ങള്‍ക്ക് എക്സ്സൈസ് ഡ്യൂട്ടി ഈടാക്കുന്നത് വില്‍പന വിലയുടെ (MRP) അടിസ്ഥാനത്തില്‍ ആണ്. മരുന്ന് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി നികുതി വരുമാനവും വര്‍ദ്ധിക്കും. സാമ്പത്തിക ബാധ്യത മുഴുവനും ഉപഭോക്താവിന്‍റെ ചുമലില്‍ ആവുകയും ചെയ്യും.

ഔഷധവില നിയന്ത്രിക്കുക എന്നതാണ് ആത്മാര്‍ഥമായ ലക്ഷ്യം എന്നുണ്ടെങ്കില്‍ പ്രാഥമികമായി ചെയ്യേണ്ടത് കമ്പോളവില അടിസ്ഥാനപെടുത്തി വില നിശ്ചയിക്കുന്നതിനു പകരം ഉല്‍പാദനവിലക്ക് ആനുപാതികമായി വില്‍പനവില നിശ്ചയിക്കുക എന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തുക. 2005-ല്‍ അംഗീകരിച്ച ഇന്ത്യന്‍ പേറ്റന്റ്‌ നിയമത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി നിലനിര്‍ത്തിയ നിര്‍ബന്ധിത ലൈസന്‍സിങ്ങ് (National Pharmaceuticals Pricing Policy, 2011) വ്യവസ്ഥ പ്രകാരം അമിതവിലക്ക് വില്‍ക്കുന്ന ഔഷധങ്ങളുടെ വിലകുറക്കാന്‍ പേറ്റന്റ്‌ എടുത്ത കമ്പനി തയ്യാറായിലെങ്കില്‍ കുറഞ്ഞ വിലക്ക് ഔഷധം വിപണനം ചെയ്യാന്‍ തയ്യാറുള്ള മറ്റു കമ്പനികള്‍ക്ക് ഉല്‍പാദനം നടത്താന്‍ അനുമതി നല്‍കുക. അവശ്യമരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ സാങ്കേതികസംവിധാനങ്ങളുള്ള പൊതുമേഖലാ ഔഷധകമ്പനികളുടെ ഉല്‍പാദനശേഷി പരമാവധി ഉപയോഗപ്പെടുത്തുക തുടങ്ങിയ പ്രായോഗികമായ രീതികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

ന്യായവിലക്ക് ഔഷധങ്ങളും ചികിത്സാസംവിധാനങ്ങളും ലഭ്യമാവുക എന്നത് ഒരു പൗരന്‍റെ അവകാശമാണ്, അത് പൗരന്‍മാര്‍ക്ക് ലഭ്യമാക്കേണ്ട ചുമതല തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കുണ്ട്.

Share.

About Author

136q, 0.546s