Leaderboard Ad

കശ്മീർ

0

ഞാൻ കാണാത്ത
കശ്മീർ
പശ്ചാത്തലത്തിൽ
മിനാരത്തിൽ നിന്നൊഴുകിയിറങ്ങുന്ന
ബാങ്കിന്റെ കുളിരിൽ
സ്വച്ഛമായുറങ്ങുന്ന
ഹിമതടാകം
ഓളങ്ങളെ തഴുകിയുണർത്തി
ഒരേകാന്ത നൗക
എങ്ങോ കണ്ണും നട്ട്
വെള്ളി കെട്ടിയ താടിയും
തൂവെള്ള സൽവാറുമായി
ഒരു തുഴക്കാരൻ

ഏകാന്ത നൌകക്ക്
ആകാശ മേല്ക്കൂര
ചിതറിയോടും
നക്ഷത്രങ്ങൾ
വഴിത്തുണ
നൌകത്തണ്ടിൽ
പാതി വെന്തൊരു റാന്തൽ
റാന്തലിന് കൂട്ട്
ഗസലൊഴുകുന്ന പഴയൊരു
പാട്ടു പെട്ടി

ഇരുളിലെങ്ങു നിന്നോ
തലചായ്ചു
ഗസലിന് കാതോര്ക്കുന്ന
പൈൻ മരങ്ങൾ
അതിനപ്പുറം
അകലെയേതോ
ആപ്പിൾ മരങ്ങളിൽ
വിരിയുന്ന വസന്തം

തൊട്ടടുത്ത്‌
മരക്കുടിലിൽ
മങ്ങിയ വെളിച്ചത്തിൽ
ആരെയോ കാത്തെന്ന പോലെ
ഒരു കശ്മീർ സുന്ദരി
മഞ്ഞുറഞ്ഞ
താഴ്വാരങ്ങളിൽ എവിടെയോ
കേട്ട വെടിയൊച്ചയുടെ
വേദനയിൽ
ഞാൻ തിരിച്ചു നടക്കുന്നു
ഞാൻ കാണാത്ത
കശ്മീർ

Share.

About Author

138q, 0.753s