Leaderboard Ad

കാലം മായ്ക്കാത്ത ഗാനങ്ങളും മനസില്‍ മായാതെ ഗായകനും

0

     തിറ്റാണ്ടുകളായി മലയാളിയുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി ഒരുപിടി നല്ല ഗാനങ്ങളുണ്ട്. അതില്‍ പലതും  ചിട്ടപ്പെടുത്തിയത് മലയാളം കണ്ട അത്ഭുത പ്രതിഭകളില്‍ ഒരാളാണ് മുഹമ്മദ്‌ സബീര്‍ ബാബുരാജ്‌ എന്ന മലയാളിയുടെ സ്വന്തം ബാബുക്ക.

      ബാബുക്കയെ മലയാളിക്ക് നഷ്ടമായിട്ട് ഒക്ടോബര്‍ 7 ന് 35 വര്‍ഷം  പൂര്‍ത്തിയാകും…കാലമേറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പാട്ടുകൾ  ഇന്നും മരിക്കാതെ മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു. ശക്തമായ സാന്നിധ്യമായി ഇന്നും അദ്ദേഹത്തിന്റെ മിക്ക  പാട്ടുകളും നിലനില്ക്കുന്നു എന്നതുകൊണ്ടാണ് ഒരത്ഭുത പ്രതിഭ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനാകുന്നതും.970135_10151579475932406_459839429_n 1957 ല്‍ രാമു കാര്യാട്ടിന്‍റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത് പിന്നീടങ്ങോട്ട്  മലയാള ചലച്ചിത്ര സംഗീത മേഖലയെ സമ്പന്നമാക്കി നിരവധി ഗാനങ്ങൾ സമ്മാനിച്ചുകൊണ്ടുള്ള യാത്രയായിരുന്നു. തന്‍റെ ഗാനങ്ങളിലൂടെ അത്ഭുതങ്ങൾ ബാബുരാജ്‌ സൃഷ്ടിച്ചു. 1978  ല്‍ മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ഗാനങ്ങളെ കാലത്തിനു  പോലും കീഴ്പ്പെടുതാനായില്ല. കടുത്ത ദാരിദ്ര്യത്തിലായിരുന്നു ബാബുരാജിന്‍റെ ബാല്യം ബംഗാളിയായിരുന്ന പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതില്‍ പിന്നെ കുടുംബത്തിന്‍റെ  ഉപജീവനത്തിനുവേണ്ടി കോഴിക്കോട്ടെ തെരുവുകളിൽ വയറ്റത്തടിച്ചു പാടേണ്ടിവന്നു. ബാബുരാജ്‌ എന്ന പ്രതിഭയെ തെരുവിൽ നിന്നും കണ്ടെടുത്തത് കുഞ്ഞുമുഹമ്മദ് എന്ന  പോലീസുകാരനായിരുന്നു. അദ്ദേഹം ഭക്ഷണവും വസ്ത്രവും നല്‍കി കൂടെക്കൂട്ടി. സ്വന്തം സഹോദരിയെതന്നെ ബാബുക്കക്ക് വിവാഹം ചെയ്തു  കൊടുക്കുകയും ചെയ്തു കോഴിക്കോടിന്‍റെ കലാ ഹൃദയവും വിശാലമായ സ്നേഹവുമാണ് ബാബുരാജ് എന്ന കലാകാരനെ കോഴിക്കോടിനു ലഭിക്കാൻ കാരണം. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള ബാബുരാജിന്‍റെ ബന്ധം വലുതായിരുന്നു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കു വേണ്ടി ചെറുകാടും, കെ .ടി .മുഹമ്മദും, തോപ്പിൽ ഭാസിയുമെല്ലാം എഴുതിയ നാടകങ്ങൾക്ക് ബാബുരാജ് സംഗീതം നല്കി. പാർട്ടിയുടെ പൊതു സമ്മേളനങ്ങളിൽ ബാബുരാജിന്‍റെ ഗാനമേളകൾ സജീവമായി. വയലാറും ദേവരജന്മാഷും പി.ഭാസ്കരനുമെല്ലാം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമായിരുന്നു. മണ്ണിനോടും മനുഷ്യരോടുമുള്ള തീവ്രമായ ബന്ധമായിരുന്നു മികച്ച സൃഷ്ടികൾ നടത്താൻ  ഇവരെ പ്രാപ്തരാക്കിയത്. പി.ഭാസ്കരൻ  ബാബുരാജ്‌ കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകൾ പിറന്നു. യേശുദാസ്‌ എന്ന പ്രതിഭയെ കണ്ടെത്തി മികച്ച ഗാനങ്ങൾ അദ്ദേഹത്തെക്കൊണ്ട് പാടിച്ചു, എസ് .ജാനകിയുടെ ശബ്ദ മാധുര്യം കൊണ്ട് പല പാട്ടുകളും ശ്രദ്ധേയമായി. മിന്നാമിനുങ്ങ്‌ മുതൽ ദ്വീപ് വരെ നൂറിലധികം ചിത്രങ്ങൾ, അഞ്ഞൂറിലേറെ ഗാനങ്ങൾ അദ്ദേഹം കൈരളിക്കു നല്‍കി.

    സമ്പന്നരകാനുള്ള എളുപ്പവഴിയാണ് ഇന്ന് പലര്‍ക്കും കലാമേഖല, പക്ഷെ കലയെ വിൽക്കാതെ പണത്തിനു അടിമപ്പെടാതെ സംഗീതത്തെ പ്രണയിച്ച് ജീവിച്ചയാളാണ് ബാബുരാജ്. ദരിദ്രനായി ജനിച്ച് സംഗീത ലോകത്തെ സമ്പന്നമാക്കി ദാരിദ്രനായിതന്നെ ലോകത്തോട്‌ വിടപറഞ്ഞു. ഹിന്ദുസ്ഥാനി സംഗീതം മലയാളത്തിനു പരിചയപ്പെടുത്തിയത് ബാബുരാജാണ്. സംഗീതത്തിന്‍റെ അപാരതയിലേക്ക് മലയാളിയെ ബാബുരാജ്‌ കൈ പിടിച്ചു നടത്തി. കോഴിക്കോടിന്‍റെ തെരുവിലൂടെ നടക്കുമ്പോൾ മിഠായി തെരുവിലും മനാഞ്ചിറയിലും കടപ്പുറത്തുമെല്ലാം ഒഴുകി നടക്കുന്ന നിലാവിനും കാറ്റിനുമെല്ലാം ബാബുക്കയുടെ  പാട്ടിന്‍റെ നനവുണ്ട്. മഴയും, കാറ്റും, കടലും, നിലാവും, പ്രണയവും പോലെ ഒരു കുളിര്‍മയാണ് ബാബുക്കയുടെ പാട്ടുകൾ. റിയാലിറ്റി ഷോകളിൽ നിറയെ ബാബുക്കയുടെ പാട്ടുകളാണ് കൂടുതൽ എന്നത് സന്തോഷകരമാണ്. പുതിയ തലമുറ നല്ലരീതിയിൽ ഈ പാട്ടുകളെ നെഞ്ചേറ്റുന്നു. പക്ഷെ അതിൽ പലതിലും അതിന്‍റെ ആത്മവുണ്ടായിരുന്നില്ല എന്നത് വേദനാജനകവുമാണ് . ഒരുപക്ഷെ ഇന്നത്തെ തലമുറയുടെ തീരാ നഷ്ടമാണ് ബാബുക്കയെപ്പോലൊരു പാട്ടുകാരൻ …

       ഓ.എൻ .വി  ഒരിക്കൽ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് സ്വരരാഗങ്ങളുടെ മുന്തിരിപ്പാത്രമെന്നാണ്. ഒന്നും സമ്പാദിച്ചില്ല എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ചിലരുടെ വിമർശനം, പക്ഷെ ഏറ്റവും സമ്പന്നനായ മലയാളിയാണ് ബാബുരാജ്, മലയാളത്തിന്റെ സ്നേഹവും, ആദരവും കൊണ്ട് സമ്പന്നനായവൻ

Share.

About Author

149q, 0.529s