Leaderboard Ad

കെടുത്തരുത്‌ പട്ടിണി പാവങ്ങളുടെ ഈ തിരിനാളത്തെ

0

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പട്ടിണി പാവങ്ങളെ ഉദ്ദേശിച്ചിട്ടുള്ള ഏറ്റവും ബൃ ഹത്തായ ഒരു പദ്ധതിയാണു ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി.ഇന്ത്യൻ ഗ്രാമീണ മേഖലകളിൽ പട്ടിണി അകറ്റാനും,കുടുംബങ്ങൾക്കു 100 ദിവസമെങ്കിലും തൊഴിൽ നൽകാനും ഉദ്ദേശിച്ച്‌ നടപ്പിയാക്കുകയും,കോടികണക്കിനു നിർദ്ധന കുടുംബങ്ങൾക്കു ആശ്രയമാവാനും കഴിഞ്ഞ തൊഴിലുറപ്പു പദ്ധതിയെന്ന പട്ടിണി പാവങ്ങളുടെ പ്രതീക്ഷയുടെ തിരിനാളത്തെ ഊതികെടുത്താൻ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ഗവൺമന്റ്‌ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.  അതിന്റെ ഭാഗമായിട്ടാണു രാജ്യത്തിന്റെ നാലിലൊന്നു ഭാഗം മാത്രം ഉൾക്കൊള്ളുന്ന പിന്നോക്ക ബ്ലോക്കുകളിൽ മാത്രമായി ഈ പദ്ധതിയെ ഒതുക്കാനും പിന്നെ ഇല്ലാതാക്കാനുമുള്ള സർക്കാർ നീക്കം.

Nregs

2004 ൽ 14ം മത്‌ ലോകസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്ന യു.പി.എ.-എൻ.ഡി.എ.മുന്നണികൾ പ്രതീക്ഷയോടെ ഉറ്റു നോക്കിയത്‌ 64 എം.പി മാരുള്ള ഇടതുപക്ഷത്തെയാണു.വർഗ്ഗീയശക്തികളെ ഭരണത്തിൽ നിന്നകറ്റുക എന്ന ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി യു.പി.എ.യെ പിന്തുണക്കാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു.ഒരു ഡസനിലേറെ ക്യാബിനറ്റ്‌-സഹ മന്ത്രി പദവികളും ,മറ്റു അധികാര സ്ഥാനങ്ങളും വച്ചു നീട്ടിയപ്പോൾ ,സ്വർണ്ണ തളികയിൽ വച്ചു നീട്ടിയ പ്രധാനമന്ത്രി പദം പോലും പുറം കാലുകൊണ്ട്‌ തട്ടിമാറ്റിയ പാരമ്പര്യമുള്ള സി.പി.ഐ.എം.അതു നിരസിക്കുകയും ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ യു.പി.എ.യെ പിന്തുണക്കുകയും ചെയ്തു.അന്നുണ്ടാക്കിയ ഇടത്‌-യു.പി.എ. ഏകോപന സമീതി മുമ്പാകെ സി.പി.എം.മുന്നോട്ടു വച്ച ഒന്നാമത്തെ നിർദ്ദേശമാണു രാജ്യത്തെ പട്ടിണി പാവങ്ങളായ കുടുംബത്തിലെ ഒരാൾക്കെങ്കിലും മുഴുവൻ ദിവസവും ജോലി നൽകുവാൻ ഉതകുന്ന വിധം തൊഴിലുറപ്പ്‌ പദ്ധതി നടപ്പിലാക്കുക എന്നത്‌.എന്നും വരേണ്യ വിഭാഗത്തിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന കോൺഗ്രസ്സിനു അതു ഉൾകൊള്ളാൻ പ്രയാസമായിരുന്നു.ഭരണം തന്നെ താഴെ വീണു പോകുന്ന അവസ്ഥയിൽ മനസ്സില്ലാ മനസ്സോടെയാണു ഈ പദ്ധതി നടപ്പിലാക്കാൻ തയ്യാറായത്‌.മുഴുവൻ ദിവസവും തൊഴിൽ എന്ന നിർദ്ദേശം മാറ്റി ഒരു കുടുംബത്തിനു 100 ദിവസത്തിൽ കവിയാത്ത വിധം തൊഴിൽ ഉറപ്പു വരുത്തുമെന്നു തിരുത്തിയാണു യു.പി.എ.ഗവൺമന്റ്‌ സി.പി.എം.സമർപ്പിച്ച പദ്ധതിയെ പാർലിമെന്റിൽ അവതരിപ്പിച്ചത്‌.ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലും പിന്നീട്‌ രാജ്യവ്യാപകമായും ഈ പദ്ധതിയെ വ്യാപിപിച്ചു .ഇന്നു രാജ്യത്തെ ജമ്മു-കാശ്മീർ ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നടപ്പിലാക്കുന്നുണ്ട്‌..

രാജ്യത്തെ പട്ടിണി പാവങ്ങളുടെ ക്ഷേമം മുൻ നിറുത്തി നടപ്പിലാക്കിയ പദ്ധതിയ്ക്ക്‌ നാമ മാത്രമായ വേതനമാനു ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്‌ എന്നാൽ രാജ്യത്തെ കോടികണക്കിനു കുടുംബങ്ങൾ വളരെ ആവേശത്തോടെ ഈ തൊഴിൽ മേഖലയിലേക്കു കടന്നു വന്നു .അതിൽ 95 ശതമാനത്തിനു മുകളിൽ സ്ത്രീകളായിരുന്നു.ഇന്ത്യൻ ഗ്രാമീണ മേഖലകളിലെ മനുഷ്യ ജീവിതം ഇന്നും വളരെ പരിതാപകരം തന്നെയാണു.സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവർ ,വൈദ്യുതിയോ കക്കൂസുകളോ ഇല്ലാത്തവർ ,കുട്ടികൾക്കു വിദ്യാഭ്യാസം പോലും നൽകാൻ കഴിയാത്തവർ …ഇങ്ങിനെ നീളുന്നു ഗ്രാമീണ കുടുംബങ്ങളുടെ ജീവിതാവസ്ഥകൾ.

d71df926789b99e41162ef85600e8793_XL

തൊഴിലുറപ്പ്‌ പദ്ധതി നടപ്പിലായി തുടങ്ങിയപ്പോൾ ഗ്രാമീണ മേഖലകളിലെ സ്ത്രീകൾക്കു അതു പുതിയ ഉണർവ്വും ഊർജ്ജവും നൽകി.മദ്യത്തിനും ,മറ്റു സാമൂഹ്യ വിപത്തുകൾക്കും അടിമപ്പെട്ടു തൊഴിലെടുത്തു കിട്ടുന്ന പണം മുഴുവനും കളഞ്ഞു കുളിക്കുന്ന പുരുഷന്മാരുള്ള വീടുകളിൽ പലപ്പോഴും അർദ്ധ പട്ടിണിയായിരുന്നു..സ്വന്തം കുട്ടികൾക്കു ഒരസുഖം വന്നാൽ നെഞ്ചത്തടിച്ചു കരയാൻ മാത്രം വിധിക്കപ്പെട്ടവർ,സ്കൂളിൽ പോകുന്ന കുരുന്നുകൾക്കു ഒരു പെൻസിൽ പോലും വാങ്ങികൊടുക്കാൻ വകയില്ലാത്ത അമ്മമാർ,വിശപ്പിനെ ഒരു ശീലമാക്കി കൊണ്ടു നടക്കുന്നവർ ..അവർക്കൊക്കെ വലിയ ആശ്വാസമായ്‌ ഈ പദ്ധതി മാറി.തുച്ഛമായ വേതനമാണു കിട്ടുന്നതെങ്കിലും അന്തസ്സായി ജോലി ചെയ്തു കുടുംബത്തെ പട്ടിണിയില്ലാതെ കൊണ്ടുപോകാനും കുട്ടികൾക്കു വിദ്യാഭ്യാസം നൽകാനും അമ്മമാർക്കു കഴിഞ്ഞു.ഭാവിയെ ഉൾകണ്ഠയോടെ നോക്കിയിരുന്ന കുടിലുകളിൽ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞു.

ആഗോള മാന്ദ്യം ലോകത്ത്‌ ആകെ ആഞ്ഞടിച്ചപ്പോഴും ,ആഗോളവൽക്കരണ -സാമ്പത്തിക നയങ്ങളുടെ ഭാഗമായ്‌ പൊതുവിതരണ മേഖലകളുടെ തകർച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിലകളുടെ നിയന്ത്രണാതീതമായ കുതിച്ചു കയറ്റവും ഗ്രാമീണ മേഖലയിലെ ജീവിത സഹചര്യങ്ങളെ താറുമാറാക്കിയപ്പോഴും ,പട്ടിണി മരണങ്ങളിൽ നിന്ന് ഈ മേഖലയിലെ മനുഷ്യരെ രക്ഷപെടുത്തിയതിൽ ഒരു പ്രധാന പങ്ക്‌ തൊഴിലുറപ്പിന്റെ സാന്നിധ്യം തന്നെയായിരുന്നു.രാജ്യത്തെ പന്ത്രണ്ടേ മുക്കാൽ കോടിയിലധികം വരുന്ന നിത്യ പട്ടിണിക്കാരായ ഗ്രാമ്മീണർ ഇന്ന് ഈ പദ്ധതിയിൽ റജീസ്റ്റർ ചെയ്തിട്ടുണ്ട്‌.എന്നാൽ ഇതിന്റെ 40 %കുടുംബങ്ങൾക്കു പോലും 100 ദിവസം തൊഴിൽ നൽകാൻ നാളിതുവരെ ഗവണ്മെന്റിനു കഴിഞ്ഞിട്ടില്ല.

മറ്റ്‌ എല്ലാരംഗത്തും എന്നത്‌ പോലെ ക്രമകേടുകളും അഴിമതിയും ഈ രംഗത്തും കടന്നു കൂടിയിട്ടുണ്ട്‌..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എം.പി.മാർ മുതൽ പഞ്ചായത്തു മെമ്പർ മാർ വരെ ഈ നിയമത്തെ ദുരുപയോഗം ചെയ്തു കീശ വീർപ്പിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടു ചെയ്യപെട്ടിട്ടുണ്ട്‌.എങ്കിലും വലിയ വിഭാഗം ജനങ്ങൾക്കു ഈ പദ്ധതി വലിയ ആശ്വാസമായിരുന്നു.
രാജ്യം ഭരിക്കുന്ന എൻ ഡി എ ഗവൺമന്റ്‌ ഇപ്പോൾ പറയുന്നത്‌ ഈ പദ്ധതി പ്രത്യുൽപാദന പരമല്ലെന്നും ,ഇതു വഴി ചിലവഴിക്കുന്ന കോടികൾ വെറുതെയാണെന്നും അതു കൊണ്ട്‌ പിന്നോക്ക ബ്ലോക്കുകളിൽ മാത്രമായി ഈ പദ്ധതിയെ ഒതുക്കണം എന്നുമാണു .ഈ രാജ്യത്താകെ 6603 ബ്ലോക്കുകളാണുള്ളത്‌ നിലവിൽ പിന്നോക്ക ബ്ലോക്ക്‌ എന്ന പരിഗണനയിൽ 2487 ബ്ലോക്കുകൾ മാത്രമെയുള്ളൂ.പിന്നോക്ക ബ്ലോക്കുകളുടെ പുനർ നിർണ്ണയത്തിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതിനാൽ നിലവിലുള്ളതിൽ നിന്നും 500 ൽ കൂടുതൽ ബ്ലോക്കുകൾ പിന്നോക്ക ലിസ്റ്റിൽ നിന്നും പുറത്തു വരും അങ്ങിനെ വന്നാൽ 1900 ൽ താഴെ ബ്ലോക്കുകൾ മാത്രമെ ഈ പിന്നോക്ക ഗണത്തിൽ വരികയുള്ളൂ.ചുരുക്കി പറഞ്ഞാൽ രാജ്യത്തിന്റെ നാലിൽ മൂന്നു ഭാഗവും ഈ പദ്ധതിക്‌ പുറത്താവും.

മേൽപറഞ്ഞതു തൊഴിലുറപ്പ്‌ പദ്ധതിയുടെ രാജ്യത്തിനകത്തെ പൊതു സ്ഥിതിയാണു.ഇതിൽ നിന്നും വിത്യസ്തമായ സമീപനമാണു കേരളം ഈ പദ്ധതിയുമായി ബന്ധപ്പെട്ട്‌ എടുത്തിട്ടുള്ളത്‌ കുറ്റമറ്റ രീതിയിൽ ,ശാസ്ത്രീയമായ പഠനങ്ങൾക്കു വിധേയമാക്കി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണു കേരളം ഈ സംരംഭത്തെ മുന്നോട്ടു കൊണ്ടു പോയത്‌ .125 രൂപ ദിവസ വേതനത്തിൽ ഏഴു ലക്ഷം തൊഴിലാളികളുമായി തുടങ്ങിയ ഈ പദ്ധതിയിൽ നിലവിൽ കേരളത്തിൽ 2817630 കുടുംബങ്ങൾ റജീസ്റ്റർ ചെയ്തിട്ടുണ്ട്‌.റജീസ്റ്റർ ചെയ്ത മുഴുവൻ കുടുംബങ്ങൾക്കും തൊഴിൽ നൽകാൻ നാളിതു വരെ നമുക്കു കഴിഞ്ഞിട്ടില്ല.കഴിഞ്ഞ സാമ്പത്തിക വർഷം (2013-2014)നാമമാത്രമായിട്ടെങ്കിലും 1523419 കുടുംബങ്ങൾക്കു തൊഴിൽ നൽകാൻ സാധിച്ചു അതിൽ തന്നെ നിയമം ഉറപ്പു നൽകുന്ന 100 ദിവസം തൊഴിൽ ലഭിച്ചത്‌ 405818 കുടുംബങ്ങൾക്കാണു.വേതനം നിലവിൽ 212 രൂപ മാത്രമാണു.കഴിഞ്ഞ എൽ.ഡി.എഫ്‌.ഗവൺമന്റ്‌ കേരളത്തിന്റെ പ്രത്യേക സഹചര്യം കണക്കിലെടുത്തു നഗര പ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതി എന്ന പേരിൽ പ്രവർത്തനം വ്യാപിപിച്ചു വെങ്കിലും അത്‌ ഇപ്പോൾ ഫലപ്രദമായി നടക്കുന്നില്ല .കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന പിന്നോക്ക്‌ ബ്ലോക്കുകളിൽ മാത്രം പദ്ധതി ഒതുങ്ങിയാൽ കേരളത്തിൽ ആകെയുള്ള 152 ബ്ലോക്കുകളിൽ 20 ൽ താഴെ ബ്ലോക്കുകളിൽ മാത്രമെ ഈ പദ്ധതി നടപ്പിലാവുകയുള്ളൂ.വളരെ പ്രതീക്ഷയൊടെ ഈ പദ്ധതിയെ കണ്ടിരുന്ന ,ഇതു കൊണ്ടു ഉപജീവനം കഴിച്ചു കൂട്ടുന്ന ലക്ഷകണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നിലയിലേക്കു ഇതു മാറും.കേരളത്തിൽ 98.2 ശതമാനവും സ്ത്രീതൊഴിലാളികളാണു ഈ മേഖലയിൽ പണിയെടുക്കുന്നത്‌.ഈ പദ്ധതിയുടെ ഭാഗമായി 50 ലക്ഷം മുതൽ 3 കോടികൾ വരെയാണു കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു വർഷം കൂലിയായി തൊഴിലാളികളുടെ കയ്യിൽ എത്തുന്നത്‌.ഈ പണം മുഴുവൻ ചിലവഴിക്കുംബ്പോൾ അതു എല്ലാ മേഖലകളുടെയും പുരോഗതിക്കു കാരണമാവുന്നു എന്ന സത്യം കൂടി ഈ പദ്ധതിയെ കണ്ണടച്ചു എതിർക്കുന്നവർ മനസ്സിലാക്കണം

ചെയ്യുന്ന ജോലിക്കു നിയമം അനുശാസിക്കും വിധം കൂലി നൽകാതെയും പുതിയയ ഉത്തരവുകൾ ഇറക്കി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ പോലും തടഞ്ഞും ഈ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്‌.കാർഷിക മേഖലയെ തീർത്തും ഒഴിവാക്കിയും ,പൊതു സ്ഥലങ്ങളിലെയും റോഡ്‌ വക്കുകളിലെയും കാടുകൾ വെട്ടി തെളിക്കുന്നതിനെയും,ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുമെല്ലാം തടയുക വഴി തൊഴിലിടങ്ങൾ ഇല്ലാതാക്കുക എന്ന തന്ത്രമാണു ഭരണാധികാരികൾ നടപ്പിലാക്കുന്നത്‌.സംസ്ഥാന ഗവൺമന്റ്‌ വകയിരുത്തേണ്ട വിഹിതം 40 ശതമാനമാണെങ്കിലും നാളിതു വരെ 10 ശതമാനത്തിനു കൂടുതൽ ഈ മേഖലയ്ക്കു വകയിരുത്താൻ യു.ഡി.എഫ്‌ ഗവൺമന്റ്‌ തയ്യാറായിട്ടില്ല.

രാജ്യത്തിന്റെ പൊതു ഖജനാവിൽ നിന്നും കോടികൾ വെറുതെ ചിലവഴിക്കുന്നു എന്നാണു കേന്ദ്രം ഭരിക്കുന്നവർ പറയുന്നത്‌ .2010-2011 കാലയളവിൽ ഈ പദ്ധതിക്കായി 40100 കോടിയാണു കേന്ദ്രം വകയിരുത്തിയത്‌.അന്നു രാജ്യത്താകെ 3.79 കോടി കുടുംബങ്ങളാണു റജീസ്റ്റർ ചെയ്തിരുന്നത്‌.എന്നാൽ 2014-15 വർഷം ആകുംബോൾ തൊഴിലാളി കുടുംബങ്ങളുടെ എണ്ണം പന്ത്രണ്ടേ മുക്കാൽ കോടിയായി വർദ്ധിച്ചെങ്കിലും കേന്ദ്രം വകയിരുത്തിയ തൂക 33000 കോടി രൂപ മാത്രമാണു.രാജ്യത്തെ കോർപ്പറേറ്റു കൾക്കു നൽകുന്ന ഇളവുകളും ,അധികാരം കയ്യാളുന്ന മന്ത്രിമാരും സ്വന്തക്കാരും കീശയിലാക്കുന്ന ലക്ഷകണക്കിനു കോടികളുമായ്‌ തട്ടിച്ചു നോക്കിയാൽ വളരെ നിസാരമായ സംഖ്യയാണിതെന്നു ആർക്കും മനസ്സിലാവും അതു കൊണ്ടു തന്നെ മറ്റു പട്ടിണി രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൊണ്ടു കെട്ടാതിരിക്കാനും ,പട്ടിണി പാവങ്ങളായ ഗ്രാമീണ കുടിലുകളിലെ അടുപ്പുകളിൽ ഒരു നേരമെങ്കിലും തീ പുകയാനും ഉതകുന്ന ഈ പദ്ധതിക്കു ചരമഗീതം ഒരുക്കരുതെ……

ടി.എം.എ.കരീം.

Share.

About Author

137q, 0.702s