Leaderboard Ad

കൊയ്ത്തുത്സവം

0

 ബാധ്യതയുടെ നടുത്തളത്തിൽ നിന്ന് ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കുള്ള വെയിൽ നാളമാണ് സമ്യദ്ധിയുടെ ഈ നെല്പാടം..സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തതുമായി നീണ്ട് നിവർന്ന് ചാഞ്ഞ് കിടക്കുന്ന മഞ്ഞക്കതിരണിഞ്ഞ നെൽ‌പ്പാടം.. അന്നത്തൊടൊപ്പം അഭിമാനവുമായിരുന്നു മേടത്തിലെ ചൂടിലൊരു നിഴലായി തണലായി പാടത്ത് മഞ്ഞക്കതിരുകളെ തലോലിച്ച് നെൽചെടികളോട് വർത്താനം പറയുന്ന വാപ്പ മനസ്സിലൂടെ ഒരു നൊമ്പരമായി.. പാടത്തെ പണിയെടുക്കലും പണിയെടുപ്പിക്കലും വാപ്പാക്ക് ഒരു ഉത്സവമാണ് ഉത്സാഹമാണ്. വീട്ടില്‍ കൃഷി സംബന്ധമായ പണിക്ക് സ്ഥിരമായി വരാറുള്ളത് കുരുന്തനും ഭാര്യ പാറ്റയും മാരനും ഭാര്യ മായിയും കോവാലനും ഭാര്യ അക്കത്തി യുമായിരുന്നു …പിന്നെ പോരക്കലെ ആദിവാസി പണിയ കോളനിയിലെ പേരറിയുന്നവരുമായ ആദിവാസികളും, ഏല്ലാവരുടെയും ഇടയിൽ ചെളിയിൽ നിന്ന് ബാലൻസ് തെറ്റാതെ ഒരോരേ നിർദ്ദേശങ്ങൾ കൊടുത്തിങ്ങനെ മുണ്ടും മടക്കി കുത്തി ബഹളങ്ങളോടെ വാപ്പ ഒരു ആവേശമായി നിൽക്കുന്നു, പത്ത് മക്കളെയും സഹോദരന്മാരേയും ബാധ്യതകൾ ഒറ്റക്ക് തോളിലേറ്റിയ വാപ്പ… അതായിരുന്നു വാപ്പയുടെ സന്തോഷവും, വാപ്പായുടെ ആവേശങ്ങൾ മനസ്സിൽ കൊടാതെ കത്തുന്നു ഇന്ന് ശനിയാഴ്ച്ച വീട്ടിൽ ഇന്ന് തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല പണിക്കാരെല്ലാം പറ്റ് ബാക്കി വാങ്ങാനുള്ള ആരവത്തിൽ, ഒരാഴ്ച്ചത്തെ ബാക്കി മൊത്തമായി കിട്ടുന്ന ദിവസം..വാറ്റുക്കാരൻ ദേവസിയുടെ ആദായ ദിവസം.. കാരണങ്ങൾ അറിയില്ല ഞാനെന്ന മൂന്നാംക്ലാസുക്കാരനോട് അവർക്കെന്നും ഒരു വാത്സല്ല്യമായിരുന്നു മുഠായിക്കുള്ള കാലണ അവർ എനിക്കായ് മാറ്റി വെച്ചിരുന്നു.. ചിലപ്പോൾ വാപ്പാടെ മറ്റ് മക്കൾ കാണിക്കാത്ത അടുപ്പം അവരോടുള്ള ശ്രദ്ധ അതായിരിക്കാം അവർക്ക് എന്നൊടുള്ള അടുപ്പത്തിനു കാരണം എനിക്കേറ്റവും സന്തോഷവും ഉത്സാഹവും ഉണ്ടാകുന്ന കാലമാണ് കൊയ്ത്തിന്റെയും വാരലിന്റെയും ഒക്കലിന്റെയും കാലം (കൊയ്ത്ത് ,കൊയ്ത നെല്കംതിരുകള്‍ വാരി കെട്ടാക്കി കൊണ്ട് കളത്തില്‍ ഇടുക , അത് മെതിക്കുന്ന സംബ്രദായത്തെ ഒക്കല്‍ എന്ന് പറയും ) കറ്റകൾക്കായി നിലവിളിക്കുന്ന പശുവും കതിർമണികൾക്ക് ചുറ്റും പറക്കുന്ന പറവകളും കൊയ്ത്തുക്കാലത്തെ സുഖമുള്ള ഓർമ്മകളായിരുന്നു കളത്തിൽ കൂട്ടിയിട്ട നെൽകറ്റയിൽ മെതിക്കാനായി ഞാനും കൂടാറുണ്ടായിരുന്നു വാപ്പ കാണാതെയുള്ള സാഹസങ്ങളിൽ ചിലത്,അക്കാലത്ത് സ്ക്കൂളിൽ പോകാനും മടിയായിരുന്നു അക്കത്തിയുടെ നീട്ടിവിളി കേൾക്കാം “കാവുറേ..കാവുറേ.. കവുറെ ഊടെക്ക് ബാതാ … . ..നീ പിരാക്ക് പോയി ചോറ് തിന്നുങ്ങാഞ്ഞു ആലിക്കാനെ പീടിയേല്‍ പോയി അടാക്കയും ബെതിലായും ബാങ്ങി കൊണ്ട് ബാതാ…“ എന്റെ നിശ്ബ്ദതയുടെ പൊരുൾ അക്കത്തിക്കറിയാം.. അവരതിന്റെ ഉപായവും പറഞ്ഞുതുടങ്ങി “നാലണ നിനാക്ക് നീ മുട്ടായിനെ ബാങ്ങി തിന്നോ..” സമ്മതത്തിന്റെ സന്തോഷം ചുണ്ടിൽ പുഞ്ചിരിയായി വിടർന്നു “കവുറെ നില്ലുമീ …നില്ലുമീ ..എനാക്കും ബോണം മുറുക്കാന്‍ …….“ മയിയും പാറ്റയും അവർക്കും മുറുക്കാൻ അത്യാവശ്യമായി, ചുണ്ടിലെ പുഞ്ചിരി ചിരിയായി ഉമ്മറത്തേക്ക് പുസ്ത്കം വലിച്ചെറിഞ്ഞ് കടയിലേക്കൊരു പായൽ.. “ടാ ബയിച്ചിട്ട് പോടാ…“ ഉമ്മാടെ പിൻ വിളികൾക്ക് മുഖം കൊടുക്കാത്തെ അലിക്കാന്റെ കടയിൽ കിതച്ചു നിന്നു അലിക്കാടെ കട എന്നൊക്കെ പറഞ്ഞാൽ ബീഡിയും മുട്ടായിയും മുറുക്കാനും വിൽക്കുന്ന ചെറിയൊരു കട, അലിക്കാടെ പ്രായം പോലെ കടയും ചെരിഞ്ഞ് വീഴാനായി നിൽക്കുന്നു കടയില്‍ കയറി പന്ത്രണ്ടു അണക്ക് മുറുക്കാനും കൈ നിറയെ മിട്ടായിയും ചുണ്ടിൽ തേനൊലിപ്പിച്ച് അക്കത്തിയെ തിരഞ്ഞ് കളത്തിലെത്തി.. ചാണകം മെഴുകി നെല്ല് ഒക്കാൻ പാകപെടുത്തിയ കളം..അവിടേക്ക് കയറീയതും വാപ്പാടെ അശരീരി കേട്ടു “ …ഡാ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ചെരുപ്പ് ഇട്ടു കളത്തില്‍ കയറരുത് “ വാപ്പാടെ കൈയ്യിൽ നിന്ന് മാരനും കോവലനും കുരുന്തനും അണ് എന്നെ സ്ഥിരം രക്ഷിക്കാറ്.. ഇന്ന് എന്തോ ഊലിയുടെ കരച്ചിൽ വാപ്പയുടെ ശ്രദ്ധയെ അങ്ങോട്ട് മാറ്റി,എന്നെ രക്ഷിക്കാനായിരിക്കും ഊലി കരഞ്ഞത്..!! വാപ്പാടെ പിടിയിൽ നിന്ന് രക്ഷപെട്ടപ്പോൽ ഊലിയുടെ കൈയ്യും പിടിച്ച് വരമ്പത്തേക്ക് പാഞ്ഞു,വരമ്പിൽ നിന്ന് വയലിലേക്ക് ചാടാൻ ആഞ്ഞപ്പോൾ വയലിലെ പതഞ്ഞു കിടക്കുന്ന ചെളിയെ ചൂണ്ടി അക്കത്തി കയർത്തു “ഇങ്ങോട്ട് ബാര ബോണ്ടാ ഊടെ ചെറുള“ അങ്ങനെ വയല്‍ വരമ്പിലേക്ക് അക്കത്തി വന്നു മുറുക്കാന്‍ വാങ്ങി മടിക്കുത്തിൽ തൂക്കിയിട്ട ചേലയിലിട്ടു, അക്കത്തിയുടെ ചേല എന്റെ കൈയ്യിലെ കളിപാട്ടമായിരുന്നു.. നൂൽ കൊണ്ട് തുറക്കാനും അടക്കാനും പറ്റുന്നൊരു സഞ്ചി.. മുറുക്കാനൊടൊപ്പം പൈസയും ആ സഞ്ചിയിൽ കാണും “ഊടെ താ കാവുറേ..” അക്കത്തി ദേഷ്യപെട്ടോ..? വരമ്പത്ത് വാപ്പാടെ ചൂരലിനു പിന്നിൽ ഉമ്മാടെ നിഴൽ, അതെ ചോറ് തിന്നാതെ പാഞ്ഞ് നടക്കുന്നത് വാപ്പ അറിഞ്ഞിരിക്കുന്നു ചൂരലിനു മുന്നിൽ നല്ല മറിയനായി (നല്ലകുഞ്ഞായി ) വീട്ടിലേക്ക് നടന്നു ഒരു ചെറുപുഞ്ചിരിയോടെ ഉമ്മ പിന്നിൽ ചേലയിൽ നിന്നെടുക്കുന്ന പൈസക്ക് ചിലപ്പോൾ പുകയിലയുടെ മണം ചിലപ്പോൾ അടക്കയുടെ മണം ചിലപ്പോൾ ചുണ്ണാമ്പിന്റെ മണം ചിലപ്പോൾ മൂന്നും കൂട്ടി മുറുക്കിയതിന്റെ മണം നെല്ലിന്റെ,വൈക്കോലിന്റെ പാടത്തിന്റെ മണമുള്ള ചേലകൾ….. പാറ്റയും അക്കത്തിയും ഊളിയുടെയും മണം അദ്ധ്വാനത്തിന്റെ മണം വിയർപ്പിന്റെ മണം പൊതുവേ ചെറുപ്പത്തില്‍ ഞാനൊരു വികൃതി ആയതു കൊണ്ടാവാം വാപ്പയുടെ ജ്യെഷ്ട്ടനും അനിയന്മാരും ബന്ധത്തില്‍ ഉള്ളവരെല്ലാം എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു എന്നെ കണ്ടാല്‍ മിട്ടായി വാങ്ങാന്‍ പത്തും ഇരുപതും പൈസയൊക്കെ തരുമായിരുന്നു പക്ഷെ അതിലൊന്നും ഞാന്‍ അക്കതിയുടെയും മായിയുടെയും പാറ്റയുടെയും ഊളിയുടെയോന്നും ചെലയില്‍ നിന്നും കിട്ടുന്ന കാശിന്റെ സുഗന്ധം ആസ്വാദിചിരുന്നില്ല ,സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഉച്ചക്ക് വരമ്പത്തേക്ക് ചോറ് കൊണ്ടുപോകുമ്പോൾ ഞാനും ഉമ്മാടെ കൂടെ പോകും അവരോട് കൂടെ കഴിക്കാനുള്ള വാശി ഉമ്മ അർദ്ധ മനസ്സോടെയാണ് സമ്മതിക്കാറ് എന്റെ നിലവിളികൾ ഉമ്മയെ കൊണ്ട് സമ്മതിപ്പിക്കേണ്ടി വരുന്നു, വാപ്പ അറിയേണ്ടാ എന്ന ദീർഘനിശ്വാസത്തോടെ.. .മായിയും അക്കതിയും പാറ്റയും ഊലിയും ചവനിയും മേരിയുമെല്ലാം ശനിയാഴ്ച കണക്ക് തീര്തുി രാത്രികളില്‍ സിനിമക്ക് പോകുമായിരുന്നു ..പിറ്റേന്ന് ഉച്ചക്കോ വൈകുന്നേരമോ അവരുടെ വിശ്രമ വേളകളില്‍ എന്നെ വിളിച്ചിരുത്തി സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞു തരുമായിരുന്നു ഞാന്‍ ശ്രദ്ധിച്ചു ഇരുന്നു കേള്ക്കു മായിരുന്നു ..എന്നിട്ട് ഞാന്‍ അവരോടു പറയുമായിരുന്നു “നീങ്ക പോയിങ്ങാഞ്ഞു കണ്ടുങ്ങാഞ്ചു കഥയിനെ പറഞ്ഞിങ്ങാഞ്ചു കാര്യമോഞ്ചു കാര്യമോഞ്ചു കാണി എന്നെ കൂടെ കൊണ്ട് പോയിങ്ങാഞ്ചു ചിനിമാനെ കാണിക്കുമീ…“ .എന്നെ കൂടെ കൊണ്ട് പോയി സിനിമ കാണിച്ചു താരൂ എന്ന എന്റെ സ്ഥിരമായ ആവശ്യം അവർ മാനിച്ചു ,രാത്രി എന്നുള്ളത് നിര്ത്തി വൈകുന്നേരം മാറ്റിനി ശോ ആക്കി മാറ്റി ആ സ്നേഹം മാത്രമുള്ളവർ.. അന്നത്തെ ദിവസം നേരത്തെ കാലത്തെ ഞാന്‍ മൂതാപ്പാന്റെ (വാപ്പയുടെ ജ്യെഷ്ട്ടന്റെ) വീട്ടില്‍ പോകുന്നു എന്നും പറഞ്ഞു വീട്ടില്‍ നിന്നും മുങ്ങുമായിരുന്നു .അങ്ങനെ ആ സിനിമ പ്രദര്ശ്നം കുറെ കാലം നീണ്ടു …പലനാള്‍ കള്ളന്‍ ഒരിക്കല്‍ പിടിക്കപ്പെടും എന്ന് പറഞ്ഞ പോലെ ഇതും ഒരുനാള്‍ പിടിക്കപ്പെട്ടു .അന്ന് വാപ്പാടെ ചൂരൾ പതിവിലധികം ഉയർന്നു താണു.. വാപ്പാടെ ശബ്ദവും ഉച്ചത്തിലായിരുന്നു “ഞാൻ സുന്നത്ത് തെറ്റിച്ചിരിക്കുന്നു ഹറമായ സിനിമ ഞാൻ കണ്ടിരിക്കുന്നു . ഊലിക്കും മായിക്കും അക്കത്തിക്കും പാറ്റക്കുമെല്ലാം നന്നായി വഴക്ക് കേട്ട് ഉപ്പയില്‍ നിന്നും ..പക്ഷെ എന്റെ കാര്യത്തിലെ അവരുടെ ആധി പിറ്റേ ദിവസം ഞാൻ അനുഭവിച്ച് അറിഞ്ഞു “നിന്നെ ബല്ലാണ്ട് ആറാന്ജോ ചെട്ടിയാന്‍“ സിനിമ കാണാനുള്ള എന്റെ തിരക്കുകളൂടെ മാലപടക്കത്തിനു അവിടെ തിരി കത്തിക്കപെട്ടിരുന്നു.. ഞാനൊരു നല്ലൊരു സിനിമാ പ്രേമിയായി എന്റെ സിനിമ കഥകൾ കേട്ടിരിക്കാൻ ഊലി എന്നും കാത്തിരിപ്പായി.. ഊലിക്കായ് കഥ പറയാൻ ഞാൻ പുതിയ പുതിയ സിനിമകൾ കണ്ടുതുടങ്ങി എട്ടാം ക്ലാസിലെത്തിയപ്പോൾ ബത്തേരിയിൽ നിന്ന് കല്പറ്റയിലേക്ക് പോലും സിനിമക്ക് പോയി തുടങ്ങി.. സിനിമക്ക് പണം ഒരു പ്രശന്മായപ്പോൾ സ്ക്കൂൾ അവധിയിൽ ഞാനൊരു അദ്ധ്വാനിയായി, പാടത്ത് ,അരിവാളിൽ നിന്ന് ഊർന്നു പോയ കതിരുകൾ കൂട്ടി വെക്കലായിരുന്നു ഞങ്ങൾ കുട്ടികളൂടെ പണികൾ, മറ്റ് വയലുകളിലും മിടുക്കനായ പണിക്കാരനായി ഞാൻ ഒരു പക്ഷേ ഈ സിനിമാ പ്രേമമായിരിക്കാം എന്നെ ഒരു അദ്ധ്വാനിയാക്കിയതും എന്നിൽ ഒരു സോഷ്യലിസ്റ്റ് ഉണ്ടായതും…. ഇരുട്ട് കനക്കുകയാണ്,കാറ്റും മഴയും കൊമ്പുകോർക്കുന്നു,മിന്നലൊരു വെളിച്ചമായി മുന്നിൽ പാതയാവുന്നു ഞാൻ ഇന്നലെയുടെ പാടത്തേക്ക് വീണ്ടും ഇറങ്ങി നടന്നു

Share.

About Author

143q, 0.974s