Leaderboard Ad

ഗാസ കത്തുമ്പോള്‍ ഇന്ത്യ നയതന്ത്രം പറയുന്നു

0

ഇസ്രായേല്‍ കൂട്ടക്കൊലഅമേരിക്കയുടെ മൗനസമ്മതത്തോടെ ഇസ്രായേല്‍ സേന പലസ്തീന്‍ മണ്ണില്‍ നിഷ്ഠൂരമായ കൂട്ടക്കൊല തുടരുകയാണ്. ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗാസ ആക്രമണത്തിലൂടെ സിയോണിസ്റ്റുകള്‍ മരണനൃത്തം ചവിട്ടുകയാണ്. പലസ്തീന്റെ ഭാഗമായിരുന്ന ഗാസാപ്രദേശം 1967-ല്‍ ബലംപ്രയോഗിച്ചാണ് ഇസ്രായേല്‍ കൈവശപ്പെടുത്തിയത്. അന്നുമുതല്‍ അധിനിവേശശക്തികള്‍ക്കെതിരെ ഗാസയിലെ ജനങ്ങളുടെ ധീരോദാത്തമായ പോരാട്ടവും ആരംഭിച്ചതാണ്. ഇസ്രായേല്‍ ആക്രമണത്തിലൂടെ കൈവശപ്പെടുത്തിയ പലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് യുദ്ധാവസാനം ധാരണയായെങ്കിലും അതുണ്ടായില്ല. പലസ്തീന്റെ മണ്ണില്‍ സ്വന്തം ദേശീയസ്വത്വവും സ്വാതന്ത്ര്യവും നേടിയെടുക്കാനാണ് ഗാസയിലെ ജനങ്ങള്‍ മരണത്തെ കീഴ്‌പ്പെടുത്തിയ ആത്മബോധവുമായി ഇസ്രായേല്‍ സേനയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെയും അതിന്റെ കൂട്ടാളികളുടെയും മൗനസമ്മതത്തോടെയാണ് സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചു കൊണ്ട് ഇസ്രായേല്‍ കൂട്ടക്കൊല നടത്തുന്നത്. ഗാസയില്‍ തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഗവര്‍മെന്റിനെയും പലസ്തീന്‍ വിമോചന ശക്തികളെയും എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാനാണ് സിയോണിസ്റ്റുഭീകരര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഗാസ

ഇസ്രായേല്‍ അടക്കം ഒപ്പുവെച്ചംഗീകരിച്ച കരാറുകളും അന്താരാഷ്ട്രനിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് സിയോണിസ്റ്റുകള്‍ അക്രമണം അഴിച്ചുവിടുന്നത്. ഐക്യരാഷ്ട്രസഭയെയും അതിന്റെ പ്രമേയങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഗാസക്കുനേരെ സിയോണിസ്റ്റുകളുടെ താണ്ഡവം തുടരുന്നത്. അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിഷേധമുയരുമ്പോഴും ഇസ്രായേലിന്റെ കര-വേ്യാമസേനകള്‍ അതിരൂക്ഷമായ അക്രമണം നടത്തുകയാണ്. രാവും പകലും തുടരുന്ന തുടര്‍ച്ചയായ ബോംബുവര്‍ഷത്തില്‍ ഗാസ മൃതദേഹങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലിങ്ങില്‍ മൃതദേഹങ്ങള്‍ നീക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ജൂലായ് എട്ടിനാരംഭിച്ച ആക്രമണം 15 ദിവസം പിന്നിടുമ്പോഴേക്കും 600ലേറെ പേരാണ് കൊല്ലപ്പെട്ടത്. അതില്‍ നൂറിലേറെ പേര്‍ കൊച്ചുകുഞ്ഞുങ്ങളാണ്. ഞായറാഴ്ച പുലര്‍ച്ചെ ഗാസസിറ്റിയുടെ കിഴക്കന്‍ മേഖലയിലെ ഷെജായയില്‍ നടന്ന ആക്രമണത്തില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് നേതാവ് ഖലീല്‍അല്‍ഹയയുടെ വീട് തകര്‍ന്നു. അദ്ദേഹത്തിന്റെ മകനും മരുമകളുമടക്കം 4 പേര്‍ കൊല്ലപ്പെട്ടു. ബിബിസി റിപ്പോര്‍ട്ടുചെയ്തത് രൂക്ഷമായ ഷെല്ലിങ്ങ് തുടരുന്നതിനാല്‍ ആംബുലന്‍സുകള്‍ക്ക് ഈ മേഖലകളിലേക്ക് എത്താന്‍ കഴിയുന്നില്ല. മൃതദേഹങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. നിരപരാധികളായ സിവിലിയന്‍മാരെ കൊന്നുകൂട്ടുകയാണ് ഇസ്രായേല്‍ സേന. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടുചെയ്തത് ഇസ്രായേലി സേന പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെ പോലും പീരങ്കികള്‍ ഉപയോഗിച്ച് നിറയൊഴിക്കുകയാണ്.

ലോകസമൂഹമാകെ ഈ നിഷ്ഠൂരമായ കൂട്ടക്കൊലക്കുനേരെ പ്രതിഷേധമുയര്‍ത്തുകയാണ്. അമേരിക്കയൊഴികെ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോഴും ഇസ്രായേല്‍ കൂട്ടക്കൊല തുടരുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീണ്ടും അക്രമണമാരംഭിച്ചു. ശനിയാഴ്ച രാത്രിമുതല്‍ ഞായറാഴ്ച പുലര്‍ച്ചവരെ ഇടതടവില്ലാതെ ഗാസക്കുമേല്‍ മിസൈല്‍ പതിച്ചുകൊണ്ടിരുന്നു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ 5 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസസിറ്റിയില്‍ നിന്ന് കൂട്ടത്തോടെ ജനങ്ങള്‍ പാലായനം ചെയ്യുകയാണെന്നാണ് ബിബിസി റിപ്പോര്‍ട്ടുചെയ്യുന്നത്. ഗാസയിലെ യുഎന്‍ കേന്ദ്രത്തില്‍ അമ്പതിനായിരത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണവും കുടിവെള്ളവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് യുഎന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. യുഎന്‍ കേമ്പുകള്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവാതെ ഞെരുങ്ങുകയാണ്. സ്വാതന്ത്ര്യവും ജന്മദേശവും തിരിച്ചുപിടിക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തെയാണ് ഭീകരവാദമാണെന്നാരോപിച്ച് അടിച്ചമര്‍ത്തുന്നത്.

ഗാസയില്‍ നിന്ന് ഇസ്രായേല്‍ സേന പിന്മാറണമെന്ന ലോകാഭിപ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ഗാസയില്‍ കടന്നാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെയും ഭീഷണിമുഴക്കിയത്. കൂടുതല്‍ റിസര്‍വ് സൈനികര്‍ ഗാസയില്‍ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നുമാണ് ഇസ്രായേല്‍ സേന പ്രസ്താവനയില്‍ പറഞ്ഞത്. പ്രതിരോധസേന വക്താവ് ലെഫ.കേണല്‍ പീറ്റര്‍ലെര്‍നര്‍ ഇസ്രായേലി പൗരന്മാരുടെ സുരക്ഷക്കായി സൈനിക നടപടി ശക്തമാക്കുമെന്നാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പത്തുദിവസക്കാലം വ്യോമ-നാവികസേനകള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കരസേന ഗാസയില്‍ അധിനിവേശം നടത്തിയത് ഹമാസിന്റെ തുരങ്കശൃംഖല തകര്‍ക്കാന്‍ വ്യോമാക്രമണം കൊണ്ടുമാത്രം കഴിയില്ലെന്ന് വാദിച്ചാണ് സര്‍വ്വസന്നാഹങ്ങളുമായി കരസേനയെ ഗാസയില്‍ വ്യന്യസിച്ചത്. ഗാസയിലെ ഓപ്പറേഷന്‍ എന്നവസാനിക്കുമെന്ന് പറയാനാകില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന ഒരു ജനതയെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തിയോടിക്കാനുള്ള സിയോണിസ്റ്റ് തന്ത്രമാണ് ഒളിച്ചുവെച്ചിരിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ എങ്ങുമെത്താത്ത അവസ്ഥയിലാണ്.

ഇസ്രായേല്‍ കൂട്ടക്കൊല

ഒരു വലിയ നുണയുടെ വിളംബരത്തോടെയാണല്ലോ ഇസ്രായേല്‍ രാഷ്ട്രം ജന്മമെടുത്തതുതന്നെ. ‘രാജ്യമില്ലാത്ത ജനതക്കായി ജനതയില്ലാത്ത രാജ്യം’ എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രായേല്‍ പിറന്നുവീണത്. 1948-ല്‍ 14 ലക്ഷത്തിലേറെ പലസ്തീനുകള്‍ താമസിക്കുന്ന രാജ്യത്തെയാണ് സിയോണിസ്റ്റുകള്‍ ജനതയില്ലാത്ത രാജ്യം എന്നുവിശേഷിപ്പിച്ചത്. ഇത്തരം പെരുംനുണകളുടെ അകമ്പടിയോടെയാണ് ബ്രിട്ടനും അമേരിക്കയും അടങ്ങുന്ന സാമ്രാജ്യത്വ ശക്തികള്‍ ഇസ്രായേല്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കിയത്. നോംചോംസ്‌കി സിയോണിസത്തിന് അനുകൂലമായി ഭരണകൂടങ്ങളെയും രാജ്യങ്ങളെയും മാറ്റിയെടുത്ത സാമ്രാജ്യത്വത്തിന്റെ പബ്ലിക്‌റിലേഷന്‍സ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ‘വേള്‍ഡ് ഓര്‍ഡര്‍ ഓള്‍ഡ് ആന്റ് ന്യൂ’ എന്ന കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അറബ് ദേശീയതക്കെതിരായി അമേരിക്ക ഇസ്രായേലിനെ തങ്ങളുടെ സ്ട്രാറ്റജിക് അസറ്റ് എന്ന രീതിയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. എണ്ണയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശനയത്തിന്റെ പ്രയോഗശാസ്ത്രം വികസിപ്പെച്ചെടുത്ത ഹെന്റി കിസിഞ്ചര്‍ ആണ് ‘സ്ട്രാറ്റജിക് അസറ്റ്’ എന്ന ആശയം വളര്‍ത്തിയെടുത്തത്. ഇറാനെയും അറബ് രാജ്യങ്ങളെയും ശത്രുതയിലാക്കുക, പിഎല്‍ഒ യെ ഒറ്റപ്പെടുത്തുക, അറബ് രാജ്യങ്ങളുടെ ഐക്യം ഇല്ലാതാക്കുക, ഓരോരാജ്യവുമായി പ്രതേ്യകം ചര്‍ച്ചചെയ്ത് അവരെ ഇസ്രായേലുമായി കരാറിലെത്തിക്കുക ഇതെല്ലാമായിരുന്നു കിസിഞ്ചറുടെ തന്ത്രം.

സിയോണിസത്തിനനുകൂലമായി ലോബീയിംഗും പ്രചാരണവും നടത്താനായി 1906 മുതല്‍ അമേരിക്കയില്‍ ജൂതസംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ചോംസ്‌കി ചൂണ്ടിക്കാണിക്കുന്നത് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി (പിഎസി) എന്നപേരില്‍ 126 കമ്മറ്റികള്‍ അമേരിക്കയില്‍ ഇതിനായി പ്രവര്‍ത്തനനിരതമാണെന്നാണ്. ഈ കമ്മറ്റികളുടെ ചെയര്‍മാന്‍മാരുടെ സംഘടനയായ അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മറ്റി വളരെ ശക്തമാണ്. അതിനെ നയിക്കുന്നത് അമേരിക്കയിലെ ആയുധ കുത്തകകളും മാധ്യമ മുതലാളിമാരും ഹില്‍ ആന്റ് നോള്‍ട്ടണ്‍, ആപ്‌കോവേള്‍ഡ്‌വൈഡ് തുടങ്ങിയ പബ്ലിക്‌റിലേഷന്‍സ് കമ്പനികളുമാണ്. ഈ അമേരിക്കന്‍ ജൂത ലോബി ഇന്ത്യയുടെ വിദേശനയത്തെയും ഭരണ രാഷ്ട്രീയത്തെയും നിര്‍ണ്ണായകമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു. റാവുസര്‍ക്കാരിന്റെ കാലം തൊട്ട് ഇന്ത്യയുടെ ഇസ്രായേല്‍ ബാന്ധവം നമ്മുടെ പരമ്പരാഗതമായ വിദേശനയത്തിനുവിപരീതമായി സജീവമായി തുടങ്ങി. ഇപ്പോള്‍ മോഡി സര്‍ക്കാര്‍ ഇസ്രായേലിനെ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായിക്കാണുകയാണ്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി ഇസ്രായേല്‍ സൈന്യത്തിന്റെയും രഹസ്യാനേ്വഷണ വിഭാഗത്തിന്റെയും സഹായം തേടാനുള്ള നീക്കമുണ്ടായത്. ഗാസയിലെ കൂട്ടക്കൊലകളെ അപലപിക്കാനോ ഇസ്രായേലിനോട് കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് പറയാനോ മോഡിസര്‍ക്കാര്‍ തയ്യാറല്ല. പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് അനുമതി നല്‍കാന്‍ പോലും മോഡി സര്‍ക്കാര്‍ തയ്യാറല്ല.

എന്നും പലസ്തീന്‍ ജനതയോടൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. യാസര്‍ അറാഫത്തിനെ അമേരിക്ക ഭീകരവാദിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യ നയതന്ത്രപദവി നല്‍കി പിഎല്‍ഒ വിനെ അംഗീകരിക്കുകയാണ് ചെയ്തത്. ഇന്ന് ഇന്ത്യന്‍ ഭരണാധികാരികളുടെ ഉറ്റകൂട്ടാളികളായി സിയോണിസ്റ്റുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പലസ്തീന്റെ സ്വാതന്ത്ര്യവും സ്വത്വവും നിഷേധിക്കുന്ന ഇസ്രായേല്‍ ഭരണാധികാരികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച യുപിഎ സര്‍ക്കാര്‍ ടെല്‍അവീവുമായി ഉണ്ടാക്കിയ വിവര വിജ്ഞാന പ്രതിരോധ കരാറുകള്‍ ഏറെ വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. 2008ലെന്നപോലെ ഇന്ത്യ ഇസ്രായേലിനുവേണ്ടി തൊടുത്തുവിട്ട ടെക്‌സാര്‍ എന്ന ചാര ഉപഗ്രഹത്തിന്റെ നക്ഷത്രക്കണ്ണുകള്‍ ഉപയോഗിച്ചാണ് ഗാസയിലെ ജനങ്ങളെ വേട്ടയാടുന്നത്. കുഞ്ഞുങ്ങളെയും സ്്ത്രീകളെയും കൊന്നുകൂട്ടുന്നത്. ജനവാസ മേഖലകളിലെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിലൂടെ പലസ്തീന്‍ മക്കളെ സ്വന്തം മണ്ണില്‍ നിന്നും തുരത്തുന്നത്. ഇസ്രായേല്‍ രൂപീകരണത്തിനുശേഷം 84%ത്തോളം പലസ്തീന്‍കാര്‍ക്ക് സ്വന്തം മണ്ണില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. സിയോണിസ്റ്റുനേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് പലസ്തീനികള്‍ സ്വയം പോയതിനാല്‍ തിരിച്ചുവരാന്‍ അവകാശമില്ലെന്നാണ്. ‘ഞങ്ങള്‍ ഒരിക്കലും പലസ്തീന്‍കാരെ തുരത്തിയിരുന്നില്ല’ ഇസ്രായേലിന്റെ പ്രഥമപ്രധാനമന്ത്രി ബെന്‍ഗുറിയന്റെ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ മിസൈല്‍ വര്‍ഷത്തിലൂടെ ഗാസയിലെ ജനങ്ങളെ ഓടിക്കുമ്പോഴും നെതന്‍ന്യാഹു ആവര്‍ത്തിക്കുന്നത്. ‘ഡെറിസിന്‍…ഡെറിസിന്‍’ എന്നാക്രോശിച്ചുകൊണ്ട് പലസ്തീന്റെ പ്രിയകവി മുഹമ്മദ് ദര്‍വീഷ് എഴുതിയതുപോലെ വെണ്ണയില്‍ കത്തികയറ്റുന്നതുപോലെ പലസ്തീനികളെ കൂട്ടക്കശാപ്പുചെയ്യുന്നതില്‍ ആത്മ നിര്‍വൃതി കണ്ടെത്തിയവരാണ് ബെന്‍ഗുറിയാനും മെനച്ചംബെഗിനും മുതല്‍ നെതന്യാഹുവരെയുള്ള ഇസ്രായേല്‍ പ്രധാനമന്ത്രിമാര്‍.

ഇസ്രായേല്‍ കൂട്ടക്കൊല
വെസ്റ്റ്ബാങ്കും ഗാസയും ഇസ്രായേലിന്റെ ഭാഗമല്ല. സിയോണിസ്റ്റ് അധിനിവേശ പ്രദേശങ്ങളാണ്. അന്തര്‍ദേശീയ നിയമങ്ങളനുസരിച്ച് സ്വന്തം രാഷ്ട്രത്തെ കടന്നാക്രമിക്കുന്നവരെ പ്രതിരോധിക്കുവാന്‍ ജനസമൂഹങ്ങള്‍ക്കവകാശമുണ്ട്. ഈ കാര്യമാണ് ഐക്യരാഷ്ട്ര സഭ സാമ്രാജ്യത്വരാജ്യങ്ങളുടെ സമ്മര്‍ദ്ദം മൂലം സൗകര്യപൂര്‍വ്വം വിസ്മരിച്ചുകളയുന്നത്. ഇസ്രായേലിനെ അനുനയിപ്പിച്ച് ഗാസക്കെതിരായ അക്രമണം അവസാനിപ്പിക്കുവാന്‍ യുഎന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതുകൊണ്ടാണ് പരിഹാസ്യമായി തീരുന്നത്. യുഎന്‍ മുന്‍കൈയില്‍ ഈജിപ്തും ഖത്തറും ഫ്രാന്‍സും നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഫ്രഞ്ച് വിദേശമന്ത്രി ലോറന്റ് ഫാബിയാസിനോട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അസന്ദിഗ്ദമായ ഭാഷയില്‍ വെടിനിര്‍ത്തല്‍ അസാധ്യമാണെന്നാണ് പറഞ്ഞത്. വിഷമപൂര്‍വ്വം ലോറന്റ് ഫാബിയാസ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്; ‘ദുഖത്തോടെ പറയട്ടെ വെടിനിര്‍ത്തലിനുള്ള ആവശ്യം ചെവിക്കൊണ്ടില്ല. കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ആശങ്ക ഉയര്‍ത്തുകയാണ്.’ ലോകനേതാക്കളെയും യുഎന്‍ നേതാക്കളെയും അവജ്ഞാപൂര്‍വ്വം തള്ളിക്കളഞ്ഞുകൊണ്ട് ഇസ്രായേല്‍ എന്ന ഗുണ്ടാരാഷ്ട്രം ഗാസക്കുനേരെ അക്രമം തുടരുകയാണ്. 1993ലെ ഓസ്‌ലൊ കരാറനുസരിച്ച് ഗാസയിലും ജറോക്കാനിലും തെരഞ്ഞെടുപ്പ് നടത്തി ഗവര്‍മെന്റ് രൂപീകരിക്കുവാന്‍ ധാരണയായതാണ്. അത്തരം ധാരണകളെപോലും ഇസ്രായേല്‍ നിരന്തരം ധ്വംസിക്കുകയാണ്.

ഇസ്രായേല്‍ കൂട്ടക്കൊല

പലസ്തീന്‍ ജനതയുടെ ചിരകാല സുഹൃത്തായ ഇന്ത്യ ഈ കടന്നാക്രമണമവസാനിപ്പിക്കുവാന്‍ ഇസ്രായേലിനോട് ശക്തമായി ആവശ്യപ്പെടുകതന്നെ വേണം. ഒരു പ്രമേയം പോലും അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്ന മോഡി സര്‍ക്കാറിന്റെ നയതന്ത്രം കൂട്ടക്കുരുതിക്കുള്ള സമ്മതമായിത്തീരുകയാണ്. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കുവാന്‍ മുന്‍കൈയെടുക്കേണ്ട ബാധ്യത ഗാന്ധിയുടെയും നെഹ്‌റുവിന്റെയും നാട്ടുകാര്‍ക്കുണ്ട്. അറബ് മുസ്ലീം വിരോധത്തിന്റേതായ നവയാഥാസ്ഥിതിക ധാരയോട് പങ്കുചേരുന്ന ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയുടെ സമുജ്ജ്വലമായ പാരമ്പര്യത്തെതന്നെയാണ് നിഷേധിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇംഗിതങ്ങളല്ല നമ്മുടെ സ്വതന്ത്ര വിദേശനയത്തിന്റെ മൂല്യങ്ങളാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഗാസ കത്തുമ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നയതന്ത്രം പറയുകയാണ്. സുഷമാസ്വരാജിന്റെ നയതന്ത്രം നാണംകെട്ട ഇസ്രായേല്‍ സേവയല്ലാതെ മറ്റൊന്നുമല്ല. ഇന്ത്യന്‍ ഭരണകൂടത്തെ അതിനായി നിര്‍ബന്ധിക്കുവാന്‍ ജനാധിപത്യ ബോധമുള്ള, സാര്‍വ്വദേശീയമാനവികതക്കായ് നിലകൊള്ളുന്ന ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്വമുണ്ട്. പലസ്തീന്‍ ജനതക്കെതിരായ കടന്നാക്രമണം അവസാനിപ്പിക്കാനും അന്താരാഷ്ട്രകരാറുകള്‍ പാലിക്കാനും ഇസ്രായേല്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ ഇന്ത്യ അവരുമായുള്ള എല്ലാ വാണിജ്യ-പ്രതിരോധ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ് വേണ്ടത്. ലേകാഭിപ്രായത്തെയും അന്താരാഷ്ട്ര ധാരണകളെയും വിലയ്‌ക്കെടുക്കാത്ത ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണുവേണ്ടത്. അതിനായുള്ള സാമൂഹ്യ സമ്മര്‍ദ്ദം രൂപപ്പെടുത്തേണ്ട ബാധ്യത മനുഷ്യസ്‌നേഹികള്‍ മുഴുവന്‍ ഏറ്റെടുക്കണം.

Share.

About Author

137q, 0.618s