Leaderboard Ad

ഗുരുവായൂരമ്പലനടയിലെ വൈരുദ്ധ്യാത്മക ആത്മീയവാദം.

0

”ഗുരുവായൂരപ്പാ മൂരാച്ചീ
പറശ്ശിനിക്കടവില്‍ പോയോക്ക്
ചോറിന് ചോറ്; ചായക്ക് ചായ
കിടക്കാന്‍ നേരം പുല്ലായ”

എന്ന് ആരോ വിളിച്ചത് വെറുതെയാകണമെന്നില്ല; കേവലം ആഥിത്യമര്യാദയുടെ കാര്യത്തിലെ പക്ഷഭേദം ചൂണ്ടിക്കാണിക്കാന്‍, കുസൃതിക്ക് മുഴക്കിയ ഒരു മുദ്രാവാക്യവുമല്ലത്. ജാതിമതഭേദമേന്യ എല്ലാവര്‍ക്കും പ്രവേശനം സാധ്യമായ, കീഴാള വിശ്വാസധാരയുള്ള ഒരു ക്ഷേത്രത്തിന്റെയും, സവര്‍ണമേധാവിത്വങ്ങള്‍ ഇന്നും പിന്തുടരുന്ന ഒരു അമ്പലത്തിന്റെയും സമീപനങ്ങളിലെ വൈരുദ്ധ്യം ഇതിലടങ്ങിയിരിക്കാം.

അധഃസ്ഥിതരായ ഭക്തര്‍ക്ക് സമീപത്തുകൂടി വഴിനടക്കാനും, അകത്തുകയറി ആരാധിക്കാനും വേണ്ടി ഏഴുപതിറ്റാണ്ട് മുമ്പ് ഐതിഹാസിക സത്യാഗ്രഹമരങ്ങേറിയ ക്ഷേത്രം, ഇന്നും തുടരുന്ന സവര്‍ണാധിപത്യത്തിന്റെ അവസാനത്തെ ഇരയാണ് ‘ബാബു കലൂര്‍’ എന്ന ദളിത് കലാകാരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചവാദ്യം അവതരിപ്പിക്കാനെത്തിയ ബാബു കലൂര്‍, ഒരു പകല്‍മുഴുവനും കൂട്ടുകാരൊത്ത് ഇലത്താളത്തില്‍ കൊട്ടിക്കയറി. രാത്രി സമീപത്തെ ഇടത്തരികത്തു കാവിലെ താലപ്പൊലിക്ക് രണ്ടാംവട്ടത്തിനൊരുങ്ങവെയാണ് അധികൃതരുടെ വിലക്ക്. വാദ്യം പിഴച്ചതല്ല; ബാബുവിന്‌മേല്‍ ചാര്‍ത്തിയകുറ്റം. മാരാര്‍ സമുദായക്കാര്‍ക്കുമാത്രമേ,  അതിനര്‍ഹതയുള്ളൂ എന്ന തിട്ടൂരമായിരുന്നു വിലക്കിനുപിന്നില്‍.

index

”വിശന്നുപൊരിഞ്ഞു
കരഞ്ഞിടുംകുഞ്ഞിന്റെ
ജാതിയേതു കൂട്ടരെ…”

എന്നു മുദ്രാവാക്യം വിളിക്കുക മാത്രമല്ല; ജാതിക്കോമരങ്ങളെ ചങ്ങലക്കിട്ട്, നിര്‍ത്തേണ്ടിടത്ത് നിലക്ക് നിര്‍ത്തിയ ചരിത്രമുണ്ട് കേരളത്തിന്റെ ഇന്നലെകള്‍ക്ക്. സാമൂഹികനാചാരങ്ങളുടെ വേലിക്കെട്ടുകള്‍ കേരളത്തിന്റെ മണ്ണില്‍ തകര്‍ന്നടിഞ്ഞത് പരസ്പരം സംഘടിച്ച ജാതി-മത ശക്തികളുടെ ഔദാര്യമോ, അവകാശമോ കാരണമല്ല . സാമൂഹിക-നവോത്ഥാന-പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങളും നായകരും അതിനുവേണ്ടിയൊഴുക്കിയ ചോരക്കും വിയര്‍പ്പിനും സമാനതകളില്ല. അറിയുന്നവരും അറിയപ്പെടാത്തവരുമായ നിരവധി പേരുടെ ത്യാഗങ്ങളുടെ പ്രതിഫലനമാണ് പൊതുനിരത്തില്‍ വഴിനടക്കാനും കുപ്പായമിടാനും ആരാധിക്കാനും പഠിക്കാനുമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍. നാം നേടിയ നവോത്ഥാനമൂല്യങ്ങളെ നോക്കുകുത്തികളാക്കി, ആചാരങ്ങളുടെ പേരുംപറഞ്ഞ് ദുരാചാരങ്ങളെ കുടിയിരുത്തുമ്പോള്‍, പ്രതിരോധിക്കാന്‍ നമുക്ക് ചരിത്രം ഒരുപാടുതവണ പിന്നോട്ട് മറിക്കേണ്ടിവരും.

കാട്ടാക്കട, എ ഡി – 1914

തിരുവിതാംകൂറില്‍ അയിത്ത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ 1907 ജൂണില്‍ സ്‌കൂളില്‍ പ്രവേശനം അനുവദിച്ചെങ്കിലും ആ ഉത്തരവ് നടപ്പായില്ല. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലനയോഗം വീണ്ടും സമ്മര്‍ദ്ദം ചെലുത്തി, 1910-ല്‍ ഉത്തറവിറക്കിയിട്ടും ഫലംകണ്ടില്ല. സ്‌കൂളുകളധികവും സവര്‍ണരുടെ കൈകളിലായതാണ് കാരണം. സമരം ഊര്‍ജ്ജിതമാക്കാന്‍ ‘ഊരൂട്ടമ്പലം’ പെണ്‍പള്ളിക്കൂടത്തില്‍ ‘പഞ്ചമി’ എന്ന പുലയക്കുട്ടിയെ ചേര്‍ക്കാന്‍ അയ്യങ്കാളി എത്തുന്നു. സ്‌കൂള്‍മുറ്റത്ത് സംഘര്‍ഷവും ഏറ്റുമുട്ടലും. പുലയക്കുട്ടി ‘അശുദ്ധ’മാക്കിയ സ്‌കൂള്‍ ഉടമസ്ഥര്‍ തീവെച്ചു നശിപ്പിച്ചു. പുല്ലാട്ട് സര്‍ക്കാര്‍ സ്‌കൂളിനും ഇതേ ഗതി. ‘തീവെച്ച സ്‌കൂള്‍’ എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു. അധഃകൃതജനത സ്‌കൂള്‍ പ്രവേശനത്തിനുവേണ്ടി നടത്തിയ ആദ്യത്തെ സ്വാതന്ത്ര്യസമരമായിരുന്നു അത്.

പയ്യന്നൂര്‍, എഡി-1936

ജാതിവ്യവസ്ഥ ശക്തമായി നിലനിന്ന വടക്കന്‍ കേരളം. പയ്യന്നൂരിലെ കണ്ടോത്തെ ഒരു പൊതുനിരത്ത്. അടുത്തൊരു ക്ഷേത്രവും. പൊതുനിരത്തിലൂടെ നടക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ല. ക്ഷേത്രത്തിനശുദ്ധിയാകും എന്നായിരുന്നുവത്രേ കാരണം. ഗുരുവായൂര്‍ സത്യാഗ്രഹ പ്രചരാണാര്‍ത്ഥം എ കെ ജിയും കേരളീയനുമുള്‍പ്പെട്ട സംഘം, ഹരിജനങ്ങളെയുംകൂട്ടി ഈ വഴിയിലൂടെ ഘോഷയാത്ര നടത്തി. ചെറുപ്പക്കാരും സ്ത്രീകളും അടക്കം 200-ഓളം പേര്‍ ഘോഷയാത്രയിലുള്ളവരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ ഉലക്കയെടുത്താണ് അന്ന് എ കെ ജിയെയടക്കമുള്ളവരെ തല്ലിച്ചതച്ചത്. അരമണിക്കൂറോളം നീണ്ട അക്രമത്തിനിടെ എകെജിയും കേരളീയനും ബോധം കെട്ടുവീണു. കേരളീയന്റെ മരണമൊഴിപോലും രേഖപ്പെടുത്തിയത്രേ. എകെജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ മര്‍ദനമായിരുന്നു പിന്നീട് ‘കണ്ടോത്തെ കുറുവടി’ എന്ന പേരിലറിയപ്പെട്ട ഈ സംഭവം.

മനുഷ്യനെ മനുഷ്യനായി കാണാന്‍ വേണ്ടിയും, അറിവിനുമുന്നില്‍പ്പോലും അയിത്തംകല്‍പ്പിച്ചതിനെതിരായും നടന്ന സമരശ്രേണികളിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. ഇത്തരം സമരങ്ങള്‍ക്കെല്ലാം ജാതിമതവേലികള്‍ക്കപ്പുറത്ത് വലിയൊരു ജനവിഭാഗത്തിന്റെ പിന്‍ബലമുണ്ടായിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. ദുഷിച്ച ജാതി ചിന്തകള്‍ക്കെതിരെ നടന്ന വെക്കം സത്യാഗ്രഹവും, പന്തിഭോജനവും, കല്ലമാലാ സമരങ്ങളുമെല്ലാം മറവികളുടെ ആഴങ്ങളിലേക്ക് ബോധപൂര്‍വ്വം തള്ളിയിട്ട് നമുക്കൊരിക്കലും മുന്നോട്ട് നീങ്ങാനാവില്ല.

മുലക്കരത്തിനെതിരെ സ്വന്തം മുലയരിഞ്ഞ് ജന്മിക്ക് കാഴ്ചവച്ച ‘ധീരയായ പുലയസ്ത്രീ’ യും, പൂണൂലറുത്തുമാറ്റി നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പഠിപ്പിച്ച ‘കര്‍മധീരനായ ഇ എംഎസും’, അരുവിപ്പുറത്ത് കണ്ണാടിപ്രതിഷ്ഠ നടത്തിയ ശ്രീ നാരായണഗുരുവുമെല്ലാം ചരിത്രത്തില്‍ തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചതുകൊണ്ടുതന്നെയാണ് കേരളം ഇന്നത്തെ കേരളമായത്. വീണ്ടുമൊരു ഭ്രാന്താലയത്തിലേക്കുള്ള തിരിച്ചുപോക്കിനെ പ്രതിരോധിക്കാന്‍ നമുക്ക് ഊര്‍ജ്ജമാകേണ്ടത് ഇത്തരം ചരിത്രം തന്നെയാണ്.

ഭൂമിയില്‍ മനുഷ്യനുമാത്രം സാധ്യമായ കഴിവാണ് കല. വാദഗതികള്‍ രണ്ടെങ്കിലും, കല മനുഷ്യനുവേണ്ടിതന്നെയാണ് എന്നും നിലകൊണ്ടത്. കാരണം അത് മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഭക്തിയെപ്പോലെ, കലയും സംഗീതവും ഈശ്വരന്റെ വരദാനമെന്നാണ് വിശ്വാസികള്‍ കരുതാറ്. അതിനാലാകാം കലകള്‍ പലതും ഭക്തിയുമായും ആചാരാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നത്. ഇതിനെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ കുത്തകയായി കരുതാതിരിക്കലാണ് കലയുടെ മതനിരപേക്ഷത. അതുകൊണ്ടുതന്നെ ക്ഷേത്രകലകളെയും ഇതര ആരാധന-ആയോധന കലകളെയും പൊതുഇടങ്ങളിലേക്ക് പറിച്ചുനട്ട് കലകളെ മഹത്വവല്‍ക്കരിച്ച,് ലോകത്തിനുതന്നെയും മാതൃകയായവരാണ് ആധുനിക കേരളസമൂഹം.

ഭാരതീയാചാര്യന്മാരുടെ അഭിപ്രായത്തില്‍ 64 കലകളാണുള്ളത്. അതില്‍ രണ്ടാം സ്ഥാനത്താണ് വാദ്യം. ഗീതം ഒന്നാമതും, നൃത്യം മൂന്നാമതുമാണ്. അഞ്ച് വാദ്യോപകരണങ്ങള്‍ ഒന്നുചേരുന്ന, കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം. അതിലെ നാദസൗന്ദര്യമാണ് ഇലത്താളം. ജന്മംകൊണ്ട് താഴ്ന്ന ജാതിക്കാരനും, കര്‍മംകൊണ്ട് കലാകാരനുമായ തൃശൂര്‍ വടക്കേക്കാട് ബാബു കലൂര്‍ അവതരിപ്പിച്ചത് ഇലത്താളമായിരുന്നു. കലയും സംഗീതവും ബാബുവിന് തലമുറകളായി പകര്‍ന്നുകിട്ടിയവയാണ്. ആ വാദ്യം വായിക്കാനറിയാത്തതല്ല, ക്ഷേത്രത്തിലെ ചിലരുടെ ദുഷിച്ച ജാതിചിന്തയാണ് വിലക്കിലേക്ക് എത്തിച്ചത്. തൊലിവെളുപ്പിനകത്തെ കറുത്തമനസ്സിലെ മാലിന്യങ്ങളാണ് ആ വിലക്കിലൂടെ പുറത്ത് ചാടിയത്.
കറുത്തവന്റേതായാലും വെളുത്തവന്റേതായാലും കലയും വിനോദങ്ങളും എന്നും ചരിത്രമാറ്റത്തിന് ഉല്‍പ്രേരകമായിട്ടേയുള്ളൂ. അതിന് ജാതിയും മതവും നിര്‍ണയിച്ച് ഭൃഷ്ട് കല്‍പ്പിച്ചപ്പോള്‍ അതിനെയെല്ലാം തൃണവല്‍ക്കണിച്ച് കലയുടെ മഹത്വമുയര്‍ത്തിപ്പിടിച്ച വര്‍ത്തമാനചരിത്രങ്ങളും നമുക്കേറെയുണ്ട്. ക്ഷേത്രകലകളില്‍ പ്രാവീണ്യം നേടിയ മലപ്പുറത്തെ റൂബിയ മന്‍സിയ സഹോദരികളും, കലാമണ്ഡലം ഹൈദരാലിയും എല്ലാ ഇങ്ങനെ തിട്ടൂരങ്ങളെ പ്രതിരോധിച്ചവരും, പിന്മുറക്കാര്‍ക്ക് വഴിവിളക്കുതെളിയിച്ചവരുമാണ്. ഹിറ്റ്‌ലറുടെ ആര്യവംശീയഭ്രാന്തിനെ ചങ്ങലക്കിട്ട് കായികലോകത്തെ ഉന്നതങ്ങളിലേക്ക് കുതിച്ചോടിയ ‘ജെസ്സി ഓവന്‍സ്’ എന്ന കറുത്തവര്‍ഗക്കാരനായ ഒളിമ്പ്യന്റെ അനുഭവവും നമുക്ക് പാഠപുസ്തകത്തിലെ വെറുമൊരു അധ്യായം മാത്രമല്ലല്ലോ ഇന്നും.

പിന്‍കുറി : വൈദ്യുതി കണ്ടുപിടിച്ചത് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്ന ക്രിസ്ത്യാനിയാണ്. മൈക്ക് കണ്ടുപിടിച്ചത് റോബര്‍ട്ട് ഹുക്കെന്ന ക്രിസ്ത്യാനിതന്നെ.
വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായ് പലതവണ ശബരിമലയുടെ പതിനെട്ടാംപടി ചവിട്ടിയ അയ്യപ്പഭക്തനാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. അദ്ദേഹത്തിന്‍ കൃഷ്ണഭക്തിഗാനങ്ങള്‍ ഗുരുവായൂരമ്പലത്തില്‍, മേല്‍പ്പറഞ്ഞ കൃസ്ത്യാനികള്‍ കണ്ടുപിടിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ച് 24 മണിക്കൂറും കേള്‍പ്പിക്കാം. പക്ഷേ ……

അതൊരു വലിയ പക്ഷേയാണ്.  ആ പക്ഷേയുടെ പേരാണ് വൈരുദ്ധ്യാത്മക ആത്മീയവാദം

ഗോപകുമാര്‍ പൂക്കോട്ടൂര്

Share.

About Author

137q, 1.185s