Leaderboard Ad

ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും – മന്മഥനാഥ് ഗുപ്ത

0

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏടുകളാണ് ഇന്ത്യന്‍ യുവജന വിപ്ലവ പ്രസ്ഥാനങ്ങളുടെത്. ഗാന്ധിജി നയിച്ച അഹിംസയിലൂന്നിയ സമരമാര്‍ഗങ്ങളുടെ ഭാഗമായതുകൊണ്ട് മാത്രം മഹത്വവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ട് സ്വാതന്ത്ര്യസമര ചരിത്രത്താളുകളില്‍., അപ്പോളൊക്കെയും മറവിയിലേക്കോ തെറ്റിദ്ധാരണയുടെ പുകമറയിലെക്കോ ഒതുങ്ങികൂടാനായിരുന്നു പിറന്ന നാടിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികളുടെ നിയോഗം.  ഒരു പരിധി വരെയെങ്കിലും അതിനു അപവാദമെന്ന് പറയാനുള്ളത് ഒരു  ഭഗത്സിങ്ങും ഒരു ചന്ദ്രശേഖര്‍ ആസാദും ആയിരിയ്ക്കാം.	 ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും – മന്മഥനാഥ് ഗുപ്ത -

 ആസാദിന്‍റെ, ഭഗത് സിങ്ങിന്‍റെ, അവരുടെ സഖാക്കളുടെ, കഥ പറയുന്ന പുസ്തകമാണ് അവര്‍ക്കൊപ്പം വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മന്മഥനാഥ് ഗുപ്ത എഴുതിയ “ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും”  എന്ന കൊച്ചു പുസ്തകം. ആസാദിനും ഭഗത് സിങ്ങിനും ഒപ്പം നടത്തിയ സാഹസിക പോരാട്ടങ്ങളുടെ, ത്യാഗോജ്വലമായ സഹനസമരങ്ങളുടെ നേര്‍ വിവരണമാണ് ഈ പുസ്തകം. ഭാഷാപരമായോ സാഹിത്യപരമായോ വലിയ മേന്മകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും സ്വാനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്ന് ഒരു  വിപ്ലവകാരിയുടെ തുറന്നെഴുത്തിന്‍റെ  ചൂടും ചൂരും ഈ പുസ്തകത്തിനുണ്ട്.

 ചന്ദ്രശേഖര്‍ ആസാദ് എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്, മുണ്ടുടുത്ത് സിംഹത്തോലില്‍ ഇരുന്നു മീശപിരിച്ചുകൊണ്ടുള്ള ഒരു ചിത്രം. പുസ്തകത്തില്‍ ആസാദിനെ വരച്ചു കാട്ടാന്‍ മന്മഥനാഥ്‌ ഉപയോഗിക്കുന്നതും ആ ചിത്രമാണ്. ഒരേ സമയം ബ്രിട്ടീഷ് സാമ്രാജ്യത്തോടും മരണത്തോടും കൊഞ്ഞനം കാട്ടി നടന്ന ചന്ദ്രശേഖര്‍ ആസാദിന്‍റെ നേര്‍ചിത്രം ഈ പുസ്തകത്തില്‍ കാണാം.

ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മറ്റു വിപ്ലവകാരികളില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലായിരുന്നു ആസാദ് എന്നാണു മന്മഥനാഥ്‌ അഭിപ്രായപ്പെടുന്നത്. മറ്റു പലരെയും പോലെ പുസ്തകങ്ങള്‍ വായിച്ചോ പ്രഭാഷങ്ങള്‍ ശ്രവിച്ചോ അല്ല, തന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ആസാദ് വിപ്ലവകാരിയാകുന്നത്, അതിന്‍റെ ആശയങ്ങളിലേക്ക്  അടുക്കുന്നത്. തന്‍റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് വിപ്ലവ പ്രസ്ഥാനത്തിന്‍റെയാകെ നേത്രുത്വമായി ആസാദ് വളരുന്നത് നാം കാണും.

           ഭഗത്സിങ്ങും സുഖ്ദേവും യതീന്ദ്രനാഥും യശ്പാലും ബിസ്മില്ലും ആശ്ഫാക്കും ഉള്‍പ്പടെയുള്ള വിപ്ലവകാരികളെ കുറിച്ച് വിശദ്ധമായിത്തന്നെ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. വിപ്ലവകാരികളുടെ പ്രവര്‍ത്തന രീതികള്‍, ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനം, ഒളിവു ജീവിതത്തിലെ കഷ്ട്ടപ്പാടുകളും അവര്‍ അനുഭവിച്ച പട്ടിണിയും യാതനകളും ഒക്കെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിപ്ലവകാരി എന്ന നിലയില്‍ നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ നേരിട്ടും മറ്റു വിവരങ്ങളും വിശദാംശങ്ങളും സഹവിപ്ലവകാരികളുടെയും ചരിത്രകാരന്മാരുടേയും ആഖ്യായികളായും വിവരിയ്ക്കുന്ന രീതിയാണ് പുസ്തകത്തിന്.

  സൈമണ്‍ കമ്മീഷന് എതിരായ സമരത്തെ കുറിച്ചും ലാലാ ലജ്പത്റായിയുടെ മരണത്തിനു പകരം ചെയ്യാനുറച്ച് സാന്‍റെഴ്സന്‍ വധത്തിനു വിപ്ലവകാരികള്‍ ഒരുങ്ങുന്നതുമെല്ലാം വിശദമായി വിവരിയ്ക്കുന്നുണ്ട്. ഭഗത് സിംഗ് ഉള്‍പ്പടെയുള്ള വിപ്ലവകാരികള്‍ ജയിലില്‍ വച്ച് നടത്തുന്ന നിരാഹാര സമരവും നിരാഹാരത്തെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച യതീന്ത്രദാസിന്‍റെ അന്ത്യ ദിനങ്ങളെ കുറിച്ചും വിവരിയ്ക്കുന്നത് ആവേശം ജനിയ്പ്പിയ്ക്കുന്നു.

യതീന്ത്രന്‍റെയും ഭഗത്സിങ്ങിന്‍റെയും മറ്റും  രക്തസാക്ഷിത്വം രാജ്യത്ത് ഉണ്ടാക്കിയ യുവാക്കളുടെ സമരോല്‍സ്തുകയും  പ്രതികാരാഗ്നിയും വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതില്‍ ഉള്‍പ്പടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താല്പര്യപെട്ടില്ല. തന്‍റെ നിയന്ത്രണത്തില്‍ കീഴില്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്നു.  അഹിംസയുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിയ്ക്കുന്ന ഒരു നിലപാടും എടുക്കാന്‍ ഗാന്ധി തയ്യാരായിരുന്നില്ലെന്നു മാത്രമല്ല അതിനു തയ്യാരാകുന്നവരെ ഒറ്റപ്പെടുത്താനും ഗാന്ധി തയ്യാറായി.  ഇത്തരം ആരോപണങ്ങള്‍ മുന്‍പ് പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും കാര്യകാരണസഹിതം രൂക്ഷമായ ഭാഷയില്‍ ഈ പുസ്തകം ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിയ്ക്കുന്നു. വിപ്ലവകാരികള്‍ക്കെതിരായി കോണ്‍ഗ്രസില്‍ സ്വയം എഴുതിതയ്യാറാക്കിയ പ്രമേയം പാസ്സാക്കാന്‍ പോലും ഗാന്ധി പെടാപാട് പെട്ടെന്നും കോണ്‍ഗ്രസില്‍ തന്നെയുള്ള വലിയൊരു വിഭാഗം അമിത ഗാന്ധിഭക്തി മൂലം മാത്രമാണ്  ഒടുവില്‍ അതിനു തയ്യാറായതെന്നും ഗുപ്ത പറയുന്നു.

 നെഹ്രുവിന്‍റെ സ്വയം വിപ്ലവകാരി ചമയലിനെ കണക്കിന് കളിയാക്കുന്നുണ്ട് ഈ പുസ്തകം. ഗാന്ധിയുടെ നിഴല്‍പറ്റി വിപ്ലവകാരികളെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അനുകൂല നിലപാടുകള്‍ എടുക്കാന്‍ നെഹ്‌റു തയ്യാറായതായി ഗുപ്ത പറയുന്നുണ്ട്.  ഇന്ത്യയിലെ ഒരേ ഒരു സോഷ്യലിസ്റ്റും  വിപ്ലവകാരിയും താനാണ് എന്ന് വരുത്തിതീര്‍ക്കായിരുന്നു നെഹ്രുവിന്‍റെ ശ്രമം. സ്വാതന്ത്രസമര ചരിത്രതിലടക്കം  തിരുത്തലുകള്‍ നടത്താന്‍ ഇതിനായി നെഹ്‌റു തയ്യാരായെന്നു ഗുപ്ത ആരോപിക്കുന്നു.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചോരതിളപ്പിക്കുന്ന ഒട്ടേറെ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ത്തു ദേശീയ വിപ്ലവപ്രസ്ഥാനം. ആ പ്രസ്ഥാനത്തില്‍ ഏറ്റവും പ്രശസ്തമായ ഒരു പേരാണ് ചന്ദ്രശേഖര്‍ ആസാദ്. ആസാദിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന, ആസാദുമായി അടുത്തിടപഴുകയും ചെയ്ത മന്മഥനാഥ്‌ ഗുപ്ത ആസാദിന്‍റെയും മറ്റു വിപ്ലവകാരികളുടേയും ജീവിതത്തിലെ മര്‍മപ്രധാനമായ ചില സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥത്തില്‍… ..

ഇന്ന് വരെ രക്തസാക്ഷികളുടെ സ്വപനം യാഥാര്‍ത്യമായിട്ടില്ലെന്നും ഉപഭൂഖണ്ഡത്തില്‍ സോഷ്യലിസം നടപ്പാകുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ എന്നും ഓര്‍മ്മപ്പെടുത്തിയാണ് പുസ്തകം അവസാനിയ്ക്കുന്നത്.

Share.

About Author

150q, 0.663s