Leaderboard Ad

ചാണകത്തിന്റെ പരിശുദ്ധിക്കും പശു ഇറച്ചിയുടെ അവിശുദ്ധിക്കും ഇടയിൽ മറന്നു പോകുന്നത്

0

   രു നവലോക ക്രമമെന്ന രീതിയിൽ ആധുനിക ജനാതിപത്യ സമൂഹത്തിൽ വിശിഷ്യാ ഇന്ത്യയെ പോലുള്ള വിവിധങ്ങളായ സംസ്കാരങ്ങളും മതങ്ങളും തിങ്ങിപാർക്കുന്ന മതേതര രാഷ്ട്രത്തിൽ  പരിശുദ്ധിയുടെയും പരിപാവനതയുടെയും  പട്ടങ്ങളും ചമയങ്ങളും   വസ്തുകള്‍ക്കോ  ജന്തുകൾക്കോ വ്യക്തികൾക്കോ ചാർത്തി  കൊടുക്കുന്ന പുതിയ പ്രവണതകൾ ശക്തിയുക്തം  എതിർക്കേണ്ടത്തിന്റെ ആവശ്യകത, ഈ പരിശുദ്ധി പട്ടം പതിച്ചു കൊടുക്കുന്ന പ്രക്രിയക്ക് ഭൂതകാലത്തിൽ  നിന്ന് തുടങ്ങി വർത്തമാനത്തിൽ പ്രസക്തമാകേണ്ട  ചരിത്രപരമായ പാരസ്പാര്യത്തിന്റെ  യോജിപ്പുകളുടെ അഭാവത്തിന്റെ അടിസ്ഥാനത്തിലാണ്.

അതുമാത്രമല്ല ,ഒരിക്കൽ വിശുദ്ധിയുടെ ബാധ പ്രസ്തുത വസ്തുവിലേക്കോ , ജന്തുവിലേക്കോ , വ്യക്തിയിലേക്കോ ആവേശിച്ചു കഴിഞ്ഞാൽ മനുഷ്യന്റെ സാമാന്യ ബുദ്ധിയിൽ നിന്ന് ഉളവാകുന്ന ശരി തെറ്റുകളുടെ ചുറ്റുവളപ്പുകൾക്ക്  അപ്പുറത്തേക്ക് ഈ വിശുദ്ധവസ്തു വളര്‍ന്ന്, ജനാതിപത്യ പ്രക്രിയയില്‍ ആവശ്യമായ ആരോഗ്യകരമായ വിമർശങ്ങളുടെ പരിധിക്ക്‌ അപ്പുറമുള്ള ഒരു  വിരാട്ട് രൂപമായിമാറി, മഹാഭാരതകഥയിലെ  ശിഖണ്ഡിയുടെ കഥാപാത്ര ധർമ്മം അരാഷ്ട്രീയ വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് വേണ്ടി നിർവ്വഹിക്കൻ പരിപാവനതയുടെ ബിംബമൂല്യങ്ങള്‍ പേറുന്ന വസ്തുവിന്  കഴിയും എന്നത് പലപ്പോഴും മതേതര മാനവിക കാഴ്ചപാടുകളുള്ള നാം കാണാതെ പോകുന്ന ഒരു വസ്തുതയാണ് . 

കൃത്യമായും ഇത്തരത്തിലുള്ള ഒരു പരിശുദ്ധിവൽക്കരണ പ്രക്രിയതന്നെയാണ് , ഇന്ത്യയിൽ പകുതിയോളം  നടപ്പിലാക്കി കഴിഞ്ഞതും കേരളത്തിൽ  വളരെ സാവധാനം നിഷ്കളങ്കരായ ഹിന്ദുവിശ്വാസികളുടെ പൊതുബോധത്തിലേക്ക് കയറ്റിവിടാൻ ശ്രമിക്കിന്നതുമായ ” ഗോമാതാ വൽക്കരണം ” അതിലൂടെ  വർഗ്ഗീയതയുടെ പ്രായോജകർ  മുന്നോട്ട് വയ്ക്കുന്ന പശുവിന്‍റെ  ദൈവികപരിവേഷത്തിനും  പശു ഇറച്ചി വിരോധ പ്രചരണങ്ങള്‍ക്കും ഗോവധനിരോധന  അജണ്ടകള്‍ക്കും മറ്റും  മതപരവും ചരിത്രപരമായ വസ്തുതകളുടെ പിന്തുണ എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്.

എലിയും പുലിയും  പശുവും പാമ്പും  പൂച്ചയുമല്ലാം ഇന്ത്യയിലെന്നല്ല ലോകത്തിലെ വിവിധങ്ങളായ പ്രാക്തന  സംസ്കൃതികളിൽ, ഈ ജീവികളുണ്ടാക്കുന്ന ഭയത്തിനും പ്രയോജനത്തിനും അനുസരിച്ചു പരിമിതമായയുക്തിയുടെ സഹായത്തോടെയും ഭാവനയുടെ പിന്തുണയോടെയും  ദൈവീകവൽക്കരിച്ചിട്ടുണ്ട് .ഇതുതന്നെയാണ് മൃഗങ്ങളും പക്ഷികളുമല്ലാം ദൈവങ്ങളാകുന്നതിന്റെ യുക്തി. പക്ഷേ ഇതു ഒരു വിശ്വാസത്തിന്റെ പ്രശ്നനം കൂടിയായതിനാല്‍ മതവിശ്വാസവുമായി ബന്ധപെട്ടുകൊണ്ട്തന്നെ ഈ വിഷയത്തെ സമീപിക്കാം.

 ഹിന്ദുവിന്റെ ദൈവമാണ് പശു എങ്കില്‍ , ആരാണ് ഹിന്ദു ? എന്ന ചോദ്യം വളരെ പ്രസക്തമാണ് . 

എണ്ണിയാൽ ഒടുങ്ങാത്ത ജാതികളും ഉപജാതികളും അവ തമ്മിൽ പരസ്പരം തൊടലും തീണ്ടലും വലിയകുറ്റമായി കരുതിയിരുന്ന , ഒരു ജാതി മറ്റൊരു ജാതിയുടെ അടുത്തു വരുന്നതിനു അടിയളന്നു അകലങ്ങൾ വരെയുണ്ടായിരുന്ന, പരസ്പരം ഒറ്റപെട്ട സംസ്കാരങ്ങളും  ഓരോരോ ജാതിക്കു അവരുടെതായ ദൈവങ്ങൾവരെയുണ്ടായിരുന്ന, ഒരു കൂട്ടം ജനവിഭാഗങ്ങളെ കൊളോണിയൽ ഭരണകർത്താക്കൾ അവരുടെ ഭരണ സൗകര്യത്തിനുവേണ്ടി സെമിറ്റിക് മതങ്ങളായ മുസ്ലിം , ക്രിസ്ത്യന്‍ etc. എന്നിവയ്ക്ക് പുറത്തുള്ള ജാതി ഉപജാതി വിഭാഗങ്ങളെ പൊതുവില്‍ വിളിച്ച പേരാണ് ഹിന്ദുവെന്ന് സാമാന്യമായി പറയാം.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  ഹിന്ദുകളില്‍ പെടുന്ന ജാതി- ഉപജാതി വിഭാഗങ്ങളുടെ ആചാര വിചാരങ്ങളെ ബ്രാന്മണ സവര്‍ണ വിഭാഗത്തിന്റെ വിശ്വാസ സംഹിതകളുടെ അളവുകോലുകള്‍ വച്ച് വളരെ വേഗം standardize ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ, അതിനാല്‍ തന്നെ ഹിന്ദുവിന്റെ ആധികാരിക cowഗ്രന്ഥങ്ങളായി പൊതുവേകരുതുന്ന ഋഗ്വേദത്തിലും അഥര്‍വവേദത്തിലും മറ്റു പുരാണ ഗ്രന്ഥങ്ങളിലുമല്ലാം  പശുവിന്റെ ഇറച്ചി ഭക്ഷിക്കുന്നതിനെകുറിച്ചും, പശുവിനെ യാഗങ്ങൾക്കുവേണ്ടി ബലികഴിക്കുന്നതിന്റെയും കൃത്യമായ വിവരണങ്ങൾ കൊടുത്തിരിക്കുന്നു. (കൂടുതൽ വിവരങ്ങൾക്ക് ഈ പുസ്തകം വായിക്കുക – The Myth of Holy Cow – by Dwijendra Narayan Jha ) 

ഇതു കൂടാതെ ഹിന്ദുമത നവീകരണങ്ങൾക്ക് എന്നും മുന്നിട്ടുനിന്നിരുന്ന സ്വാമി വിവേകാനന്ദന്റെ കൃതിയായ വിവേകാനന്ദ സാഹിത്യസർവ്വസത്തിൽ  ഇങ്ങനെ പറഞ്ഞിരിക്കുന്നു..

 “There was a time when a Brahmin without eating beef could not remain a Brahmin”.  (Volume-3 – page no: 174 )

 “You will be astonished if I tell you that, according to the old ceremonials, he is not a good Hindu who does not eat beef. On certain occasions he must sacrifice a bull and eat it.” ( Volume-3 on page 536) 

 പറഞ്ഞുവരുന്നത് ബ്രാഹ്മണന് ഒരുകാലത്ത് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമായിരുന്നു പശുഇറച്ചി പിന്നീടുവന്ന ബുദ്ധ- ജൈനമതങ്ങളുടെ സ്വാധീനത്തോട്കൂടിയാണ് പശുഇറച്ചിയെന്നുമാത്രമല്ല എല്ലാ മാംസആഹാരങ്ങളും ഹിന്ദുവിഭാത്തിലെ ന്യൂനപക്ഷമായ സവർണ്ണ വിഭാഗത്തിനു മതപരമായി ഭക്ഷണയോഗ്യമല്ലാതെയായത്‌, എന്നത്  ചരിത്ര വസ്തുതയാണ്‌ .

കേരളത്തിലെ മിത്ത്കളുമായി ബന്ധപെട്ട ഒരുപാടു കഥകളുള്ള ഐതിഹ്യമാലയിലെ പറയിപെറ്റ പന്തിരുകുലം എന്ന കഥയിൽ ഇങ്ങനെ പറയുന്നു ” മാതാപിതാക്കളുടെ ശ്രാദ്ധമൂട്ടാനായി അഗ്നിഹോത്രിയുടെ ഭവനത്തിൽ ചെല്ലുമ്പോൾ പന്ത്രണ്ടുപേരും  ഓരോ വിശിഷ്ടപദാർഥങ്ങൾ കൊണ്ടുചെല്ലുക പതിവായിരിരുന്നു .പാക്കനാർ പശു മാംസമാണ് കൊണ്ടുചെല്ലുക പതിവ്. അത് അഗ്നിഹോത്രികളുടെ അന്തർജനം പാകംചെയ്കയും ശ്രാദ്ധക്കാർ ഭക്ഷിക്കയുമാണ് പതിവ് .ഒരിക്കൽ പാക്കനാർ ചെന്നപ്പോൾ പശുവിന്റെ മുല ചെത്തിയെടുത്ത് ഒരിലയിൽ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. അറപ്പു തോന്നിയ  അഗ്നിഹോത്രിയുടെ അന്തർജനം  അതുപാകം ചെയ്യാതെ നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു . പശുമുലയുടെ-ഇറച്ചി വിഭവം  കാണാതെയായപ്പോൾ  പാക്കനാർ  അതിനെ കുറിച്ച് അനേഷിക്കുകയും നടന്നതല്ലാം  അന്തർജനം വിഷമത്തോടെ പാക്കനാരോട് പറയുകയും ചെയ്യ്തു.  “എന്നാൽ അതു കിളിർത്തോ എന്നു നോക്കൂ”  പാക്കനാർ പറഞ്ഞു. പോയി നോക്കിയപ്പോൾ അത് പശുവിന്റെ മുലയുടെ രൂപമുള്ള കൊവലായി കായ്ച്ചു നില്ക്കുന്നു  ആ കൊവലുകൊണ്ട് അന്തര്ജ്ജനം ഉണ്ടാക്കികൊടുത്ത ഉപ്പേരി പാക്കനാർ സന്തോഷത്തോടെ കഴിച്ചു” .അങ്ങിനെ പരസ്പര ബഹുമാനത്തിൽ നിലനിന്നിരുന്ന  വൈവിധ്യങ്ങളായ ആഹാരശീലങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ച് കേരളത്തിലെ മിത്തുകൾ പോലും പറയുന്നു .

ഇത്തരത്തിൽ വേദകാലഘട്ടത്തിലും, അവിടുനിന്നുതുടങ്ങി ഈ സൈബർ കാലഘട്ടം വരെയെത്തിനിൽക്കുന്ന ഹിന്ദുക്കളിലെ തന്നെ തൊണ്ണൂറു ശതമാനത്തിനുമേലെ വരുന്ന സാധാരണ ഹൈന്ധവരുടെ രുചി ശീലങ്ങങ്ങളുടെ ഭാഗമായിരിക്കുന്നതും   ആഹാരം എന്ത് വേണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായി തുടർന്ന് കൊണ്ട് പോകുന്നതുമായ പശു / കാള ഇറച്ചി ഇറച്ചിയെന്ന ഭക്ഷണപദാർത്ഥം കഴിക്കുന്നത്‌ ഹിന്ദു ആചാരലംഘനമാണെന്ന പ്രചരണം  നടത്തുന്നത്, ഹിന്ദുമത നവീകരണം ലക്‌ഷ്യം വച്ചുകൊണ്ടോ ,  ഹിന്ദുകളായ സാധാരണകാരുടെ ആരോഗ്യത്തിലുള്ള അതിയായ ഉത്കണ്ഠകൊണ്ടോ അല്ല എന്ന് മനസിലാക്കുബോഴാണ് ഭാവിയുടെ വിദൂരങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിച്ചാൽമാത്രം ദർശ്ശിക്കാനും ശ്രവിക്കാനുംകഴിയുന്ന വർഗ്ഗീയതയുടെയും, വംശീയകലാപങ്ങളുടെയും ചോരനുണയുന്ന ലക്ഷ്യങ്ങൾ  ഹിന്ദു ഫാസിസ്റ്റുകൾക്ക്  ഇതിനു പിന്നിലുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.  അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്  ഈ അടുത്തകാലത്ത് (2006)മംഗലാപുരത്തും ഇറച്ചിക്കുവേണ്ടി പശുവിനെയും കാളയെയും അറക്കുന്നതുമായി ബന്ധപെട്ടുഉണ്ടായ ചെറിയ മുസ്സ്ലിം -ഹിന്ദു ലഹളകൾ. (2012 ) ഒസ്മാനിയ യുണിവേഴസിറ്റിയിൽ ബീഫ് ഫെസ്റ്റിവലുമായി ബന്ധപെട്ടുണ്ടായ സംഘർഷങ്ങൾ.

പശുവിനെ ദൈവമാക്കിതീർക്കുന്നതിലെ ചതികൾ പലപ്പോഴും നിഷ്പക്ഷരായ ഹിന്ദുകൾ മനസ്സിലാക്കുനില്ല എന്നതാണ് സത്യം , കാരണം പശു മാതാവാകുബോൾ മക്കൾ ആരാവണമെന്നു മുന്ബേ തീരുമാനിക്ക പെട്ടിരിക്കുന്നു അങ്ങിനെ പശുവിനെയും കാളയേയും തിന്നുന്നവരൊക്കെ ഹിന്ദുവിന്റെ ശത്രുവും അതിലൂടെ , ദേശസ്നേഹം ഹിന്ദുവിന്റെമാത്രം കുത്തകയാക്കിവച്ച ഹൈന്ദവ-മത-മൌലീകവാദികളുടെ മുന്പിൽ മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ രാജദ്രോഹികളായി അടയാളപെടുത്തുകയെന്ന ഒരു ഒത്താശ അറിഞ്ഞോ അറിയാതയോ ഹൈന്ദവ-മത-മൌലീകവാദികൾക്കുവേണ്ടി മതേത്തര മൂല്യങ്ങൾക്ക് വിലകല്പ്പിക്കുന്ന,എന്നാൽ ഗോമാതവിനെ അംഗീകരിക്കുന്ന ഹിന്ദുകൾക്ക് ചെയ്തുകൊടുകേണ്ടിവരും എന്നതാണ് ഈ ഗോമതാ-വൽക്കരണത്തിലെ മറ്റൊരു അപകടം.

 ചരിത്രപരമായ വലിയ മറവിയെന്ന തറകല്ലിൽ കെട്ടിപോക്കുന്ന ആത്മീയ പൊങ്ങച്ചങ്ങളും  മുറിവേറ്റു നില്ക്കുന്ന ഒരു ദേശീയതയുടെ മേലെ സാരിയുടുപ്പിച്ച് കുങ്കുമം തൊട്ടുനില്ക്കുന്ന ഭാരതമാതാ ചിത്രങ്ങളും കുറച്ചു പശു ഇറച്ചിയുമൊക്കെ ധാരാളമാണ് ഹിന്ദു  വർഗ്ഗീയവാദികൾക്ക്, നൂറു കോടി കവിഞ്ഞു നില്ക്കുന്ന ഒരു വലിയ രാജ്യത്തെ വർഗ്ഗീയ ലഹളകളിലേക്ക് തള്ളിയിടാൻ; അത്രക്കു സങ്കുചിതമാണ്‌ നാം അഭിമാനിക്കുന്ന നമ്മുടെ മതേതരബോധം ..! 

ആയിരകണക്കിന് വർഷങ്ങളായി തുടർന്നു പോരുന്നതും  ഇന്നും തുടരുന്നതുമായ ,  ഇന്ത്യൻ ഭുരിപക്ഷ ജനങ്ങളുടെ പ്രത്യേകമായി മലയാളിയുടെ പശു-കാള ഇറച്ചിതീറ്റ ശീലം ഇനിയും തുടർന്ന് കൊണ്ടുപോകേണ്ടത്തിന്റെ ആവശ്യകത മതത്തിന്റെ മറക്കുട പിടിച്ചുകൊണ്ട് കടന്നു വരുന്ന വർഗ്ഗീയതക്കെതിരെ ഒരു പ്രതിരോധം തീർക്കാൻ നമ്മുടെ സ്വഭാവികമായ ആഹാര-സംസ്കാരം നിലനിർത്തുന്നതിലൂടെ കഴിയുമെന്നതുകോണ്ടാണ്. അത്തരത്തിൽ കാര്യങ്ങളെ കാണുമ്പോഴാണ് പശു-ഇറച്ചി ഭക്ഷിക്കുന്നതുപോലും വർഗ്ഗീയതക്കെതിരെയുള്ള ഒരു സാംസ്കാരിക പ്രവർത്തനമാകുന്നത്.

ആർക്കുവേണ്ടിയും കാത്തുനിലക്കാത്ത ചരിത്രത്തിന്റെ കുതിപ്പിൽ നമ്മുക്കല്ലാം വെറും കാഴ്ചകാരന്റെ വേഷമേയുള്ളൂ എന്ന് അതിവിദഗദ്ധമായി തെറ്റുധരിപ്പിച്ച് വലിയ വലിയ മറവിയുടെ ആലസ്യത്തിലേക്ക് നമ്മളോരോരുത്തരെയും  മയക്കി കിടത്താൻ  കഴിയുന്നു എന്നതാണ് ഹൈന്ദവ ഫാസിസത്തിന്റെ വിജയം. ഈ കാവിവല്കരണ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ആരായിരുന്നു എന്ന ഓർമകളുടെ വീണ്ടെടുപ്പുപോലും  വലിയ ഒരു ആയുദ്ധമാക്കി മാറ്റാൻ കഴിയും എന്നതാണ് നമ്മുടെ പരിമിതികൾക്കുള്ളിലെ സാദ്ധ്യത. 

ഹിന്ദു വർഗ്ഗീയവാദികൾ മുന്നോട്ടു വെക്കുന്ന സ്ഥിരം വാർപ്പ് മാനദണ്‌ഡങ്ങള്‍ക്കെതിരെ  ഒരു പ്രതിരോധം തീർക്കാൻ പ്രാദേശികമായ തനിമയുടെ ഭാഗമായ വസ്ത്രവും ആഹാരശീലങ്ങളും ഭാഷയും ആചാരങ്ങളും നിലനിർത്തേണ്ടത് എല്ലാ മത- ജാതി വിഭാഗങ്ങളുടെയും കടമയാണ്, ഇന്നത്തെ  ചരിത്രസന്ധിയിലെ അനിവാര്യതയാണ്. 

Share.

About Author

134q, 0.774s