Leaderboard Ad

ചാവേസ് നീ സ്‌നേഹമായിരുന്നു

0

”സോഷ്യലിസത്തെ ആരും ഭയക്കുന്നില്ല; കാരണം, സോഷ്യലിസം സ്‌നേഹമാണ്” – ഹ്യൂഗോ ചാവേസ്

സ്‌നേഹിക്കാത്തവരായി ആരുണ്ട് ഈ ഭൂമിയില്‍ ?. ചോദ്യം എത്ര ബാലിശം അല്ലേ… പക്ഷേ ഭൂമിയെയും, ഇവിടെ വസിക്കുന്ന പാവങ്ങളെയും, അവരുടെ കഷ്ടപ്പാടുകളെയും കാണാതെ നമ്മുടെ സ്‌നേഹം അര്‍ഥപൂര്‍ണമാകുമോ ?.

നാം വിശുദ്ധമെന്ന് കരുതുന്ന ‘പ്രണയം’ അല്ലെങ്കില്‍ ‘സ്‌നേഹം’ കേവലമൊരു ചരക്കിനെ വിറ്റഴിക്കാനുള്ള പരസ്യപ്പലകയാക്കിയ കാലമാണിത്. എല്ലാ മനുഷ്യബന്ധങ്ങളെയും ലാഭേച്ഛയുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്ന കമ്പോള-മുതലാളിത്ത സമ്പദ് വ്യവസ്ഥക്ക് ബദലുകളുണ്ടെന്നും അത് സോഷ്യലിസം മാത്രമാണെും വിളിച്ചുപറയുകമാത്രമല്ല; തെളിയിക്കുക കൂടി ചെയ്തു ഹ്യൂഗോ ചാവേസ് എന്ന വിപ്ലവപോരാളി.

ദാരിദ്ര നിര്‍മാര്‍ജനം, ഭൂവിതരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലവസരങ്ങള്‍ എന്നിവയില്‍ സോഷ്യലിസ്റ്റ് ക്രമത്തിലധിഷ്ടിതമായ ഭരണം വഴി പോരാട്ടത്തിന്റെ തീഗോളവും, മര്‍ദ്ദിതന്റെ പ്രതീക്ഷയുമായി ചാവേസ്. എണ്ണപ്പാടങ്ങളും ബാങ്കുകളും മാധ്യമങ്ങളുമെല്ലാം ഒരു സോഷ്യലിസ്റ്റ് ഭരണക്രമത്തില്‍ എങ്ങനെ സമര്‍ഥമായ് വിനിയോഗിക്കാം എന്ന് കാണിച്ചുകൊടുത്ത് രാഷ്ട്രത്തലവന്‍മാര്‍ക്ക് മാതൃകയായി ചാവേസ്. അമേരിക്കന്‍ പ്രസിഡന്റിനെ ചെകുത്താനെന്ന് വിളിക്കാനുള്ള ആര്‍ജ്ജവം ചാവേസിനല്ലാതെ മറ്റാര്‍ക്കുണ്ടാകും.

അങ്ങനെ ഇരുപതാംനൂറ്റാണ്ടിലെ നവ ഇടതുപക്ഷചേരിയുടെ ആവേശമായി ചാവേസ് ജ്വലിച്ചുനിന്നു. ആഗോളവല്‍ക്കരണത്തിലൂടെ സാമ്പത്തികമായും ആശയപരമായും കീഴടക്കി ലോകസമ്പത്തിന്റെ ഒഴുക്കിനെ തിരിച്ചുവിട്ടകാലമാണ് 1990- കള്‍ മുതലുള്ള രണ്ടരപതിറ്റാണ്ട്. രാഷ്ട്രങ്ങളുടെ ശാക്തിക ചേരികള്‍ മാറിമറിഞ്ഞ നിര്‍ണായകവേളയാണ് സോവിയറ്റ് യൂണിയന്റെ പതനം. കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങള്‍ തകര്‍ന്നെന്നും ലോകം മുതലാളിത്തത്തിലേക്ക് നീങ്ങിയെന്നും അമേരിക്കയാണ് രക്ഷകനെന്നും മുറവിളിയുയര്‍ന്ന കാലം. ഈ സമയത്താണ് വെനിസുലയും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അതിജീവിച്ചതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ അമേരിക്ക, നിരവധി രാഷ്ട്രങ്ങളുടെ സമ്പത്തൂറ്റിയെടുത്ത് അവരെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടപ്പോള്‍ പ്രധിരോധിച്ചത് ലാറ്റിനമേരിക്കയുള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ മാത്രം. ചേരീചേരാനയത്തിന്റെ വക്താക്കളായിരുന്ന ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ അമേരിക്കുടെ ഉപഗ്രഹങ്ങളാകാന്‍ കൊതിച്ചുനിന്നിടത്താണ് തെക്കേ അമേരിക്ക പുതിയ വിപ്ലവചേരി തീര്‍ത്തത്.

അമേരിക്കന്‍ മുതലാളിത്തം ശത്രുക്കളായ കണ്ടവരെ ചാവേസ് മിത്രങ്ങളാക്കി. അതിലൊന്നാമന്‍ ക്യൂബയുടെ ഫിദല്‍ കാസ്‌ത്രോ തന്നെ. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദ് നെജാദ്, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്, ഇറാഖിലെ സദ്ദാം ഹുസൈന്‍ ലിബിയയിലെ മു അമ്മര്‍ ഖദ്ദാഫി എിവരാണ് മറ്റുള്ളവര്‍.

സമ്പദ്ഘടന തകര്‍ടിഞ്ഞ മുഴുവന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും എല്ലാ അര്‍ഥത്തിലും സഹായം നല്‍കി സോഷ്യലിസത്തിന്റെ മഹത്വം വെളിവാക്കി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രായോഗവല്‍ക്കരിക്കാനുള്ള മാര്‍ഗമായ് ചാവേസ് എണ്ണപ്പണത്തെ ഉപയോഗിച്ചു. ഇറാഖ് വരെ ചാവേസിന്റെ സഹായ ഹസ്തങ്ങള്‍ നീണ്ടു. മുതലാളിത്തത്തിന് ബദലാകാന്‍ ഇസ്ലാമികതക്ക് കഴിയില്ലെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി ഇത്. ഒപെകിന്റെ കണക്കുപ്രകാരം 29, 760 കോടി ബാരല്‍ എണ്ണ നിക്ഷേപവുമായി വെനിസ്വല ഒന്നാമതാണ് .26,540 കോടി ബാരല്‍ നിക്ഷേപവുമായി തൊട്ടുപിറകില്‍ സൗദി അറേബ്യയും. ഇസ്ലാമികഭരണഘടനയുള്ള സൗദി അറേബ്യ ഈ സമ്പത്തുകൊണ്ട് മാനവരാശിക്കുവേണ്ടി എന്തു ചെയ്തുവെത് ചോദ്യമാണ്.
ചാവേസ് ഇടപെട്ട മറ്റൊരു പ്രധാന മേഖലയാണ് മാധ്യമരംഗം. വന്‍കിട കോര്‍പ്പറേറ്റ് കുത്തകകള്‍ വിഹരിക്കുന്ന മാധ്യമരംഗത്തെ ചാവേസ് ലാറ്റിനമേരിക്കയില്‍ മാറ്റിപ്പണിയുകയായിരുു ടെല്യൂസര്‍ എന്ന വാര്‍ത്താചാനലിലൂടെ.

ലാറ്റിനമേരിക്കന്‍ കമ്മ്യൂണിസത്തിന്റെ പുതു വസന്തത്തിന് വിത്തുപാകിയാണ് ചാവേസ് ലോകത്തിന്റെ നെറുകയിലേക്കുയര്‍ന്നത്. 2002-ല്‍ ബ്രസീലില്‍ ലൂയി ഇഗോഷ്യേ, ലുല ഡിസില്‍വ, 2003-ല്‍ ഇക്വോഡോറിലും, അര്‍ജന്റീനയിലും യഥാക്രമം ലൂസിയോ ഗിറ്ററസ്, നെസ്റ്റര്‍ കിര്‍ഷ്‌നര്‍, യുറോഗ്വോയില്‍ 2004-ല്‍ ടബേര്‍ വാസ്‌ക്വാസ്, 2005-ല്‍ ബൊളീവിയയില്‍ ഇവൊ മൊറെയ്ല്‍സ്, 2006-ല്‍ ഇക്വഡോറില്‍ റഫേല്‍ കൊറയ, നിക്കരാഗ്വായില്‍ ഡാനിയല്‍ ഒര്‍ട്ടേഗ എിവര്‍ ചാവേസ് യുഗത്തില്‍ തുടര്‍തരംഗങ്ങളായി. ചിലിയില്‍ മിഷേല്‍ ബാഷ്‌ലെറ്റ് ഇപ്പോഴും പ്രസിഡന്റായി തുടരുന്നു.
സംഭവബഹുലമാണ് ചാവേസിന്റെ ജീവിതം. വെനിസ്വലയിലെ ബാരിനാസ് സംസ്ഥാനത്തിലെ സബനേറ്റ എന്ന കുഗ്രാമത്തില്‍ ഹ്യൂഗോ റെയസ്- എലീന ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായി 1954 ജുലൈയ് 28ന് ജനനം. മാതാപിതാക്കള്‍ അധ്യാപകരെങ്കിലും ദാരിദ്രം കൊടികുത്തിവാണ ബാല്യം. പഠനത്തോടൊപ്പം പ്രാദേശികപള്ളിയില്‍ അള്‍ത്താര ശുഷ്രൂഷകനായി ജോലി . 17-ാം വയസ്സില്‍ കാരക്കാസില്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. സൈനിക ഓഫീസര്‍മാരിലെ പുരോഗമന ചിന്താഗതിക്കാര്‍ രൂപം നല്‍കിയ ‘ആന്‍ഡ്രെ ബെലോ പ്ലാന്‍’ എന്ന പാഠ്യക്രമമാണ് ചാവേസില്‍ വിപ്ലവനാമ്പുകള്‍ക്ക് തുടക്കമിട്ടത്. സൈനികവിഭാഗത്തില്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസറായിരുന്ന ചവേസിനെ, സൈന്യത്തില്‍ മാര്‍ക്‌സിസ്റ്റുകളുടെ നുഴഞ്ഞുകയറ്റം തടയാന്‍ നിയോഗിച്ചു. ഒരിക്കല്‍ ഒരേറ്റുമുട്ടലിനിടെ പോരാളികളുപേക്ഷിച്ച, വെടിയുണ്ടകളേറ്റ കാറില്‍നിന്നും ലഭിച്ച നാലു പുസ്തകങ്ങളാണ് ചാവേസിന്റെ വിപ്ലവജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്. കാള്‍ മാര്‍ക്‌സ്, ലെനിന്‍, മാവോ സേതുങ്ങ് എന്നിവരുടെ കൃതികള്‍ക്കൊപ്പം വെനിസ്വലന്‍ പോരാളി എസക്വിയല്‍ സമോറയുടെ ജീവചരിത്രവും. പുസ്തകങ്ങള്‍ വായിച്ചതോടെ വെനിസ്വലയില്‍ ഇടതുപക്ഷഭരണം വരേണ്ടത് അത്യാവശ്യമെന്ന് ചാവേസ് മനസ്സില്‍ കുറിച്ചിട്ടുണ്ട്. പിന്നീട് 21-22 വയസ്സില്‍ താന്‍ തന്നെയാണ് ഇടതുചേരിയുടെ നായകനെന്ന് ചാവേസ് സ്വയം പ്രഖ്യാപിച്ചു. അങ്ങനെ 1977-ല്‍ സൈന്യത്തിനകത്ത് രഹസ്യമായി വെനിസ്വലന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(ഇഎല്‍പിവി)ക്ക് തുടക്കമിട്ടു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം റെവല്യൂഷനറി ബൊളിവേറിയന്‍ മൂവ്‌മെന്റ് 200(എംബിആര്‍-200) എന്ന മറ്റൊരു സംഘടനയ്ക്കും രൂപം നല്‍കി. ഇതിനകം സൈന്യത്തിന്റെ ക്യപ്റ്റനായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതോടെ എലോസയെ വിദൂരത്തേക്ക് സ്ഥലം മാറ്റി.

1992-ല്‍ ഫെബ്രുവരി നാലിന് അഞ്ചുയൂണിറ്റുകളുമായി അട്ടിമറിക്കൊരുങ്ങിയെങ്കിലും പരാജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷം ജയില്‍വാസം. 1994-ലെ തെരഞ്ഞെടുപ്പിലെ വിജയി നിഷ്പക്ഷരായ കവര്‍ജന്‍സ് പാര്‍ടിയുടെ വാഗ്ദാനപ്രകാരം ചാവേസിനൊപ്പം എംബിആര്‍-200 അംഗങ്ങളായ സൈനികരെയും തടങ്കലില്‍ നിന്നും മോചിപ്പിച്ചു. തുടര്‍ന്ന് സാമൂഹിക വികസനമെന്ന ആവശ്യവുമായി രാജ്യമെങ്ങും നൂറുദിന പര്യടനം. അര്‍ജന്റീന, യുറഗ്വായ്, ചിലി, കൊളംബിയ, ക്യൂബ എീരാജ്യങ്ങളിലും ചാവേസെത്തി. ഫിദലിനെ പിതൃതുല്യനായി വിശേഷിപ്പിച്ചു. വെനിസ്വലയില്‍ തിരിച്ചെത്തി രൂപീകരിച്ച പാര്‍ടി ‘ഫിഫ്ത് റിപ്പബ്ലിക്ക് മൂവ്‌മെന്റ്(എംവിആര്‍)’ ന് 1998-ല്‍ ഉജ്വലവിജയം. 1999 ഫെബ്രുവരി 2-ന് പ്രസിഡന്റായതോടെ ഭരണഘടനയും മാറ്റിപ്പണിതു. 2000-ലും 2006-ലും വിജയങ്ങളുടെ തനിയാവര്‍ത്തനം. 2002-ലെ അട്ടിമറിയില്‍ രാജ്യനിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും രണ്ടു ദിവസത്തിനകം അധികാരത്തില്‍ തിരിച്ചെത്തി. 2019 ജനുവരി 10 വരെ വെനിസ്വലയെ നയിക്കാമുള്ള ജനവിധി ബാക്കി നില്‍ക്കെ വിപ്ലവകാരി 2013 മാര്‍ച്ച് ആറിന് ആ പോരാളി ലോകത്തോട് വിടപറഞ്ഞു.

-ഗോപകുമാര്‍ പൂക്കോട്ടൂര്‍

Share.

About Author

ഗോപകൂമാര്‍ പൂക്കോട്ടൂര്‍ 9447680191, പാറപ്പുറത്ത് വീട്, പൂക്കോട്ടൂര്‍ പിഒ, മലപ്പുറം ജില്ല - 676517"

136q, 1.190s