Leaderboard Ad

ചെകുത്താന്‍ വേദമോതുമ്പോള്‍

0

Do you know who the “biggest enemies of the Hindu society” are? These are ‘Malicious-5 or M5 — Marxism, Macaulayism, Missionaries, Materialism and Muslim extremism.

2014 നവംബർ മാസത്തിൽ ഡൽഹിയിൽ RSS ന്റെ കാർമികത്വത്തിൽ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസിൽ അവതരിപിച്ച ഒരു പ്രബന്ധത്തിലെ ആദ്യ വരികളാണ് മുകളിൽ ഉദ്ധരിച്ചത്‌. ഫാസിസത്തിന്റെ എക്കാലത്തെയും മുഖ്യ ശത്രു കമ്മ്യൂണിസവും മാർക്സിസവും ആയിരുന്നു. മുസ്സോളിനിയും ഹിറ്റ്ലറും ശത്രു പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയത് കമ്മ്യൂണിസ്റ്റുകളെ ആയിരുന്നു. ഇന്ത്യയിൽ RSS രൂപം കൊള്ളുന്നത് 1920 നു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്ന ഫാസിസ്റ്റ് ചിന്താധാരയിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫാസിസ്റ്റ് നാസിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുകളാണ് RSS സ്ഥാപകനായ കേശവ് ഹെഡ്ഗേവാറും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ഹിന്ദുമഹാസഭയുടെ നേതാവായ ബി എസ് മൂന്ജെയും. മുസ്സോളിനിയിൽ നിന്നും ഇറ്റലിയിലെ ഫാസിസ്റ്റ് സംഘടനാ രൂപം പഠിച്ചതിനു ശേഷമാണ് ഡോക്ടർ ബി എസ് മൂൻജെ RSS ൻറെ പ്രത്യയ ശാസ്ത്രം രൂപപ്പെടുത്തി എടുക്കുന്നത്. RSS നേതാക്കൾക്ക് ഹിറ്റ്ലറുമായും മുസ്സോളിനിയുമായും അടുത്ത ബന്ധം RSS നേതാക്കൾ  സൂക്ഷിച്ചിരുന്നു എന്നതിന് അവരുടെ തന്നെ നിരവധി കത്തുകളും ഗ്രന്ഥങ്ങളും തെളിവുകളാണ്. ഗോൾവൾക്കർ എഴുതിയ വിചാരധാര അടക്കമുള്ള ഗ്രന്ഥങ്ങൾ RSS ന് ഫാസിസവുമായുള്ള ചങ്ങാത്തവും ഗാഢബന്ധവും ആരാധനയും കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

 

വേഷ പ്രഛന്നരാവാൻ ഫാസിസ്റ്റുകൾ മിടുക്കന്മാരാണ്. തൊഴിലാളി വർഗത്തിന്റെ നേതാവ് എന്ന പ്രതീതി തൊഴിലാളികൾക്കിടയിൽ സൃഷ്ടിച്ച ഹിറ്റ്ലർ പിന്നീട് തൊഴിലാളി സംഘടനകളെ ആകെ നിരോധിക്കുന്നത് നാം ജർമനിയിൽ കണ്ടു. വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിലേക്ക് വരുമ്പോൾ ഇതേ വേഷ പ്രച്ഛന്നതയും കുടിലത നിറഞ്ഞ നിഷ്കളങ്ക ഭാവവും ഇന്ത്യൻ ഫാസിസത്തിന്റെ ഭയാനക മുഖമായ RSS ന്റെയും അവരുടെ രാഷ്ട്രീയ രൂപമായ BJP യുടെയും ഇടപെടലുകളിൽ കാണാം. അതിന്റെ ഒരു ഉദാഹരണമാണ് ഇന്ദ്രപ്രസ്ഥത്തിൽ BJP സംഘടിപ്പിച്ച ഒരു കാമ്പയിൻ. വിഷയം കൊച്ചു കേരളത്തിലെ കണ്ണൂർ ജില്ലയിലെ സിപിഐഎം നടത്തുന്ന “രാഷ്ട്രീയ സംഘട്ടനങ്ങൾ” . ശുദ്ധാത്മാക്കളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമുള്ള വിഷയം  . ഒപ്പം സിപിഐഎം ആകെ കുഴപ്പമാണ് എന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള ചെപ്പടി വിദ്യയും. അതാണ്‌ ഫാസിസം, അത് വരുന്ന വഴികൾ, സ്വീകരിക്കുന്ന അടവുകൾ, അവരുടെ ഉന്നം ഇതൊക്കെ നിഗൂഢമാണ്. നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുന്ന എന്നാൽ കൃത്യമായ ലക്ഷ്യത്തോടെയുള്ള കുടിലത നിറഞ്ഞ നീക്കങ്ങൾ .

 

അമിത് ഷായും കൂട്ടരും കേരളത്തിലെ ആക്രമങ്ങളുടെ ഫോട്ടോ കണ്ടു ” ഞെട്ടി “, “നടുങ്ങി ” എന്നൊക്കെയാണ് ജനം ടിവി റിപ്പോർട്ട്‌ ചെയ്തത്. ഒപ്പം സിപിഐഎമ്മിനു അമിത് ഷായുടെ സാരോപദേശവും. വളരെ ഗംഭീരമാണ് ഫാസിസത്തിന്റെ വർത്തമാന കാല ഇന്ത്യൻ മുഖമായ അമിത് ഷായുടെ പ്രകടനം. നേരത്തെ പറഞ്ഞ കുടിലത ഒളിപ്പിച്ചു വെച്ച നിഷ്കളങ്ക ഭാവം. അത് കണ്ടപ്പോൾ മനസ്സിലേക്ക് ഓടി വന്നത് ചെകുത്താൻ വേദമോതുന്നോ എന്ന ചോദ്യമാണ്. രൂപീകരണ കാലം തൊട്ട് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന RSS ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നടത്തിയ വർഗീയ ലഹളകൾക്ക് കണക്കില്ല. കൊന്നു തള്ളിയതിന് എണ്ണമില്ല. വരുത്തിയ നഷ്ടങ്ങൾ വർണനകൾക്ക് അപ്പുറമാണ്. 1947 ൽ പന്ജാബിൽ നടത്തിയ 5000 പേര്‍ കൊല്ലപ്പെടുകയും  3000ല്‍ അധികം  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം തൊട്ട് 2002 ലെ 2000ലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത്  കലാപം അടക്കം ഏറ്റവും അവസാനം മുസഫറാബാദിൽ അരങ്ങേറിയ ലഹള വരെ..

 

ഗുജറാത്തിൽ നടന്ന വംശഹത്യ നാം കണ്ടതാണ്. ഗർഭസ്ഥ ശിശുവിനെ വയറ് പിളർന്ന് ശൂലത്തിൽ കുത്തിയെടുത്ത കാഴ്ച മറക്കാൻ കഴിയില്ല, ജീവന് വേണ്ടി ഫാസിസ്റ്റുകളുടെ മുന്നിൽ നിറകണ്ണുകളോടെ  ഇരു കൈകളും കൂപ്പി യാചിക്കുന്ന കുത്തബുദ്ദീൻ അൻസാരി എന്നാ യുവാവിനെ നമുക്ക് മറക്കാനാകില്ല. ബെസ്റ്റ് ബേക്കറി കൂട്ടക്കൊല നമുക്ക് മറക്കാനാകില്ല. ഇതൊന്നും നടന്നത് കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അല്ല. നടത്തിയത് കമ്മ്യൂണിസ്റ്റുകളും അല്ല. അമിത് ഷാ ഭരിച്ച ഗുജറാത്തിൽ നടന്നതാണിതൊക്കെ.

 

മുസഫറബാദിൽ തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് വർഗീയ ചേരിതിരിവ്‌ ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി സംഘപരിവാരം കത്തിവെച്ചത് അസംഖ്യം പേരുടെ കഴുത്തിലാണ്, വഴിയാധാരമാക്കിയത്‌ നൂറു കണക്കിന് പേരെയാണ്. അവിടെ മുറിവുണക്കുന്ന, സാന്ത്വനം പകരുന്ന ദൌത്യമാണ് സിപിഐഎം  ഏറ്റെടുത്തത്. നിങ്ങൾ തകർത്തു തരിപ്പണമാക്കിയ അവരുടെ കൂരകൾ പുനർനിർമിച്ചു നൽകിയത് സിപിഐഎം ആണ്.

 

അമിത് ഷായ്ക്ക്  എന്തിനാണ് കുറെ കാലം ജയിലിൽ കഴിയേണ്ടി വന്നത് ? സൊഹ്രാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റു മുട്ടൽ കേസിൽ പ്രധാന പ്രതി ആയതിനല്ലേ അദ്ദേഹം ജയിലിൽ ആയത് ? അദ്ദേഹമാണോ സമാധാനത്തെ പറ്റി, സഹിഷ്ണുതയെ പറ്റി, ജനാധിപത്യ ബോധത്തെ പറ്റി, അന്യമത സ്നേഹത്തെ പറ്റി സിപിഐഎമ്മിനു ക്ലാസ് എടുക്കുന്നത്? അത് ചെകുത്താൻ വേദമോതുന്നതിനു തുല്യമല്ലേ ?

 

കേരളത്തിലെക്ക് വന്നാൽ, എന്ത് ചരിത്രപരമായ ദൌത്യമാണ് സംഘപരിവാര സംഘടനകൾ കേരളത്തിൽ ഏറ്റെടുത്തിട്ടുള്ളത്? വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയുംവിത്തുകൾ കേരളത്തിൽ മുളപ്പിക്കാനല്ലേ എന്നും സംഘപരിവാരം ശ്രമിച്ചിട്ടുള്ളത് ? ആരാണ് 1971 ലെ തലശ്ശേരി കലാപം ആസൂത്രണം ചെയ്തതും നടപ്പിലാക്കാൻ ശ്രമിച്ചതും? മതസാമുദായിക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനല്ലേ RSS അന്ന് കേരളത്തിൽ ശ്രമിച്ചത്‌? അതിനെ ജീവൻ നൽകി എതിർത്ത് തോൽപ്പിച്ചത് സിപിഐഎം ആണ് എന്നത് തലശ്ശേരി ലഹളയെ പറ്റി അന്വേഷിച്ച വിതയത്തിൽ കമ്മിഷൻ അടക്കം ശരി വെച്ച ചരിത്ര സത്യം. അപ്പോൾ എന്ത് കൊണ്ട് സിപിഐഎം സംഘപരിവാരത്തിന് മുഖ്യ ശത്രു ആകുന്നു എന്ന് വ്യക്തമാണല്ലോ.

 

71 ലെ കലാപം വലിയൊരു സന്ദേശമാണ് പ്രബുദ്ധ കേരളത്തിനും സംഘപരിവാറിനും നൽകിയത്. കമ്മ്യൂണിസ്റ്റ്‌ ഇടതു ശക്തികളുടെ പ്രാധാന്യവും അവർ മതേതര മൂല്യങ്ങൾക്കായി ജീവൻ പോലും ബലി നൽകി എടുക്കുന്ന നിലപാടുകളിലെ കൃത്യത കേരളീയ പൊതു സമൂഹത്തിനു ഒരിക്കൽ കൂടി ബോധ്യപ്പെട്ടപ്പോൾ സംഘ പരിവാരത്തിനു കിട്ടിയത് മറ്റൊരു സന്ദേശമാണ്. കമ്മ്യൂണിസ്റ്റുകാരെ നശിപ്പിക്കാതെ, അവരെ തകർക്കാതെ കേരളത്തിന്റെ മണ്ണിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയ കൃഷി ഇറക്കാൻ ആവില്ല എന്ന കൃത്യമായ ബോധ്യത്തിലേക്ക് അവർ എത്തി. അത് കൊണ്ട് തന്നെയാണ് ശത്രു പട്ടികയിൽ ഒന്നാമതായി മാക്സിസ്റ്റുകൾ ഇടം പിടിക്കുന്നത്.

കേരളത്തിൽ സംഘപരിവാരം കൊന്നു തള്ളിയത് 300 ഇൽ പരം സിപിഐഎം പ്രവർത്തകരെയാണ്. കണ്ണൂരിൽ മാത്രം 62 സഖാക്കൾ RSS ന്റെ കൊലക്കത്തിക്കിരയായി. ആക്രമണത്തിനിരയായി അന്ഗവൈകല്യം സംഭവിച്ചു   ജീവിക്കുന്നവർ  അതിലേറെ. അച്ഛനമ്മമാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന യുവജന നേതാവ് സഖാവ് കെ വി സുധീഷ്‌ മുതൽ മുറ്റത്ത്‌ കളിക്കുമ്പോൾ RSS കാർ ബോംബെറിഞ്ഞു കാലു തകർത്ത അഞ്ചു വയസ്സുകാരി അഷ്ന അടക്കം ആ പട്ടിക നീണ്ടു പോകുന്നു. അഷ്ന ഇന്നും ജീവിചിരിപ്പുണ്ട്, RSS ന്റെ ബോംബേറിൽ തകർന്ന കാലുമായി. 1999 ലെ പൊന്നോണ നാളിലാണ് പി ജയരാജനെ വെട്ടിനുറുക്കി കൊല്ലാൻ RSS ശ്രമിച്ചത്‌. ഭാര്യ യമുനയുടെ മന:ശക്തിയും ധൈര്യവും ഒന്ന് കൊണ്ട് മാത്രമാണ് ആ സഖാവ് രക്ഷപ്പെട്ടത്. വെട്ടി മുറിക്കപ്പെട്ട ശരീരവുമായി ഇന്നും സഖാവ് പി ജയരാജൻ ജീവിക്കുന്നുണ്ട്. RSS ഉം കെ സുധാകരനും നടത്തിയ കൂട്ടു കൃഷിയിൽ വിരിഞ്ഞതാണ് ഇ പി ജയരാജനെ കൊല്ലാനുള്ള പദ്ധതി. കഴുത്തിനേറ്റ വെടിയുമായി ഇന്നും ആ സഖാവ് ജീവിക്കുന്നുണ്ട്.  സിപിഐഎമ്മിനെ തകർക്കാൻ, അതിന്റെ പ്രവർത്തകരെ അരിഞ്ഞു തള്ളാൻ കോടിക്കണക്കിനു രൂപയാണ് കണ്ണൂരിൽ മാത്രം സംഘ പരിവാരം ഒഴുക്കിയത്. ആ രക്തത്തിൽ ചവിട്ടി നിന്ന് കൊണ്ടാണ് സിപിഐഎം കുഴപ്പക്കാരാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ RSS ശ്രമിക്കുന്നത്.

 

കേരളത്തിന്‌ മഹത്തായ ഒരു പൈതൃകവും പാരമ്പര്യവുമുണ്ട് . മതേതര പുരോഗമന ആശയങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണാണ് കേരളത്തിന്റെത്. ആ ആശയങ്ങളുടെ പ്രവാഹശക്തിയായി നിലകൊണ്ടത്, നിലകൊള്ളുന്നത് കേരളത്തിലെ സിപിഐഎം നേതൃത്വം നൽകുന്ന ഇടതു പക്ഷം തന്നെയാണ്. കേരളത്തിന്റെ മതേതര മനസ്സിനെ ഉറപ്പിച്ചു നിർത്തുന്നതിൽ ഏറ്റവും നിർണ്ണായക പങ്ക് സിപിഐഎമ്മിനു തന്നെയാണ്. അത് തന്നെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയത്തിന്റെ വിത്തുകൾ കേരളത്തിന്റെ മണ്ണിൽ മുളപ്പിച്ചെടുക്കാൻ സംഘ പരിവാരത്തിന് കഴിയാതെ പോകുന്നത്. സംഘ പരിവാരത്തോട്‌ ആശയം കൊണ്ടും ബൌദ്ധിക തലത്തിലും ജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോധം തീർത്തു കൊണ്ടും തടഞ്ഞു നിർത്തുന്നത് സിപിഐഎം ആണ് എന്നുള്ള ഉത്തമ ബോധ്യം സംഘപരിവാരത്തിനും ഉണ്ട്. ഒരുപാട് തവണ ശ്രമിച്ചിട്ടും മുന്നേറ്റമുണ്ടാക്കാൻ അവർക്ക് കഴിയാതെ പോയത് ഈ മണ്ണിൽ ജീവത്യാഗം നടത്തിയും ആ ആസുര ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ ഇച്ഛാശക്തിയുള്ള ഒരു സംഘടിത പ്രസ്ഥാനം കേരളത്തിൽ ഉള്ളത് കൊണ്ട് തന്നെയാണ്. അത്തരമൊരു സമൂഹത്തിലേക്ക് നുഴഞ്ഞു കയറാനാണ് കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തിൽ  സംഘപരിവാരം ശ്രമിക്കുന്നത്. സാമുദായിക സംഘടനകൾ, സാംസ്കാരിക സംഘടനകൾ, പ്രവർത്തകർ, സിനിമാ താരങ്ങൾ, ജീവകാരുണ്യ സംഘടനകൾ തുടങ്ങി നുഴഞ്ഞു കയറാനുള്ള വഴികൾ പലതാണ്. വരേണ്യ വർഗ സിദ്ധാന്തത്തിൽ ഊറ്റം കൊള്ളുന്ന സംഘപരിവാരം, മണ്ഡൽ കമ്മിഷൻ ശുപാർശ ചെയ്ത പിന്നോക്ക സംവരണം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ മുന്നോക്ക ജാതിക്കാരെ സംഘടിപ്പിച്ചു സമര രംഗത്ത് വന്ന സംഘപരിവാരം പിന്നോക്ക ജാതികളുടെ ഉന്നമനം സാധ്യമാക്കും എന്ന് അവരെ അറിയുന്ന, അവരുടെ ചരിത്രം അറിയുന്ന ഒരാളും വിശ്വസിക്കില്ല. സംഘ പരിവാരത്തിന്റെ വരേണ്യ വർഗ താൽപര്യം പിണറായി വിജയൻ ഒരു ലേഖന പരമ്പരയിൽ കൃത്യമായി തുറന്നു കാട്ടിയത് താഴെ വായിക്കാം.

http://deshabhimani.com/news-articles-all-latest_news-488702.html

http://deshabhimani.com/news-articles-all-latest_news-488836.html

 

ഇന്ത്യൻ ജനതയ്ക്ക് RSS ഉം അതിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാ പാർട്ടിയും നൽകിയത് മുറിവുകളും ചോരക്കളങ്ങളും  മാത്രമാണ്. കലാപങ്ങളുടെയും വർഗീയ ലഹലകളുടെയും പരമ്പര സൃഷ്ടിച്ചു കൊണ്ട് ഇന്ത്യൻ മതേതര സങ്കൽപ്പത്തിന്റെ, അതിന്റെ പാവനതയുടെ കടയ്ക്കൽ കത്തി വെക്കാൻ അനവധി നിരവധി തവണ ശ്രമിച്ച RSS എന്നും നടപ്പാക്കിയിട്ടുള്ളത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ലോകം കണ്ട ഏറ്റവും വലിയ, ക്രൂരനായ ഫാസിസ്റ്റ് (ഫാസിസത്തിന്റെ മുഖമുദ്ര തന്നെ ക്രൂരതയും മനുഷ്യത്വമില്ലായ്മയുമാണ് )ഹിറ്റ്ലറെ ആരാധിച്ച,  മുസോളിനിയിൽ നിന്നും ധൈഷണിക നിലപാട് ആവാഹിച്ച സന്ഘപരിവാറിൽ നിന്നും ഗുണപരമായ നിലപാടുകൾ പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്.

 

സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ആശയതലത്തിലും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കന്നതിൽ വിട്ടുവീഴ്ചയില്ലാതെ നിലപാടുകൾ എടുക്കുന്നത് സിപിഐഎം ആണ്. ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന ഒരു പാർട്ടി കൊച്ചു കേരളത്തിലെ ഒരു ജില്ലയുടെ പേരിൽ രാജ്യ തലസ്ഥാനത്ത് എന്തിനു കാമ്പയിൻ നടത്തുന്നു എന്നതിനുള്ള ലളിതമായ ഉത്തരവും അത് തന്നെയാണ്. നിലപാടുകളിലെ കൃത്യതയും വ്യക്തതയും കാർക്കശ്യവും ധൈഷണികമായ അടിത്തറയും കൊണ്ട് ശക്തമായ ചെറുത്തു നിൽപ്പ് നടത്തുന്ന ഇടതു പക്ഷത്തെ തകർത്താൽ മാത്രമേ ബാക്കിയുള്ള മുഖ്യ ശത്രുക്കളെ (മുസ്ലിങ്ങൾ, മിഷനറിമാർ, ഭൌതിക വാദികൾ, വിദ്യാ സമ്പന്നർ) തകർക്കാൻ പറ്റൂ എന്ന ഉത്തമ ബോധ്യം സംഘ പരിവാരത്തിന് ഉണ്ട്. അത് കൊണ്ട് തന്നെയാണ് കണ്ണൂർ ലക്ഷ്യമാക്കപ്പെടുന്നത്. MV ഗോവിന്ദൻ മാസ്റ്ററുടെ ഒരു പ്രസംഗത്തിലെ ചില വരികളാണ് മനസ്സിലേക്ക് വരുന്നത്  .. “സിപിഐഎമ്മിന്റെ ഇന്ത്യയിലെ തന്നെ കരുത്തുറ്റ കേന്ദ്രമാണ് കണ്ണൂർ.. കണ്ണൂരിനെ ആക്രമിക്കുന്നത് , അതിനെ പരിഹസിക്കുന്നത്, അവിടുത്തെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നത് കണ്ണുരിന്റെ ദുർബലത കൊണ്ടല്ല….ബലവാനായത് കൊണ്ടാണ്, അതിന്റെ കരുത്തു കൊണ്ടാണ് “..

 

ജതിന്‍ ദാസ്

Share.

About Author

134q, 0.652s