Leaderboard Ad

ചോരയുടെ മണം

0

    ഗരത്തില്‍ ബസിറങ്ങുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഏറെ നാളത്തെ ആഗ്രഹം അല്ല ആവശ്യം ഒരു വിളിപ്പാടകലെ നിറവേറ്റപ്പെടാന്‍ പോകുന്നു. സമയം ഒന്‍പത് ആയിട്ടേ ഉള്ളൂ. ബസ്‌സ്റ്റോപ്പില്‍ നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ. പത്തുമണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം തന്നിരിക്കുന്നത്. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. നന്നായി വിശക്കുന്നുണ്ട്. പോക്കെറ്റിന്‍റെ അവസ്ഥ നോക്കിയപ്പോള്‍ ഒരു ചായയില്‍ ഒതുങ്ങുന്ന വിശപ്പേ ഉള്ളൂ എന്ന് സമാധാനിച്ചു.

പെട്ടെന്നാണ് എന്തോ തട്ടിത്തകര്‍ന്നു വീഴുന്ന ഒരു ശബ്ദം കേട്ടത്. ഞാനും ഓടിക്കൂടിയ ആള്‍ക്കൂട്ടത്തില്‍ ഒരാളായി. ഓവര്‍ടെയ്ക് ചെയ്ത ബസിന്‍റെ സൈഡില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടതാണ്. റോഡില്‍ തെറിച്ചു വീണുകിടക്കുന്ന അച്ഛനും മകളും. ചോരയില്‍ കുളിച്ചു കിടക്കുന്ന ആ പെണ്‍കുട്ടിയെ ഒന്നേ നോക്കിയുള്ളൂ. ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ഒരു കാഴ്ച കാണുന്ന കൗതുകം. ആ ദയനീയ കാഴ്ചയ്ക്ക് നേരെ നീളുന്ന മൊബൈല്‍ക്യാമെറകള്‍. പോലീസ്സ്റ്റേഷനിലേക്കും ആംബുലന്‍സ് സര്‍വീസിലേക്കും ഫോണ്‍ ചെയ്യുന്നവര്‍. കൂട്ടത്തില്‍ ഒരു സ്ത്രീ മുന്നോട്ടുചെന്ന് ആ പെണ്‍കുട്ടിയെ താങ്ങിയെടുത്ത് മടിയില്‍ കിടത്തി.

“ആരെങ്കിലും ഒരു വണ്ടി എടുക്കൂ. ഈ കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം” അവര്‍ ചുറ്റും കൂടി നില്‍ക്കുന്നവരോടായി പറയുന്നുണ്ടായിരുന്നു. തങ്ങള്‍ക്കു കിട്ടിയ ചിത്രത്തിന്‍റെ മിഴിവ് നോക്കുന്നവര്‍ അത് കേള്‍ക്കാഞ്ഞതോ കേട്ട മട്ടു നടിക്കാഞ്ഞതോ! ചോര കുതിച്ചൊഴുകുകയാണ്. ഇനിയും വൈകിയാല്‍…. റോഡിലേക്ക് ഇറങ്ങി ഓട്ടോയ്ക്ക് കൈ കാട്ടിയ ഞാന്‍ പെട്ടെന്ന് ഒരു ഉള്‍വിളി തോന്നിയ പോലെ കൈ പിന്‍വലിച്ചു. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയില്‍ പോയാല്‍ കൂടിക്കാഴ്ച? ആരുടെയൊക്കെ കാലുപിടിച്ചിട്ടാണ് ഈ ജോലി ഉറപ്പാക്കിയത്. ഈ അവസരം നഷ്ടമായാല്‍….

എം ബി എ യ്ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ സന്തോഷത്തെക്കാളേറെ അഹങ്കാരമായിരുന്നു. കാശിനു ബുദ്ധിമുട്ടി മകനെ നഗരത്തിലയച്ചു പഠിപ്പിക്കുന്നതിന് കുറ്റപ്പെടുത്തിയ നാട്ടുകാരുടെ മുന്നില്‍ അഭിമാനത്തോടെ “എന്‍റെ മകനെ അവനിഷ്ടമുള്ളിടത്തോളം ഞാന്‍ പഠിപ്പിക്കും” എന്ന് പറഞ്ഞ അച്ഛന്‍ പോലും കുറ്റപ്പെടുത്തലിലേയ്ക്കും പരിഹാസത്തിലേയ്ക്കും വഴിമാറിയിരിക്കുന്നു. എനിക്ക് വേണ്ടി അടുക്കളകോണിലൊതുങ്ങി കൂടിയ സഹോദരിയുടെ നിശ്വാസങ്ങള്‍ ചുട്ടുപൊള്ളിക്കുന്നു. പ്രാര്‍ഥനകളും വഴിപാടുകളുമായി അമ്മയും അമ്മമ്മയും. കാണുമ്പോഴൊക്കെ ഇത്രേം പഠിച്ചിട്ടും ജോലിയൊന്നുമായില്ലേ എന്ന് ചോദിക്കുന്ന പരിചയക്കാരുടെ ശബ്ദത്തില്‍ പരിഹാസമോ സഹതാപമോ… വേര്‍തിരിച്ചറിയാനാവുന്നില്ല. അഭ്യസ്തവിദ്യനായ തൊഴില്‍രഹിതന്‍റെ കഥകളിലെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്ന കാമുകി മാത്രം ഇല്ല അത്രയും ആശ്വാസം.

പെട്ടെന്നുണ്ടായ വെളിപാടില്‍ പിന്‍വിളിയെ അവഗണിച്ച് മുന്നോട്ട് നീങ്ങി. കാലുകള്‍ക്ക് സാമാന്യത്തിലധികം ഭാരം;മനസ്സിനും… വേണ്ടപ്പെട്ടവരെ കണ്ട് ജോലി നേരത്തെ ഉറപ്പാക്കിയതിനാല്‍ കൂടിക്കാഴ്ച ഒരു ചടങ്ങ് മാത്രമായി. നിയമനക്കത്ത് നെഞ്ചോടടുക്കി പിടിച്ച് പടികളിറങ്ങുമ്പോള്‍ ചിന്തകള്‍ വീണ്ടും ചോരയില്‍ കുളിച്ച പെണ്‍കുട്ടിയുടെ ദയനീയ രോദനങ്ങളില്‍ ഉടക്കി.

രാവിലെ നടന്ന അപകടത്തില്‍ പെട്ടവര്‍ക്ക് എന്തുസംഭവിച്ചു എന്നാ ചോദ്യത്തിന് കടക്കാരന്‍ നിസ്സംഗനായി മറുപടി നല്‍കി. “ഓ ആ കൊച്ച് മരിച്ചുപോയി. അങ്ങേര് ഏതോ ആശുപത്രിയില്‍ ആണെന്ന് കേട്ടു.” ഒരു കുറ്റബോധം കൂടുതല്‍ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.

മടക്കയാത്രയിലുടനീളം അപകടസ്ഥലത്തെ വിവിധ ദൃശ്യങ്ങള്‍ മനസിലൂടെ കടന്നുപോയി. വളരെ വൈകി വീട്ടിലെത്തിയപ്പോഴും ആഹാരം വിളമ്പി ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെ കണ്ടപ്പോഴാണ് ഇന്നത്തെ ദിവസം ഒരു ചായ പോലും കുടിച്ചിട്ടില്ലെന്ന് ഓര്‍ത്തത്. കൈ കഴുകുമ്പോള്‍ ചോരയുടെ മനംമടുപ്പിക്കുന്ന ഗന്ധം. എത്ര കഴുകിയിട്ടും മാറാത്ത പോലെ.

“വേണ്ടമ്മേ വൈകുമെന്നോര്‍ത്തപ്പോള്‍ ഞാന്‍ ആഹാരം കഴിച്ചു” അമ്മയോട് കള്ളം പറഞ്ഞ് മുറിയിലേക്ക് നീങ്ങുമ്പോള്‍ നിയമനക്കത്ത് കയ്യിലിരുന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

 

Share.

About Author

145q, 0.570s