Leaderboard Ad

ജയമോഹനന്റെ’നൂറു സിംഹാസനങ്ങള്‍’ക്കൊപ്പം

0

3560648061_MAIN-100-SIMHASANAM
ജയമോഹന്റെ  നൂറുസിംഹാസനങ്ങളെന്ന  നോവല്‍ വായിക്കുബോള്‍

Caste has a divine basis. You must therefore destroy the sacredness and divinity with which Caste has become invested. In the last analysis, this means you must destroy the authority of the Shastras and the Vedas. – B. R. Ambedkar )

പ്രതിരോധത്തിന്റെ ആവിഷ്ക്കാരങ്ങള്‍ക്കുവേണ്ടി കലാകാരന്മാര്‍ ഊര്‍ജ്ജം തേടുന്നത് ജീവിതത്തിനപ്പുറം എവിടയോ മാറിനില്‍ക്കുന്ന ഒന്നില്‍നിന്നല്ല , ജീവിതത്തിന്റെ ചുറ്റുവട്ടത്തുനിന്ന് തന്നെയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ദളിതനായ ഒരു സിവില്‍ സര്‍വീസ്സ് ഉദ്യോഗസ്ഥന്റെ ആത്മകഥാംശമുള്ള നൂറുസിംഹാസനങ്ങളെന്ന ജയമോഹന്റെ നോവല്‍

പ്രബലധാര സമൂഹങ്ങള്‍ മാറ്റിനിര്‍ത്തിയ ഒരു ജനതയുടെ മനോവ്യാപാരങ്ങളെ വളരെ ശക്തവും ലാളിത്യത്തിന്റെ തെളിമയുമുള്ളതുമായ ഒരു ഭാഷയില്‍ വരച്ചിടുകയാണ് എഴുത്തുകാരന്‍ ഒപ്പം ആധുനിക ലോകത്തും ഓന്തിനെപ്പോലെ , ജാതീയത അതിന്റെ നിറംമാറ്റി പിടിതരാതെ  നമ്മുടെ സമൂഹത്തില്‍ ഒളിച്ചിരിക്കുന്നത് എങ്ങിനെയാണെന്ന അന്വേഷണം കൂടിയാണ് ഈ നോവല്‍ .

മുഖ്യധാരാ സമൂഹത്തില്‍നിന്ന് അദൃശ്യരായി, ഓടകളുടെയും ചപ്പുചവറുകളുടെയും മറപിടിച്ചു സ്വന്തമായ സഞ്ചാര പതാകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന നായാടികളെന്ന വര്‍ഗ്ഗം. വിശപ്പെന്ന ഒരേയൊരു  യഥാര്‍ത്ഥ്യം മാത്രമറിയുന്നവര്‍,  അവിടെനിന്നു കാപ്പന്‍ സിവില്‍ സര്‍വീസ് ഉദ്യോഗം വരെയെത്തുന്നത് സ്വപ്രയത്നം കൊണ്ടാണ് . ജനാധിപത്യം ദളിതനു വച്ചുനീട്ടിയ അധികാരത്തിന്റെ സിംഹാസനങ്ങള്‍ ആത്മാഭിമാനമുള്ള ഒരു വ്യക്തിയാകാനുള്ള  കാപ്പന്റെ ആഗ്രഹങ്ങള്‍ക്ക് ഒരു താങ്ങായി തീരുന്നുവെങ്കിലും  സമൂഹത്തിന്റെ  ജാതികണ്ണുകള്‍ അവനെ വിടാതെ പിന്തുടരുകയാണ് ഉണ്ടായത്.

നായാടിയായി ജനിച്ചുപോയിയെന്ന ഒരൊറ്റ കുറ്റത്താല്‍ സിവില്‍ സര്‍വീസ് ഉദ്യോഗത്തിന്‍റെ അധികാര കസേര അപമാനവും അവഗണയും മാത്രം നോവലിലെ നായകനായ കാപ്പന് തിരിച്ചുനല്കുബോള്‍, അയാളിലെ  നിസ്സഹായത കത്തിപടര്‍ന്ന്‍  അസ്ഥികളെ പോലും പൊള്ളിക്കുന്നു . “എനിക്ക് ഇന്നി ഇതുപോലെ നൂറുസിംഹാസനങ്ങളുടെ അധികാരം കിട്ടിയാല്‍ പോലും , നിങ്ങളെന്നെ മനുഷ്യനായി പരിഗണിക്കില്ല..”.അപമാനഭാരം പേറുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഈ പരിവേദനം മാറ്റൊലികൊള്ളുന്നത്‌ അനുവാചകന്റെ ഹൃദയത്തിലാണ്. ഇവിടെ അധികാരത്തിന്റെ സമവാക്യങ്ങളും അര്‍ത്ഥതലങ്ങളും ആശയറ്റത്തുപോലെ  സ്തംഭിച്ചുപോകുകയാണ് നോവലില്‍.

ന്യായത്തെ പോലും പ്രതികൂട്ടില്‍ നിര്‍ത്തുന്ന ഒരു സന്ദര്‍ഭമുണ്ട് നോവലില്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ  ബോര്‍ഡിനു മുമ്പില്‍ ശ്വാസമടക്കി പിടിച്ചിരുന്ന കാപ്പന് നേരിടേണ്ടിവന്ന ഒരു ചോദ്യമുണ്ട് , ഹൃദയംകൊണ്ട് ഉത്തരം പറയണമോ അല്ലെങ്കില്‍, സാമാന്യമായ യുക്തികൊണ്ട് ഉത്തരം പറയണമോയെന്നു ഏതൊരു അടിച്ചമര്‍ത്തപെട്ടവനും സംശയിച്ചുനിന്ന്പോകുന്ന സന്ദര്‍ഭം.

“നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക ….? “

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ  ബോര്‍ഡിലെ ഒരാളില്‍ നിന്ന് വന്ന ഈ ചോദ്യത്തിനു ഉത്തരം പറഞ്ഞത്‌ , ഉദ്യോഗാര്‍ത്ഥിയും യുവാവുമായ കാപ്പന്‍ ആയിരുന്നില്ല , അയാളുടെ ഉള്ളില്‍ തന്നെയുള്ള, വര്‍ഷങ്ങള്‍ക്കു പിറകില്‍ വയറെന്ന ഒരേഒരു യാഥാര്‍ത്ഥ്യവും പശിയെന്ന ഒരേഒരു ബോധവുമുള്ള, ചോറുരുള വായിലേക്ക് വെക്കുബോള്‍ തെറിവിളികള്‍ക്ക് വേണ്ടി കാതോര്‍ത്തിരുന്ന ,  ചോറിന്റെ വെള്ളപൊക്കം , ചോറിന്റെ ആന, ചോറിന്റ കടല്‍  തുടങ്ങിയ വന്യലോകങ്ങളില്‍ തനിച്ചു നടന്നു കയറിയ കാപ്പനെന്ന ബാലനില്‍ നിന്നാണ് .

” ഒരു നായടിയെയും മറ്റോരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്‍റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്  ”

കാപ്പന്റെ ഉത്തരം വളരെ വ്യക്തവും ലളിതവുമാണ്. പാണ്ഡിത്യത്തിന്‍റെ സങ്കീര്‍ണ്ണതകളും അറിവിന്റെ ഭാരവും മുട്ടുവിറച്ചു പോകുന്നത് ജീവിതാനുഭവങ്ങള്‍ തന്നെ ഉത്തരങ്ങളായി വരുന്നിടത്താണ് മറച്ചുവെക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് സത്യമെന്തെന്ന് വേറേ വായിച്ചു പഠിക്കേണ്ടകാര്യമില്ല.

നായാടി അടക്കമുള്ള ദളിത്‌ വിഭാഗത്തെ  അവര്‍ക്ക് തന്നെ അദൃമായി നിര്‍ത്തി, അവരുടെ സാമൂഹികമായ വലിയ പരിമികളെ പരിഗണിക്കാതെ അവന്റെ കുറ്റങ്ങളെയും കുറവുകളെയും ജാതീയമായ വാസനകളില്‍ നിന്നാണ് വരുന്നതെന്ന് പെരുപ്പിച്ചു പറയുന്ന പൊതുബോധത്തിന്റെ ജാതീയമായ കാഴ്ചപാടുകളെയും പൊങ്ങച്ചങ്ങളെയും  പ്രതികൂട്ടില്‍ കയറ്റിനിര്‍ത്തുകയാണ് കാപ്പന്റെ ഈ മറുപടിയിലൂടെ നോവലിസ്റ്റ്‌.

സിംഹാസനങ്ങള്‍ നിര്‍മ്മിക്കപെടുന്ന തത്സമയത്തുതന്നെ ആരൊക്കെ അതില്‍ ഇരിക്കണം , ആരൊക്കെ ഇരിന്നു കൂടായെന്ന ബോധത്തിന്റെ നിര്‍മ്മിതികൂടെ ഒരു സമൂഹത്തില്‍ നിശബ്ദമായി  നടക്കുന്നുണ്ട് എന്ന് നോവല്‍ കൃത്യമായി നമ്മുടെ മുന്നില്‍ തുറന്നുകാണിക്കുന്നു. ചരിത്രത്തില്‍ എവിടെയാണ് സമൂഹത്തിന്റെ അതിര്‍വരമ്പുകളില്‍ ഇഴഞ്ഞു  നടന്ന മനുഷ്യര്‍ക്ക്‌ വേണ്ടി പട്ടാഭിഷേകങ്ങള്‍ നടന്നത് , “ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാഭിഷേകങ്ങള്‍ നടത്തിയത്” അങ്ങിനെ പറഞ്ഞവരോക്കെ വഴിപിഴച്ചുപോയി . ചരിത്രം ഇപ്പോഴും മിഴിച്ചുനോക്കിനില്‍ക്കുകയാണ് ആ പഴയ വാഗ്ദാനലംഘനങ്ങളെ ഓര്‍ത്ത്.

ഫ്യൂഡല്‍ സബ്രദായത്തിന്റെ തകര്‍ച്ചയോടെ ജാതീയമായ വേര്‍ത്തിരിവുകള്‍ നശിച്ചുപോമെന്ന് വ്യാമോഹിച്ച രാഷ്ട്രീയനിലപാടുകള്‍,  ജാതി, ഗുണത്തിന്റെയും കര്‍മ്മത്തിന്റെയും അടിസ്ഥാനത്തിലാണ് വേര്‍ത്തിരിക്കേണ്ടതെന്ന  കപട വ്യാഖ്യാനങ്ങള്‍ നടത്തിയ മതങ്ങള്‍, എല്ലാജാതികളെയും ഒരമ്മ പെറ്റതാണെന്ന ഐതിഹ്യങ്ങള്‍ ,  എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന തരത്തിലാണ് ജാതീയമായ സങ്കുചിത ബോധത്തിന്‍റെ വളര്‍ച്ച നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു കയറുന്നത് ,  നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് വളരെ പ്രസക്തമായ ചില പുതിയ  സാമൂഹ്യ പ്രവണതകള്‍ക്ക് നേരെ ഒരു കണ്ണാടിയാക്കുകയാണ് ഈ കൃതി. അതോടൊപ്പം ജാതിബോധത്തിന്റെ സാംസ്കാരിക പരിസരത്ത് സമൂര്‍ത്തമായ ഇടപെടലുകള്‍ ഒന്നും നടത്താതെ  മൗനത്തിന്റെ മറയുള്ള വിമര്‍ശനകൊണ്ട്മാത്രം  ഇനിയെത്രകാലം തുടരാന്‍ സാധിക്കും, പ്രതികൂട്ടില്‍ നില്‍ക്കുന്ന പൊതുസമൂഹത്തിനു നേരെ ഒരു ദയയുമില്ലാത്ത ചോദ്യങ്ങള്‍ തൊടുത്തുവിടുകയാണ്  നോവലിസ്റ്റ്.

നിരുത്തരവാദപരമായ ഭാവനയില്‍ അലഞ്ഞുതിരിഞ്ഞു ജീവിതത്തിന്റെ  സൗഖ്യങ്ങളില്‍  അസ്ഥിതദുഖത്തിന്‍റെ  കഞ്ചാവിന്‍ പുകചുരുളുകള്‍ തേടുന്ന മലയാളിയുടെ ചില  ആസ്വാദന തലങ്ങളെ മുറിപെടുത്തികൊണ്ട്  എഴുത്തിന്റെ പുതിയ ബലതന്ത്രങ്ങളെ പരീക്ഷിക്കുകയാണ് ജയമോഹന്‍. കേട്ടുപഴകിയ എഴുത്തുകാരുടെ പുസ്തകങ്ങളെ തൊട്ടും തലോടിയും പുതിയതൊന്നും വരുന്നില്ല എന്ന് പറഞ്ഞു വിലപിക്കുന്നവര്‍ക്ക് ഒരു മറുപടിയാണ് ‘നൂറു സിംഹാസനങ്ങള്‍’.

ഭാവയുടെ യുക്തിയാണോ , അതോ യുക്തിയുടെ ഭാവനയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം, വ്യക്തിപരമായ  അനുഭവം  നല്ല ഒരു ആത്മാവിഷ്കാരമാകുകയും , അത് പോലെ നേരേതിരിച്ച്,  ഒരു കൃതി  ദീപ്തമായ അനുഭവമായി തീരുകയും ചെയ്യന്നു. തീര്‍ച്ചയായും വായിക്കപെടേണ്ട നോവലുകളില്‍ ഒന്നാണ് നൂറു സിംഹാസനങ്ങള്‍.

എന്റെ വര്‍ഗ്ഗത്തിന്റെ ഹൃദയം അതിന്റെ എല്ലാ വിശപ്പുകളെയും ശമിച്ച് ദ്രവിച്ച് മണ്ണായി മാറണമെങ്കില്‍ എനിക്കിനിയും നൂറുസിംഹാസനങ്ങള്‍ വേണമെന്നു പറഞ്ഞു നോവല്‍ അവസാനിക്കുനബോള്‍ നൂറുസിംഹാസങ്ങളുടെ അധികാരത്തെ ഒറ്റജന്മത്തിന്റെ നിസ്സഹായതകൊണ്ട് കാപ്പന്‍ തോല്‍പ്പിക്കുകയാണ്.

നോവല്‍ വായിച്ചു കഴിഞ്ഞു പുസ്തകം മടക്കിവെക്കുബോളും ” അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്  ” എന്ന കാപ്പന്റെ മറുപടി സമത്വത്തെ കുറിച്ചുള്ള വ്യവസ്ഥാപിതമായ നിര്‍വചനങ്ങളെ കീറിമുറിച്ചുകൊണ്ട് ഒരു മാറ്റൊലി പോലെ വായനക്കാരെ പിന്തുടരും .

(Caste has a divine basis. You must therefore destroy the sacredness and divinity with which Caste has become invested. In the last analysis, this means you must destroy the authority of the Shastras and the Vedas. – B. R. Ambedkar)

-സുവീഷ്‌ ഏങ്ങണ്ടിയൂര്‍

 

Share.

About Author

150q, 0.746s