Leaderboard Ad

ജസീറയ്ക്ക് ലഭിക്കാത്തതും സന്ധ്യക്ക് ലഭിക്കുന്നതും

0

തന്റെ വീട്ടിലേക്കുള്ള വഴിയില് ഉപരോധ സമരക്കാരെ തടയുവാന് പോലീസ് ബാരിക്കേടുകള് വച്ചതു മൂലം തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്നും അതിനു കാരണക്കാര് സമരക്കാരാണെന്നും പറഞ്ഞ് അവക്ക് നേരെ നടത്തിയ ശകാര വര്ഷം കൊണ്ട് തിരുവനന്തപുരം സ്വദേശിനി സന്ധ്യ എന്ന വീട്ടമ്മ മാധ്യമങ്ങളിലും മലയാളികള്ക്ക് ഇടയിലും താരമായത് പൊടുന്നനെയാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനായി പോരാടിയ ചരിത്രത്തിലെ സമര നായികമാരെയെല്ലാം ഏതാനും നിമിഷം കൊണ്ട് അവര് നിഷ്പ്രഭമാക്കി ഉപരി/മധ്യവര്ഗ്ഗ മലായളികള്ക്കിടയിലെ താരമായി മാറി. ആം ആദ്മി പാര്ട്ടിക്കാരിയാണോ എന്നു പോലും ചിലര് സംശയം പ്രകടിപ്പിച്ചു. സന്ധ്യയുടെ പ്രകടനം ദൃശ്യമാധ്യമങ്ങള് ആഘോഷിക്കുവാന് ആരംഭിച്ചപ്പോള് തന്നെ അഞ്ചു ലക്ഷത്തിന്റെ പാരിതോഷിക പ്രഖ്യാപനവുമായി പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി രംഗത്തെത്തി. അഴിമതിയ്ക്കോ കൊള്ളരുതായ്മയ്ക്കോ പ്രകൃതി ചൂഷണത്തിനൊ എതിരെ സമരം നടത്തിയതിനല്ല മറിച്ച് സമരത്തിനെതിരെ പ്രതികരണം നടത്തിയതിനാണ് എന്നതാണ് ഇതിലെ വിരോധാഭാസം. ഉപരി/ മധ്യവര്ഗ്ഗ/മുതലാളിമാര്ക്കിടയില് ഒരു പക്ഷെ പ്രശംസിക്കപ്പെട്ടേക്കാം, തന്റെ കിഡ്ണി മറ്റൊരാള്ക്ക് ദാനം നല്കി മാതൃക കാണിച്ച, നിരവധി പേര്ക്ക് സഹായങ്ങള് ചെയ്യുന്ന വ്യക്തിയാണെങ്കിലും ഈ പ്രവര്ത്തിയിലൂടെ സി.പി.എം നേതാവ് ബേബി ജോണ് പറഞ്ഞ പോലെ ഇവിടെ കൊച്ചൌസേപ്പ് സ്വയം ചെറുതാകുകയാണ് ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതായി പറയപ്പെടുന്ന വന് തട്ടിപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി മാറി നിന്നു കൊണ്ട് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് ഈ സമരം എന്നത് സന്ധ്യയും ചാനല് ദൃശ്യങ്ങള് കണ്ട് കയ്യടിച്ചും ഫേസ്ബുക്കില് ലൈക്കടിച്ചും മലയാളികളില് ഒരു വിഭാഗം പുളകം കൊള്ളുന്നവരും മറന്നു പോകുന്നു.ഒരിക്കലും നടക്കാന് പാടില്ലാത്തിടത്ത് നടന്ന വലിയ ഒരു തട്ടിപ്പ് തുറന്ന് കാട്ടപ്പെടുകയും പ്രതികള് എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം എന്ന ചിന്ത ഉണ്ടാക്കുന്നതിനു പകരം തങ്ങളുടെ സഞ്ചാര സൌകര്യം എന്ന പരിമിതമായ വിഷയത്തിലേക്ക് മലയാളിയെ ചുരുക്കുവ്ാന് സന്ധ്യയുടെ ശകാരത്തിനു സാധ്യമാകുന്നു. സര്ക്കാര് ഖജനാവിനു ഒരു രൂപ പോലും നഷ്ടമുണ്ടായില്ല പിന്നെന്തിനു മുഖ്യമന്ത്രി രാജിവെക്കണം സമരം നടത്തണം തുടങ്ങിയ എന്ന വലതുപക്ഷ ന്യായത്തിനു ലൈക്കടിക്കുമ്പോള് മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയകള് തട്ടകമായി ഉപയോഗിച്ചാല് ഉണ്ടാകുന്ന അപകടത്തെ പറ്റി അവര് സൌകര്യപൂര്വ്വം വിട്ടു കളയുന്നു.

– സതീഷ്‌ കുമാര്‍

സമരങ്ങള് സഞ്ചാര സ്വാതന്ത്ര്യത്തിനും ഭരിക്കാനുള്ള അവകാശത്തിനും വികസനത്തിനും വിലങ്ങു തടിയാകുന്നു എന്ന വാദം പണ്ടേ ഉള്ളതാണ്. എന്നാല് സമീപകാലത്ത് കേരളീയ സമൂഹത്തില് സമരവിരുദ്ധത വലിയ തോതില് വര്ദ്ധിച്ചിരിക്കുന്നു. തീര്ച്ചയായും സ്ഥാനത്തും അസ്ഥാനത്തും വിവിധ രാഷ്ടീയ/സമുദായ കഷികള് പ്രഖ്യാപിക്കുന്ന ഹര്ത്താലുകള് ഇത്തരം ചിന്തകള്ക്ക് പിന്ബലം ഏകുന്നുമുണ്ട്. എന്നാല് സകല സമരങ്ങളും അനാവശ്യവും പൊതു സമൂഹത്തിനു ശല്യവുമാണെന്നും സമര രഹിതമായ ലോകമാണ് സുന്ദരമെന്നും തെറ്റിദ്ധരിച്ചിരിക്കുന്നവര് അറിയാതെ പോകുന്നത് നൂറ്റാണ്ടുകളായി നിരവധി പേര് നടത്തിയ സഹന സമരങ്ങളാണ് തങ്ങളെ സ്വതന്ത്രരാക്കിയതെന്ന ചരിത്രത്തെയാണ്. തന്റെ ജീവിതത്തേക്കാള് സമൂഹത്തിന്റെ സ്വാതന്ത്ര്യമാണ് വലുതെന്ന് പറഞ്ഞ് ജീവന് ഹോമിച്ചവരുടെ വലിയ നിരയെ പിന്തിരിഞ്ഞു നോക്കിയാല് ഇത്തരക്കാര്ക്ക് കാണാന് ആകും. എന്നാല് അത്തരം പിന് നോട്ടങ്ങളേയും ഇല്ലായ്മ ചെയ്യുവാനും ചരിത്രത്തിന്റെ ചോരചിന്തിയ ഇന്നലെകളുടേയും കാഴ്ചകളെ മായ്ക്കുവാന് മാത്രം മലയാളി ബോധം ഉപഭോഗ തൃഷ്ണയിലും അവനവന്റെ സുഖസൌകര്യങ്ങളിലും അടിമപ്പെട്ടിരിക്കുന്നു.എന്താണ് മലയാളിയുടെ പൊതു ബോധത്തിനു സംഭവിച്ചത്? അനീതിക്കും അക്രമത്തിനും അഴിമതിയ്ക്കും എതിരെ ധീരമായി പോരാടിയ ചരിത്രം ഉള്ള മലയാളി എപ്പോളാണ് അവനവന്റെ സൌഖ്യങ്ങളുടെ ആലസ്യത്തിലേക്ക് വഴുതി വീണത്?

വെയിലും മഞ്ഞും കാറ്റും പൊടിയും ഏറ്റ് ജസീറ എന്ന വീട്ടമ്മ തന്റെ കുഞ്ഞുങ്ങള്ക്കൊപ്പം മണല് മാഫിയയ്ക്കെതിരെ കേരളത്തിലും തുടര്ന്ന് ന്യൂഡെല്ഹിയിലും പോരാടുന്നത് കേരളത്തിലെ മധ്യവര്ഗ്ഗം എങ്ങിനെ നോക്കിക്കാണുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. മണല് മാഫിയാക്കാരില് നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് മാസങ്ങളായി സമരമുഖത്ത് ജസീറയും കുഞ്ഞുങ്ങളും സഹിക്കുന്ന യാതനകളെ കണ്ടില്ലെന്ന് നടിക്കുന്ന മലയാളിയാണ് ഏതാനും നിമിഷങ്ങള് മാത്രം നീണ്ടു നിന്ന സന്ധ്യയുടെ ” സഞ്ചാര സ്വാതന്ത്ര്യ ശകാരത്തെ” ടെലിവിഷന് വാര്ത്തകളില് കണ്ട് കയ്യടിച്ചും ഫേസ് ബുക്കില് ലൈക്കടിച്ചും പുളകമടയുന്നത്. ദില്ലിയിലെ കൊടും തണുപ്പില് പലതവണ പോലീസിനാല് സമരപന്തലില് നിന്നും കുടിഴൊപ്പിക്കപ്പെട്ടിട്ടും കുഞ്ഞുങ്ങളേയും കൂട്ടി അനീതിക്കെതിരെ പ്രതികരിച്ച വീട്ടമ്മ എന്ന നിലയില് ഒരു കൊച്ചൌസേപ്പുമുതലാളിമാരാരും അവര്ക്ക് ലക്ഷങ്ങളുടെ പാരിതോഷികം പ്രഖ്യാപിച്ചില്ല. എന്തു കൊണ്ട് ഇപ്രകാരം സംഭവിക്കുന്നു എന്ന് ചിന്തിക്കുമ്പോളാണ് മലയാളി മനസ്സിനെ കാന്സര് പോലെ കാര്ന്നു പിടിച്ച അപകടം നിറഞ്ഞ സ്വന്തം സ്വാതന്ത്ര്യം/ സുഖം എന്ന അവസ്ഥയെ തിരിച്ചറിയുക. വലിപ്പമളക്കാന് സാധിക്കത്ത അത്രയും വിപുലമാണതിന്ന്. മണല് മാഫിയകളും പാറമട മാഫിയകളും ഉണ്ടെങ്കിലേ തങ്ങള്ക്ക് മണിമന്ദിരങ്ങള് പണിതുയര്ത്തുവാന് സാധിക്കൂ എന്ന തിരിച്ചറിവ് അവര്ക്കുണ്ട്. കൂടുന്ന ചൂടിനെ പറ്റി വാചാലരാകുകയും ഒപ്പം തന്നെ സ്വന്തം വീടിനെ ശീതീകരിച്ച് അതിനകത്തെ ആലസ്യത്തിലേക്ക് ഊളിയിടുവാന് മലയാളി ശീലിച്ചിരിക്കുന്നു. ടി.വിയ്ക്കായും, എ.സിയ്ക്കായും ആഢംഭര വീടുകളുടെ വെളിച്ച വിധാനത്തിനായും ഉള്ള വൈദ്യുതിയുടെ വര്ദ്ധിച്ച ഉപഭോഗം മൂലം വ്യവസായങ്ങളും ആതുരസേവന രംഗങ്ങളും മറ്റു പൊതു സംവിധാനങ്ങളും വീര്പ്പു മുട്ടുകയും ചെയ്യുന്നു. ഇവര് പുറം തള്ളുന്ന മാലിന്യങ്ങള് സമീപത്തെ ഗ്രാമങ്ങളെ നരകങ്ങളാക്കുന്നു.

മണല് മാഫിയായ്ക്കെതിരെ ഉള്ള ജസീറയുടെ സമരം കാണുമ്പോളും ഹരീഷ് വാസുദേവിനെ പോലെ ഉള്ള പരിസ്ഥിതി പ്രവര്ത്തകര് നടത്തുന്ന പ്രവര്ത്തനങ്ങളും പ്രചാരണങ്ങളും കാണുമ്പോളും ഇവര്ക്ക് വേറെ പണിയില്ലേ എന്ന പുച്ഛം കലര്ന്ന വാക്കുകളിലേക്ക് പ്രതികരണം ചുരുക്കുന്നതും സമകാലിക മലയാളി മനസ്സിന്റെ വൈകല്യത്തെ ആണ് വ്യക്തമാക്കുന്നത്.ഒറ്റുകാര്ക്കും കുലം കുത്തികള്ക്കും സ്ഥനമാനങ്ങളും പാരിതോഷികങ്ങളും നല്കപ്പെട്ട അവസരങ്ങള് മുമ്പും ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും സമരത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില് ഇത്തരത്തില് വലിയ തുക പാരിതോഷികമായി പ്രഖ്യാപിക്കപ്പെടുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവം തന്നെയാണ്. നിലവിലെ സാഹചര്യത്തില് ഇനിയും ഇത്തരം പാരിതോഷികങ്ങള് പ്രഖ്യാപിക്കപ്പെടുകയില്ല എന്ന് കരുതാനാകില്ല. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തിന്റെ പാരിതോഷികവും വിരല് ചൂണ്ടുന്നത് വരാനിരിക്കുന്ന ഗുരുതരമായ മറ്റു ചില വിഷയങ്ങളിലേക്കാണ്.

സമര രഹിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന എന്നത് മൂലധന ശക്തികളുടെ എക്കാലത്തേയും സ്വപ്നമാണ്. അതിനായി അവര് പലതരത്തിലുള്ള പ്രലോഭനങ്ങളും വച്ചു നീട്ടും.എന്നാല് ഇത്തരം പ്രലോഭനങ്ങളില് നിന്നും കുതറിമാറുവാനുള്ള ജനതയുടെ ആര്ജ്ജവം ചരിത്രത്തില് പലയിടത്തും കാണുവാനാകും. സമര നേതാക്കളെ ശകാരിച്ച സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെ തന്നെ തന്റെ കിഡ്ണി ഒരു പാതിരിക്ക് നല്കിയതിനു പാരിതോഷികമായി കൊച്ചൌസേപ്പ് നല്കിയ തുക തന്റെ വീട് വിറ്റിട്ടായാലും തിരിച്ചു നല്കും എന്ന് കണ്ണൂര് സ്വദേശിയുടെ പ്രഖ്യാപനം വന്നതും. ഇത്തരം ആര്ജ്ജവമാണ് മലയാളി കാണിക്കേണ്ടത്. അല്ലെങ്കില് സമീപ ഭാവിയില് തന്നെ പ്രതികരണ ശേഷിയില്ലാത്ത ഷണ്ഢീകരിക്കപ്പെട്ട ഒരു സമൂഹമായി മാറും മലയാളിയുടേത്. അനീതിക്കെതിരെ പ്രതികരിക്കുന്നവരെയും സമരങ്ങളില് ഏര്പ്പെടുന്നവരേയും ഒറ്റപ്പെടുത്തിയും അപഹസിച്ചുമല്ല മറിച്ച് അവര്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കരുത്തു പകര്ന്നു കൊണ്ട് ആകണം മലയാളി ആധുനികനെന്ന്/സംസ്കാരമുള്ളവനെന്ന് പറയുവാന്.

-സതീഷ് കുമാർ

Share.

About Author

136q, 1.254s