Leaderboard Ad

ജീവധാര(സംഘ കവിത)

0

സംഘരചനയെ കുറിച്ച്

=============
നേർരേഖ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ ശ്രീ ബാലറാം രാഘവൻ തുടങ്ങി വച്ച “സംഘം ചേർന്ന് കവിത എഴുതുക” എന്ന ആശയത്തിലേക്ക് ഗ്രൂപ്പിലെ 12 പേർ സജീവം ആയി വരികളും, ആശയങ്ങളും നിർദേശങ്ങളും സംഭാവന ചെയ്യുകയും ഏകദേശം 31 പേർ ലൈക്‌ ചെയ്തു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കവിത കവിയും എഴുത്തുക്കാരനും ആയ ശ്രീ സി പി അബൂബക്കർ എഡിറ്റ്‌ ചെയ്തു

=================================================================

“ബാലറാം രാഘവൻ, ഷാനവാസ് താജുദ്ദീൻ,അനിൽ കല്യാണി,കബീർ വയനാട്,സന്ധ്യ രാഘവൻ,ശ്രീനി സുകൃതം,ലൈല സുലൈമാൻ,സുനിൽ ശാന്തിനഗർ,സന്തോഷ്‌ വാസുദേവൻ,അരുണ്‍ എ എസ്,നാസർ മൊഹമ്മദ്‌,അഭിലാഷ് അബയ്
=================================================================

(ഒന്ന്)
അകലെ എവിടെയോ ഉയരുന്നു നിലവിളി,
ഗര്‍ഭഗൃഹത്തില്‍ നിന്നുയരുന്നു
മണ്ണിന്റെ മാറില്‍ മനുജന്റെ രോദനം.
മണ്ണടരുകള്‍ക്കടിയില്‍ നിന്നാരോ
പേരു ചൊല്ലി വിളിക്കുന്നതാണോ?
ഞെട്ടിയുണരും പ്രകൃതിതന്‍ തേങ്ങലോ
വറ്റി വരണ്ടൊരു സ്‌നേഹത്തിന്‍ തേങ്ങലായ്
കേള്‍വിയുടെയാഴത്തില്‍ നൊമ്പരമാകുന്നു.

(രണ്ട്)
കടം കൊണ്ട ജീവനെ വിറ്റു തിന്നാനും
കൂടെയെന്‍ അമ്മ തന്‍ ചോര മോന്താനും
സാധ്യമല്ലെന്നു പ്രതിജ്ഞയെടുക്കയാം്
സ്വാന്തനമേകുവാന്‍ കൈയുകള്‍ കോര്‍ക്കയാം
കണ്ണികള്‍ പൊട്ടും കലപിലച്ചെത്തങ്ങള്‍
തമ്മിലന്യോന്യം കരഞ്ഞുചോദിക്കയാ-
ണിനിയെന്നു ചേര്‍ത്തു വിളക്കുമീ കണ്ണികള്‍
എന്നു നിലയ്ക്കുമീ ആര്‍ത്തനാദങ്ങള്‍?

(മൂന്ന്)
അകലെയാകാശപാളികള്‍ക്കപ്പുറം
ഓര്‍മ്മകള്‍ കാഴ്ചയായ് വന്നുനിന്നു.
നീയൊരോര്‍മ്മയായെന്‍മനസ്സിന്‍
ദര്‍പ്പണത്തില്‍ തെളിഞ്ഞെത്തിയല്ലോ
നിന്റെ ഭാവവും ലാസ്യവും രാഗവു-
മെല്ലാം തെളിയുന്നുവല്ലോ നിളേ.
പേരു ചൊല്ലി വിളിക്കുന്നു പിന്നെയും
നേരു ചൊല്ലി വിളിക്കുന്നു പിന്നെയും
കണ്ണിറുക്കുന്നിതാ നക്ഷത്രപംക്തികള്‍
ആകാശചാരിയായെന്റെകൂടെ
നീയുവരുന്നോ കിനാവിനൊപ്പം?
നെഞ്ചുകീറുന്നൊരീനേരുമായ് ഞാന്‍
നിന്നെയറിഞ്ഞൂചരിത്രമായി
പണ്ടേയൊഴുകിയകന്നതായി
ഭൂമിതന്‍ ഹൃദ്രക്തധാരയായി

(നാല്)
മുള പൊട്ടി വിരിയുന്ന നാളിലന്നു
നാട്യമറിയാത്തനാളിലന്ന്
എന്നില്‍ നിറച്ച വിഷങ്ങള്‍ ചേര്‍ന്നു
എന്നെഞാനെന്നേ മരണമാക്കി
ഞാന്‍ തൊട്ടവിത്തെല്ലാം നഞ്ഞുമായി
ഞാനോ വിഷക്കാറ്റായാഞ്ഞുവീശി
എല്ലാനദിയും തളര്‍ന്നുനിന്നു
എല്ലാകരയും തളര്‍ന്നുനിന്നു
നീയോനിളേയെന്റെ ഭാവനയില്‍
എന്നും ജ്വലിക്കുന്നു ഭീതിയായി.

(അഞ്ച്)
പൂക്കളും പുഴകളും മണ്ണടിഞ്ഞു
പൂമരം പൊള്ളിക്കരിഞ്ഞുതീര്‍ന്നു
വേഷവും ഭാഷയും മാറ്റി മാറ്റി
ആരോടിനി നിന്‍ പരാക്രമങ്ങള്‍?
ഹേ മനുഷ്യാ,
ആരോടിനി നിന്‍ പരാക്രമങ്ങള്‍?
കരയരിച്ചങ്ങിനെ പുഴയരിച്ചും
മണലരിച്ചങ്ങിനെ മണ്ണരിച്ചും
നിളയസ്ഥിമാത്രയായ് മുന്നില്‍നില്‌ക്കെ,
കവിപാടിവീണ്ടും കഥയറിയാ-
തുയിരുമുടലും വിറച്ചുനിന്നു
‘ഒഴുകട്ടെ നിള നീളെ നീളെ, നീളെ ….
ഇന്നിന്റെ ചേരിയില്‍ ഒത്തു ചേരാം’
ഒത്തുചേരാം നമുക്കൊത്തുചേരാം!

Share.

About Author

ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന പുരോഗമന ചിന്താഗതിക്കാരെ സംയോജിപ്പിക്കുകയും അവർക്ക് ഒത്തു ചേർന്ന് സംവാദങ്ങളിൽ ഏർപ്പെടാൻ ഒരു അവസരം ഒരുക്കുക്കയും ആണ് ഫേസ്ബുക്ക് ലെ കൂട്ടായ്മ ‘നേർരേഖ. ഞങ്ങളുട പുതിയ സംരംഭമാണ് ‘നേർരേഖ ഓണ്‍ലൈൻ മാസിക’.

140q, 0.530s