Leaderboard Ad

‘ഞാന്‍’ കണ്ടത്

0

​ടി പി രാജീവന്റെ  ‘കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും കൂടി രഞ്ജിത്ത് സിനിമയാക്കി . പാലേരി മാണിക്യത്തില്‍ നിന്നും ഞാന്‍ എന്ന പുതിയ സിനിമയിലേക്ക് വരുമ്പോള്‍ അച്ഛനു പകരം മകന്‍ നായകനാവുന്നു. മമ്മുട്ടിയുടെ മകന്‍ എന്നതിനപ്പുറം ഒരു നടന്‍ എന്ന മേല്‍വിലാസം ഇന്ന് ദുല്‍ഖര്‍ സല്‍മാന് അവകാശപ്പെടാം . സംസ്ഥാന അവാര്‍ഡ് നേടിയ ആദ്യ ചിത്രം പോലെ തന്നെ ഏവര്‍ക്കും ഒരുപോലെ ദഹിക്കുന്ന ഒരു ആവിഷ്കാരമല്ല പുതിയ സിനിമയിലും രഞ്ജിത്ത് ടി പി രാജീവന്‍ കൂട്ടുകെട്ട് പരീക്ഷിക്കുന്നത്.

ചരിത്രമാണ് ‘ഞാന്‍ ‘ പുനരാവിഷ്കരിക്കുന്നത്. ആ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ വേണ്ടതെല്ലാം രഞ്ജിത്ത് ഒരുക്കി. കാലഘട്ടം, വസ്ത്രം, കഥാപാത്രങ്ങള്‍ എല്ലാം പറയപ്പെടുന്ന സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കൃത്യമായി തന്നെ പ്രേക്ഷകന് മുന്‍പില്‍ എത്തുന്നുണ്ട്. സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് സ്വാധീനവും പ്രമേയത്തിന്റെ ഭാഗമായി വരുമ്പോള്‍ കൈ വിട്ടു പോകാതെ കഥയുടെ ഒഴുക്കിനനുസരിച്ച് മാത്രം പ്രേക്ഷകനിലേക്ക് എത്തുന്നു . ഒട്ടുമിക്ക ചരിത്ര സിനിമകളും പറയുന്ന രീതിയില്‍ തന്നെ വര്‍ത്തമാന കാലത്തില്‍ നിന്നും നായകന്‍ ചരിത്രമന്വേഷിച്ചു കോട്ടൂര്‍ ഗ്രാമത്തിലേക്ക് ബുള്ളെറ്റ് ഓടിക്കുകയാണ്.Njan_poster

ബ്ലോഗ്‌ എഴുത്തുകാരനായ ഐ ടി പ്രൊഫഷനല്‍ എന്നത് ഇന്നൊരു ക്ലീഷേ  ആയിത്തുടങ്ങി എങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. അയാളുടെ എഴുത്ത് നാടക ബന്ധങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കാന്‍ ജോയ് മാത്യു ,മുരളി മേനോന്‍ തുടങ്ങി വലിയൊരു നിര അഭിനേതാക്കള്‍ സ്വന്തം പേരില്‍ തന്നെ സിനിമയുടെ ഭാഗമാകുന്നു.

കോട്ടൂര്‍ ജീവിതം നാടകമാക്കാനുള്ള ശ്രമത്തിലൂടെയാണ് ചരിത്രത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ജനനം മുതല്‍ തിരോധാനം വരെ പറയുന്ന കോട്ടൂര്‍ ചരിത്രം ആദ്യ പകുതിയില്‍ ഏറെ മനോഹമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . എന്നാല്‍ ആദ്യ പകുതിയുടെ കയ്യടക്കം എവിടെയൊക്കെയോ കൈമോശം വന്നു എന്ന് തോന്നുന്നതായിരുന്നു രണ്ടാം പകുതി. ഇടയ്ക്കിടെ ഉളവാക്കിയ വലിച്ചു നീട്ടലുകള്‍, കടിച്ചാല്‍ പൊട്ടാത്ത ചില സംഭാഷണങ്ങള്‍ എന്നിവയെല്ലാം സാധാരണ പ്രേക്ഷകനെ തീയറ്ററില്‍ മൊബൈല്‍ ഗെയിം കളിക്കാന്‍ പ്രേരിപ്പിക്കുന്നത് കാണാന്‍ കഴിഞ്ഞു.

ചിത്രത്തില്‍ ഉടനീളം കോട്ടൂര്‍ മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങള്‍, സന്ദര്‍ഭങ്ങള്‍ രാഷ്ട്രീയം എന്നിവയുടെ സമകാലീന പ്രസക്തി വളരെ വലുതാണ്‌ . കഥാപാത്രങ്ങളുടെ ആവിഷ്കാരം എടുത്തു പറയേണ്ട സന്ദര്‍ഭങ്ങള്‍ എല്ലാം ഏറെയുണ്ട്. ചരിത്രം ഒരു വ്യക്തിയുടെ നന്മ മാത്രം പറയുന്നതല്ല എന്നതും ‘ഞാന്‍’ വ്യക്തമാക്കുന്നു. കൊട്ടൂരിന്റെ ബലഹീനതകള്‍ കൂടി പ്രേക്ഷകന് മുന്‍പില്‍ വ്യക്തമാക്കപ്പെടുന്നു ഈ ചിത്രത്തില്‍.

ഇ എം എസ്, കൃഷ്ണപിള്ള, എന്നീ നേതാക്കളുമായി കോട്ടൂര്‍ നടത്തുന്ന ആശയ സംവാദത്തില്‍ ഇ എം എസ് നടത്തി എന്ന് പറയപ്പെടുന്ന മറുപടി പ്രസംഗം പരിഹാസ്യ രൂപേണ അവതരിപ്പിച്ചത് ഒഴിവാക്കാമായിരുന്നു. ഹരീഷ് പേരാടിയെക്കൊണ്ട് അനുകരിപ്പിക്കുന്നതിനേക്കാള്‍ ആ സന്ദര്‍ഭം ആവിഷ്കരിക്കുകയായിരുന്നു ഉചിതം എന്ന് തോന്നുന്നു. എല്ലാവരെയും പിശുക്കില്ലാതെ വിമര്‍ശിക്കുന്നതും അഭിപ്രായം വ്യക്തമാക്കുന്നതും കോട്ടൂര്‍ ശൈലി ആയിരുന്നിരിക്കാം ആ രീതിയില്‍ അത് സന്നിവേശിപ്പിച്ചതും വളരെ ഉചിതമാണ്.

അന്ധയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്‌, സ്വത്തുക്കള്‍ അര്‍ദ്ധ സഹോദരന് നല്‍കുന്നത് തുടങ്ങി സമൂഹത്തിനു മുന്‍പില്‍ ഒരു കലയുടെ ധര്‍മം നിര്‍വഹിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്. ഓരോ അവസരത്തിലും കഥാപാത്രങ്ങള്‍ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവച്ചത്. മുത്തുമണി , സുരേഷ് കൃഷ്ണ , അനുമോള്‍, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങി എടുത്തു പറയേണ്ട അഭിനയ മുഹൂര്‍ത്തങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്.

രഞ്ജി പണിക്കര്‍ എന്ന പ്രതിഭയുടെ കയ്യൊപ്പ് എടുത്തു പറയേണ്ടതാണ്. അഭിനയത്തില്‍ ദുല്ഖറിനു താണ്ടാന്‍ ഏറെ ദൂരം ഇനിയുമുണ്ട് എന്നും പറയേണ്ടി വരും . പല ഘട്ടങ്ങളിലും കോട്ടൂരില്‍ നിന്ന് ദുല്‍ഖര്‍ വേറിട്ട്‌ നിന്നു. എന്നാല്‍ ദുല്‍ഖറില്‍ ഉള്ള നടനെ ആരും കുറച്ചു കാണേണ്ടതില്ല. പരിചയക്കുറവും വേഷത്തിന്‍റെ വലിപ്പവും കൂടെ അഭിനയിച്ചവരുടെ തികവും ശകലം പിന്നിലാക്കി എന്നേയുള്ളൂ.

Njaan-Malayalam-Movie

പാട്ടുകളെക്കാള്‍ കവിതയാണ് ചിത്രത്തില്‍ ഉള്ളത്. സന്ദര്‍ഭോചിതമായി മികച്ച രീതിയില്‍ വരുന്ന കവിതകള്‍ ഗൌരവമായി സിനിമയെ സമീപിക്കുന്നവരെ ഏറെ ആസ്വദിപ്പിക്കുന്നതാണ്. ഇഴ ചേരാതെ നില്‍ക്കുന്ന പശ്ചാത്തല സംഗീതം എവിടെയും കാണുവാന്‍ സാധിക്കില്ല.

രഞ്ജിത്ത് ഇന്ന് മലയാള സിനിമയിലെ വിലയേറിയ ബ്രാന്‍ഡ് ആണ് . “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രത്തിനു ശേഷം ടി പി രാജീവനും രഞ്ജിത്തും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറെ ഉയര്‍ന്നതായിരിക്കും. എന്നാല്‍ എല്ലാ പ്രേക്ഷകര്‍ക്കും ഉള്ള തട്ടുപൊളിപ്പന്‍ സിനിമയല്ല എന്ന് ഏറെക്കുറെ ബോധ്യം ഉണ്ടായിട്ടും ആദ്യ ദിനങ്ങളില്‍ ഇരച്ചു കയറിയ പ്രേക്ഷര്‍ ആരാണ് ? ആ ചോദ്യത്തിനു ഉത്തരം രഞ്ജിത്ത് എന്ന സംവിധായകനും ദുല്‍ഖര്‍ സല്‍മാന്‍ എന്ന യുവ നടനും ഒന്നിക്കുന്നു എന്നതായിരിക്കും.

അര്‍ജ്ജുന്‍ എം ഹരിദാസ്
​​

Share.

About Author

മാധ്യമ പ്രവര്‍ത്തകന്‍

137q, 0.655s