Leaderboard Ad

ഞാൻ വിശുദ്ധൻ

0

kathakal, Malayalam katha, Malayalam sahithyam, കഥകൾ, മലയാള സാഹിത്യം, മലയാളം കഥ, സാഹിത്യംഞാൻ ശരത്ത്.. ഞാനായിരുന്നു ശരത്ത് എന്നതാവും കൂടുതൽ ശരി.. കാരണം വഴിയെ മനസ്സിലാവും.. ജനിച്ചതും വളർന്നതും ഒക്കെ കടലിനക്കരെ ആയിരുന്നു.. സന്ധ്യ വീണുടയുന്ന ക്ഷണം പോലെ സ്കൂൾ കാലഘട്ടം ഓർമയായി.. പിന്നീട് 4 വർഷത്തേക്ക് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് വീട്ടുകാർ കഠിന തടവിന് ശിക്ഷിച്ചു.. ബിസിനസ്‌ താല്പര്യങ്ങളെ സ്വപ്നങ്ങളിൽ നിമഞ്ജനം ചെയ്തു നാല് വർഷത്തേക്ക് ക്രിയ ചെയ്തു.. കൊഴിഞ്ഞ സ്വപ്നങ്ങളെയോർത്ത് കോളേജിന്റെ പടിയിറങ്ങുമ്പോൾ കൈയിൽ ഒന്നുമില്ലെന്ന് പറയാനാവില്ല.. പ്രായത്തിന്റെ പാളംതെറ്റലിൽ വീണ് കിട്ടിയ പ്രണയ നൈരാശ്യത്തിന്റെ വളപ്പൊട്ടുകളുണ്ട് കൈയിൽ.. നെറ്റിയിൽ ക്യാമ്പസ് രാഷ്ട്രീയം സമ്മാനിച്ച ഒരു തിരുമുറിവും..
ഹോസ്റ്റൽ ജീവിതം നൽകിയ കണക്ക് സ്വഭാവത്തിൽ വ്യക്തം.. നാട്ടിലേക്ക് തിരിക്കുമ്പോൾ പതിവ് പോലെയല്ല, ബാഗിൽ മുഷിഞ്ഞ തുണികളോടൊപ്പം പത്തു മുപ്പത് അറിയറുകളും ഉണ്ട്.. വേവിച്ച് തിന്നാൻ പറ്റില്ലല്ലോ..! അപ്പോൾ മനസ്സിൽ കണ്ണീരു കൊണ്ട് ഒരു കുഴികുത്തി അറിയരുകളെ അതിൽ ഇട്ട് ടീച്ചർമാരുടെ ശാപവാക്കുകൾ കൊണ്ട് മൂടി.. മുകളിൽ ജന്മം പാഴായെന്നറിയിക്കാൻ പുഞ്ചിരിയുടെ ഒരു മുഖം മൂടിയും അണിഞ്ഞു.. വീട്ടുകാർ ഒന്നിനും കൊള്ളാത്തവനെന്നും പറഞ്ഞ് റീത്തും വച്ചു.. യൗവ്വനം പെയ്തൊഴിഞ്ഞു..
പ്രതീക്ഷിക്കാതെയാണ് ഡാഡിയുടെ ബിസിനസ്‌ സാമ്രാജ്യം തകർന്നടിഞ്ഞത്.. വീടും വസ്തു വകകളുമൊക്കെ പണയത്തിലായി.. കോണ്‍ഫ്ലെയ്സ്ക്സിൽ നിന്നും കഞ്ഞിയിലേക്കു വളരെ പെട്ടന്ന് പരിണാമമുണ്ടായി.. വെറുതെ ആർഭാടത്തിന് വളർത്തിയ പട്ടി വരെ അടുത്തവീട്ടിലിരുന്നു കുരയ്ക്കാൻ തുടങ്ങി.. ഒരായുസ്സ് മുഴുവൻ പണത്തിനു പിറകെ അന്ധമായി ഓടി, മണ്ണും മരങ്ങളും മലകളുമൊക്കെ തച്ചുടയ്ച്ചതിന്റെ ശാപമാവും, ഡാഡിയോടൊപ്പം ഞങ്ങളെയും വേട്ടയാടിത്തുടങ്ങി.. വൈകിയില്ല, വിവരക്കേടിന്റെ വെളിച്ചത്തിൽ ഏതൊരു മനുഷ്യനും ചെയ്യുന്ന പോലെ ഡാഡിയും ഒരു വെളുപ്പിന് മുറ്റത്തെ മാവിൻകൊമ്പത്ത് ഊഞ്ഞാലാടി..
സുഹൃത്തുക്കളെന്നു ചൊല്ലി ഡാഡിയുടെ കൂടെ നടന്നവരെല്ലാം ഓരോ പുഷ്പച്ചക്രങ്ങൾ കൊണ്ട് എന്റെ വേദനകളെ ഏറ്റെടുത്തു.. തലതെറിച്ച സംസ്കാരത്തിന്റെ തീനാളത്തിൽ കുരുത്ത ഒരുത്തന മമ്മിയേയും ഏറ്റെടുത്തു.. ജപ്തി കാത്തുകിടക്കുന്ന വീട്ടുമുറ്റവും ഞാനും തനിച്ചായി.. കൊടും വേനലിന്റെ ഹൃദയത്തിൽ നിന്നും പാലക്കാടാൻ കാറ്റ് കരിയിലകളോടൊപ്പം എന്റെ ചിന്തകളെയും വരിഞ്ഞുകെട്ടി വട്ടം കറങ്ങിക്കൊണ്ടിരുന്നു..
ഞാൻ ചിന്തകളിൽ എന്റെ സ്വപ്നങ്ങളെ തിരഞ്ഞു നോക്കി.. കാണാനില്ല.. അവ എവിടെപ്പോയോ എന്തോ..! അനുവാദം കൂടാതെ ഒരു തുള്ളി കണ്ണിൽ നിന്നും പൊഴിഞ്ഞു വീണു.. കണ്ണിൽ നിന്നും വിടചൊല്ലി മണ്ണിലേക്ക് പതിച്ച് അവ ചിന്നിച്ചിതറി, ഓരോ കണങ്ങളിലും എന്റെ സ്വപ്നങ്ങളെ ആവാഹിച്ചുകൊണ്ട്..
കാലത്തിന്റെ കനിവിനൊപ്പം കണ്ണീരും വറ്റിയപ്പോൾ പതുക്കെ കണ്ണുതുറന്നു.. കടക്കാർ (കടം തന്നവർ) വീടിന്റെ ഗേറ്റ് കടന്നു നടന്നു വരുന്നു.. മുറ്റത്ത്‌ തെക്കുവശത്ത് നിന്നും വീശുന്ന, ഡാഡിയുടെ അസ്ഥിയുടെ മണമുള്ള കാറ്റ് എന്നോട് വീടിനകത്തേക്ക് കയറാൻ പറഞ്ഞ പോലെ തോന്നി.. ഞാൻ എഴുന്നേറ്റ് വീടിനകത്തേക്ക് ഓടി ഡാഡിയുടെ മുറിയിൽ കയറി കതകടച്ചു.. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാൻ നിന്നു.. കണ്ണാടിയിൽ ഞാൻ എന്റെ രൂപം ശ്രദ്ധിച്ചു.. ഞാൻ ചിലതൊക്കെ മനസ്സില് ഉറപ്പിച്ചു..
താടിയും മുടിയുമൊക്കെ നീണ്ടു വളർന്നിരിക്കുന്നു.. ഷെൽഫ് തുറന്നു ഡാഡി വല്ലപ്പോഴും ഉടുക്കുന്ന ഡബിൾ മുണ്ടുകളിൽ ഒരെണ്ണം എടുത്തു.. ടീഷർട്ട് അഴിച്ചുമാറ്റി.. ബർമുടയ്ക്കു മീതെ ഡബിൾ മുണ്ട് വരിഞ്ഞു ചുറ്റി.. നീളം വീണ്ടും ബാക്കി വന്നപ്പോൾ വലത്തേ കൈകൊണ്ട് അത് എടുത്ത് ഇടത്തെ തോളിലേക്കിട്ടു.. രണ്ടുകൈകളും കൊണ്ട് മുടി വിരിച്ചിട്ടു.. താടി ഒന്ന് തടവി വീണ്ടും കണ്ണാടി നോക്കി.. മമ്മി എടുക്കാൻ മറന്നുപോയ ഒരു വട്ടത്തിലുള്ള ചുവന്ന സ്റ്റിക്കർ പൊട്ട് അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്.. ഞാൻ അതെടുത്തു നെറ്റിയിൽ ഒട്ടിച്ചു.. കടക്കാർ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു.. അവർ വാതിൽ ചവിട്ടിതുറക്കാൻ ശ്രമം തുടങ്ങി..
മാവിന്റെ കൊമ്പിൽ നിന്നും ഡാഡിയെ വരാന്തയിലേക്ക്‌ എടുത്തു കിടത്തുമ്പോൾ തലയ്ക്കു മേലെ വയ്ച്ചു പുകയ്ച്ച ചന്ദനത്തിരിയുടെ ബാക്കി ഷെൽഫിൽ ഉണ്ടായിരുന്നു.. ഭാഗ്യത്തിന് തീപ്പെട്ടിയും അടുത്ത് തന്നെ ഉണ്ട്.. ഞാൻ അതെടുത്തു കത്തിച്ച് മുറിയുടെ നാലുഭാഗത്തും വച്ചു.. മുഴുവൻ സ്പീഡിൽ ഫാനും ഇട്ടു.. വാതിലിൽ പ്രഹരങ്ങൾ കൂടി.. ഞാൻ മുറിയുടെ നടുവിലെ കട്ടിലിൽ കണ്ണും അടച്ചു ഇരുന്നു.. വൈകാതെ വാതിൽ ചവിട്ടിതെറിച്ചു മുറി തുറക്കപ്പെട്ടു..
കടക്കാരുടെ ബഹളം കുറഞ്ഞതായി ഞാൻ അറിഞ്ഞു.. കാര്യം മനസ്സിലാവാതെ ഞാൻ പതുക്കെ കണ്ണ് തുറന്നു.. മുറി നിറയെ പുക.. അവരാരെയും കാണാനില്ല.. ആശ്വാസമായെന്ന പോലെ ദീർഘനിശ്വാസത്തോടെ തല താഴ്ത്തി.. ഞാൻ ഞെട്ടി.. ദേ കിടക്കുന്നു സാഷ്ടാംഗം നാട്ടുകാർ.. ചിലർ “സ്വാമീ.. പൊറുക്കണേ..” എന്ന് പിറുപിറുത്തു.. ലക്ഷ്യം പുരോഗമിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ ഞാൻ രണ്ടുംകൽപ്പിച്ച് പ്ലസ്-ടു സംസ്കൃതം പഠിപ്പിച്ച ടീച്ചറെ മനസ്സിൽ ധ്യാനിച്ച്‌ കുറച്ചു ശ്ലോകങ്ങൾ വച്ച് കാച്ചി.. വൈകിയില്ല, ഉധ്യെശിച്ച പോലെ എല്ലാരും കാലിൽ വീണ്‌ ആശീർവാദം വാങ്ങിത്തുടങ്ങി.. ജനങ്ങളെ പറ്റിക്കാൻ ഭക്തിയെക്കാൾ മറ്റൊന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു..
പിന്നീടെല്ലാം പെട്ടന്നായിരുന്നു.. വീട്ടുടമസ്ഥനിൽ തുടങ്ങി നാടുകളിൽ നിന്നും നാടുകളിലേക്ക് വാർത്ത പടർന്നു.. മലയാളം ഒട്ടും അറിയാത്ത വിവരദോഷികൾ എന്നെ ‘ഗുരു’ എന്ന് അഭിസംഭോധന ചെയ്തു.. പണം അങ്ങോട്ട്‌ വാങ്ങാൻ വന്നവർ, പണം ഇങ്ങോട്ട് വാരിക്കൊട്ടാൻ തുടങ്ങി.. ഭക്തി എന്തെന്നറിയാത്തവർ എന്നെ അവരുടെ ദൈവമാക്കി.. വീട്ടുമുറ്റത്ത്‌ ക്ഷേത്രമൊരുങ്ങി..

kathakal, Malayalam katha, Malayalam sahithyam, കഥകൾ, മലയാള സാഹിത്യം, മലയാളം കഥ, സാഹിത്യം
താടിയും മുടിയും പിന്നെ വെട്ടാൻ നിന്നില്ല.. കെമിസ്ട്രി ലാബിൽ പഠിച്ച ശാസ്ത്രവിദ്യകൾ ഞാൻ എടുത്തു പയറ്റി.. നിരക്ഷരരായ മന്ദബുദ്ധികൾ അത് കണ്ടു വാപൊളിച്ച്‌ നിന്നു.. അങ്ങനെ ഞാൻ ഇന്ന് ശ്രീ ശ്രീ ശ്രീ ശരത്ത് ചന്ദ്ര സ്വാമിയാണത്രെ..
നാടുനീളെ പോസ്റ്ററുകളും കട്ടൌട്ടുകളും ഉയർന്നു.. ഒന്ന് തലയിൽ കൈവച്ച് അനുഗ്രഹം വാങ്ങാൻ ജനസഞ്ചയം കുത്തിയൊലിച്ചു വന്നു.. ഒരു ദിവസം മമ്മിയും അനുഗ്രഹം വാങ്ങാൻ വന്നു.. ഞാൻ കരുതിക്കൂട്ടി കാൽ എടുത്തു തലയിൽ വയ്ച്ചു.. പിന്നെ മറ്റുള്ളവർ അങ്ങനെ അനുഗ്രഹിച്ചാൽ മതിയെന്ന് ചൊല്ലി വാശി പിടിച്ചു.. ഞാൻ എന്ത് പറയാൻ..!! പിന്നെല്ലാം അവരായി.. ചിലർ കാൽ കഴുകി മുത്തമിട്ടു.. നാട്ടില ഇത്രമാത്രം പൊട്ടന്മാർ ഉണ്ടെന്നു മനസ്സിലാക്കി ഞാൻ ചിരിച്ചു..
നവധാന്യങ്ങളും ആയുർവേദ മൂലികകളും ഇട്ടു കത്തിച്ചു ഞാൻ ഹോമം നടത്തി.. തുടർന്നുണ്ടായ അന്തരീക്ഷത്തെ രാസമാറ്റങ്ങളിൽ മഴ പെയ്തപ്പോൾ രസതന്ത്രം അറിയാത്തവർ എന്നെ ദേവനാക്കി പൂജിച്ചു.. അപ്പോഴും ഞാൻ ചിരിച്ചു..
കൂട്ടത്തിൽ ഒരുത്തൻ അസിസ്റ്റന്റ്‌ ആയി ചേർന്നു.. രാത്രികളിൽ ആരും അറിയാതെ മാജിക്കും യോഗയും ഒക്കെ പഠിച്ചു.. കാലിൽ വന്നു വീഴുന്ന കണ്ണുപൊട്ടന്മാർ ആരും വായിക്കാൻ കൂട്ടാക്കാത്ത മഹത് വചനങ്ങളുടെ പുസ്തകം വായിച്ചു.. അങ്ങനെ പുതിയ ബിസിനസ് തന്ത്രം മെനഞ്ഞ് ഞാൻ വന്നു വീഴുന്നവരോട് തത്വങ്ങൾ പറഞ്ഞു കൊടുത്തു.. വീട്ടിലും നാട്ടിലും ഒന്ന് മനസ്സു തുറന്നു ചിരിക്കുകയും സംസാരിക്കുകയും പോലും ചെയ്യാത്ത മണ്ടന്മാർ ഞാൻ പറയുന്നത് കേട്ട് മനസ്സ് തുറന്നു പൊട്ടി പൊട്ടി ചിരിച്ചു.. അതുവരെ ആയിരങ്ങളും ലക്ഷങ്ങളും മുടക്കി മാറാത്ത രോഗങ്ങൾ അതോടെ മാറി.. ഇതോടെ ജനങ്ങൾ വന്നു വീണു പെരുകി.. ലോകത്ത് തിരിച്ചറിവ് തൊട്ടുതീണ്ടാത്ത മനുഷ്യർ എത്രമാത്രമുണ്ടെന്ന് ഞാൻ മനസ്സിലാക്കി..
രാജ്യാന്തരങ്ങളിലേക്ക് എന്റെ പ്രശസ്തി വിഡ്ഢികൾ പറഞ്ഞു പരത്തി.. പല കച്ചവടങ്ങൾക്കും ഭക്തി ഒരു മറയായി.. ലോകത്തെ ഒട്ടും വിവരം ഇല്ലാത്തവരും വിവരം കൂടിയവരും എന്റെ കാൽക്കൽ വന്നു വീണു.. ചിലർ മാത്രം തിരിച്ചറിവിന്റെ ലോകത്ത് നിന്ന് എന്റെ വിദ്യകൾ മനസ്സിലാക്കി വിമർശിക്കാൻ ശ്രമിച്ചു.. പക്ഷെ അവർക്കൊന്നും വിരൽ ചൂണ്ടാനും വിമർശിക്കാനും കഴിയാത്ത തലത്തിലേക്ക് എന്റെ ഭക്തി സാമ്രാജ്യം വളർന്നു കഴിഞ്ഞിരുന്നു..
മനസ്സ് തുറന്നു ചിരിക്കുക പോലും ചെയ്യാത്ത മാനസിക രോഗികളുണ്ട് എനിക്ക് ചുറ്റും.. സിരകളിലും ചിന്തകളിലും ഭക്തി കുത്തിവച്ച് ഞാൻ വളർത്തുന്ന കാവൽപ്പട്ടികളുണ്ട് എന്റെ കൂടെ.. വിമർശിക്കുന്നവരെ അവർ കശാപ്പു ചെയ്യും, ഞാൻ പറയാതെ തന്നെ.. എനിക്ക് കുറ്റബോധമില്ല.. കാരണം..
ഒന്നും ഞാൻ ചെയ്തതല്ല.. ചെയ്യിച്ചതുമല്ല..
കാപട്യത്തിന്റെ മൂടുപടം എന്നെ അണിയിച്ചത് നിങ്ങൾ തന്നെയാണ്..
ഞാൻ നിങ്ങൾക്കിടയിൽ തന്നെയുണ്ട്‌…

Share.

About Author

148q, 0.864s