Leaderboard Ad

ടോം ജോസഫിനെന്തിനാ അർജ്ജുന?

0

 പ്പോൾ നാം മലയാളികൾക്കെങ്കിലും അർജ്ജുന അവാർഡ്‌ എന്നുകേട്ടാൽ ടോം ജോസഫ്‌ എന്നോർമ്മവരുന്നു. അത്രമാത്രം ബന്ധം അവർ തമ്മിൽ ഉണ്ടായിരിക്കുന്നു. അർജ്ജുന അവാർഡ്‌ കിട്ടിയവർ പോലും ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോൾ അതു മറന്നുവെന്നിരിക്കും. പക്ഷേ, ടോം ഒരിക്കലും മറക്കില്ല. ടോമിനെ ഓർക്കുന്ന നമ്മളും.

ജിമ്മി ജോർജ്ജ്‌ കഴിഞ്ഞാൽ ഇന്ത്യ കണ്ട എണ്ണം പറഞ്ഞ വോളിബോൾ പ്രതിഭയാണ്‌ ടോം ജോസഫ്‌. 1999 മുതൽ ഇതുവരെയും രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച അതുല്യപ്രതിഭ. യാതൊരു തരത്തിലുള്ള മോശം അഭിപ്രായവും ഉണ്ടാക്കാത്ത ഒരു സൗമ്യധീരൻ!

പക്ഷെ, ഇതൊന്നും അവാർഡ്‌ ജേതാക്കളെ തെരെഞ്ഞെടുക്കുന്ന പാനലിന്റെ മുന്നിൽ വിലപ്പോയില്ല. കഴിഞ്ഞ ഒൻപതുവർഷങ്ങളായി തന്റെ നേട്ടങ്ങളെ മറ്റുള്ളവരുടെ പരിഗണനക്കായി നിരത്തിവച്ച്‌ കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ അഭിമാനത്തിനോ പ്രയത്നത്തിനോ പാനലംഗങ്ങളുടെ മുന്നിൽ ഒരു വിലയുമില്ല. പതിനാലാം കൊല്ലവും ഒളിമങ്ങാതെ ശോഭിക്കുന്ന ആ താരപ്രഭ അവരുടെ കണ്ണുകളിൽമാത്രം കണ്ടില്ല. വർഷം തോറും പത്തിലധികം പേർക്ക്‌ കൊടുക്കുന്ന ഒരവാർഡിനായി രാജ്യത്തിന്റെ എണ്ണം പറഞ്ഞ കളിക്കാരൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ കൊല്ലം ഒന്നും രണ്ടുമല്ല, ഒൻപതായി. ഇക്കൊല്ലം തന്നെ പതിനാറുപേരെ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്തതിൽ നിന്നും അവസാനനിമിഷമാണ്‌ ടോമിന്റെ പേര്‌ ഒഴിവായത്‌. കേരളത്തിന്റെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലുകൾകൊണ്ടും ഒരു ചുക്കും സംഭവിച്ചതുമില്ല.

എന്താണു ടോമിന്റെ കാര്യത്തിൽ സംഭവിക്കുന്നത്‌? രഞ്ജിത്‌ മഹേശ്വരിയുടെയോ മറ്റു പലരുടെയുമോ കാര്യത്തിൽ സംഭവിച്ചതുപോലെ ഒരു മോശം റെക്കോർഡ്‌ കൊണ്ട്‌ അവാർഡ്‌ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ ആയിരുന്നില്ല ഒരിക്കലും ടോമിന്‌. മറിച്ച്‌ എന്നും മുകളിലേക്കുമാത്രം കുതിച്ച ഒരു കരിയർ ഗ്രാഫിന്റെ ഉടമയായിരുന്നു അദ്ദേഹം. അർജ്ജുന അവാർഡ്‌ കമ്മിറ്റി അംഗമായ മുൻദേശീയ നീന്തൽതാരമായ നീഷ മില്ലെറ്റിന്റെ അഭിപ്രായത്തിൽ ടോമിനെ കമ്മിറ്റിയിൽ പലർക്കും അറിഞ്ഞുകൂടാ. കാരണം വോളിബോൾ അത്രകണ്ട്‌ ജനപ്രിയകായികവിനോദമല്ലത്രെ!

കേട്ടു ചിരിക്കണ്ട ആരും. മില്ലെറ്റിനെ കൊത്തിക്കീറാനും പോകണ്ടാ! അതൊരു വലിയ സത്യമാണ്‌. വോളിബോൾ എന്താണെന്നോ അതിൽ വർഷങ്ങളായി രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു കളിക്കാരനു കളിപ്രേമികൾക്കിടയിലെ സ്ഥാനമെന്തെന്നോ അറിയാത്ത ശപ്പന്മാരാണ്‌ അവാർഡ്‌ കമ്മിറ്റിയിലുള്ളത്‌ എന്നാണ്‌ മില്ലെറ്റ്‌ പറയാതെ പറഞ്ഞത്‌. ടോം ജോസെഫ്‌ പതിനാലല്ല, അൻപതുകൊല്ലം കളിച്ചിട്ടും വലിയ കാര്യമൊന്നുമില്ലത്രെ! കാരണം ടോമിനെ കമ്മിറ്റിയംഗങ്ങൾക്കു അറിയില്ല. അറിയാനൊട്ടു ശ്രമിച്ചുമില്ല. കാരണം, വോളിബോൾ ഒരു വലിയ കളി അല്ല. അതിൽ കൈയിട്ടുവാരാൻ ഒന്നുമില്ല.

ക്രിക്കെറ്റിൽ നാലോ അഞ്ചോ വർഷം കഷ്ടിച്ചു തികഞ്ഞാൽ എങ്ങനെയെങ്കിലും ഒരു അർജ്ജുന കൊടുത്തില്ലെങ്കിൽ എന്തോ മഹാപാപം ചെയ്തതുപോലെയാണ്‌. അർജ്ജുന അവാർഡ്‌ കിട്ടിക്കഴിഞ്ഞാൽപ്പിന്നെ സർവ്വജ്ഞാനപീഢം കയറിയമട്ടിലായി നടപ്പും! ടോമിനെപ്പോലെ പലരെയും തഴഞ്ഞാണീ സ്ഥാനാരോഹണം എന്നു മറക്കരുത്‌. ചുരുങ്ങിയകാലംകൊണ്ട്‌, അതും വാലറ്റക്കാരായി മെയ്യനങ്ങാതെ ബെഞ്ചിലിരുന്നുപോലും പേരും പണവും നേടുവാൻ ക്രിക്കറ്റേഴ്സിനു കഴിയും. പക്ഷെ, പണംകൊണ്ടു ചൂതാടുന്ന ക്രിക്കറ്റ്‌ പോലെ അല്ലല്ലോ വോളിബോൾ. സ്വപ്രയത്നംകൊണ്ട്‌ വളർന്നുവരികയും സ്വന്തം കഴിവെല്ലാമെടുത്തുപയോഗിച്ച്‌, ചുരുങ്ങിയ ചുറ്റുപാടുകളിൽ പിടിച്ചുനിന്ന് രാജ്യത്തിനു നേട്ടമുണ്ടാക്കുകയും ചെയ്യുന്നു അവർ. എന്നാലും ആരുമറിയില്ല അവരെ. ആർക്കും വേണ്ട അവരെ. കാരണം, പണം എന്നൊരു സാധനം അവിടെയില്ല. കളിയിൽനിന്നോ പരസ്യങ്ങളിൽനിന്നോ അവർക്കു ലഭിക്കുന്ന കോടികളുടെ പങ്കുപറ്റാനില്ല. അധികാരസ്ഥാനങ്ങളിൽ പറയത്തക്ക സ്വാധീനവും ഇല്ല. ചുരുക്കം പറഞ്ഞാൽ അവരൊന്നും ഒന്നുമല്ല. ഒന്നുമല്ലാത്തവനു അർജ്ജുന അവാർഡോ? നന്നായിപ്പോയി. ടോമിനെക്കാൾ വേണ്ടപ്പെട്ട പലരുമുണ്ട്‌. ടോമാകട്ടെ ഒട്ടും വേണ്ടപ്പെട്ടവനുമല്ല.

ടോം, നിങ്ങൾ തെരെഞ്ഞെടുത്ത കളിയിനം മാറിപ്പോയി. നിങ്ങൾക്ക്‌ നല്ല കഴിവുണ്ടായിരുന്നു. പക്ഷെ ബുദ്ധി തുലോം കുറവാണ്‌. പതിനാലുകൊല്ലം രാജ്യത്തിനുവേണ്ടി വിയർപ്പൊഴുക്കി കളിച്ചത്‌ കാണേണ്ടവർ കണ്ടുവെന്നു നിങ്ങൾ കരുതി. എല്ലാ കളികളെയും കളിക്കാരെയും ആനുകാലികചുറ്റുപാടുകളെയും പറ്റി അറിയുന്നവരാണ്‌ കമ്മിറ്റിയിലുണ്ടാവുക എന്ന മൂഢമായ വിശ്വാസം നിങ്ങൾ പുലർത്തി. ഒൻപതാം തവണയും നിങ്ങളാരെന്ന് അന്വേഷിക്കാതിരിക്കും എന്നു കരുതാനുള്ള ബുദ്ധി നിങ്ങൾക്കില്ലായിരുന്നു.

പ്രിയപ്പെട്ട ടോം, വിഡ്ഢിയാക്കപ്പെട്ടത്‌ നിങ്ങൾ മാത്രമല്ല. ഞങ്ങളും കൂടിയാണ്‌. വോളിബോളിനെയും ജിമ്മി ജോർജ്ജിനെയും നിങ്ങളെയും ഞെഞ്ചിലേറ്റി സ്നേഹിച്ച ഞങ്ങൾ മലയാളികൾ. ഓരോ തവണ നിങ്ങൾ തഴയപ്പെടുമ്പോൾ ആത്മാവിൽ പോറലേൽക്കുന്നത്‌ ഞങ്ങളുടെയാണ്‌. ക്ഷതം സംഭവിക്കുന്നത്‌ ഞങ്ങളുടെ ആത്മാഭിമാനത്തിനാണ്‌. ഒൻപതുതവണ നിരാകരിക്കപ്പെട്ടത്‌ നിങ്ങളുടെ പ്രതിഭയല്ല, ഞങ്ങളുടെ സ്വപ്നങ്ങളാണ്‌. പക്ഷെ ഒന്നുണ്ട്‌. ഒൻപതുതവണ സുവർണ്ണലിപികളിൽ എഴുതപ്പെട്ടത്‌ കുറച്ചുപേരുടെ വിവരക്കേടിന്റെ ചരിത്രമാണ്‌. ഒരതുല്യപ്രതിഭയെ കരിവാരിത്തേച്ച വിവരക്കേടിന്റെ ചരിത്രം!

ഒരു കളിക്കാരനു ചിലപ്പോൾ അർജ്ജുന അവാർഡ്‌ വലിയ അംഗീകാരമായിരിക്കും. ടോമിനുമതേ! പക്ഷേ, അതുകിട്ടിയ എല്ലാരെയും എല്ലാരും ഓർത്തിരിക്കണമെന്നില്ല. ടോമിനെന്തിനാണ്‌ ഒരർജ്ജുന അവാർഡ്‌? അതൊന്നും ഇല്ലാതെതന്നെ മലയാളികളുടെ, കായികവിനോദപ്രേമികളായ ഇന്ത്യക്കാരുടെ മനസ്സിൽ ഏതവാർഡിനെക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞു ടോം ജോസഫ്‌. എന്നെന്നും ഓർമ്മിക്കപ്പെടുന്ന, ആരാധിക്കപ്പെടുന്ന, താലോലിക്കപ്പെടുന്ന ഒരു അരുമയായി!

 

Share.

About Author

145q, 0.671s