Leaderboard Ad

ഡല്‍ഹിയിലെ കുട്ടികള്‍

0

ആഗ്ര ഉത്തര്‍പ്രദേശിലാണെങ്കിലും താജ്മഹല്‍ കണ്ടോ എന്നാകും ഡല്‍ഹിയില്‍ പോയവരോട് മലയാളികള്‍ ആദ്യം ചോദിക്കുക. ”താജ്മഹലിന്റെ വെണ്ണക്കല്‍ മോടി നീ കണ്ടു… അതിലൂടെ കിനിയുന്ന രക്തം നീ കണ്ടുവോ” എന്ന് കവി സാഹിര്‍ ലുധിയാന്‍വി കുറിച്ചുവച്ചത് വെറുതെയല്ല. കാഴ്ചക്കുമുണ്ടാകണം രണ്ടുപക്ഷം. അതിനാല്‍ കാഴ്ചകള്‍ എപ്പോഴും മനോഹരമാകില്ല. അങ്ങനെ ആകുകയും ചെയ്യരുത്. 
ഡല്‍ഹി ഒരു സുന്ദരകാഴ്ചയൊന്നുമല്ല. മുഗള്‍ഭരണകാലത്തെ ശവകുടീരങ്ങളും, ബ്രിട്ടീഷ് ഭരണകാലത്തെ ഭരണസിരാകേന്ദ്രകെട്ടിട സമുച്ചയങ്ങളും പിന്നെ ഹൈടെക് യുഗത്തിലെ ഫ്‌ളാറ്റുകളും ചേര്‍ന്നാല്‍ ഒരു മെട്രോ നഗരകാഴ്ചയാകും. ഇങ്ങനെ പൗരാണികതയും ആധുനികതയും കെട്ടുപിണയുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന നരകത്തെ കാണാതിരിക്കാനാവില്ല. 

നാം മലയാളികള്‍ ഒട്ടേറെ യാചകരെ കണ്ടവരാണ്. ബാലഭിക്ഷാടനമാകട്ടെ കേരളത്തില്‍ ശിക്ഷാര്‍ഹവും. പക്ഷേ ഇവിടം വ്യത്യസ്തമാണ്.ഒരിക്കല്‍ ഓട്ടോറിക്ഷയിലൂടെയുള്ള യാത്ര. എതോ ഒരു ട്രാഫിക് സിഗ്നലില്‍പെട്ട് വാഹനം നിന്നു. ഉടന്‍തന്നെ എവിടെ നിന്നോ ഒരു പിഞ്ചുകുട്ടി ഓടിയെത്തി, ഓട്ടോക്കുള്ളിലേക്ക് കൈനീട്ടി യാചിച്ചു എന്തോ പറഞ്ഞു. ഞാന്‍ കീശയില്‍ നിന്നും അഞ്ചുരൂപയുടെ നാണയമെടുത്തുകൊടുത്തതും പിറകില്‍ അതാ വീണ്ടും നീളുന്നു.. ഒത്തിരി കൈകള്‍. കീശയില്‍ നിന്നും രണ്ടുരൂപാ നാണയം എടുത്ത് ഒരുകുട്ടിക്ക് കൊടുത്തപ്പോഴേക്കും വാഹനം നീങ്ങി. ഇതൊക്കെ നാം എത്രയോ കണ്ടുകാണും അല്ലേ. അതിലെന്തു പുതുമ? ശരിതന്നെ…പക്ഷേ നിങ്ങള്‍ എപ്പോഴെങ്കിലും കുടിവെള്ളത്തിനുവേണ്ടി യാചിക്കുന്നവരെ കണ്ടിട്ടുണ്ടോ ?.. അതും ചെറിയ കുട്ടികള്‍. അതിശയിക്കേണ്ട.. വരൂ..ഡെല്‍ഹിയിലെ തെരുവുകളിലേക്ക്. 

1395766_10151815353782406_1108768494_n

”ഇനിയൊരു മൂന്നാം ലോകയുദ്ധമുണ്ടാകുമെങ്കില്‍ അത് കുടിവെള്ളത്തിനുവേണ്ടി”യാകുമെന്ന തീര്‍ച്ചപ്പെടുത്തി ചുട്ടുപൊള്ളുന്ന നഗരഹൃദയത്തില്‍ ഒരിറ്റുകുടിനീരിനുവേണ്ടി യാചിക്കുന്നവര്‍ക്കിടയിലേക്ക്. 
ഓട്ടോറിക്ഷയില്‍ സൂഹൃത്തിനൊപ്പം യാത്രചെയ്യവെ ഇത്തരം ഒരു കാഴ്ചക്ക് ഞാനും സാക്ഷിയായി. ട്രാഫിക്ക് കുരുക്കുകള്‍ക്കിടയില്‍ പെട്ട ഞങ്ങളുടെ വാഹനത്തിനുനേരെ ഒരുപിഞ്ചുകുട്ടി കുടിവെള്ളത്തിനുവേണ്ടി യാചിക്കുന്നു. ദാഹവും വിശപ്പും ദൈന്യതയും എല്ലാമുള്ള ഇരുണ്ടചിത്രം, ആ കുട്ടിയുടെ മുഖത്ത് പ്രതിഫലിച്ചു. കുട്ടി സുഹൃത്തിന്റെ കുടിവെള്ളക്കുപ്പിയില്‍ പിടുത്തമിടുമ്പോഴേക്കും വാഹനം നീങ്ങിത്തുടങ്ങി.

കുടിവെള്ളത്തിനുവേണ്ടിയുള്ള ഭിക്ഷാടനകാഴ്ചകള്‍ പിന്നെയും പലതായി. ഡെല്‍ഹിമലയാളികളുടെ കേന്ദ്രമായ ഐഎന്‍എ മാര്‍ക്കറ്റില്‍ ഒരു സായാഹ്നം… അവശനായി അലയുന്ന ഒരു പിഞ്ചുബാലന്‍. പെപ്‌സി കാനുമായി ഇരിക്കുന്ന ഒരാള്‍ക്ക് നേരെ അവന്റെ കൈനീണ്ടു. എന്തോ അയാള്‍ കണ്ടഭാവം നടിച്ചില്ല. അതിലേ വന്ന ഒരു നൈജീരിയന്‍ യുവാവ് ഇതുകണ്ടയുടനെ ഒരു ഇരുപതുരൂപയുടെ നോട്ട് അവനുനേരെ നീട്ടി. അവന്‍ നിധികിട്ടിയ ഭൂതത്തെപ്പോലെ ഇരുപതുരൂപ ഉയര്‍ത്തിപ്പിടിച്ച് നടന്നുനീങ്ങി. ആ വിദേശിയില്‍ നിന്നും തന്റെ ശിരസ്സ് സ്വദേശിയിലേക്കെത്തിയപ്പോള്‍ ഗാന്ധിജി ചിരിച്ചോ എന്നറിയില്ല; പക്ഷേ പിഞ്ചുബാലന്റെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം.

1452428_10151815353927406_1525836509_n
ഏതൊരു മെട്രോ നഗരത്തിലും നാം കൊതിക്കുന്ന പരിഷ്‌കൃതന്റെ വികസിതരാഷ്ട്രസങ്കല്‍പ്പത്തിനപ്പുറം കുട്ടികളുടെ ഒരു മൂന്നാലോകരാജ്യമുണ്ടെന്നതിന് ഇനിയെന്തുതെളിവുവേണം. മെട്രോറെയില്‍വേ സ്റ്റേഷനുകളിലും അണ്ടര്‍ഗ്രൗണ്ട് പാസ്സ് വേകളിലും തളര്‍ന്ന് പകലിലും കിടന്നുറങ്ങുന്ന കുട്ടികള്‍. കൊടുതണുപ്പിലും മഴയിലും വൃത്തിഹീനമായ ജാക്കറ്റുകളും കമ്പിളിപ്പുതപ്പും ധരിച്ച് അന്തിയുറങ്ങുന്നവര്‍. ട്രാഫിക്ക് കൂരുക്കുകളില്‍ കറങ്ങി പൂക്കളും ബലൂണുകളും സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിനവേളകളില്‍ ദേശീയപതാകകള്‍ വിറ്റും റൊട്ടിക്കും കാശിനും ഭിക്ഷയാചിച്ചും അലഞ്ഞുതിരിയുന്നവര്‍. 
നീലാകാശം മണിമേടയാക്കി ഓവര്‍ ബ്രിഡ്ജിനുതാഴെ തലചായ്ച്ചുറങ്ങുന്ന ഒരു പാട് സന്തുഷ്ടകുടുംബങ്ങള്‍. ഡെല്‍ഹി നഗരത്തിലെ ഓരോ ഓവര്‍ ബ്രിഡ്ജുകളും ചേരികളും ഇത്തരത്തിലുള്ളവരുടെ ആവാസകേന്ദ്രമാണ്. എവിടെയും കുട്ടികളുടെ കാര്യം തന്നെയാകും കഷ്ടം. ഒന്നരവയസ്സുവരെയുള്ള കുട്ടികള്‍ വരെ റോഡിലലഞ്ഞുനടക്കുന്ന പതിവുകാഴ്ചകള്‍. ചാകരയെത്തുന്ന കടല്‍തീരത്ത് പാഞ്ഞടുക്കുന്ന കാക്കളെപ്പോലെ ട്രാഫിക്ക് കുരുക്കുകളില്‍ അവര്‍ വാഹനങ്ങള്‍ക്കടുത്തേക്ക് ഓടിയെത്തും കൈനീട്ടും. ആണ്‍പെണ്‍വ്യത്യാസമുണ്ടാവില്ല. ചളിപുരണ്ടതും കീറിമുഷിഞ്ഞ വസ്ത്രങ്ങളുമായി അവര്‍ വാഹനം വിട്ടു വാഹനങ്ങളിലേക്ക് കൈനീട്ടിയാചിക്കും. ആര്‍ക്കെങ്കിലും ചില്ലറയോ നോട്ടോ കൊടുത്താല്‍ പിന്നെ ബാക്കിയുള്ളവര്‍ പിന്നാലെയുണ്ടാകും; പിടിവിടാതെ. 

ഈ കുട്ടികളൊന്നും സ്‌കൂളിന്റെ പടികാണാറില്ല. നമ്മുടെ നാട്ടില്‍ കുടിയേറിപ്പാര്‍ത്ത തമിഴനും ബിഹാറിയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് പത്താംക്ലാസ്സില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടിയതോര്‍ക്കുക. ഇവിടെ ഈ തെരുവുകുട്ടികള്‍ക്ക് പത്താം ക്ലാസ് പഠനം പോയിട്ട് പ്രൈമറി പഠനം പോലും അപ്രാപ്യം. പ്രാഥമിക വിദ്യാഭ്യാസസൗകര്യത്തിന്റെ കാര്യത്തില്‍പോലും നിലനില്‍ക്കുന്ന ‘ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തര’ത്തിന് ഇതില്‍പരം എന്തുതെളിവുവേണം.

994653_10151815353527406_1261674119_n
ഒരു പ്രൊജക്ടിനുവേണ്ടി ഒക്‌ലക്കടുത്തുള്ള ‘സൊസൈറ്റി ഫോര്‍ യൂത്ത് ആന്റ് മാസ്സെസ്സ്( എസ്പിവൈഎം)’ എന്ന എന്‍ജിഒയെ സമീപിക്കുകയുണ്ടായി. തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്കുള്ള ആവാസകേന്ദ്രം (അപ്നാ ഘര്‍) എന്നതിനപ്പുറം കുട്ടികള്‍ക്കുള്ള അനൗപചാരിക വിദ്യാഭ്യാസവമുണ്ടിവിടെ. തൊട്ടടുത്ത റെയില്‍പാളത്തിന്റെ ഓവര്‍ബ്രിഡ്ജില്‍ താമസമാക്കിയ സംഘത്തിലെ കുട്ടികള്‍ക്കാണ് പഠനസൗകര്യം. അവിടെയുള്ള കാഴ്ചകളും അതിദയനീയം. കീറിയ വസ്ത്രമിട്ടും സ്ലേറ്റ് രണ്ടായ് പകുത്തു പങ്കുവെച്ചും വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിക്കുന്നവര്‍. ജാസ്മിനെന്നും സൗമ്യയെന്നും പേരായ രണ്ടുപേരുടെ ശിക്ഷണത്തിലാണവര്‍. ചുമരിലെ പഠനസാമഗ്രികളില്‍ കണ്ണും നട്ട് അക്ഷരവും അക്കവും സ്വയത്തമാക്കുന്നവര്‍. അവരുടെ കണ്ണുകളിലുണ്ട് പഠിക്കാനുള്ള ത്വര. പക്ഷേ അതുമാത്രം മതിയാവില്ല ഒരു എന്‍ജിഒയുടെ പ്രവര്‍ത്തനപരിധിക്കകത്ത് ഒതുങ്ങില്ല കാര്യങ്ങള്‍. എങ്കിലും ചിലര്‍ക്ക് സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ‘അപ്നാ ഘര്‍’ തുണയായി.

1452180_10151815353377406_1171372464_n

അക്ഷരം പഠിക്കേണ്ട ബാല്യം തെരുവുതെണ്ടുന്ന കാഴ്ചകള്‍ ഒരിക്കലും തീരുന്നില്ല. അതിനിടെയാണ് ജവഹര്‍ലാല്‍ നെഹ്രുസ്റ്റേഡിയത്തിനുസമീപം ചേരിക്കടുത്തുകണ്ട ഒരു സായാഹ്ന കാഴ്ച. ഒരു ചെറിയകുട്ടി..അഞ്ചുവയസ്സു കാണും. ഒറ്റക്കിരുന്നു പാഠപുസ്തകത്തില്‍ എന്തോ കുറിച്ചിടുന്നു. അവന്‍ കാര്യമായ പഠനത്തില്‍ തന്നെയാണ്. ഞാന്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രം പകര്‍ത്തിയതൊന്നും അവന്‍ ശ്രദ്ധിക്കുകയുണ്ടായില്ല. പക്ഷേ അവന്റെ ഏകാഗ്രതയിലുണ്ടായിരിക്കാം പഠിക്കാനും പഠിച്ചുവളരാനുമുള്ള ആഗ്രഹം….

Share.

About Author

137q, 0.727s